26.4 C
Kollam
Saturday 13th June, 2026 | 01:47:59 AM
Home News Breaking News തദ്ദേശ തെരഞ്ഞെടുപ്പ്‌: ഡിസംബർ 9, 11 തീയതികളിൽ രണ്ടു ഘട്ടമായി

തദ്ദേശ തെരഞ്ഞെടുപ്പ്‌: ഡിസംബർ 9, 11 തീയതികളിൽ രണ്ടു ഘട്ടമായി

Advertisement

കേരളം തദ്ദേശ തെരഞ്ഞെടുപ്പിനായി രണ്ട് ഘട്ടങ്ങളിലായി ബൂത്തിലേക്ക് നീങ്ങും. ഡിസംബർ ഒമ്പതിനും 11നുമാണ് വോട്ടെടുപ്പ്. ഡിസംബർ 13നാണ് വോട്ടെണ്ണലെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണര്‍ എ ഷാജഹാന്‍ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

തെരഞ്ഞെടുപ്പിന് മുന്നോടിയായി മാതൃകാപെരുമാറ്റച്ചട്ടം ഇന്നുമുതൽ പ്രാബല്യത്തിൽ വന്നു.

വിജ്ഞാപനം: നവംബർ 14

പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി: നവംബർ 21

സൂക്ഷ്മ പരിശോധന: നവം22

പത്രിക പിൻവലിക്കൽ: നവം 24

വോട്ടെടുപ്പ്: ഡിസം. 9, 11

വോട്ടെണ്ണൽ: 13

സംസ്ഥാനത്തെ 1199 തദ്ദേശ സ്ഥാപനങ്ങളിലെ 23,576 വാര്‍ഡുകളിലേക്കാണ് ഇത്തവണ തെരഞ്ഞെടുപ്പ് നടക്കുക. മട്ടന്നൂർ നഗരസഭയിൽ 2027ലാണ് തെരഞ്ഞെടുപ്പ് നടക്കുക. 33,746 പോളിങ് ബൂത്തുകളാണ് സംസ്ഥാനത്തുള്ളത്.

941 പഞ്ചായത്ത്‌, 152 ബ്ലോക്ക്‌ പഞ്ചായത്ത്‌, 14 ജില്ലാ പഞ്ചായത്ത്‌, മട്ടന്നൂർ ഒഴികെ 86 മുനിസിപ്പാലിറ്റി, ആറ്‌ കോർപറേഷൻ എന്നിവിടങ്ങളിലേക്കാണ്‌ തെരഞ്ഞെടുപ്പ്‌ നടക്കുന്നത്. മട്ടന്നൂർ മുനിസിപ്പാലിറ്റിയുടെ കാലാവധി 2027 വരെയാണ്‌.


തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളെല്ലാം സംസ്ഥാന തെരഞ്ഞെടുപ്പ്‌ കമീഷൻ നേരത്തെ പൂർത്തിയാക്കിയിരുന്നു. സംവരണ വാർഡുകളുടെയും തദ്ദേശ സ്ഥാപന അധ്യക്ഷരുടെയും നറുക്കെടുപ്പ്‌ ഒക്‌ടോബർ അവസാനത്തോടെ പൂർത്തിയാക്കി. അന്തിമ വോട്ടർപ്പട്ടിക ഒക്‌ടോബർ 25ന്‌ പ്രസിദ്ധീകരിച്ചു. കൂട്ടിച്ചേർക്കലുകൾക്കായി അനുവദിച്ച രണ്ടുദിവസത്തെ അപേക്ഷകൾകൂടി പരിഗണിച്ച്‌ 14ന്‌ അനുബന്ധ പട്ടിക പ്രസിദ്ധീകരിക്കും.


2020 ഡിസംബർ 21നാണ്‌ നിലവിലുള്ള ഭരണസമിതികൾ ചുമതലയേറ്റത്‌. പുതിയ സമിതികൾ ഡിസംബർ 21ന്‌ ചുമതലയേൽക്കണം. 2020ൽ കോവിഡ്‌ കാലത്ത്‌ ഡിസംബർ എട്ട്‌, 10, 14 തീയതികളിലായിരുന്നു തെരഞ്ഞെടുപ്പ്‌.

Advertisement