26.6 C
Kollam
Wednesday 4th November, 2026 | 10:10:59 AM
Home News Breaking News നോട്ട് ഇരട്ടിപ്പിക്കലിന്റെ പേരിൽ ലക്ഷങ്ങളുടെ തട്ടിപ്പ്; സിബിയോണിന്റെ സാമ്പത്തിക ഇടപാടുകൾ ദുരൂഹം

നോട്ട് ഇരട്ടിപ്പിക്കലിന്റെ പേരിൽ ലക്ഷങ്ങളുടെ തട്ടിപ്പ്; സിബിയോണിന്റെ സാമ്പത്തിക ഇടപാടുകൾ ദുരൂഹം

Advertisement

കൊല്ലം: വാടിയിലെ വീട്ടിൽനിന്ന് കള്ളനോട്ട് നിർമാണ യന്ത്രങ്ങളും സാമഗ്രികളും പിടികൂടിയ കേസിലെ പ്രതി സിബിയോൺ നടത്തിയിരുന്നത് ലക്ഷങ്ങളുടെ നികുതി അടയ്ക്കാത്ത സാമ്പത്തിക ഇടപാടുകളെന്ന് അന്വേഷണസംഘം. കൊല്ലത്തെ വിവിധ സ്വകാര്യ ധനകാര്യ സ്ഥാപനങ്ങൾ, ബാങ്കുകൾ, വ്യക്തികൾ എന്നിവരുമായി നടത്തിയ ഇടപാടുകളാണ് അന്വേഷണപരിധിയിലുള്ളത്. കോഴിക്കോട് സ്വദേശി മനു, കൊല്ലത്തെ വ്യാപാരി, ആറ്റിങ്ങൽ സ്വദേശി എന്നിവരുമായാണ് പ്രധാനമായും കള്ളനോട്ട് ഇടപാടുകൾ നടത്തിയതെന്നാണ് കണ്ടെത്തൽ.

ഇതിൽ കോഴിക്കോട് സ്വദേശി മനുവിൽനിന്ന് മാത്രം നോട്ട് ഇരട്ടിപ്പിക്കലിന്റെ പേരിൽ സിബിയോൺ കൈപ്പറ്റിയത് 15 ലക്ഷത്തോളം രൂപയാണ്. എന്നാൽ പണം കൈപ്പറ്റിയിട്ടും ഇരട്ടിത്തുകയായി കള്ളനോട്ട് നൽകാൻ സിബിയോണിന് കഴിഞ്ഞില്ല. ഇതോടെയാണ് മനു കൊല്ലത്തെത്തി സിബിയോണിനെ തട്ടിക്കൊണ്ടുപോയത്. തട്ടിക്കൊണ്ടുപോകലിന് സഹായിച്ച ആദർശ് സിബിയോണിന്റെ ഇടനിലക്കാരനാണെന്നാണ് അന്വേഷണത്തിൽ വ്യക്തമായത്. ആദർശ് മുഖേനയാണ് മനു ലക്ഷങ്ങൾ സിബിയോണിന് കൈമാറിയത്.

തട്ടിക്കൊണ്ടുപോയി മർദിച്ചശേഷം കൊല്ലത്തെ ഒരു എടിഎമ്മിൽനിന്ന് സിബിയോണിനെക്കൊണ്ട് വലിയ തുക പിൻവലിപ്പിച്ചെന്നും അന്വേഷണസംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. നോട്ട് ഇരട്ടിപ്പിച്ചുനൽകാമെന്ന് വാഗ്ദാനം ചെയ്ത് നിരവധി പേരിൽനിന്ന് സിബിയോൺ പണം തട്ടിയെടുത്തതായാണ് സൂചന. മൂന്നാമതൊരാൾ മുഖേന പണം ഇരട്ടിപ്പിച്ചുനൽകാമെന്നായിരുന്നു ഇടപാടുകാരോടുള്ള വാഗ്ദാനം. ഇതിൽ വിശ്വസിക്കുന്നവർ ഡിമാൻഡ് ഡ്രാഫ്റ്റ് (ഡിഡി) വഴി പണം അയച്ചുനൽകും. എന്നാൽ ഡിഡി മാറി പണം കൈക്കലാക്കിയശേഷം വാഗ്ദാനം പാലിക്കാതെ കബളിപ്പിക്കുകയായിരുന്നു പതിവ്. തട്ടിപ്പിനിരയായവർ പിടിക്കപ്പെടുമെന്ന ഭയത്താൽ പരാതിയുമായി രംഗത്തെത്താറില്ലെന്നും അന്വേഷണസംഘം വിലയിരുത്തുന്നു.

കാനറ, യൂക്കോ തുടങ്ങിയ ബാങ്കുകളുമായും സിബിയോൺ വലിയ സാമ്പത്തിക ഇടപാടുകൾ നടത്തിയിട്ടുണ്ട്. ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലാണ് വലിയ തുകകളുടെ ഇടപാടുകൾ നടന്നത്. പള്ളിത്തോട്ടത്തും കലക്ടറേറ്റിന് സമീപത്തുമുള്ള സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിൽ സ്വർണം പണയംവച്ചും ഇയാൾ വലിയ തുക കൈപ്പറ്റിയിട്ടുണ്ട്. ബാങ്കുകളിലെയും ധനകാര്യ സ്ഥാപനങ്ങളിലെയും ഇടപാടുകൾ കേന്ദ്രീകരിച്ച് വിശദമായ പരിശോധന തുടരുകയാണ്. തട്ടിയെടുത്ത പണം എവിടെയാണ് സൂക്ഷിച്ചിരിക്കുന്നതെന്നും അന്വേഷിക്കുന്നുണ്ട്.

എസിപി ആർ. രാജേഷ്കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം. സിബിയോണിന്റെ സാമ്പത്തിക ഇടപാടുകൾ ഇൻകം ടാക്സ് വകുപ്പ് അന്വേഷിക്കണമെന്ന് ക്രൈംബ്രാഞ്ച് ആവശ്യപ്പെടുമെന്നും സൂചനയുണ്ട്. അതേസമയം, മനുവും കൊല്ലത്തെ വ്യാപാരിയും ഉൾപ്പെടെയുള്ളവർ മുൻകൂർ ജാമ്യം തേടി കൊല്ലം പ്രിൻസിപ്പൽ സെഷൻസ് കോടതിയെ സമീപിച്ചിട്ടുണ്ട്. സിബിയോണിന്റെ കസ്റ്റഡി കാലാവധി ബുധനാഴ്ച അവസാനിക്കും. വൈകിട്ട് ഇയാളെ കോടതിയിൽ ഹാജരാക്കും.

ചോദ്യം ചെയ്യാൻ വനംവകുപ്പും

തുറമുഖത്തെ ലോക്കർ മുറിയിൽനിന്ന് തിമിംഗല ഛർദി (ആംബർഗ്രീസ്) പിടികൂടിയ കേസിലും സിബിയോണിനെ ചോദ്യം ചെയ്യാൻ വനംവകുപ്പ് ഒരുങ്ങുന്നു. ഇതിനായി ബുധനാഴ്ച കൊല്ലം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി മൂന്നിൽ അഞ്ചൽ റേഞ്ച് ഓഫീസ് അധികൃതർ അപേക്ഷ നൽകും.

LEAVE A REPLY

Please enter your comment!
Please enter your name here