26.7 C
Kollam
Wednesday 8th July, 2026 | 09:16:12 PM
Home News Breaking News തെരഞ്ഞെടുപ്പ് ദിവസം കലാപം ഉണ്ടാക്കാൻ തീവ്രവാദ സംഘടനകൾ ആസൂത്രണം നടത്തുന്നു; ഗുരുതര പരാതിയുമായി ജി സുധാകരൻ

തെരഞ്ഞെടുപ്പ് ദിവസം കലാപം ഉണ്ടാക്കാൻ തീവ്രവാദ സംഘടനകൾ ആസൂത്രണം നടത്തുന്നു; ഗുരുതര പരാതിയുമായി ജി സുധാകരൻ

ആലപ്പുഴ: കേരളത്തിൽ വോട്ടെടുപ്പ് അടുക്കുന്നതിനിടെ ​ഗുരുതര പരാതിയുമായി അമ്പലപ്പുഴയിലെ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥി ജി സുധാകരൻ. അമ്പലപ്പുഴയിൽ തീവ്രവാദ സംഘടനകൾ ഉണ്ടെന്നാണ് ആരോപണം. തെരഞ്ഞെടുപ്പ് ദിവസം കലാപം ഉണ്ടാക്കാൻ ആസൂത്രണം നടക്കുന്നു എന്നാണ് പരാതി. സിപിഐഎം സഹായത്തോടെ എസ്ഡിപിഐ കലാപത്തിന് ശ്രമിക്കുന്നുവെന്ന് പരാതിയിൽ പറയുന്നു. സിപിഐഎം എസ്ഡിപിഐ ജില്ലാ സെക്രട്ടറിമാർക്കെതിരെ പേരെടുത്താണ് പരാതി നൽകിയിരിക്കുന്നത്.

തനിക്ക് വോട്ട് ചെയ്യാനെത്തുന്നവരെ തടയുമെന്ന് നേതാക്കൾ പരസ്യമായി ഭീഷണിപ്പെടുത്തുന്നു. അമ്പലപ്പുഴ സിപിഎം ഏരിയാ കമ്മിറ്റി അംഗം പ്രശാന്ത് എസ് കുട്ടി, അരുൺ, എസ്ഡിപിഐ ജില്ലാ സെക്രട്ടറി റിയാസ് കെ പൊന്നാട് അടക്കമുള്ളവർക്കെതിരെയാണ് പരാതി. തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിട്ടും ഉദ്യോഗസ്ഥർ ഒന്നും ചെയ്യുന്നില്ല.

സിപിഎം എസ്ഡിപിഐ നേതാക്കൾ തനിക്കെതിരെ അപവാദം പ്രചരിപ്പിക്കുകയാണെന്നും തന്നെ ആക്രമിക്കാൻ ശ്രമിക്കുകയാണെന്നും തന്‍റെ ഡ്രൈവർ പ്രദീപിന് വധ ഭീഷണിയുണ്ടെന്നും പറയുന്നു. ഇതുസംബന്ധിച്ച് അമ്പലപ്പുഴ ഡിവൈഎസ്പിക്ക് പരാതി നൽകി. ചീഫ് ഇലക്ഷൻ കമ്മീഷണർക്കും പരാതി നൽകിയിട്ടുണ്ട്.

അതേസമയം, ജി സുധാകരന്റെ പരാതി ലഭിച്ചതായി ആലപ്പുഴ എസ്പി മോഹനചന്ദ്രൻ വ്യക്തമാക്കി. പരാതിയിൽ അന്വേഷണം നടത്തുമെന്നും അദ്ദേഹം അറിയിച്ചു. തീവ്രവാദ സാന്നിധ്യം സംബന്ധിച്ച് ഐബി, സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടുകൾ ഇല്ല. അമ്പലപ്പുഴ ഡിവൈഎസ്പിക്ക് ഇന്നലെയാണ് സുധാകരൻ പരാതി കൈമാറിയത്.