കോട്ടയം: അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ കൊല്ലപ്പെട്ട മലയാളി യുവതികളുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചു. തിങ്കളാഴ്ച രാവിലെ പത്തോടെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് മൃതദേഹങ്ങള്‍ എത്തിച്ചത്. തൃശൂര്‍ മുടിക്കോട് തെക്കൂട്ട് അഞ്ജന ഹരി (35), തിരുവനന്തപുരം കേശവദാസപുരം കാക്കനാട് ലെയ്‌നില്‍ ആന്‍ മേരി മാത്യു (40) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇരുവരുടെയും സുഹൃത്തായ കോട്ടയം മൂന്നിലവ് സ്വദേശിനി അനിലയാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.
സാന്‍ഫ്രാന്‍സിസ്‌കോയില്‍നിന്ന് ലോസ് ഏഞ്ചല്‍സ്, ദുബായ് വഴിയാണ് മൃതദേഹങ്ങള്‍ നെടുമ്പാശേരിയിലെത്തിച്ചത്. വിമാനത്താവളത്തിലെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം ബന്ധുക്കള്‍ മൃതദേഹങ്ങള്‍ ഏറ്റുവാങ്ങി. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും മൃതദേഹങ്ങള്‍ ഏറ്റുവാങ്ങാന്‍ വിമാനത്താവളത്തിലെത്തിയിരുന്നു.
ആഗസ്റ്റ് 28നാണ് കേസിനാസ്പദമായ സംഭവം. അഞ്ജനയെ കാറിടിച്ചും ആന്‍ മേരിയെ കുത്തിയുമാണ് അനില കൊലപ്പെടുത്തിയതെന്നാണ് കേസ്. കൊല്ലപ്പെട്ട അഞ്ജനയും ആന്‍ മേരിയും അറസ്റ്റിലായ അനിലയും കാലിഫോര്‍ണിയയിലെ മില്‍പീറ്റസില്‍ അടുത്തടുത്ത അപ്പാര്‍ട്‌മെന്റുകളിലായിരുന്നു താമസിച്ചിരുന്നത്. മൂവരും അടുത്ത സുഹൃത്തുക്കളായിരുന്നു. ഓണാഘോഷങ്ങളിലടക്കം ഒരുമിച്ച് സജീവമായി പങ്കെടുക്കുകയും ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെക്കുകയും ചെയ്തിരുന്നു.
പോസ്റ്റ്‌മോര്‍ട്ടം, എംബാമിങ്, വിദേശകാര്യ വകുപ്പുകളുടെ ഇമിഗ്രേഷന്‍ നടപടികള്‍ എന്നിവ പൂര്‍ത്തിയാക്കിയ ശേഷമാണ് മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചത്.
അഞ്ജനയുടെ മൃതദേഹം തൃശൂര്‍ വിലങ്ങന്നൂരിലെ ഭര്‍ത്താവിന്റെ വസതിയിലെത്തിച്ചു. പൊതുദര്‍ശനത്തിന് ശേഷം പാണഞ്ചേരിയിലെ അഞ്ജനയുടെ വീട്ടിലേക്ക് കൊണ്ടുപോകും. വൈകിട്ട് അഞ്ചിനാണ് സംസ്‌കാരം.
ആന്‍ മേരിയുടെ മൃതദേഹം ഭര്‍ത്താവ് ജേക്കബ് (മിഥുന്‍)ന്റെ നാടായ കോട്ടയത്തേക്ക് കൊണ്ടുപോയി. സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ചൊവ്വാഴ്ച മിഥുന്റെ ഇടവകയായ പള്ളം സെന്റ് ഇഗ്‌നേഷ്യസ് യാക്കോബായ പള്ളിയില്‍ സംസ്‌കരിക്കും. ആന്‍ഡ്രീന (10), അലീസ (5) എന്നിവരാണ് മക്കള്‍.



























