27.7 C
Kollam
Sunday 13th September, 2026 | 07:40:42 PM
Home News Breaking News ഹോക്കി ലോകകപ്പ് : വെയിൽസിനെ തോൽപ്പിച്ച് ഇന്ത്യയ്ക്ക് വിജയത്തുടക്കം

ഹോക്കി ലോകകപ്പ് : വെയിൽസിനെ തോൽപ്പിച്ച് ഇന്ത്യയ്ക്ക് വിജയത്തുടക്കം

പുരുഷ ഹോക്കി ലോകകപ്പിലെ ആദ്യ മത്സരത്തിൽ വെയിൽസിനെ 3-1ന് കീഴടക്കി ഇന്ത്യ വിജയത്തുടക്കം കുറിച്ചു. നായകൻ ഹർമൻപ്രീത് സിങ്ങിന്റെ ഇരട്ടഗോൾ മികവാണ് ഇന്ത്യയെ അനായാസ ജയത്തിലേക്ക് നയിച്ചത്. സഞ്ജയ് ഇന്ത്യയുടെ മറ്റൊരു ഗോൾ നേടി.
മത്സരത്തിലുടനീളം ആധിപത്യം പുലർത്തിയ ഇന്ത്യയുടെ മൂന്ന് ഗോളുകളും പെനാൽറ്റി കോർണറുകളിൽ നിന്നായിരുന്നു. ആദ്യ ക്വാർട്ടറിൽ തന്നെ ഇന്ത്യ ലീഡെടുത്തു. എട്ടാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി കോർണർ ഗോളാക്കി മാറ്റിയ സഞ്ജയ് ഇന്ത്യയ്ക്ക് മുൻതൂക്കം സമ്മാനിച്ചു. അധികം വൈകാതെ ലഭിച്ച മറ്റൊരു പെനാൽറ്റി കോർണർ ഹർമൻപ്രീത് സിങ് ലക്ഷ്യത്തിലെത്തിച്ചതോടെ ലീഡ് 2-0 ആയി.
മൂന്നാം ക്വാർട്ടറിന്റെ അവസാന ഘട്ടത്തിൽ, 43-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി കോർണറിലൂടെ ഹർമൻപ്രീത് വീണ്ടും വലകുലുക്കി ഇന്ത്യയുടെ ജയം ഉറപ്പിച്ചു. മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ സാമുവൽ വെൽഷിലൂടെ വെയിൽസ് ആശ്വാസ ഗോൾ നേടിയെങ്കിലും ഇന്ത്യയുടെ വിജയത്തിന് ഭീഷണിയാകാനായില്ല.
ആഗസ്റ്റ് 17-ന് നടക്കുന്ന അടുത്ത മത്സരത്തിൽ ഇന്ത്യ ഇംഗ്ലണ്ടിനെ നേരിടും.