തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനിലെ ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതന് തിരിച്ചടി. സുഗതനെതിരെ കാപ്പ ചുമത്തിയതിന് ആഭ്യന്തര സെക്രട്ടറി ഇന്നലെ അംഗീകാരം നല്‍കി. അതേസമയം, ഹൈക്കോടതി ഉത്തരവിൻ്റെ അടിസ്ഥാനത്തിൽ വീണ്ടും സത്യപ്രതിജ്ഞക്ക് അവസരം നൽകണമെന്നാവശ്യപ്പെട്ട് സുഗതൻ ഹൈക്കോടതിയെ സമീപിക്കും. കാപ്പ ഇളവ് തേടി കാപ്പാ ബോർഡിനെയും സമീപിക്കാനാണ് സുഗതന്‍റെ നീക്കം. പുനർസത്യപ്രതിജ്ഞ ചട്ടവിരുദ്ധമെന്ന പരാതിയിൽ സർക്കാരും നിയമോപദേശം തേടും. 14 ദിവസത്തിനുള്ളിൽ സത്യപ്രതിജ്ഞ ചെയ്യണമെന്നാണ് ഹൈക്കോടതിയുടെ ഉത്തരവ്.
പല ദൈവങ്ങളുടെ പേരിലുള്ള സത്യപ്രതിജ്ഞ ഹൈക്കോടതി അസാധുവാക്കിയതിന് പിറകെ തിരുവനന്തപുരം കോർപ്പറേഷനിലെ 19 ബിജെപി അംഗങ്ങൾ ഇന്നലെ വീണ്ടും സത്യപ്രതിജ്ഞ ചെയ്തിരുന്നു. ഈശ്വര നാമത്തിലാണ് 19 പേർ മേയർക്ക് മുന്നിൽ സത്യപതിജ്ഞ ചെയ്തത്. 26ന് ചേരുന്ന കൗൺസിൽ യോഗത്തിൽ സിപിഎമ്മും കോൺഗ്രസും അവിശ്വാസ പ്രമേയം കൊണ്ടുവന്നേക്കുമെന്ന സൂചന ലഭിച്ചതോടെയാണ് മേയറുടെ അതിവേഗ നീക്കങ്ങൾ. 20 പേരിൽ 19 പേരും ഈശ്വരനാമത്തിൽ സത്യപ്രതിജ്ഞ ചെയ്ത് പ്രതിസന്ധി മറികടന്നു. കാപ്പാ കേസിൽ ജയിലുള്ള വഴോട്ട് കോണം അംഗം ആർ സുഗതൻ സത്യപ്രതിജ്ഞ ചെയ്തില്ല. സുഗതന് സത്യപ്രതിജ്ഞ ചെയ്യാൻ ഒരു ദിവസത്തെ ഇളവ് ആവശ്യപ്പെട്ട് കോടതി സമീപിക്കാനാണ് ബിജെപിയുടെ ആലോചന. തിരുവനന്തപുരം കോർപ്പറേഷനിൽ സത്യപ്രതിജ്ഞ അസാധുവാക്കപ്പെട്ട 20 ബിജെപി കൗൺസിലർമാരിൽ ഒരാളാണ് സുഗതൻ. ഗുരുദേവ നാമത്തിലായിരുന്നു സത്യപ്രതിജ്ഞ.
വട്ടിയൂർക്കാവ് പൊലീസിൻ്റെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണ് ആർ സുഗതൻ. 2019 ഓഗസ്റ്റ് 25 ന് ഒരാളെ കല്ല് കൊണ്ട് തലക്കടിച്ചതിന് മനപ്പൂർവ്വമല്ലാത്ത നരഹത്യ ശ്രമം, 2023 ജൂലൈ 20 ന് മറ്റൊരാളുടെ വീട്ടിൽ അതിക്രമിച്ചു കയറി വാഹനങ്ങളും വീടും ആക്രമിച്ചു തകർത്തു, 2023 ജൂലൈ 17 ന് ഭർത്താവിന് എതിരെയുള്ള പകതീർക്കാൻ ഭാര്യയെ വീട്ടിൽ കയറി ആക്രമിച്ചു, 2025 മാർച്ച് 14 ന് ബിസിനസ് തർക്കത്തെ തുടർന്ന് യുവാവിനെ ആക്രമിച്ച കേസിൽ മനപൂർവ്വമല്ലാത്ത നരഹത്യശ്രമ കുറ്റം, 2025 ജൂലൈ 25 ന് സെക്യൂരിറ്റി ജീവനക്കാരന് പണം നൽകാത്തതിന് ജുഡീഷ്യൽ ഓഫീസറെ ഭീഷണിപ്പെടുത്തിയ കേസ്, 2026 ഫെബ്രുവരി 2-ന് അന്ന് എംഎൽഎ ആയിരുന്ന വി കെ പ്രശാന്തിന്റെ പരാതിയിൽ ശിശുമന്ദിരം ജീവനക്കാരെ ഭീഷണിപ്പെടുത്തി മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങ് തടസ്സപ്പെടുത്തിയെന്ന കേസിലും പ്രതിയാണ് സുഗതൻ. ഈ കേസുകൾ എല്ലാം നിലനിൽക്കുകയാണ് കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ സുഗതനെ ബിജെപി വാഴോട്ടുകോണത്ത് സ്ഥാനാർഥിയാക്കിയത്.
































