26.6 C
Kollam
Saturday 3rd October, 2026 | 03:19:36 AM
Home News Breaking News മന്ത്രിസ്ഥാനം തേടിയില്ലെന്ന് ജി സുധാകരൻ; ലഭിച്ചാൽ സ്വീകരിക്കുമെന്ന് പ്രതികരണം

മന്ത്രിസ്ഥാനം തേടിയില്ലെന്ന് ജി സുധാകരൻ; ലഭിച്ചാൽ സ്വീകരിക്കുമെന്ന് പ്രതികരണം

Advertisement

ആലപ്പുഴ: സംസ്ഥാന രാഷ്ട്രീയത്തിലെ പുതിയ സംഭവവികാസങ്ങൾക്കിടയിൽ തന്റെ നിലപാടുകൾ തുറന്നുപറഞ്ഞ് മുതിർന്ന നേതാവ് ജി. സുധാകരൻ. താൻ ഇതുവരെ ആരോടും മന്ത്രിസ്ഥാനം ആവശ്യപ്പെട്ടിട്ടില്ലെന്നും, മുൻപും ആരും ആവശ്യപ്പെട്ടിട്ടല്ല തന്നെ മന്ത്രിയാക്കിയതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. എന്നാൽ, മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കുകയാണെങ്കിൽ അത് സ്വീകരിക്കാൻ തയ്യാറാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, യുഡിഎഫിൽ നിന്ന് ആരും തന്നെ ഇക്കാര്യത്തിനായി സമീപിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ സന്ദർശിച്ചതുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങൾക്കും അദ്ദേഹം മറുപടി നൽകി. കേരളത്തിലെ പ്രബലമായ ഒരു സമുദായ സംഘടനയുടെ ജനറൽ സെക്രട്ടറിയായ വെള്ളാപ്പള്ളിയെ സന്ദർശിച്ചതിൽ ഒരു തെറ്റുമില്ലെന്ന് അദ്ദേഹം പറഞ്ഞു. വെള്ളാപ്പള്ളിയോട് വ്യക്തിപരമായ ശത്രുതയുള്ള ആരെങ്കിലും വല്ലതും പറഞ്ഞിട്ടുണ്ടാകാം എന്നല്ലാതെ, ഔദ്യോഗികമായി ആരും വിമർശനം ഉന്നയിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സിപിഎം ജില്ലാ കമ്മിറ്റികളിൽ നിലവിൽ ഉയർന്നുവരുന്ന ആഭ്യന്തര വിമർശനങ്ങളെക്കുറിച്ചും സുധാകരൻ പ്രതികരിച്ചു. ആളുകളുടെ മനസ്സിലുള്ള കാര്യങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. എപ്പോഴായാലും മനസ്സിലുള്ള കാര്യങ്ങൾ ഒടുവിൽ പുറത്തുവരുമെന്ന് മനസ്സിലാക്കിയാൽ മതിയെന്നും, താൻ കാര്യങ്ങൾ എപ്പോഴും തുറന്നു സംസാരിച്ചിട്ടുണ്ടെന്നും ഇനിയും അത് തുടരുമെന്നും ജി. സുധാകരൻ വ്യക്തമാക്കി.