29.7 C
Kollam
Tuesday 3rd November, 2026 | 11:15:22 AM
Home News Breaking News ‘ദി ബിഗ് ഷോ’യുടെ ആവേശപ്പോരാട്ടങ്ങൾക്ക് വിരാമം; അന്താരാഷ്ട്ര ക്രിക്കറ്റിനോട് വിടപറഞ്ഞ് ഗ്ലെൻ മാക്സ്‌വെൽ

‘ദി ബിഗ് ഷോ’യുടെ ആവേശപ്പോരാട്ടങ്ങൾക്ക് വിരാമം; അന്താരാഷ്ട്ര ക്രിക്കറ്റിനോട് വിടപറഞ്ഞ് ഗ്ലെൻ മാക്സ്‌വെൽ

Advertisement


ആക്രമണാത്മക ബാറ്റിങ്ങും അവിശ്വസനീയ ഷോട്ടുകളും കൊണ്ട് ക്രിക്കറ്റ് ആരാധകരെ ആവേശത്തിലാഴ്ത്തിയ ഓസ്ട്രേലിയൻ ഓൾറൗണ്ടർ ഗ്ലെൻ മാക്സ്‌വെൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. വിക്ടോറിയയ്ക്കായുള്ള ആഭ്യന്തര ക്രിക്കറ്റിൽ നിന്നും പിന്മാറുന്നതായി 38കാരനായ താരം പ്രഖ്യാപിച്ചു. ചൊവ്വാഴ്ച പുറത്തിറങ്ങിയ ‘ദി ഫൈനൽ വേഡ്’ പോഡ്കാസ്റ്റിലൂടെയായിരുന്നു വിരമിക്കൽ പ്രഖ്യാപനം.

‘ദി ബിഗ് ഷോ’ എന്ന വിശേഷണത്തിന് അക്ഷരാർഥത്തിൽ അർഹനായ മാക്സ്‌വെൽ ഓസ്ട്രേലിയക്കായി 149 ഏകദിനങ്ങളും 130 ടി20 മത്സരങ്ങളും ഏഴ് ടെസ്റ്റുകളും കളിച്ചു. 2015, 2023 ഏകദിന ലോകകപ്പുകൾ നേടിയ ഓസീസ് ടീമിലും 2021ലെ ടി20 ലോകകപ്പ് വിജയിച്ച ടീമിലും അംഗമായിരുന്നു.

അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിക്ടോറിയയ്ക്കായുള്ള 50 ഓവർ, ചതുര്‍ദിന മത്സരങ്ങളിൽ നിന്നും വിരമിക്കുകയാണെന്നും ഫ്രാഞ്ചൈസി ക്രിക്കറ്റ് ഉൾപ്പെടെയുള്ള മത്സരങ്ങൾക്കായി ഫിറ്റ്നസ് നിലനിർത്താൻ കൂടുതൽ സമയം കണ്ടെത്തുകയാണ് ലക്ഷ്യമെന്നും മാക്സ്‌വെൽ വ്യക്തമാക്കി. കഴിഞ്ഞ വർഷം ഏകദിനത്തിൽ നിന്ന് വിരമിച്ച താരം പിന്നീട് ടി20യിൽ മാത്രമാണ് ഓസീസിനായി കളിച്ചിരുന്നത്.

ടി20യിൽ അഞ്ച് സെഞ്ച്വറികൾ നേടിയ മാക്സ്‌വെൽ ഈ നേട്ടത്തിൽ രോഹിത് ശർമയ്ക്ക് പിന്നിൽ രണ്ടാം സ്ഥാനത്താണ്. 2023 ഏകദിന ലോകകപ്പിൽ അഫ്ഗാനിസ്ഥാനെതിരേ നേടിയ പുറത്താകാത്ത 201 റൺസാണ് കരിയറിലെ ഏറ്റവും അവിസ്മരണീയ പ്രകടനം. 91 റൺസിന് ഏഴ് വിക്കറ്റ് നഷ്ടപ്പെട്ട് തോൽവി ഉറപ്പിച്ച ഘട്ടത്തിൽ പരിക്കിന്റെ വേദന അവഗണിച്ച് 128 പന്തിൽ ഇരട്ട സെഞ്ച്വറി തികച്ച മാക്സ്‌വെൽ ഓസ്ട്രേലിയയെ അവിശ്വസനീയ വിജയത്തിലേക്ക് നയിച്ചു. മൂന്ന് വിക്കറ്റിനായിരുന്നു ഓസീസിന്റെ വിജയം. ഏകദിന ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഇന്നിങ്സുകളിലൊന്നായാണ് ഈ പ്രകടനം വിലയിരുത്തപ്പെടുന്നത്.

ഏകദിനത്തിൽ 3990 റൺസും ടി20യിൽ 2897 റൺസും ടെസ്റ്റിൽ 339 റൺസുമാണ് സമ്പാദ്യം. ഏകദിനത്തിൽ നാല് സെഞ്ച്വറികളും 23 അർധസെഞ്ച്വറികളും നേടിയിട്ടുണ്ട്. ടെസ്റ്റിൽ ഒരു സെഞ്ച്വറിയും ടി20യിൽ അഞ്ച് സെഞ്ച്വറികൾക്കൊപ്പം 12 അർധസെഞ്ച്വറികളും സ്വന്തമാക്കി. ഏകദിനത്തിലെ ഉയർന്ന സ്കോർ 201 റൺസാണ്. ടെസ്റ്റിൽ 104ഉം ടി20യിൽ 145ഉം റൺസാണ് ഉയർന്ന സ്കോറുകൾ. മൂന്ന് ഫോർമാറ്റുകളിലുമായി 135 വിക്കറ്റുകളും നേടി.

മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ അവസാന മത്സരം കളിച്ച് വിരമിക്കണമെന്ന ആഗ്രഹം മാക്സ്‌വെല്ലിനുണ്ടായിരുന്നു. എന്നാൽ ഇംഗ്ലണ്ടിനെതിരായ പരമ്പരയ്ക്കുള്ള ഓസീസ് ടീമിൽ ഇടം ലഭിച്ചില്ല. യുവതാരങ്ങൾക്ക് പ്രാധാന്യം നൽകാനാണ് ടീം മാനേജ്മെന്റിന്റെ തീരുമാനമെന്നാണ് സൂചന. സ്വന്തം തട്ടകമായ മെൽബണിൽ അവസാനമായി കളിക്കാമെന്ന ചെറിയ പ്രതീക്ഷയുണ്ടായിരുന്നെന്നും ടീമിന്റെ തീരുമാനത്തെ പൂർണമായി മനസിലാക്കുന്നുവെന്നും വിരമിക്കൽ പ്രഖ്യാപനത്തിൽ മാക്സ്‌വെൽ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here