25.7 C
Kollam
Wednesday 26th August, 2026 | 06:22:26 PM
Home News Breaking News നേപ്പാളിൽ മിന്നൽപ്രളയം: എട്ട് മരണം, 105 ഇന്ത്യാക്കാരടക്കം 384 പേരെ കാണാതായി

നേപ്പാളിൽ മിന്നൽപ്രളയം: എട്ട് മരണം, 105 ഇന്ത്യാക്കാരടക്കം 384 പേരെ കാണാതായി

കാഠ്മണ്ഡു: നേപ്പാളിലുണ്ടായ മിന്നൽപ്രളയത്തിൽ എട്ടുപേർ മരിക്കുകയും 105 ഇന്ത്യാക്കാരടക്കം 384 പേരെ കാണാതാവുകയും ചെയ്തു. ടിബറ്റ് അതിർത്തിയോട് ചേർന്നുള്ള മേഖലയിലാണ് പ്രളയം വൻനാശം വിതച്ചത്.

ബുധനാഴ്ച രാവിലെ ഒൻപതോടെ ടിബറ്റിൽ നിന്നുള്ള ഭോട്ടെ കോഷി നദിയിൽ വലിയതോതിൽ ജലനിരപ്പ് ഉയരുകയായിരുന്നു. നദി കരകവിഞ്ഞൊഴുകിയതിനെ തുടർന്ന് തീരപ്രദേശങ്ങളിലെ ഗ്രാമങ്ങൾ വെള്ളത്തിനടിയിലാവുകയും നിരവധി വീടുകളും വാഹനങ്ങളും പാലങ്ങളും ഒലിച്ചുപോവുകയും ചെയ്തു.

സംഭവത്തിന് പിന്നാലെ സൈന്യത്തിന്‍റെയും പോലീസിന്‍റെയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനം ആരംഭിച്ചു. ഹെലികോപ്റ്ററുകളും ഡ്രോണുകളും ഉപയോഗിച്ചാണ് തെരച്ചിൽ ശക്തമാക്കിയിരിക്കുന്നത്.

ദുരന്തത്തിന്‍റെ പശ്ചാത്തലത്തിൽ സ്ഥിതിഗതികൾ വിലയിരുത്താനും രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാനും നേപ്പാൾ പ്രധാനമന്ത്രി ബലേന്ദ്ര ഷാ അടിയന്തര യോഗം വിളിച്ചുചേർത്തിട്ടുണ്ട്.

മിന്നൽപ്രളയത്തിന്‍റെ പശ്ചാത്തലത്തിൽ നേപ്പാളുമായി അതിർത്തി പങ്കിടുന്ന ബിഹാറിലും താഴ്ന്ന പ്രദേശങ്ങളിലും അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. നദിക്കരകളിൽ താമസിക്കുന്നവരോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here