കൊല്ലം: ഓച്ചിറയിൽ 16കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ പ്രമുഖ മതപ്രഭാഷകനും വ്ലോഗറുമായ മുഹമ്മദ് നിയാസ് ജൗഹരി കുറ്റം സമ്മതിക്കുന്ന നിർണായക ശബ്ദരേഖ പുറത്ത്. സംഭവം പുറത്തുപറയരുതെന്ന് അതിജീവിതയോട് ആവശ്യപ്പെടുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന ശബ്ദരേഖയാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്. ‘ആര് ചോദിച്ചാലും മോൾ ഒന്നും പറയരുത്. ഞാനും നീയും മരിച്ചാലും ഇത് പുറത്ത് പോകരുത്’ എന്നാണ് പ്രതി പെൺകുട്ടിയോട് പറയുന്നത
കേസിന്റെ തുടക്കത്തിൽ നിരപരാധിയാണെന്ന് പൊലീസിനോട് വാദിച്ച നിയാസ് ജൗഹരിയുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ ശാസ്ത്രീയ പരിശോധനയിലാണ് നിർണായക തെളിവായ ശബ്ദരേഖ കണ്ടെത്തിയത്. പ്രതിയുടെ ഫോണിൽനിന്ന് ലഭിച്ച ഈ തെളിവ് അന്വേഷണത്തിൽ വഴിത്തിരിവായി.
താൻ ചെറിയ കുട്ടിയാണെന്നും മാതാപിതാക്കൾ അറിഞ്ഞാൽ വലിയ പ്രശ്നമാകുമെന്നും എന്തിനാണ് ഇങ്ങനെ ചെയ്തതെന്നും അതിജീവിത കരഞ്ഞുചോദിക്കുമ്പോൾ, തന്റെ ‘അപ്പോഴത്തെ ആവശ്യത്തിനായിരുന്നു’ അതു ചെയ്തതെന്നാണ് പ്രതിയുടെ മറുപടി. സംഭവം മറന്നുകളയണമെന്നും ആരെങ്കിലും ചോദിച്ചാലും ഇങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ലെന്ന് പറയണമെന്നും ഇയാൾ ആവശ്യപ്പെടുന്നുണ്ട്. സംഭവത്തെക്കുറിച്ച് പുറത്തുപറയാതിരിക്കാൻ കുട്ടിയെ മാനസികമായി സമ്മർദത്തിലാക്കുന്നതും ശബ്ദരേഖയിൽ വ്യക്തമാണ്.
ഞായറാഴ്ചയാണ് 16 കാരിയോട് ലൈംഗികാതിക്രമം നടത്തിയ കേസിൽ മുഹമ്മദ് നിയാസ് ജൗഹറി അറസ്റ്റിലാകുന്നത്. പ്രാർഥനയിലൂടെ രോഗം ഭേദമാക്കാം എന്ന് വിശ്വസിപ്പിച്ചായിരുന്നു പീഡനം. 16 കാരിയുടെ അടുത്ത ബന്ധുവിന്റെ അസുഖം പ്രാർഥനയിലൂടെ ഭേദമാക്കാമെന്ന് വിശ്വസിപ്പിച്ച് കുട്ടിയെയും ബന്ധുവിനെയും സ്ഥാപനത്തിലേക്ക് വിളിച്ചുവരുത്തിയിരുന്നു. ഇവിടെ വെച്ചാണ് പെൺകുട്ടിയെ പ്രതി ആദ്യമായി ഉപദ്രവിക്കുന്നത്. പിന്നീട് ഭീഷണിപ്പെടുത്തി പല സ്ഥലങ്ങളിൽ കൊണ്ടുപോയി പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തുകയായിരുന്നു. 2025 ഒക്ടോബർ, നവംബർ മാസങ്ങളിൽ നടന്ന സംഭവം, പെൺകുട്ടി സുഹൃത്തുക്കളോട് പറഞ്ഞു. ഇതിന് പിന്നാലെയാണ് പൊലീസിൽ പരാതിപ്പെടുന്നത്.




























