ധാർ: മധ്യപ്രദേശിലെ ധാറിൽ കാർ കലുങ്കിലിടിച്ച് മറിഞ്ഞ് തീപിടിച്ച് നാല് യുവാക്കൾ വെന്തുമരിച്ചു. വാഹനത്തിൽനിന്ന് തെറിച്ചുവീണ ഒരാൾ ഗുരുതര പരുക്കുകളോടെ ചികിത്സയിലാണ്. ലെബദ്–നയാഗാവ് നാലുവരിപ്പാതയിൽ ഞായറാഴ്ച രാത്രി 11.15-ഓടെയായിരുന്നു അപകടം.
സഗൂർ ഗ്രാമവാസികളായ അഞ്ച് സുഹൃത്തുക്കൾ ക്ഷേത്രദർശനം കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് ധാർ ജില്ലാ പൊലീസ് സൂപ്രണ്ട് സച്ചിൻ ശർമ പറഞ്ഞു. ഭീം ധക്കഡ് (24), ആദിത്യ തിവാരി (22), ചേതൻ ധക്കഡ് (21), അഭിഷേക് സോളങ്കി (19) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ തുഷാർ മണ്ട്‌ലോയി (20)യെ പ്രാഥമിക ചികിത്സയ്ക്കുശേഷം വിദഗ്ധ പരിചരണത്തിനായി ഇൻഡോറിലെ ആശുപത്രിയിലേക്ക് മാറ്റി.
ജില്ലാ ആസ്ഥാനത്തുനിന്ന് 20 കിലോമീറ്റർ അകലെവച്ചായിരുന്നു അപകടം. ടയർ പൊട്ടിത്തെറിച്ചതിനെത്തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ട കാർ റോഡരികിലെ കലുങ്കിലിടിച്ച് മറിയുകയായിരുന്നു. പിന്നാലെ വാഹനത്തിന് തീപിടിച്ചു. തുഷാറൊഴികെയുള്ളവർ കാറിനുള്ളിൽ കുടുങ്ങിയതിനാൽ പുറത്തുകടക്കാനായില്ല.
അതുവഴിയെത്തിയ മറ്റു വാഹനങ്ങളിലുള്ളവരാണ് പൊലീസിനെ വിവരമറിയിച്ചത്. പൊലീസ് സ്ഥലത്തെത്തി അഗ്നിരക്ഷാസേനയെ വിളിച്ചുവരുത്തി. തീയണച്ചപ്പോഴേക്കും കാറും അതിനുള്ളിലുണ്ടായിരുന്നവരും കത്തിക്കരിഞ്ഞിരുന്നു. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി ധാർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.





























