Home News Breaking News പുറത്തെടുത്ത കുടൽ തിരികെവെക്കാതെ കാൻസർ രോഗിയായ അറുപത്തിയഞ്ചുകാരിയോട് ഡോക്ടറുടെ കൊടും ക്രൂരത

പുറത്തെടുത്ത കുടൽ തിരികെവെക്കാതെ കാൻസർ രോഗിയായ അറുപത്തിയഞ്ചുകാരിയോട് ഡോക്ടറുടെ കൊടും ക്രൂരത

കൊച്ചി. എറണാകുളം ജനറല്‍ ആശുപത്രിയില്‍ പുറത്തെടുത്ത വന്‍കുടല്‍ തിരികെവെക്കാതെ കാന്‍സര്‍ രോഗിയായ അറുപത്തിയഞ്ചുകാരിയോട് ഡോക്ടറുടെക്രൂരത. സര്‍ജന്‍ സജി മാത്യുവിന്റേതാണ് തുടര്‍ ശസ്ത്രക്രിയ നിഷേധിച്ചുള്ള മനുഷ്യപ്പറ്റില്ലാത്ത നടപടി. പുറത്തെടുത്ത കുടലുമായി ഒരുവര്‍ഷമായി വേദന തിന്ന് കഴിയുകയാണ് പാലക്കാട് പെരുവമ്പ് സ്വദേശിനി രേഷ്മ.

വന്‍കുടലില്‍ കാന്‍സര്‍ സ്ഥിരീകരിച്ച രേഷ്മ 2025 ഫെബ്രുവരിയിലാണ് എറണാകുളം ജനറല്‍ ആശുപത്രിയില്‍ ശസ്ത്രക്രിയക്ക് വിധേയയായത്. വന്‍കുടലിലെ കാന്‍സര്‍ ബാധ ഡോ സജി മാത്യുവിന്റെ നേതൃത്വത്തില്‍ നീക്കം ചെയ്തു. പുറത്തെടുത്ത വന്‍കുടല്‍ തുന്നല്‍ ഉണങ്ങുന്ന മുറയ്ക്ക് മൂന്ന് മാസത്തിനകം തിരിച്ചുവെയ്ക്കാമെന്നായിരുന്നു ഡോക്ടറുടെ ഉറപ്പ്. ഒരു വര്‍ഷവും രണ്ട് മാസവും പിന്നിട്ടു. ഇരുപതിലേറെ തവണ രേഷ്മയും കുടുംബവും ആശുപത്രിയിലെത്തി. ഡോക്ടര്‍ സജി മാത്യുവിനെ നേരിട്ട് പലതവണ കണ്ടു. കരഞ്ഞ് പറഞ്ഞിട്ടും കൃത്യമായ മറുപടി നല്‍കാതെ ഡോക്ടര്‍ ഒഴിഞ്ഞുമാറിയെന്ന് രേഷ്മ പറഞ്ഞു.

മാസങ്ങളോളം ചികിത്സ നല്‍കാതെ ഒഴിഞ്ഞു മാറിയ ഡോക്ടര്‍ മറ്റ് രോഗികളെ ചികിത്സിച്ച ശേഷം വിളിക്കാമെന്ന ധിക്കാരപരമായ മറുപടിയാണ് കുടുംബത്തിന് നല്‍കിയത്. മൂന്ന് ലക്ഷത്തിലേറെ രൂപ ചെലവാക്കി ഡോക്ടര്‍ പറഞ്ഞ ടെസ്റ്റുകളെല്ലാം നടത്തി. വാടകവീട്ടില്‍ കഴിയുന്ന കുടുംബത്തിന് സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടാനുള്ള ത്രാണിയുമില്ല.

ആശുപത്രി സൂപ്രണ്ട്, ഡിഎംഒ അടക്കമുള്ളവര്‍ക്ക് പരാതി നല്‍കിയിട്ടും നടപടിയില്ലാത്തതിനാല്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരിക്കുകയാണ് കുടുംബം