സുൽത്താൻപുർ: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ അപകീർത്തിപ്പെടുത്തിയെന്ന കേസിൽ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ കുറ്റവിമുക്തനാക്കി ഉത്തർപ്രദേശിലെ സുൽത്താൻപൂർ പ്രത്യേക കോടതി. രാഹുൽ ഗാന്ധിയുടെ പരാമർശത്തിൽ അപകീർത്തികരമായി ഒന്നുമില്ലെന്ന് അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ശുഭം വർമ്മ വ്യക്തമാക്കി. രാഹുലിനെ കുറ്റക്കാരനായി കണ്ടെത്താൻ മതിയായ തെളിവുകളില്ലെന്നും കോടതി വിലയിരുത്തി.
വിധി കേൾക്കാൻ രാഹുൽ ഗാന്ധി നേരിട്ട് കോടതിയിൽ ഹാജരായിരുന്നു. കോടതി വിധിയെ കോൺഗ്രസ് പ്രവർത്തകർ സ്വാഗതം ചെയ്തു. ‘സത്യമേവ ജയതേ’ എന്നായിരുന്നു കോൺഗ്രസിന്റെ പ്രതികരണം.
2018ൽ കർണാടക നിയമസഭാ തെരഞ്ഞെടുപ്പിനിടെ ബെംഗളൂരുവിൽ നടത്തിയ പരാമർശത്തിലൂടെ അമിത് ഷായെ അപകീർത്തിപ്പെടുത്തിയെന്നാണ് രാഹുൽ ഗാന്ധിക്കെതിരായ ആരോപണം. അന്ന് ബിജെപി ജില്ലാ വൈസ് പ്രസിഡന്റായിരുന്ന വിജയ് മിശ്രയാണ് പരാതി നൽകിയത്. തുടർന്ന് സുൽത്താൻപുരിലെ എംപി/എംഎൽഎ പ്രത്യേക കോടതി കേസെടുത്തു.
‘ബിജെപിയുടെ ദേശീയ അധ്യക്ഷൻ ഒരു കൊലക്കേസ് പ്രതിയാണെന്ന കാര്യം ഇന്ത്യയിലെ ജനങ്ങൾ മറന്നുപോകുന്നു. അതാണ് സത്യം. സത്യസന്ധതയെക്കുറിച്ചും മാന്യതയെക്കുറിച്ചും വാചാലരാകുന്ന പാർട്ടിയുടെ അധ്യക്ഷ സ്ഥാനത്തിരിക്കുന്നത് കൊലക്കുറ്റം ആരോപിക്കപ്പെട്ട ഒരാളാണ്’ എന്നായിരുന്നു രാഹുൽ ഗാന്ധിയുടെ പരാമർശം.
സൊഹ്റാബുദ്ദീൻ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടൽ കേസിനെക്കുറിച്ച് സംസാരിക്കവെയായിരുന്നു രാഹുലിന്റെ പരാമർശം. ഇതിനെതിരെയാണ് വിജയ് മിശ്ര കോടതിയെ സമീപിച്ചത്.





























