കരുനാഗപ്പള്ളി. കരുനാഗപ്പള്ളി നഗരസഭ ജീവനക്കാരിക്ക് നേരെ കോൺഗ്രസ് നേതാവ് പരസ്യ ആക്ഷേപവും ഭീഷണിപ്പെടുത്തലും നടത്തിയതിനെതിരെ ജീവനക്കാർ ജോലി ബഹിഷ്കരിച്ച് പ്രതിഷേധിച്ചു.
കഴിഞ്ഞദിവസമാണ് നഗരസഭയിൽ നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. വിദേശത്ത് ജനിച്ച ഒരു കുട്ടിയുടെ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട വിഷയത്തിൽ കോൺഗ്രസ് നേതാക്കൾക്ക് ഉണ്ടായ അതൃപ്തിയെ തുടർന്നാണ് സംഭവങ്ങളുടെ തുടക്കം. തങ്ങൾ പറഞ്ഞതുപോലെ കാര്യങ്ങൾ നടക്കാത്തതിൽ പ്രകോപിതനായ കോൺഗ്രസ് നേതാവ് ജനന മരണ രജിസ്ട്രേഷൻ വിഭാഗത്തിൽ രജിസ്ട്രാറായി ജോലി ചെയ്യുകയായിരുന്ന ഹെൽത്ത് വിഭാഗം ജീവനക്കാരിക്ക് നേരെ കയർക്കുകയും പരസ്യമായി അധിക്ഷേപങ്ങൾ ചൊരിയുകയുമായിരുന്നു.
വ്യക്തിഹത്യ നടത്തുന്ന തരത്തിലുള്ള ആക്ഷേപങ്ങൾ ഉൾപ്പെടെ ദീർഘനേരം ഉണ്ടായതിനെ തുടർന്നാണ് ജീവനക്കാർ ഒന്നടങ്കം കക്ഷിരാഷ്ട്രീയ ഭേദമെന്യേ പ്രതിഷേധവുമായി രംഗത്തെത്തിയത്. ബുധനാഴ്ച ഉച്ചയോടെ ജോലി ബഹിഷ്കരിച്ച് പുറത്തിറങ്ങിയ ജീവനക്കാർ നഗരസഭ കവാടത്തിനു മുന്നിൽ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു. നഗരസഭ എൻജിനീയർ,സൂപ്രണ്ട്,ആർഐ, ക്ലീൻ സിറ്റി മാനേജർ എന്നിവർ ഉൾപ്പെടെയുള്ള മുഴുവൻ ജീവനക്കാരും പ്രതിഷേധത്തിൽ പങ്കുചേർന്നതോടെ ഭരണകക്ഷിയിൽ പെട്ട ചില കൗൺസിലർമാർ ഇടപെട്ട് മധ്യസ്ഥ ശ്രമങ്ങൾ തുടങ്ങി. ജീവനക്കാരിയെ ഡ്യൂട്ടി സമയത്ത് പരസ്യമായി ആക്ഷേപിക്കുകയും ഡ്യൂട്ടി തടസ്സപ്പെടുത്തുകയും ചെയ്തതിനെതിരെ നടപടി ഉണ്ടാകണമെന്ന നിലപാടിൽ ജീവനക്കാർ ഉറച്ചു നിന്നതോടെ പ്രതിസന്ധി രൂക്ഷമായി. ഏറെ നേരത്തെ പ്രതിഷേധത്തിന് ഒടുവിൽ നഗരസഭാ സെക്രട്ടറി നടത്തിയ മധ്യസ്ഥ ചർച്ചയെ തുടർന്ന് ജീവനക്കാരുടെ ആവശ്യങ്ങൾ അടങ്ങിയ നിവേദനം നഗരസഭാ സെക്രട്ടറിക്ക് കൈമാറി. ചട്ടവും നിയമങ്ങളും മറികടന്ന് പല കാര്യങ്ങളും ചെയ്യാൻ സമ്മർദ്ദം ചെലുത്തുന്നു എന്നും കൃത്യതയോടെ ജോലി ചെയ്യുന്നതിനുള്ള അവസരം നിഷേധിക്കപ്പെടുന്നു എന്നും ജീവനക്കാരുടെ പരാതിയിൽ പറയുന്നു. അടുത്തദിവസം നഗരസഭ ചെയർമാനുമായി ചർച്ച നടത്തി പ്രശ്നത്തിന് പരിഹാരം ഉണ്ടാക്കാം എന്ന സെക്രട്ടറിയുടെ ഉറപ്പിന്മേൽ പ്രതിഷേധം താൽക്കാലികമായി അവസാനിപ്പിക്കുകയായിരുന്നു എന്ന് ജീവനക്കാർ പറഞ്ഞു.
നടപടികൾ ഉണ്ടായില്ലെങ്കിൽ ശക്തമായ പ്രതിഷേധ പരിപാടിയുമായി മുന്നോട്ടു പോകുമെന്ന് ജീവനക്കാർ അറിയിച്ചു.നഗരസഭയിൽ പുതിയ യുഡിഎഫ് ഭരണം വന്നതോടെ ജീവനക്കാർക്ക് മേൽ പല കാര്യങ്ങളിലും രാഷ്ട്രീയ സമ്മർദ്ദവുണ്ടാകുന്നതിനെ തുടർന്നുള്ള പ്രതിസന്ധി നിലനിൽക്കുകയാണ്. ജീവനക്കാർ സ്വതന്ത്രമായി ജോലി ചെയ്യാനുള്ള അവസരം ഉണ്ടാകുന്നില്ലെന്ന പരാതിയാണ് അവർ ഉന്നയിക്കുന്നത്. ഇതേ തുടർന്ന് സമയബന്ധിതമായി തീർക്കേണ്ടുന്ന പല ഭരണകരമായ കാര്യങ്ങളും യഥാസമയം നടക്കാത്ത സ്ഥിതിയിലേക്ക് നഗരസഭാ ഭരണം മാറിയിരിക്കുകയാണ്. തെരുവ് വിളക്കുകളുടെ പരിപാലനം,പദ്ധതികൾ രൂപീകരിച്ച് സമയബന്ധിതമായി നടപ്പിലാക്കാനുള്ള ഇടപെടലുകൾ എന്നിവയെല്ലാം താറുമാറായിരിക്കുകയാണെന്ന് പ്രതിപക്ഷവും ആരോപിക്കുന്നു.


































