26.6 C
Kollam
Saturday 12th September, 2026 | 01:49:24 AM
Home News Breaking News ഓട്ടോ വരെ നടന്നുപോകാന്‍ വയ്യാതെ ഞാന്‍ ഇരിക്കാന്‍ പോയപ്പോള്‍ എന്നെ ഉയര്‍ത്താനെന്ന മട്ടില്‍ വസ്ത്രത്തിനുള്ളിലൂടെ കയ്യിട്ട്...

ഓട്ടോ വരെ നടന്നുപോകാന്‍ വയ്യാതെ ഞാന്‍ ഇരിക്കാന്‍ പോയപ്പോള്‍ എന്നെ ഉയര്‍ത്താനെന്ന മട്ടില്‍ വസ്ത്രത്തിനുള്ളിലൂടെ കയ്യിട്ട് ഉപദ്രവിച്ചു, ഇയാള്‍ മദ്യപിച്ചിരുന്നു, പേടിയും വേദനയും കൊണ്ടു ഞാന്‍ കരഞ്ഞു, കായംകുളത്ത് അതിക്രമത്തിനിരയായ യുവതി

ആലപ്പുഴ: വാഹനാപകടത്തില്‍ പരിക്കേറ്റ തനിക്ക് ക്രൂരമായ ലൈംഗികാതിക്രമങ്ങള്‍ നേരിടേണ്ടി വന്നുവെന്ന് യുവതി. കൂട്ടുകാരിക്കും കുടുംബത്തിനുമൊപ്പം മലയാറ്റൂരില്‍ പോയി ഓട്ടോറിക്ഷയില്‍ മടങ്ങുമ്പോള്‍ രാത്രി 12.45 ന് കായംകുളം കെപിഎസി ജങ്ഷനിലായിരുന്നു വണ്ടി ഡിവൈഡറില്‍ ഇടിച്ചുകയറി അപകടമുണ്ടായത്. കൂട്ടുകാരിയുടെ ഭര്‍ത്താവാണ് വണ്ടി ഓടിച്ചിരുന്നത്. നേരിട്ട ദുരനുഭവത്തെപ്പറ്റി ഐടി ജീവനക്കാരിയായ യുവതി പറയുന്നത് ഇപ്രകാരമാണ്.

‘കൈക്കും താടിയെല്ലിനും കാലിനും പരുക്കേറ്റു. അതുവഴി വന്ന പെട്ടി ഓട്ടോയില്‍ ഉണ്ടായിരുന്നവരാണു രക്ഷയ്‌ക്കെത്തിയത്. ഈ സമയത്ത് ബൈക്കില്‍ എത്തിയ പ്രതി കൂടെച്ചേര്‍ന്നു. ശ്വാസംമുട്ടലുണ്ടായതിനാല്‍ ഓട്ടോ വരെ നടന്നുപോകാന്‍ വയ്യാതെ ഞാന്‍ ഇരിക്കാന്‍ പോയപ്പോള്‍ ഇയാള്‍ എന്നെ ഉയര്‍ത്താനെന്ന മട്ടില്‍ വസ്ത്രത്തിനുള്ളിലൂടെ കയ്യിട്ട് ഉപദ്രവിച്ചു. ഇയാള്‍ മദ്യപിച്ചിരുന്നു. പേടിയും വേദനയും കൊണ്ടു ഞാന്‍ കരഞ്ഞു.

വാഹനത്തില്‍ കയറ്റുന്നതുവരെ ഇയാള്‍ അതിക്രമം നടത്തി. കായംകുളം താലൂക്ക് ആശുപത്രിയിലേക്കാണു കൊണ്ടുപോയത്. പ്രതി പിന്തുടര്‍ന്ന് അവിടെയെത്തി ഭീഷണിപ്പെടുത്തി. എക്‌സ്‌റേ എടുക്കാനെത്തിയപ്പോള്‍ വനിതാ ഡോക്ടര്‍ ദേഹത്തെ പാടുകള്‍ ശ്രദ്ധിച്ചു. വിവരമറിഞ്ഞപ്പോള്‍, പൊലീസില്‍ പരാതിപ്പെടണമെന്നു ഡോക്ടര്‍ പറഞ്ഞു. അങ്ങനെ പൊലീസെത്തി മൊഴിയെടുത്തു. പിന്നീട് പൊലീസിന്റെ ഭാഗത്തു നിന്ന് അനക്കമില്ല.

സംഭവം കഴിഞ്ഞിട്ടു 10 ദിവസമായി. ഇതുവരെ എന്റെ രഹസ്യമൊഴിയെടുത്തില്ല. മെഡിക്കൽ പരിശോധന നടത്തിയിട്ടില്ല. എനിക്കു പണമോ സ്വാധീനമോ ഇല്ല. പിന്നിതേ വരെ ഞാൻ സമാധാനത്തോടെ ഉറങ്ങിയിട്ടില്ല’. യുവതി വ്യക്തമാക്കി.

വ്യാപാരി വ്യവസായി കായംകുളം യൂണിറ്റ് പ്രസിഡന്റ് സിനില്‍ സവാദിനെതിരെയാണ് യുവതി പരാതി നല്‍കിയത്. ഈ മാസം മൂന്നിനായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. 10 ദിവസമായിട്ടും വൈദ്യപരിശോധന നടത്താനും രഹസ്യമൊഴി രേഖപ്പെടുത്താനും പൊലീസ് തയ്യാറായില്ലെന്ന് യുവതി വെളിപ്പെടുത്തിയിരുന്നു. സംഭവം ശ്രദ്ധയില്‍പ്പെട്ട ഡിജിപി ആലപ്പുഴ എസ്പിയോട് റിപ്പോര്‍ട്ട് തേടി. പ്രതി സിനില്‍ സവാദിനെ പൊലീസ് അറസ്റ്റ് ചെയ്ത് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു. സ്റ്റേഷന്‍ ജാമ്യം അനുവദിക്കാന്‍ പൊലീസ് ഒത്തുകളിച്ചെന്നും ആക്ഷേപമുണ്ട്.