26.4 C
Kollam
Friday 14th August, 2026 | 08:32:26 PM
Home News Breaking News ‘പാണ്ഡ്യൻ… നമ്മ ഫ്രണ്ട്’; രാത്രിയാത്രയിൽ സഹായിച്ച ആരാധകനെ ചേർത്ത് പിടിച്ച് മമ്മൂട്ടി

‘പാണ്ഡ്യൻ… നമ്മ ഫ്രണ്ട്’; രാത്രിയാത്രയിൽ സഹായിച്ച ആരാധകനെ ചേർത്ത് പിടിച്ച് മമ്മൂട്ടി

കൊച്ചി: തമിഴ്നാട്ടിലെ കാരൈക്കുടിയിൽ നിന്ന് കേരളത്തിലേക്കുള്ള യാത്രയ്ക്കിടെ വഴിതെറ്റിയ രാത്രിയിൽ സഹായഹസ്തവുമായി എത്തിയ ആരാധകനെ ചേർത്ത് പിടിച്ച് നന്ദി പറഞ്ഞ മമ്മൂട്ടിയുടെ അനുഭവം പങ്കുവെച്ച് നിർമ്മാതാവ് ആന്റോ ജോസഫ്. തന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് അദ്ദേഹം സംഭവം വിവരിച്ചത്.
പുതിയ സിനിമയുടെ ലൊക്കേഷനായ കാരൈക്കുടിയിൽ നിന്ന് പുലർച്ചെ മൂന്നരയോടെ കേരളത്തിലേക്ക് മടങ്ങുന്നതിനിടെയാണ് മമ്മൂട്ടിയും നിർമ്മാതാവ് ആന്റോ ജോസഫും നടൻ രമേഷ് പിഷാരടിയും ഉൾപ്പെട്ട സംഘം പ്രതിസന്ധിയിലായത്. തിരുപ്പത്തൂരിൽ ഹൈവേ അടച്ചിട്ടതിനാൽ ഗൂഗിൾ മാപ്പ് നിർദേശിച്ച വിവിധ വഴികളിലൂടെ സഞ്ചരിച്ചെങ്കിലും ലക്ഷ്യസ്ഥാനത്തേക്ക് എത്താനായില്ല. ഏകദേശം ഒരു മണിക്കൂറോളം വഴിതെറ്റി അലഞ്ഞതിന് ശേഷം കാരൈക്കുടിയിലെ താമസസ്ഥലത്തേക്ക് തിരികെ പോകാമെന്ന നിലപാടിലേക്കാണ് സംഘം എത്തിയത്.
അതിനിടെയാണ് പട്ടമംഗലം പ്രദേശത്തെ ഒരു പെട്രോൾ പമ്പിൽ സഹായം തേടിയത്. അവിടെ ഉണ്ടായിരുന്ന ഒരാൾ ചില വഴികൾ നിർദേശിച്ചെങ്കിലും അവയിൽ പലതും അടച്ചിട്ടവയായിരുന്നു. പിന്നീട് അവിടെയെത്തിയ മറ്റൊരു യുവാവ് കാറിനുള്ളിൽ മമ്മൂട്ടിയെ തിരിച്ചറിഞ്ഞു. തുടർന്ന് ബൈക്കിൽ മുന്നിൽ സഞ്ചരിച്ച് ഏകദേശം 10 കിലോമീറ്ററോളം വഴി കാട്ടി സംഘത്തെ ശരിയായ റൂട്ടിലേക്ക് എത്തിക്കുകയായിരുന്നു.
പാണ്ഡ്യൻ എന്ന യുവാവാണ് വഴികാട്ടിയായി എത്തിയതെന്ന് ആന്റോ ജോസഫ് വ്യക്തമാക്കി. യാത്ര സുഗമമായതിന് ശേഷം മമ്മൂട്ടി കാറിൽ നിന്ന് ഇറങ്ങി പാണ്ഡ്യനെ ചേർത്ത് പിടിക്കുകയും അദ്ദേഹത്തോടൊപ്പം ഫോട്ടോ എടുക്കുകയും ചെയ്തു. “പാണ്ഡ്യൻ… നമ്മ ഫ്രണ്ട്” എന്ന് പറഞ്ഞുകൊണ്ടാണ് മമ്മൂട്ടി ഫോട്ടോയ്ക്ക് പോസ് ചെയ്തതെന്നും ആന്റോ ജോസഫ് കുറിച്ചു.
സംഭവം സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ മമ്മൂട്ടിയുടെ ലാളിത്യത്തെയും ആരാധകരോടുള്ള സ്നേഹത്തെയും പ്രശംസിച്ച് നിരവധി പേർ രംഗത്തെത്തി.

LEAVE A REPLY

Please enter your comment!
Please enter your name here