27.8 C
Kollam
Tuesday 6th October, 2026 | 09:48:30 AM
Home News National 60 വർഷത്തിന് ശേഷം, വിജയ് മന്ത്രിസഭയിൽ കോൺഗ്രസ്സിനും പങ്കാളിത്തം

60 വർഷത്തിന് ശേഷം, വിജയ് മന്ത്രിസഭയിൽ കോൺഗ്രസ്സിനും പങ്കാളിത്തം

ചെന്നൈ.തമിഴ് നാട്ടിൽ 60 വർഷത്തെ ചരിത്രം തിരുത്തി കോൺഗ്രസ്സ് . കാമരാജ് കാലത്തിന് ശേഷം വീണ്ടും തമിഴ്നാട് മന്ത്രിസഭയിൽ കോൺഗ്രസ്സ് എത്തി. 23 പേരെ ചേർത്ത്, സി ജോസഫ് വിജയ് മന്ത്രിസഭ വികസിപ്പിച്ചപ്പോൾ രണ്ടു പേരാണ് കോൺഗ്രസ്സിൽ നിന്ന് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തത്. ഇന്നത്തെ സത്യപ്രതിജ്ഞാ ചടങ്ങിലും ആദ്യം പാടിയത് വന്ദേമാതരം തന്നെ..




ആറ് പതിറ്റാണ്ടിന്റെ കാത്തിരിപ്പിന് ശേഷമാണ് കോൺഗ്രസിൻ്റെ മന്ത്രിമാർ ഇങ്ങനെ സത്യപ്രതിജ്ഞ ചെയ്യുന്നത്. ദ്രാവിഡ പാർട്ടികളുടെ ഭരണത്തിൽ ഒരിയ്ക്കൽ പോലും മറ്റ് പാർട്ടികൾക്ക് മന്ത്രിസഭയിൽ ഇടമുണ്ടായിരുന്നില്ല.

ദ്രാവിഡ കക്ഷികളെ തറപറ്റിച്ച്, പുതിയ ചരിത്രമെഴുതിയ മുഖ്യമന്ത്രി സി ജോസഫ് വിജയ്, ആ കീഴ് വഴക്കവും മാറ്റുകയാണ്. കോൺഗ്രസ് നിയമസഭാ കക്ഷി നേതാവ് സി രാജേഷ് കുമാർ, പി വിശ്വനാഥൻ എന്നിവർക്കാണ് മന്ത്രിമാരാകാനുള്ള അവസരം കൈവന്നത്. മുസ്ലിം ലീഗ്, വിടുതലൈ ചിരുത്തൈകൾ കക്ഷി എന്നിവരും മന്ത്രിസഭയിൽ എത്തിയേക്കും.
ദളിത് പ്രാതിനിധ്യം ഉറപ്പാക്കാനും മുഖ്യമന്ത്രി സി ജോസഫ് വിജയ്, ഏറെ ശ്രദ്ധിച്ചു. ഏഴ് പേരാണ് പിന്നാക്ക വിഭാഗത്തിൽ നിന്നുള്ള മന്ത്രിമാർ. ഇന്ന് മൂന്ന് പേർ കൂടി സത്യപ്രതിജ്ഞ ചെയ്തതോടെ, മന്ത്രിസഭയിലെ വനിതാ പ്രാതിനിധ്യം നാലായി. ഇന്നത്തെ സത്യപ്രതിജ്ഞ കൂടി കഴിഞ്ഞപ്പോൾ ആകെ മന്ത്രിമാരുടെ എണ്ണം 32 ആയി. 34 ആണ് മന്ത്രിസഭയുടെ ആകെ എണ്ണം. വിസികെ, മുസ്ലിം ലീഗ് എന്നിവർക്കായാണ് രണ്ട് സീറ്റുകൾ മാറ്റിവെച്ചത്.
ഇന്നത്തെ സത്യപ്രതിജ്ഞ ചടങ്ങിലും വന്ദേമാതരം തന്നെയാണ് ആദ്യം ആലപിച്ചത്.

തമിഴ് തായ് വാഴ്ത്തിനെ അവഹേളിച്ചുവെന്നാരോപിച്ച് വീണ്ടും ഡിഎംകെ രംഗത്തെത്തി. ടിവികെയുടെ പേരിൽ മാത്രമാണ് തമിഴ്നാട് ഉള്ളത്. ഭരണത്തിൽ കാണിക്കുന്നത് സംഘിസമാണെന്നും ഒരേ തെറ്റ് ആവർത്തിച്ച് ടിവികെ തമിഴ് തായ് വാഴ്ത്തിനെ വീണ്ടും അപമാനിച്ചുവെന്നും DMK കുറ്റപ്പെടുത്തി.
മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞാ ചടങ്ങിലും പ്രോ ടൈം സ്പീക്കറുടെ സത്യപ്രതിജ്ഞാ ചടങ്ങിലും വന്ദേമാതരം ആദ്യം ചൊല്ലിയപ്പോഴും ഇതുപോലെ DMK വിമർശനം ഉയർത്തിയിരുന്നു . എന്നാൽ മുഖ്യമന്ത്രി വിജയ് യോ TVK യോ ഇതുവരെ അതിന് മറുപടി പറഞ്ഞിട്ടില്ല