27 C
Kollam
Friday 25th September, 2026 | 10:19:20 PM
Home News International അർജന്റീന ജേഴ്സിയിൽ മെസിയുടെ അവസാന പോരാട്ടം; ഒക്ടോബർ ഏഴിന്

അർജന്റീന ജേഴ്സിയിൽ മെസിയുടെ അവസാന പോരാട്ടം; ഒക്ടോബർ ഏഴിന്

ബ്യൂണസ് അയേഴ്സ്: അർജന്റീനയുടെ സൂപ്പർ താരം ലയണൽ മെസിയുടെ അന്താരാഷ്ട്ര ഫുട്ബോൾ കരിയറിലെ അവസാന മത്സരത്തിന് കളമൊരുങ്ങുന്നു. ഒക്ടോബർ ഏഴിന് ബെനിനെതിരെയാണ് അർജന്റീന ജേഴ്സിയിൽ മെസി അവസാനമായി കളത്തിലിറങ്ങുക. ഫിഫ അന്താരാഷ്ട്ര വിൻഡോയിലെ മത്സരത്തിന് ബ്യൂണസ് അയേഴ്സിലെ എൽ മോനുമെന്റൽ സ്റ്റേഡിയമാണ് വേദി.

റിവർ പ്ലേറ്റിന്റെ ഹോം ഗ്രൗണ്ടും ലാറ്റിനമേരിക്കയിലെ ഏറ്റവും വലിയ സ്റ്റേഡിയങ്ങളിലൊന്നുമായ എൽ മോനുമെന്റലിൽ 84,000 കാണികൾക്ക് മത്സരം കാണാനാകും. മെസിക്കുള്ള ആദരസൂചകമായാണ് പരിശീലകൻ ലയണൽ സ്കലോനി ബെനിനെതിരായ മത്സരത്തിനുള്ള അർജന്റീന ടീമിൽ അദ്ദേഹത്തെ ഉൾപ്പെടുത്തിയിരിക്കുന്നത്.

അർജന്റീനയ്ക്കായി 207 അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ച മെസി ബെനിനെതിരായ മത്സരത്തോടെ 208 മത്സരങ്ങൾ പൂർത്തിയാക്കും. രാജ്യത്തിനായി ഏറ്റവും കൂടുതൽ അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ച താരവും ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരവും മെസിയാണ്. ദേശീയ ടീമിനായി ഇതുവരെ 125 ഗോളുകളും 68 അസിസ്റ്റുകളും സ്വന്തമാക്കിയിട്ടുണ്ട്.

രണ്ട് പതിറ്റാണ്ടിലേറെ നീണ്ട മെസിയുടെ അന്താരാഷ്ട്ര കരിയറിനാണ് മത്സരത്തോടെ വിരാമമാകുന്നത്. 2022ലെ ഖത്തർ ലോകകപ്പ് കിരീടമാണ് അർജന്റീനയ്ക്കായി മെസിയുടെ കരിയറിലെ ഏറ്റവും വലിയ നേട്ടം. രണ്ട് കോപ്പ അമേരിക്ക കിരീടങ്ങൾ, ഒരു ഫൈനലിസിമ ട്രോഫി, 2008ലെ ഒളിമ്പിക് സ്വർണം എന്നിവയും മെസിയുടെ പേരിലുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here