കൊച്ചി: ചേരാനല്ലൂരിൽ ബെൻസ് കാറിടിച്ച് തട്ടുകട നടത്തുകയായിരുന്ന ജയബാലകൃഷ്ണൻ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിയെ സംരക്ഷിക്കാൻ പൊലീസ് ശ്രമിക്കുന്നതായി ആരോപിച്ച് കുടുംബം രംഗത്ത്. ജഡ്ജിയുടെ മകനായ പ്രതിയെ പണത്തിന്റെയും സ്വാധീനത്തിന്റെയും ബലത്തിൽ രക്ഷിക്കാനാണ് പൊലീസും സർക്കാരും ശ്രമിക്കുന്നതെന്ന് മക്കളും ബന്ധുക്കളും ആരോപിച്ചു. നീതി ലഭിക്കുംവരെ ചേരാനല്ലൂർ പൊലീസ് സ്റ്റേഷന് മുന്നിൽനിന്ന് മാറില്ലെന്ന് പ്രഖ്യാപിച്ച കുടുംബാംഗങ്ങൾ സ്റ്റേഷന്റെ പടികളിലിരുന്ന് പ്രതിഷേധിച്ചു.
അപകടത്തിനുശേഷം സ്റ്റേഷനിലെത്തിയ ബന്ധുക്കൾ പ്രതിയുടെ ചിത്രം മൊബൈൽ ഫോണിൽ പകർത്തിയപ്പോൾ പൊലീസ് ഫോൺ പിടിച്ചുവാങ്ങി ചിത്രങ്ങൾ ഡിലീറ്റ് ചെയ്യിച്ചെന്നാണ് കുടുംബത്തിന്റെ ആരോപണം. ജഡ്ജിക്കൊപ്പം എത്തിയയാളുടെ നിർദേശപ്രകാരമാണ് പൊലീസ് ഇത്തരത്തിൽ പ്രവർത്തിച്ചതെന്നും മക്കൾ പറഞ്ഞു. ”ഞങ്ങളുടെ അച്ഛനെ മനപ്പൂർവം ഇടിച്ചുകൊന്നയാളുടെ ചിത്രം പകർത്തിയതിനാണ് പൊലീസ് ഫോൺ വാങ്ങി ചിത്രങ്ങൾ ഡിലീറ്റ് ചെയ്യിച്ചത്. കാക്കിയോടുള്ള വിശ്വാസവും ബഹുമാനവും പൂർണമായും നഷ്ടപ്പെട്ടു” — മക്കൾ പ്രതികരിച്ചു.
പ്രതിക്ക് പ്രായപൂർത്തിയായിട്ടില്ലെന്നതും ഡ്രൈവിങ് ലൈസൻസ് ഇല്ലെന്നതുമടക്കമുള്ള ഗൗരവകരമായ കാര്യങ്ങൾ പരിഗണിക്കാതെ കേസ് നിസ്സാരവത്കരിക്കാനാണ് പൊലീസ് ശ്രമിച്ചതെന്നും കുടുംബം ആരോപിച്ചു. പ്രതിക്ക് ജാമ്യം ലഭിച്ചതും പൊലീസിന്റെ ഒത്തുകളിയുടെ ഭാഗമാണെന്നാണ് ഇവരുടെ ആരോപണം.
പണമുള്ളവർക്കും ഉന്നത സ്വാധീനമുള്ളവർക്കും എന്ത് നിയമലംഘനവും നടത്താമെന്ന അവസ്ഥയാണ് കേരളത്തിലുള്ളതെന്ന് കുടുംബം കുറ്റപ്പെടുത്തി. കൊലക്കുറ്റം ചുമത്തിയിട്ടും പ്രതിയെ സംരക്ഷിക്കുന്ന നിലപാടാണ് പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായതെന്നും ആരോപിച്ചു. ജഡ്ജിയായ പ്രതിയുടെ പിതാവ് പൊലീസ് സ്റ്റേഷനിൽവച്ച് ”നിങ്ങളെന്നെ ചോദ്യം ചെയ്യേണ്ട” എന്ന് ഭീഷണിപ്പെടുത്തിയെന്നും കുടുംബം പറഞ്ഞു.
സാധാരണക്കാർക്ക് ഒരു നിയമവും ഉന്നതർക്ക് മറ്റൊരു നിയമവുമാണെന്ന സ്ഥിതിയാണ് നിലവിലുള്ളതെന്ന് ആരോപിച്ച കുടുംബം, പ്രതിയുടെ പിതാവിനെതിരെയും ജാമ്യം അനുവദിച്ച നടപടിയിലും കർശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടു. കേസിൽ നീതി ഉറപ്പാക്കുന്നതുവരെ പ്രതിഷേധം തുടരുമെന്നും കുടുംബാംഗങ്ങൾ വ്യക്തമാക്കി.
Home News Breaking News ചേരാനല്ലൂർ വാഹനാപകടം: നീതി ലഭിക്കുംവരെ സ്റ്റേഷന് മുന്നിൽ പ്രതിഷേധം; ഫോൺ പിടിച്ചുവാങ്ങി ചിത്രങ്ങൾ ഡിലീറ്റ് ചെയ്യിച്ചെന്നും...





























