27.6 C
Kollam
Saturday 12th September, 2026 | 09:04:55 PM
Home News Kerala യൂട്യൂബർ തൊപ്പിക്കും ​ഗ്യാങ്ങിനുമെതിരെ അന്വഷണത്തിന് ഉത്തരവ്

യൂട്യൂബർ തൊപ്പിക്കും ​ഗ്യാങ്ങിനുമെതിരെ അന്വഷണത്തിന് ഉത്തരവ്

കൊച്ചി: യൂട്യൂബർ തൊപ്പിക്കും ​ഗ്യാങ്ങിനുമെതിരെ അന്വഷണത്തിന് ഉത്തരവ്. സംസ്ഥാന സൈബർ ഓപ്പറേഷനിൽ നിന്ന് കൊച്ചി സൈബർ പൊലീസിന് നിർദേശം കൈമാറി. പോക്സോ, ലഹരി മരുന്ന് ഉപയോഗം, അശ്ലീല പ്രചരണം തുടങ്ങി വിവിധ കുറ്റകൃത്യങ്ങളിലാണ് സംഘം അന്വേഷണം നേരിടുന്നത്. തൊപ്പി എന്ന് വിളിക്കുന്ന നിഹാദിനും സംഘത്തിനുമെതിരെ അഡ്വ. ശ്രീജിത്ത്‌ പെരുമന നൽകിയ പരാതിയിലാണ് നടപടി. സമൂഹമാധ്യമങ്ങളിലും തൊപ്പിക്കെതിരെ വ്യാപക പരാതി ഉയർന്നിരുന്നു.

പൊതുവേദികളിലും സമൂഹ മാധ്യമങ്ങളിലും പരസ്യമായി അശ്ലീല പ്രദർശനം നടത്തുന്നതും, സ്ത്രീവിരുദ്ധ പരാമർശങ്ങൾ നടത്തുന്നതും, ക്രിമിനൽ കുറ്റങ്ങൾ വലിയ കാര്യമായി വിളിച്ചുപറയുന്നതും ചൂണ്ടിക്കാണിച്ചാണ് പരാതി. ഇത്തരം നടപടി ഒരു തരത്തിലും അം​ഗീകരിക്കാൻ കഴിയില്ലെന്ന് നൽകിയ പരാതിയിൽ പറയുന്നു. പുതിയ തലമുറയുടെയും കുട്ടികളുടെയും ഭാവിയെ പൂർണ്ണമായും തകർക്കുന്ന രീതിയിലാണ് തൊപ്പിയുടെയും സംഘത്തിന്റെയും പ്രവർത്തനങ്ങളെന്നും ആരോപണമുണ്ട്.

സമൂഹത്തിന് തെറ്റായ സന്ദേശം നൽകുന്ന ഇത്തരം ക്രിമിനലുകൾക്കെതിരെ ശക്തമായ നിയമനടപടി തന്നെ ഉണ്ടാകണമെന്നും വേണമെന്നും ശ്രീജിത്ത്‌ പെരുമന ആവശ്യപ്പെ‌ട്ടു. മുൻ സുഹൃത്തുക്കൾ തന്നെയാണ് തൊപ്പിക്കെതിരെ മയക്കുമരുന്ന് ഉപയോഗം, പണം തട്ടിയെടുക്കൽ, ഭീഷണിപ്പെടുത്തൽ തുടങ്ങിയ ഗുരുതര ആരോപണങ്ങൾ ഉയർത്തിയത്. ഗായകൻ ഹനാൻ ഷായുടെ കുടുംബത്തെ അപകീർത്തിപ്പെടുത്തിയെന്ന പരാതിയും ഇവർക്കെതിരെയുണ്ട്.