27.5 C
Kollam
Friday 11th September, 2026 | 08:15:01 AM
Home News Kerala ആശ്വസിക്കാം…. മഴയെത്തുന്നു

ആശ്വസിക്കാം…. മഴയെത്തുന്നു

സംസ്ഥാനത്തെ ചുട്ടുപൊള്ളിച്ച് കനത്ത ചൂട് തുടരവെ ആശ്വാസവാര്‍ത്ത. മൂന്ന് ജില്ലകളില്‍ വരുന്ന മൂന്ന് മണിക്കൂറില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മഴ പെയ്‌തേക്കുമെന്നാണ് അറിയിപ്പ്.

ഇന്നും നാളെയും സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് നേരത്തെ മുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നു. തിങ്കള്‍ മുതല്‍ ബുധന്‍ വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചത്.

അസഹനീയമായ ചൂടില്‍ ഉരുകുകയാണ് കേരളം. സംസ്ഥാനത്ത് പലയിടങ്ങളിലും ജനങ്ങള്‍ക്ക് സൂര്യാതാപമേറ്റതായി റിപ്പോര്‍ട്ടുകളുണ്ട്. പാലക്കാട് 40.2 ഡിഗ്രി സെല്‍ഷ്യസ് ആണ് വെള്ളിയാഴ്ച രേഖപ്പെടുത്തിയത്. പുനലൂരില്‍ 38.6 ഡിഗ്രി താപനിലയും രേഖപ്പെടുത്തി.