28.2 C
Kollam
Thursday 25th June, 2026 | 03:36:46 PM
Home News Kerala തൂഫാൻ പദ്ധതിക്ക് പിന്തുണ നൽകേണ്ടത് പൗരധർമ്മം

തൂഫാൻ പദ്ധതിക്ക് പിന്തുണ നൽകേണ്ടത് പൗരധർമ്മം

Advertisement

എൽ സുഗതൻ

ഒരു പക്ഷേ നമ്മൾ നേരിടുന്നത് ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ വെല്ലുവിളികളിലൊന്നാണ് ലഹരിയുടെ അതിപ്രസരം. അതിന്റെ ഉപയോഗവും ക്രയവിക്രയവും നമ്മൾ ചിന്തിക്കുന്നതിലും എത്രയോ വലുതാണ്. ഇതൊരു ബോധവൽക്കരണം കൊണ്ടോ മാറ്റിനിർത്തലുകൊണ്ടോ ഒഴിവാക്കാൻ പറ്റുന്ന ഒന്നല്ല. അത്രക്ക് വേരോട്ടമുള്ള ഒരു സംവിധാനമായി സമൂഹത്തിൽ നിറഞ്ഞുകഴിഞ്ഞു. എന്നാൽ ഇനിയും ഉണർന്ന് പ്രവർത്തിച്ചില്ലെങ്കിൽ നമുക്ക് സംഭവിക്കുന്ന ദുരന്തം വളരെ വലുതായിരിക്കും. സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച വരുന്ന തൂഫാൻ പദ്ധതി
തുടർന്നും കാര്യക്ഷമമായി നടപ്പിലാക്കിയാൽ ഒരുപക്ഷേ വലിയ മാറ്റങ്ങൾ നമുക്ക് കാണാൻ കഴിയും. സമൂഹം ഒന്നാകെ ഏറ്റെടുക്കേണ്ട ഈ വിഷയത്തിൽ അദ്ധ്യാപകരും രക്ഷിതാക്കളും വിവിധ രാഷ്ട്രീയ സാമുദായിക സാംസ്‌കാരിക മേഖലയിൽ പ്രവർത്തിക്കുന്നവരും ചലച്ചിത്ര രംഗത്ത് പ്രവർത്തിക്കുന്നവരും യാതൊരു പ്രതിഫലവും കൂടാതെ ഈ ബോധവൽക്കരണ പരിപാടിയിൽ പങ്കാളിയാകണം. അവിടെയാണ് ഈ വിഷയത്തിൽ ഒരു വ്യക്തിയുടെ പിറന്ന നാടിനോടുള്ള കടപ്പാടും സാമൂഹ്യ പ്രതിബദ്ധതയും ഉണർന്ന് കാണേണ്ടത്. യൂണിസെഫ് പോലും കേരളത്തിന്റെ ഈ ദുരവസ്ഥയിൽ ആശങ്ക അറിയിക്കുകയും ആവശ്യമുള്ള സഹായങ്ങൾ ചെയ്യുമെന്നും ധാരണയായിട്ടുണ്ട്.
എന്നാൽ ഈ ചുരുങ്ങിയ ഒരു മാസക്കാലം കൊണ്ട് മുഖ്യധാരാ പ്രചരണ പരിപാടികളും റെയിഡുകളും മറ്റു പരിശോധനകളും അതിന്റെ തുടർ പ്രവർത്തനങ്ങളും ബോധവൽക്കരണ പരിപാടികളും വിവിധ വകുപ്പുകളുടെയും പൊതുജന സഹകരണത്തോടെയും അനുസ്യൂതം തുടരണം. അതോടൊപ്പം തന്നെ മയക്കുമരുന്നിന്റെ വാഹകരെ പിടിക്കപ്പെടുമ്പോൾ അക്കൂട്ടരെ സഹായിക്കുവാൻ പ്രത്യക്ഷമായോ പരോക്ഷമായോ ഏതെങ്കിലും ഒരു രാഷ്ട്രീയ പാർട്ടിയുടെ ഒത്താശ അവർക്ക് കിട്ടുന്നുണ്ട്. അത് പോലെ തന്നെ ലഭിക്കുന്ന തൊണ്ടിമുതൽ ചെറുതാക്കി കാണിക്കാൻ ഉത്സാഹപ്പെടുന്ന ഉദ്യോഗസ്ഥരും കുറവല്ല.അതോടൊപ്പം ഉപഭോക്താക്കളെ പിടിക്കപ്പെടുമ്പോൾ അവർ വീണ്ടുമത് ഉപയോഗിക്കാതിരിക്കാനും അടിപ്പെട്ടവരെ സാധാരണ ജീവിതത്തിലേക്ക് തിരികെ കൊണ്ട് വരാനുമുള്ള കർമ്മ പദ്ധതിക്ക് രൂപം കൊടുക്കണം.

rep image

എങ്കിൽ സംസ്ഥാന സർക്കാരിന്റെയും എക്‌സൈസ്, പോലിസ്, വിദ്യാഭ്യാസ വകുപ്പുകളുടെയും, യുവജന വിദ്യാർത്ഥി പ്രസ്ഥാനങ്ങളുടെയും മറ്റ് ബഹുജന സംഘടനകളുടെയും സംയുക്തഭിമുഖ്യത്തിൽ വവിധങ്ങളായ ബോധവൽക്കരണ പരിപാടികൾ ആസൂത്രണം ചെയ്ത് നടപ്പാക്കാൻ ഉദ്ദേശിച്ചിരിക്കുന്ന തീരുമാനം സ്വാഗതാർഹം തന്നെ. ഇത്തരം പരിപാടികളോടൊപ്പം സ്കൂൾ അധ്യാപകർക്കും രക്ഷിതാക്കൾക്കും വിദ്യാർഥികൾക്കുമുള്ള ബോധവൽകരണ പരിപാടികൾ വളരെ ഗൗരവമായി നടപ്പാക്കണം. ആദ്യമേ പറയട്ടെ ദയവ് ചെയ്ത് ഇത് മറ്റുള്ള പരിപാടികൾ പോലെ ഒരു വഴിപാടായി നടത്തി കൂട്ടരുത്. നമ്മുടെ
രാഷ്ട്രത്തിന്റെ ഭാവി ഇവരുടെ കൈകളിലാണ്. അത് കരുത്തുള്ളതല്ലെങ്കിൽ നഷ്ടപ്പെടുന്നത് നമ്മുടെ നേട്ടങ്ങളും സാംസ്‌കാരിക പൈതൃകവുമാണ് .
ലഹരി വിരുദ്ധ ബോധവൽക്കരണം ഏറ്റവും കൂടുതൽ പ്രാവർത്തികമാക്കാൻ കഴിയുന്നത് താഴെ തട്ടിലാണ്. അതായത് കുടുംബങ്ങളിലും സ്‌കൂളുകളിലും. ഒരു കുട്ടി അറിഞ്ഞോ അറിയാതയോ ലഹരിക്ക് അടിപ്പെടുമ്പോൾ ഏത് വിധേനയും അവനെ ജീവിതത്തിലേക്ക് തിരികെ കൊണ്ട് വരേണ്ടത് നമ്മുടെ സാമൂഹ്യ പ്രതിബദ്ധതയുടെ ഭാഗമാണ്. ഇത്തരം അബദ്ധങ്ങളിൽ ചെന്ന് വീഴാതിരിക്കുവാനും അവരെ നേർ വഴിക്ക് തെളിച്ചു വിടുവാനും വളരെ ചെറു പ്രായത്തിൽ എങ്ങനെ ശീലിപ്പിക്കാമെന്ന് നോക്കാം.

രക്ഷിതാക്കളോട്

ഓരോ രക്ഷിതാവിന്റെയും ആത്യന്തിക വിജയം എന്ന് പറയുന്നത് അവന്റെ കൂട്ടികളെ മികച്ച രീതിയിൽ വളർത്തിയെടുക്കുന്നത് തന്നെയാണ്.അതിന് ചെറുപ്പം മുതൽ തന്നെ നമ്മൾ അല്പം ശ്രദ്ധിക്കണം.

  1. നമ്മുടെ കുട്ടി എങ്ങനെ ആയി തീരണമെന്ന് നമ്മൾ ആഗ്രഹിക്കുന്നുവോ ആ ആഗ്രഹത്തിന് അനുസരിച്ച് ആദ്യം നമ്മൾ മാതൃകയാകണം.
  2. ഓരോ ദിവസവും അല്പ സമയം അവർക്ക് വേണ്ടി മാറ്റിവെക്കാൻ കഴിയണം.
  3. മക്കളെ കേൾക്കാനും അറിയുവാനും കഴിയണം.അതിനായി എല്ലാദിവസവും അരമണിക്കൂർ എങ്കിലും അവരുമായി സംസാരിക്കണം. ഇത് ഊണ് മേശയിലുമാകാം. ഓരോ കുടുംബാംഗങ്ങളും അവരുടെ ഓരോ ദിവസത്തെയും വിശേഷങ്ങൾ അവിടെ പങ്കു വെയ്ക്കട്ടെ. കുട്ടിയുടെ പ്ലസ്ടു കാലം വരെയെങ്കിലും ഇത് തുടരണം. ഏതെങ്കിലും സമയത്ത് അവൻ നമ്മളോട് സംസാരിക്കാൻ വിമുഖത കാണിക്കുന്നുണ്ടെങ്കിൽ, നമുക്ക് മനസിലാക്കാം എന്തോ കുഴപ്പത്തിൽ ചെന്ന് ചാടിയിട്ടുണ്ടെന്ന്. അതിലൂടെ നമുക്ക് അവരെ തിരുത്താനും കഴിയും.
  4. ചെറു പ്രായത്തിൽ തന്നെ അവരുടെ പ്രായമനുസരിച്ചുള്ള വീട്ടിലെ ഉത്തരവാദിത്തങ്ങൾ ഏൽപ്പിക്കണം. ഉദാഹരണത്തിന് പത്തു വയസായ ഒരു കുട്ടിയെക്കൊണ്ട് അവന്റെ വസ്ത്രങ്ങൾ അലക്കുവാനും കഴിച്ച പാത്രം വൃത്തിയാക്കുവാനും, പഠനമുറി എപ്പോഴും അടുക്കും ചിട്ടയുമുള്ളതായി സൂക്ഷിക്കുവാനും ശീലിപ്പിക്കാം. പല വീടുകളിലും മുതിർന്ന കുട്ടിയുടെ പോലും എല്ലാ കാര്യങ്ങളും ചെയ്തു കൊടുക്കുന്ന രക്ഷിതാക്കളുണ്ട്.അത് മോശമായ ഒരു പ്രവണതയാണ്.
    5.മൂല്യമുള്ള സിനിമകൾ കുട്ടികളോടൊപ്പമിരുന്നു കാണാൻ ശ്രമിക്കണം. മദ്യം മയക്കുമരുന്ന് ഉപയോഗത്തിലൂടെ, ഒരു വ്യക്തിയുടെ ജീവിതത്തിൽ സംഭവിക്കുന്ന വീഴ്ചകൾ ബോധ്യപ്പെടുത്തി കൊടുക്കാൻ കഴിയണം.അത് നേരിട്ട് ബോധ്യമുള്ളതോ സിനിമകളിലോ ഉള്ളതാകാം.
  5. ചെറുപ്പത്തിലേ കുട്ടികളുടെ ഏതെങ്കിലും മേഖലകളിലുള്ള അഭിരുചി കണ്ടെത്തി നിർബന്ധമായും പ്രോത്സാഹിപ്പിക്കണം. ഉദാഹരണത്തിന് അവൻ പക്ഷി മൃഗാദികളെ ഇഷ്ടപ്പെടുന്നുവെങ്കിൽ പക്ഷികളെയോ വളർത്തു മൃഗങ്ങളെയോ വാങ്ങി നൽകാം. കൃഷി കാര്യങ്ങളിൽ കൂടെ കൂട്ടാം.
    7.രക്ഷിതാക്കളുടെ മൊബൈൽ ഫോൺ ഉപയോഗം ക്രമപ്പെടുത്തുക. പ്രത്യേകിച്ച് കുട്ടികൾക്ക് മുന്നിൽ. രക്ഷിതാക്കളെ അനുകരിക്കാനാണ് കുട്ടികൾ കൂടുതൽ ശ്രമിക്കുക. മൊബൈൽ ഫോണിലൂടെയാണ് ഇതിന്റെ വിപണനം കൂടുതൽ സാധ്യമാകുന്നത്.
    എന്നാൽ ഫോണിന്റെ അനന്ത സാധ്യത തള്ളിക്കളയാനും പാടില്ല. ഇതിന്റെ ശരിയായ ഉപയോഗത്തിലൂടെ പല കുട്ടികളും അവരുടെ മുന്നോട്ടുള്ള പ്രയാണത്തിന്റെ പാത സ്വയം കണ്ടെത്തിയ കഥകൾ അനേകമുണ്ട്. അങ്ങനെയുള്ള കഴിവുകൾ കണ്ടെത്തി പ്രോത്സാഹനം ആകാം. ചുരുക്കി പറഞ്ഞാൽ കുട്ടിയെ കൗമാര പ്രായം ആകുമ്പോഴേക്കും പഠനം കൂടാതെ അവനിഷ്ടപ്പെട്ട ഏതെങ്കിലും ഒരു മേഖലയിൽ കൂടി വളർത്തിക്കൊണ്ട് വരണം. അപ്പോൾ മറ്റ് മോശമായ ചിന്തകളും പ്രവണതകളും ഒരു പരിധി വരെ ഒഴിവാക്കാം.

അധ്യാപകരോടാണ്….

ഈ വിഷയത്തിൽ ഏറ്റവും കൂടുതൽ സ്വാധീനം ചെലുത്താൻ കഴിയുന്ന
കൂട്ടരാണ് അധ്യാപകർ. കാരണം അധ്യാപകർ രാഷ്ട്ര ശില്പികളാണ്. തന്റെ മുന്നിലിരിക്കുന്ന ഓരോ കുട്ടിക്കും ഒരു ജീവിതം ഉണ്ടെന്നും അവർ നാളെയുടെ വാഗ്ദാനങ്ങളാണെന്നുമുള്ള ബോധ്യം അവർക്ക് എപ്പോഴും ഉണ്ടാകണം. ഓരോ കുട്ടിയുടെയും സാഹചര്യം, മനോഭാവം, അഭിരുചി, താല്പര്യം, കഴിവ്, തുടങ്ങിയവയൊക്കെ വ്യത്യസ്തമായിരിക്കും. കുട്ടിയുടെ ആ വ്യത്യസ്തത ആദ്യം പഠിക്കുവാൻ അദ്ധ്യാപകന് കഴിയണം. പിന്നീടാണ് കുട്ടികളെ പഠിപ്പിക്കേണ്ടത്.

   നമ്മുടെ മഹാരഥന്മാർ നേടിയെടുത്തിട്ടുള്ള നേട്ടങ്ങളോരോന്നും നിലംപരിശാക്കുന്ന തരത്തിൽ ഒരു തലമുറയെ മുഴുവനും ഉൽമൂലനം ചെയ്യുന്ന വലിയ വിപത്ത് തന്നെയാണ് ലഹരി.ഈ ഒരു സാഹചര്യത്തിൽ രാഷ്ട്ര ശില്പികളെന്ന് അഭിമാനം കൊള്ളുന്ന നാം ഉണർന്ന് പ്രവർത്തിച്ചില്ലെങ്കിൽ പിന്നെപ്പോഴാണ് ഉണരുക.  

പല സ്‌കൂളുകളിലും അധ്യാപകർക്ക് വേണ്ടി നടത്തിയ ലഹരി വിരുദ്ധ ബോധവൽക്കരണം വെറും വഴിപാടായി നടത്തിയെന്ന ആക്ഷേപമുണ്ട്. അതിന് പലവിധ കാരണങ്ങളുമുണ്ട്. ഒന്ന് ഇക്കൂട്ടത്തിലുള്ള ചിലരുടെ ഈഗോ തന്നെയാണ്. കഴിഞ്ഞ കാലങ്ങളിൽ ഇത്തരം വിഷയങ്ങളിൽ അവർക്കുണ്ടായ തിക്തഫലങ്ങളാണ് മറ്റൊന്ന്.ഇതിനിടയിൽ സ്വാർത്ഥത വച്ചു പുലർത്തുന്ന അധ്യാപകരുമുണ്ട്. എന്റെ മക്കൾ സുരക്ഷിതരാണ്. അവരെ ഇതൊന്നും ബാധിക്കില്ല. ബാക്കി ഒന്നും എനിക്കറിയണ്ട എന്ന മനോഭാവത്തിലുള്ളവരും നമുക്കിടയിലുണ്ട്. എന്നാൽ ഒരു കുട്ടിയും ഈ കാര്യത്തിൽ സുരക്ഷിതമല്ല എന്ന സത്യം നാം തിരിച്ചറിഞ്ഞേ പറ്റൂ.
പകൽ മുഴുവനും ചെറിയ ക്‌ളാസുമുതൽ തന്നെ കുട്ടികൾ നമ്മുടെ കരവലയത്തിനുള്ളിലാണ്.അവരിലുള്ള കഴിവ് കണ്ടെത്താനും അത് പരിഭോഷിപ്പിക്കാനും നമുക്ക് കഴിയണം.അതിലൂടെ അവരിലുണ്ടാകുന്ന മോശമായ താല്പര്യങ്ങൾക്ക് തടയിടാൻ ഒരു പരിധി വരെ സാധിക്കും എന്ന കാര്യത്തിൽ തർക്കമില്ല. ഓരോ ദിവസവും ഒരു നിശ്ചിത സമയം പാഠപുസ്തകത്തിനപ്പുറമുള്ള കാര്യങ്ങൾ കുട്ടികളുമായി പങ്കുവെക്കുവാൻ കഴിയണം.അവരെ ചേർത്ത് നിർത്താനും.നമുക്കൊന്ന് ആഞ്ഞു പരിശ്രമിക്കാം നാടിന് വേണ്ടി…. നാളേക്ക് വേണ്ടി….

സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവും വിദ്യാഭ്യാസ പ്രവർത്തകനുമായ ലേഖകന്‍ ആലപ്പുഴ താമരക്കുളം വി വി എച്ച് എസ്‌ എസ്സ് അദ്ധ്യാപകനാണ്

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here