26.5 C
Kollam
Wednesday 8th July, 2026 | 10:59:25 PM
Home News Breaking News പോളിംഗ് സാമഗ്രികളുടെ വിതരണം നാളെ, സംസ്ഥാനത്ത് 48 മണിക്കൂർ മദ്യനിരോധനം

പോളിംഗ് സാമഗ്രികളുടെ വിതരണം നാളെ, സംസ്ഥാനത്ത് 48 മണിക്കൂർ മദ്യനിരോധനം

തിരുവനന്തപുരം: കേരളം വിധിയെഴുതാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ അവസാന വട്ട ഒരുക്കങ്ങളും പൂർത്തിയാക്കി തിരഞ്ഞെടുപ്പ് കമ്മീഷൻ. നാളെ പോളിംഗ് സാമഗ്രികൾ കൈമാറുന്നതോടെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് ഔദ്യോഗീക തുടക്കമാകും. മറ്റന്നാൾ രാവിലെ 7 മണി മുതലാണ് പോളിംഗ് ആരംഭിക്കുക.

സംസ്ഥാനത്ത് 30471 പോളിംഗ് സ്റ്റേഷനുകൾക്ക് പുറമെ 24 ഓക്‌സിലറി ബൂത്തുകൾ കൂടി ക്രമീകരിച്ചാണ് ഇക്കുറി വോട്ടെടുപ്പിനുള്ള ഒരുക്കം. വടക്കൻ കേരളത്തിലും മധ്യ കേരളത്തിലുമായി അഞ്ച് ജില്ലകളിലാണ് പ്രത്യേക ക്രമീകരണം. ഇതിൽ 2040 പ്രശ്‌ന ബാധിത ബൂത്തുകൾ ഉണ്ടെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ റിപ്പോർട്ട്. 883 സ്ഥാനാർത്ഥികൾ ജനവിധി തേടുമ്പോൾ രണ്ട് കോടി എഴുപത്തി ഒന്ന് ലക്ഷത്തി നാൽപത്തി രണ്ടായിരത്തി തൊള്ളായിരത്തി അൻപത്തി രണ്ടാണ് സംസ്ഥാനത്തെ മൊത്തം വോട്ടർമാർ. തെരഞ്ഞെടുപ്പിൻ്റെ സുഖമമായ നടത്തിപ്പിനും സുരക്ഷയ്ക്കുമായി കേരള പോലീസിന് പുറമെ 100 പേർ വീതമുള്ള 160 കമ്പനി കേന്ദ്രസേനയും സംസ്ഥാനത്ത് ഉണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ എപ്പിക് കാർഡുകളോ, ഡ്രൈവിംഗ് ലൈസൻസ് ഉൾപ്പടെയുള്ള 12 ഓളം തിരിച്ചറിയൽ രേഖകളോ ഹാജരാക്കി വോട്ട് ചെയ്യാനാകും. മറ്റന്നാൾ രാവിലെ 7 മണി മുതലാണ് പോളിംഗ് ആരംഭിക്കുക. പോളിംഗ് സാമഗ്രികൾ സ്ട്രോങ് റൂമുകളിൽ നിന്ന് നാളെ രാവിലെ മുതൽ ചുമതലയുള്ള ഉദ്യോഗസ്ഥർക്ക് കൈമാറും. ഇതോടെ ഔദ്യോഗീകമായി തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് തുടക്കമാകും. പോളിംഗ് ആരംഭിച്ച് ഓരോ രണ്ട് മണിക്കൂർ ഇടവേളകളിലും വോട്ടിംഗ് ശതമാനം സംബന്ധിച്ച കണക്കുകൾ തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ വെബ്സൈറ്റിൽ ലഭ്യമാകും. വോട്ടെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ എക്സിറ്റ് പോളുകൾ, ഒപ്പിനിയൻ പോളുകൾ എന്നിവയ്ക്ക് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. കൂടാതെ വരുന്ന 48 മണിക്കൂർ നേരത്തേക്ക് സംസ്ഥാനത്ത് സമ്പൂർണ്ണ മദ്യ നിരോധനവും ഏർപ്പെടുത്തും. മെയ് നാലിനാണ് വോട്ടെണ്ണൽ.