Home News Breaking News ഹൈബ്രിഡ് കഞ്ചാവെത്തിച്ചത് ഉന്നതരടക്കം പങ്കെടുക്കുന്ന വൈറ്റ് കോളര്‍ ലഹരിപാര്‍ട്ടികളില്‍ വിതരണത്തിനായി

ഹൈബ്രിഡ് കഞ്ചാവെത്തിച്ചത് ഉന്നതരടക്കം പങ്കെടുക്കുന്ന വൈറ്റ് കോളര്‍ ലഹരിപാര്‍ട്ടികളില്‍ വിതരണത്തിനായി

കൊച്ചി.പെരുമ്പാവൂരില്‍ പിടികൂടിയ പതിനെട്ട് കോടിയുടെ ഹൈബ്രിഡ് കഞ്ചാവെത്തിച്ചത്് ഉന്നതരടക്കം പങ്കെടുക്കുന്ന വൈറ്റ് കോളര്‍ ലഹരിപാര്‍ട്ടികളില്‍ വിതരണത്തിനായി. മറ്റ് സംസ്ഥാനങളില്‍ നടക്കുന്ന വീക്കന്‍ഡ് പാര്‍ട്ടികള്‍ക്കും ഹൈബ്രിഡ് ലഹരി വിതരണം ചെയ്തിരുന്നത് പിടിയിലായ ദമ്പതികളടങ്ങുന്ന സംഘം. ലഹരി റാക്കറ്റിന്റെ മാസ്റ്റര്‍ ബ്രെയിനായ വിദേശമലയാളിക്കായി പൊലീസ് ലുക്കൗട്ട് സര്‍ക്കുലര്‍ പുറത്തിറക്കും.

രാജ്യാന്തരബന്ധമുള്ള ഹൈബ്രിഡ് ലഹരി റാക്കറ്റിന്റെ വേരുകള്‍ കണ്ടെത്താനാണ് എറണാകുളം റൂറല്‍ പൊലീസിന്റെ അന്വേഷണം. റാക്കറ്റിലെ രണ്ടാമനായ ആയുഷിനെ അറസ്റ്റ് ചെയ്ത പൊലീസ് ബുദ്ധികേന്ദ്രമാരെന്നും കണ്ടെത്തി. മലേഷ്യയിലുള്ള മലയാളിയാണ് റാക്കറ്റിനെ നിയന്ത്രിക്കുന്നത്. മലേഷ്യ, ബാങ്കോക്ക് എന്നിവിടങ്ങളില്‍ നിന്ന് ഹൈബ്രിഡ് ലഹരി ശേഖരിക്കുന്നതും അത് കാരിയേഴ്‌സ് വഴി കേരളത്തിലേക്ക് അയക്കുന്നതടക്കം ഇയാളുടെ നേതൃത്വത്തിലാണ്. കേരളത്തില്‍ ഇവ കൈപ്പറ്റി ഏജന്റുമാര്‍ക്ക് വിതരണം ചെയ്യുന്നത് കഴിഞ്ഞ ദിവസം പിടിയിലായ ആയുഷും ഭാര്യ അനിഖയും.

കൊച്ചിയില്‍ കപ്പലിലും നക്ഷത്ര ഹോട്ടലുകള്‍ കേന്ദ്രീകരിച്ചും നടക്കുന്ന വൈറ്റ് കോളര്‍ ലഹരിപാര്‍ട്ടികളില്‍ വിതരണത്തിനായാണ് ഹൈബ്രിഡ് ലഹരി ശേഖരിച്ചത്. ശനി, ഞായര്‍ ദിവസങ്ങളില്‍ നടക്കുന്ന പാര്‍ട്ടികള്‍ക്ക് അതിന് ഒന്നോരണ്ടോ ദിവസം മുന്‍പ്ാണ് ലഹരി വിതരണം. കൊച്ചി നഗരത്തിലടക്കം പരിശോധന കര്‍ശനമായതിനാല്‍ റൂറല്‍ മേഖലയിലാണ് ലഹരി സംഭരിക്കുന്നത്. ആഡംബര ഫ്‌ളാറ്റുകള്‍ വാടകയ്‌ക്കെടുത്ത് അവിടെ സൂക്ഷിക്കുന്ന കഞ്ചാവ് വിറ്റഴിച്ചതിന് ശേഷം ഫ്‌ളാറ്റൊഴിയും.

ഇത്തരം ഫ്‌ളാറ്റുകളില്‍ താമസം ഏറിവന്നാല്‍ ഒരു മാസം. സംസ്ഥാനത്തിന് അകത്തും പുറത്തുമായി നടക്കുന്ന ആഡംബര നിശാപാര്‍ട്ടികളിലേക്കും ലഹരിയെത്തുന്നത് ഇതേ റാക്കറ്റ് വഴി. കഴിഞ്ഞ ഒരു മാസത്തിനിടെ ഇതേ റാക്കറ്റ് അറുപത് കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് കൊച്ചിയിലെത്തിച്ചെന്നാണ് വിവരം. ഇതില്‍ പതിനെട്ട് കോടി പിടികൂടി ബാക്കി എവിടെയെന്ന ചോദ്യത്തിനും പൊലീസ് ഉത്തരം തേടുകയാണ്. വിദേശത്തുള്ള റാക്കറ്റിന്റെ മുഖ്യ കണ്ണിയെ പിടികൂടാന്‍ കേന്ദ്ര ഏജന്‍സികളുടെ സഹായം കൂടി പൊലീസ് തേടും.