Home News Breaking News യേശുവിന്റെ കുരിശു മരണത്തിന്റെ ഓര്‍മയില്‍ ഇന്ന് ദുഖവെള്ളി.

യേശുവിന്റെ കുരിശു മരണത്തിന്റെ ഓര്‍മയില്‍ ഇന്ന് ദുഖവെള്ളി.

Advertisement

തിരുവനന്തപുരം: ലോക രക്ഷയ്ക്കായി മാനവ രാശിയുടെ സകല പാപവും പേറി യേശു കുരിശു മരണം വരിച്ചതിന്റെ ഓര്‍മയിലാണ് ലോകമെമ്പാടുമുള്ള ക്രൈസ്തവർ ദുഖവെള്ളി ആചരിക്കുന്നത്. വിശുദ്ധ വാരാചരണത്തിലെ പ്രധാന ദിനമാണ് ദുഃഖവെള്ളി. പീഡാനുഭവ ശുശ്രൂഷ, കുര്‍ബാന സ്വീകരണം, കുരിശിന്‍റെ വഴി, പരിഹാര പ്രദക്ഷിണം എന്നിവയാണ് പള്ളികളില്‍ നടക്കുക.

കുരിശു മരണത്തിനു മുന്നോടിയായി യേശുവിൻ്റെ പീഡാനുഭവങ്ങളുടെ ഓർമ്മ പുതുക്കിയാണ് കുരിശിൻ്റെ വഴിയിൽ വിശ്വാസികള്‍ പങ്കെടുക്കുന്നത്. വിവിധ പള്ളികളില്‍ പ്രദക്ഷിണവും നഗരി കാണിക്കലും നടക്കുകയാണ്. യേശു മരണത്തിന് വിധിക്കപ്പെട്ടതിന് ശേഷം പീലാത്തോസിന്‍റെ ഭവനം മുതല്‍ ഗാഗുല്‍ത്താമലയുടെ മുകളില്‍ വരെ കുരിശ് വഹിച്ചുകൊണ്ടു നടത്തിയ യാത്രയാണ് കുരിശിന്‍റെ വഴിയിലൂടെ വിശ്വാസികള്‍ അനുസ്മരിക്കുന്നത്.
നൂറുകണക്കിനു വിശ്വാസികളാണ് ചെറുതും വലുതുമായ കുരിശുകളുമേന്തി കുരിശിന്റെ വഴിയിൽ പങ്കാളികളാകുന്നത്.

നാളെ പള്ളികളിൽ ദുഃഖ ശനിയും ആചരിക്കും. ദുഃഖ ശനി ദിനത്തില്‍ വെള്ളം വെഞ്ചരിപ്പും പ്രത്യേക ശുശ്രൂഷകളും പള്ളികളിലുണ്ടാകും.

യേശുവിന്റെ ഉയിര്‍പ്പ് തിരുനാള്‍ ആചരിക്കുന്ന ഈസ്റ്റര്‍ ഞായറോടെ വിശുദ്ധ വാരത്തിനും 50 നോമ്പിനും സമാപനമാകും.

Advertisement