27.9 C
Kollam
Wednesday 12th August, 2026 | 10:35:02 AM
Home News Breaking News പിറവത്ത് പുഴയില്‍ രണ്ട് വയസുകാരനടക്കം ഒരു കുടുംബത്തിലെ മൂന്നുപേരുടെ മൃതദേഹം കണ്ടെത്തിയതില്‍ ദുരൂഹത

പിറവത്ത് പുഴയില്‍ രണ്ട് വയസുകാരനടക്കം ഒരു കുടുംബത്തിലെ മൂന്നുപേരുടെ മൃതദേഹം കണ്ടെത്തിയതില്‍ ദുരൂഹത

എറണാകുളം.പിറവത്ത് പുഴയില്‍ രണ്ട് വയസുകാരനടക്കം ഒരു കുടുംബത്തിലെ മൂന്നുപേരുടെ മൃതദേഹം കണ്ടെത്തിയതില്‍ ദുരൂഹത തുടരുന്നു. അമ്മയുടെയും മകന്റെയും മൃതദേഹത്തിന് പുറമെ അച്ഛന്റെ മൃതദേഹം ഇന്ന് ഉച്ചയോടെ പുഴയില്‍ നിന്ന് കണ്ടെത്തി. കാണാതായ മൂത്തമകള്‍ക്കായി പൊലീസിന്റെ അന്വേഷണം തുടരുകയാണ്.

കോതമംഗലം ചെറുവട്ടൂരില്‍ വാടകയ്ക്ക് താമസിക്കുന്ന നാരായണന്‍ ഭാര്യ വിജിമോള്‍ ഇവരുടെ രണ്ട് വയസുള്ള മകന്‍ എന്നിവരാണ് മരിച്ചത്. വിജിയുടെയും മകന്റെയും മൃതദേഹം ഇന്നലെയാണ് മൂവാറ്റുപുഴയാറില്‍ കണ്ടെത്തിയത്. ആദ്യം കുഞ്ഞിന്റെയും പിന്നീട് കോട്ടയം വെള്ളൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്ന് വിജിയുടെ മൃതദേഹവും ലഭിച്ചു. നാരായണനും മൂത്തമകളെ കുറിച്ചും ഒരു സൂചനയുമുണ്ടായിരുന്നില്ല. വീട്ടിലും എത്തിയിട്ടില്ലെന്ന് ഉറപ്പിച്ച പൊലീസ് സിസിടിവി ദൃശ്്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുന്നതിനിടെയാണ് പുഴയില്‍ മൂന്നാമത്തെ മൃതദേഹവും കണ്ടെത്തിയത്. പിറവം ആറ്റുതീരം കടവില്‍ ഉച്ചയോടെയാണ് നാരായണന്റെ മൃതദേഹം കണ്ടെത്തിയത്. മൂത്തമകള്‍ എവിടെയന്ന് ഇപ്പോഴും വ്യക്തതയില്ല. വ്യാഴാഴ്ചയാണ് കുടുംബത്തെ കാണാതായത്. അന്ന് രാവിലെ നാലംഗ കുടുംബം പിറവത്തെ ആറ്റുതീരം പാര്‍ക്കില്‍ എത്തിയിരുന്നു. ഇതിന് പിന്നാലെ രാത്രി നഗരത്തിലെ മറ്റൊരു ഹോട്ടലിലും കുടുംബമെത്തി. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചു.

ശേഷം കുടുംബം എങ്ങോട്ടുപോയി എന്തുസംഭവിച്ചുവെന്ന കാര്യത്തില്‍ ഒരു വ്യക്തതയില്ല. ആത്മഹത്യയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കുടുംബപരമായ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുണ്ടോ എന്നതടക്കം പോലീസ് പരിശോധിക്കുന്നുണ്ട്.