കൊല്ലം: വിൽപ്പനയ്ക്കായി അന്യസംസ്ഥാനത്തുനിന്ന് കടത്തിക്കൊണ്ടുവന്ന 1.565 കിലോഗ്രാം കഞ്ചാവുമായി യുവാവിനെ കൊല്ലം സിറ്റി ഡാൻസാഫ് സംഘവും കിളികൊല്ലൂർ പോലീസും ചേർന്ന് അറസ്റ്റ് ചെയ്തു. ചന്ദനത്തോപ്പ് ചാത്തനാംകുളം നിയാസ് മൻസിലിൽ മുഹമ്മദ് നിയാസ് (28) ആണ് പിടിയിലായത്.
കേരള പോലീസിന്റെ സംസ്ഥാനവ്യാപക ലഹരിവിരുദ്ധ പരിശോധനാ പദ്ധതിയായ ഓപ്പറേഷൻ തൂഫാൻ: ദി നാർക്കോ ഹണ്ട്-ന്റെ ഭാഗമായി ഒക്ടോബർ 25ന് രാവിലെ ചാത്തനാംകുളത്തെ സ്പോർട്സ് ടർഫിന് സമീപം നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. കൊല്ലം സിറ്റി പോലീസ് കമ്മിഷണർ ഹേമലത എം. ഐപിഎസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.
അന്യസംസ്ഥാനത്തുനിന്ന് കഞ്ചാവ് എത്തിച്ച് കിളികൊല്ലൂരിലെയും പരിസരപ്രദേശങ്ങളിലെയും യുവാക്കളെയും വിദ്യാർഥികളെയും ലക്ഷ്യമിട്ട് വിൽപ്പന നടത്താനായിരുന്നു നീക്കമെന്നാണ് പോലീസിന്റെ പ്രാഥമിക വിവരം. പിടിച്ചെടുത്ത കഞ്ചാവിന്റെ ഉറവിടം, വിതരണശൃംഖല, മറ്റ് ഇടപാടുകൾ എന്നിവ സംബന്ധിച്ച വിവരങ്ങളും പോലീസ് പരിശോധിക്കുന്നുണ്ട്.
കൊല്ലം എസിപി എസ്. ഷാജിയുടെ നിർദേശപ്രകാരം എസ്‌ഐമാരായ ഗോപകുമാർ, സായിസേനൻ എന്നിവരുടെ നേതൃത്വത്തിലുള്ള ഡാൻസാഫ് സംഘവും കിളികൊല്ലൂർ എസ്എച്ച്ഒ ജയേഷിന്റെ നേതൃത്വത്തിലുള്ള പോലീസും ചേർന്നാണ് പ്രതിയെ പിടികൂടിയത്.





























