26.7 C
Kollam
Saturday 3rd October, 2026 | 07:38:26 AM
Home News Breaking News പത്രം മലയാള ദിനപത്രങ്ങളിലൂടെ 2026 ഒക്ടോബർ 3, ശനി | 1202 കന്നി 17, തിരുവാതിര

പത്രം മലയാള ദിനപത്രങ്ങളിലൂടെ 2026 ഒക്ടോബർ 3, ശനി | 1202 കന്നി 17, തിരുവാതിര

Advertisement

ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് ഡൽഹിയിൽ വൻ ജനരോഷം; മാർച്ചിൽ പങ്കെടുത്തവരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള രാജ്യവ്യാപക പ്രതിഷേധത്തിൽ ഡൽഹി ഇളകിമറിഞ്ഞു. പൊലീസ് അനുമതി നിഷേധിച്ചെങ്കിലും ജന്തർ മന്തറിലേക്കും സമീപപ്രദേശങ്ങളിലേക്കും മാർച്ചുമായി നിരവധി സംഘടനാ പ്രവർത്തകരും യുവാക്കളും എത്തി. മാർച്ചിൽ പങ്കെടുത്തവരെ പോലീസ് ബലംപ്രയോഗിച്ചും വലിച്ചിഴച്ചുമാണ് അറസ്റ്റു ചെയ്തത്. 11 മെട്രോസ്റ്റേഷനുകളും പ്രധാനപ്പെട്ട റോഡുകളും അടച്ചു. കേന്ദ്രസേനയെ വിന്യസിച്ചു. ആം ആദ്മി പാർട്ടി യൂത്ത് വിങ്ങാണ് ആദ്യം സമരവുമായി എത്തിയത്. ഇവരെ അറസ്റ്റ് ചെയ്ത് നീക്കിയപ്പോൾ ഡിവൈഎഫ്ഐ, എസ്എഫ്ഐ പ്രവർത്തകർ എത്തി. കേരളത്തിൽനിന്നടക്കമുള്ള നൂറുകണക്കിന് പ്രവർത്തകർ മാർച്ചിൽ പങ്കെടുത്തു. സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബിയെയും എംപിമാരടക്കം നേതാക്കളെയും പൊലീസ് ബലം പ്രയോഗിച്ചാണ് നീക്കിയത്. എഐവൈഎഫ്, എംഎസ്എഫ്, ഐസ എന്നീ സംഘടനകളും വിവിധ പൗരാവകാശ കൂട്ടായ്മകളും മാർച്ചുമായി എത്തി.

മുംബൈ ശിവാജി പാർക്കിൽ തടിച്ചുകൂടി പതിനായിരങ്ങൾ; പ്രതിഷേധത്തിന് പിന്തുണയുമായി സാംസ്കാരിക നായകർ

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷർ ഗ്യാനേഷ് കുമാറിനെതിരെ വൻ പ്രതിഷേധവുമായി കൊക്രോച്ച് ജനതാ പാർട്ടി (സിജെപി) നൽകിയ ആഹ്വാനപ്രകാരം മുംബൈയിലെ ശിവാജി പാർക്കിൽ തടിച്ചുകൂടിയത് പതിനായിരങ്ങൾ. സിജെപി സ്ഥാപകൻ അഭിജിത് ദിപ്‌കെയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധത്തിൽ മഹാത്മാഗാന്ധിയുടെ പേരമകനും സാമൂഹിക പ്രവർത്തകനുമായ തുഷാർ ഗാന്ധി, പ്രമുഖ ചലച്ചിത്ര താരങ്ങളായ നസീറുദ്ദീൻ ഷാ, ഷബാന ആസ്മി തുടങ്ങിയ പ്രമുഖർ സമരത്തിന് പിന്തുണയുമായി എത്തിയത് പ്രതിഷേധത്തിന്റെ ആവേശം കൂട്ടി. ഗ്യാനേഷ് കുമാർ രാജിവെക്കാത്ത പക്ഷം വരും ദിവസങ്ങളിൽ പ്രതിഷേധം ഡൽഹി ജന്തർ മന്തറിലേക്കും വെസ്റ്റ് ബംഗാൾ, ഉത്തർപ്രദേശ്, ബീഹാർ, ഗോവ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളുടെ വിവിധ ഭാഗങ്ങളിലേക്കും വ്യാപിക്കുമെന്നും അഭിജിത് ദീപ്‌കെ അറിയിച്ചു.

ബ്രസീൽ – ഇന്ത്യ ഫുട്ബോൾ പോരാട്ടം ഇന്ന് കൊൽക്കത്തയിൽ

ബ്രസീൽ – ഇന്ത്യ ഫുട്ബോൾ മൽസരം ഇന്ന് രാത്രി ഏഴരയ്ക്ക് കൊൽക്കത്ത സാൾട്ട്‌ലേക്ക് സ്റ്റേഡിയത്തിൽ നടക്കും. സോണി സ്പോർട്സ് ചാനലിൽ മത്സരം തത്സമയം കാണാം.

ഏഷ്യൻ ഗെയിംസ്: ആറ് സ്വർണങ്ങളുമായി ഇന്ത്യ അഞ്ചാം സ്ഥാനത്ത്

ഏഷ്യൻ ഗെയിംസിന്റെ 13-ാം ദിനമായ ഇന്നലെ ആറു സ്വർണമെഡലുകൾകൂടി നേടി ഇന്ത്യ അഞ്ചാം സ്ഥാനത്തെത്തി. വനിതകളുടെ ബോക്‌സിംഗിലും ആർച്ചറിയിലും പുരുഷ ഗുസ്തിയിലും ബോക്സിംഗിലും അടക്കം സ്വർണം നേടിയ ഇന്ത്യ ആകെ സ്വർണനേട്ടം പതിനഞ്ചാക്കി ഉയർത്തി. ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് ആകെ 75 മെഡലുകൾ ലഭിച്ചു (15 സ്വർണം, 25 വെള്ളി, 35 വെങ്കലം).

എസ്എച്ച്ഒയ്ക്കും എസ്ഐയ്ക്കും എതിരെ വധഭീഷണി: സിപിഎം നേതാക്കൾക്കെതിരെ ജാമ്യമില്ലാ കേസ്

സെക്രട്ടറിയേറ്റ് മാർച്ചിനിടെ കന്റോൺമെന്റ് എസ്എച്ച്ഒയ്ക്കും എസ്ഐയ്ക്കും എതിരേ വധഭീഷണി മുഴക്കിയ സിപിഎം നേതാക്കൾക്കെതിരേ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസ് എടുത്തു. സിപിഎം ജില്ലാ സെക്രട്ടറിയും എംഎൽഎയുമായ വി. ജോയി, കടകംപള്ളി സുരേന്ദ്രൻ എന്നിവർക്കെതിരേയാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി രഞ്ജിത് രവീന്ദ്രന്റെ പരാതിയിൽ പൊലീസ് കേസെടുത്തത്.

അടൂർ പ്രകാശിന്റേത് വ്യക്തിപരമായ അഭിപ്രായമെന്ന് കെ.സി. വേണുഗോപാൽ

യുഡിഎഫ് കൺവീനറായ തന്നോട് ആലോചിക്കുന്നില്ലെന്ന് ആരോപിച്ച അടൂർ പ്രകാശ് എംപിയുടേത് വ്യക്തിപരമായ അഭിപ്രായമാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ വ്യക്തമാക്കി. അദ്ദേഹത്തിന്റെ നിലപാടിന് താനുമായി ബന്ധമില്ലെന്നും പാർട്ടിയിൽ അഭിപ്രായ വ്യത്യാസങ്ങൾ സ്വാഭാവികമാണെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി കാര്യങ്ങൾ പാർട്ടി വേദികളിലാണ് പറയേണ്ടതെന്നും അതിന് അവസരമില്ലെങ്കിൽ നേതാക്കളോട് പറയാമെന്നും കെ.സി വേണുഗോപാൽ കൂട്ടിച്ചേർത്തു.

മന്ത്രി ഒ.ജെ. ജനീഷിന്റെ കാർ തടഞ്ഞ് പ്രതിഷേധിച്ച ഡിവൈഎഫ്ഐ പ്രവർത്തകർ അറസ്റ്റിൽ

മന്ത്രി ഒ.ജെ. ജനീഷിനെതിരെ പ്രതിഷേധിക്കുകയും കാർ തടഞ്ഞു നിർത്തി അതിക്രമം കാട്ടുകയും ചെയ്ത നാല് ഡിവൈഎഫ്ഐ പ്രവർത്തകരെയും സിപിഎം ബ്രാഞ്ച് സെക്രട്ടറിയേയും ഹൊസ്ദുർഗ് പോലീസ് അറസ്റ്റു ചെയ്തു. ബ്രാഞ്ച് സെക്രട്ടറി അഖിൽ ഒഴിഞ്ഞവളപ്പ് (32), മന്ത്രിയുടെ കാറിന്റെ ബോണറ്റിൽ കിടന്ന ഡിവൈഎഫ്ഐ ഹൊസ്ദുർഗ് മേഖല ഖജാൻജി സബിൻ കൊവ്വൽപ്പള്ളി (29), ഡിവൈഎഫ്ഐ കാഞ്ഞങ്ങാട് ബ്ലോക്ക് ജോയിന്റ് സെക്രട്ടറി നിധിൻ കുശാൽനഗർ (33), അനീഷ് ചാമുണ്ഡിക്കുന്ന് (29), ബിനീഷ് കിഴക്കുംകര (37) എന്നിവരാണ് അറസ്റ്റിലായത്.

തൃക്കരിപ്പൂർ പ്രതിഷേധം: കാസർകോട്ടെ ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ ജാമ്യമില്ലാ കേസുകൾ

മന്ത്രി ഒ.ജെ. ജനീഷിനെ തടഞ്ഞുള്ള തൃക്കരിപ്പൂരിലെ പ്രതിഷേധത്തിൽ കാസർകോട്ടെ ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ ജാമ്യമില്ലാ കേസുകളെടുത്തു. പൊതുമുതൽ നശിപ്പിച്ചതിൽ 13 പേർക്കെതിരെയും ലീഗ് പ്രവർത്തകനെ മർദിച്ചെന്ന പരാതിയിൽ 12 ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെയുമാണ് കേസ്. ലീഗ് പ്രവർത്തനായ മുഹമ്മദ് സർഫ്രാസിനാണ് മർദ്ദനമേറ്റത്.

പ്രതിഷേധങ്ങൾക്ക് പിന്നിൽ പിണറായി വിജയന്റെ നിർദ്ദേശം: മന്ത്രി ഒ.ജെ. ജനീഷ്

പിണറായി വിജയന്റെ നിർദ്ദേശ പ്രകാരമാണ് തനിക്കെതിരെ പ്രതിഷേധങ്ങൾ നടക്കുന്നതെന്ന് മന്ത്രി ഒ.ജെ. ജനീഷ് ആരോപിച്ചു. “എന്താണ് അദ്ദേഹത്തിന് ഒളിക്കാനുള്ളത്; മാസപ്പടിയാണോ, ഇഡി ആണോ? താനും കൂടി പ്രതിഷേധക്കാർക്കെതിരെ ഇറങ്ങി നിന്നാൽ എന്താകും അവസ്ഥ? കോടിയേരിയുടെ ഫ്ലക്സ് പോലും നശിപ്പിക്കുന്ന വകതിരിവ് ഇല്ലാത്തവരാണ് പ്രതിഷേധക്കാർ,” എന്നും മന്ത്രി ജനീഷ് പറഞ്ഞു.

മെസ്സി തട്ടിപ്പ് കേസ്: വി. അബ്ദുറഹിമാനെ ചോദ്യം ചെയ്തതായി റിപ്പോർട്ട്; വാർത്ത നിഷേധിച്ച് മുൻ മന്ത്രി

മെസ്സിയുടെ പേരിലെ തട്ടിപ്പിൽ മുൻ കായിക മന്ത്രി വി. അബ്ദുറഹിമാനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു. വിദേശയാത്ര സംബന്ധിച്ചും മൊഴിയെടുത്തെന്നാണ് റിപ്പോർട്ട്. എന്നാൽ തന്നെ ആരും ചോദ്യം ചെയ്തിട്ടില്ലെന്നും വാർത്ത മാധ്യമസൃഷ്ടിയാണെന്നും കായികവകുപ്പ് മുൻമന്ത്രി വി. അബ്ദുറഹ്‌മാൻ പ്രതികരിച്ചു.

ഹോസ്റ്റലിൽ ബാരിക്കേഡ് തകർത്ത സംഭവം: രമേശ് ചെന്നിത്തലയെ കണ്ട് വി. ശിവൻകുട്ടിയും എസ്എഫ്ഐ നേതാക്കളും

യൂണിവേഴ്സിറ്റി മെൻസ് ഹോസ്റ്റലിൽ എസ്എഫ്ഐ പ്രവർത്തകരെ തല്ലിയ പൊലീസുകാർക്കെതിരെ നടപടി ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ നേരിട്ട് കണ്ട് മുൻ മന്ത്രി വി. ശിവൻകുട്ടിയും എസ്എഫ്ഐ നേതാക്കളും. ലാത്തിച്ചാർജ്ജ് നടത്തിയതിന് എസ്ഐയെ സിപിഎം ജില്ലാ സെക്രട്ടറി വി.എസ്. ജോയി ഭീഷണിപ്പെടുത്തിയിരുന്നു. ഭീഷണിയുള്ളതിനാൽ കന്റോൺമെന്റ് എസ്എച്ച്ഒയുടെ കാട്ടാക്കടയിലെ വീടിന് പൊലീസ് കാവൽ ഏർപ്പെടുത്തി.

കൊച്ചിയിൽ മദ്യപിച്ച് വാഹനം ഓടിച്ച 41 സ്വകാര്യ ബസ് ഡ്രൈവർമാർക്കെതിരെ കേസ്

കൊച്ചിയിൽ മദ്യപിച്ച് ബസ് ഓടിച്ച 41 സ്വകാര്യ ബസ് ഡ്രൈവർമാർക്കെതിരെ കേസെടുത്തു. അലക്ഷ്യമായി വാഹനമോടിച്ചതിന് 71 കേസുകളും രജിസ്റ്റർ ചെയ്തു. കൊച്ചി സിറ്റിയിൽ സെപ്റ്റംബർ 9 മുതൽ സെപ്റ്റംബർ 30 വരെ നടത്തിയ പരിശോധനയിൽ 2,003 പെറ്റി കേസുകളാണ് പോലീസ് രജിസ്റ്റർ ചെയ്തത്.

ആർഎസ്എസ് വല്ലാണ്ട് കളിക്കാൻ നിൽക്കേണ്ടെന്ന് കെ.കെ. രാഗേഷ്

ആർഎസ്എസ് ആണെന്ന് പറഞ്ഞ് ക്ഷേത്രത്തിൽ കയറി എന്തും കാണിക്കാമെന്ന് കരുതേണ്ടെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ്. കള്ളു കുടിക്കുന്നവരുടെയും കഞ്ചാവ് അടിക്കുന്നവരുടെയും ഇടമല്ല ക്ഷേത്രം. ശ്രീകൃഷ്ണ ജയന്തി ഘോഷയാത്രക്ക് പോകുന്ന കുട്ടികൾ പിന്നെ ശാഖയിൽ പോകാൻ തുടങ്ങും. കൃഷ്ണനാകാൻ പോകുന്നവരെ ആർഎസ്എസ് കംസനാക്കും. ആർഎസ്എസ് വല്ലാണ്ട് കളിക്കാൻ നിൽക്കേണ്ടെന്നും രാഗേഷ് മുന്നറിയിപ്പ് നൽകി.

ശ്രീകണ്ഠാപുരം നഗരസഭ പരിധിയിൽ യുഡിഎഫ് ഹർത്താൽ

കണ്ണൂർ ശ്രീകണ്ഠാപുരം നഗരസഭ പരിധിയിൽ ഇന്ന് വൈകുന്നേരം ആറുവരെ യുഡിഎഫ് ഹർത്താൽ പ്രഖ്യാപിച്ചു. ശ്രീകണ്ഠാപുരത്തെ സിപിഎം-കോൺഗ്രസ് സംഘർഷത്തിനിടെ നഗരസഭ ചെയർമാൻ ഇ.വി. രാമകൃഷ്ണനെ ഡിവൈഎഫ്ഐ പ്രവർത്തകർ കയ്യേറ്റം ചെയ്തതിൽ പ്രതിഷേധിച്ചാണ് ഹർത്താൽ. വാഹനങ്ങളെ ഹർത്താലിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

അടൂരിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം

പത്തനംതിട്ട അടൂരിൽ ട്യൂഷൻ കഴിഞ്ഞ് മടങ്ങുകയായിരുന്ന അഞ്ചാം ക്ലാസ് വിദ്യാർത്ഥിയെ വാനിലെത്തിയ സംഘം തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചു. കുട്ടിയെ ബോധം കെടുത്തി വിജനമായ സ്ഥലത്ത് ഉപേക്ഷിച്ച നിലയിൽ നാട്ടുകാർ കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ അടൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

കുറ്റിപ്പുറത്ത് 100 ഗ്രാം എംഡിഎംഎയുമായി രണ്ടുപേർ പിടിയിൽ

100 ഗ്രാം എംഡിഎംഎയുമായി കുറ്റിപ്പുറത്ത് രണ്ടുപേർ പിടിയിലായി. തവനൂർ സ്വദേശികളായ മുഹമ്മദ് റിസ്‌വാൻ (25), മുഹമ്മദ് ജാസിൽ (41) എന്നിവരാണ് പിടിയിലായത്. കുറ്റിപ്പുറം പൊലീസും തിരൂർ ഡാൻസാഫ് ടീമും ചേർന്നാണ് പ്രതികളെ പിടികൂടിയത്.

കർണാടകയിൽ വ്യാജരേഖ ചമച്ച് വോട്ടർമാരെ ഒഴിവാക്കാൻ ശ്രമിച്ച ബിജെപി നേതാവിനെതിരെ കേസ്

കർണാടകയിൽ എസ്ഐആർ പ്രവർത്തനത്തിനിടെ വ്യാജരേഖകൾ സമർപ്പിച്ച് വോട്ടർമാരുടെ പേരുകൾ നീക്കം ചെയ്യാൻ ശ്രമിച്ച ബിജെപി നേതാവിനെതിരെ കേസെടുത്തു. രവി പാട്ടീലിനും കൂട്ടാളികൾക്കുമെതിരെയാണ് കേസ്. ബെലഗാവി നോർത്ത് മണ്ഡലത്തിലെ 198 മുസ്ലിം വോട്ടർമാരുടെ പേരുകൾ വ്യാജ രേഖകളും ഫോം-7 അപേക്ഷകളും ഉപയോഗിച്ച് വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കാൻ ശ്രമിച്ചതിനാണ് കേസ് എടുത്തത്.

ഫ്ലൈ ദുബായ് ആക്രമണത്തിൽ യാത്രക്കാരെ രക്ഷിച്ച ഇന്ത്യൻ പൈലറ്റിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി

ഫ്ലൈ ദുബായ് വിമാനത്തിലെ ആക്രമണത്തിൽനിന്ന് യാത്രക്കാരെ രക്ഷിച്ച് ആഗോളതലത്തിൽ താരമായ ഇന്ത്യൻ പൈലറ്റ് സ്മിത്ത് മച്ചാറിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. യാത്രക്കാരുടെ ജീവൻ രക്ഷിച്ച വിശേഷം പൈലറ്റ് സ്മിത്ത് മച്ചാർ പ്രധാനമന്ത്രിയോട് വിശദീകരിച്ചു. മറ്റുള്ളവരുടെ ജീവനെടുക്കുന്നവരല്ല, സംരക്ഷിക്കുന്നവരാണ് ഇന്ത്യക്കാരെന്ന് സ്മിത്തിന്റെ ധീരതയിലൂടെ ഒരിക്കൽ കൂടി അഭിമാനത്തോടെ പറയാൻ കഴിയുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ക്യാപ്റ്റൻ സ്മിത്ത് മച്ചാറിന് ദേശീയ ധീരതാ പുരസ്‌കാരം നൽകണമെന്ന് ആവശ്യം

ഫ്ലൈ ദുബായ് പൈലറ്റ് ക്യാപ്റ്റൻ സ്മിത്ത് മച്ചാറിന് ധീരതയ്ക്കുള്ള ദേശീയ പുരസ്‌കാരം നൽകണമെന്ന് ഇന്ത്യയിലെ പൈലറ്റുമാരുടെ സംഘടനയായ ദ ഫെഡറേഷൻ ഓഫ് ഇന്ത്യൻ പൈലറ്റ്സ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കത്തയച്ചു. നേരത്തെ സമാന ആവശ്യം ഉന്നയിച്ച് മിലിന്ദ് ദിയോറ എംപിയും രംഗത്തെത്തിയിരുന്നു.

പോക്സോ കേസിൽ പൊലീസ് നടപടിയെടുത്തില്ല; കർണാടകയിൽ പിതാവ് ജീവനൊടുക്കി

കർണാടകയിലെ ദാവൺഗരെയിൽ മകൾക്കെതിരായ പോക്സോ കേസിലെ പ്രതിക്കെതിരേ പൊലീസ് നടപടി എടുക്കാത്തതിൽ മനംനൊന്ത് പിതാവ് ജീവനൊടുക്കി. ഓഗസ്റ്റ് 22ന് നൽകിയ പരാതിയിൽ ഒന്നര മാസത്തോളമായിട്ടും പൊലീസ് നടപടി എടുത്തില്ല എന്നാണ് ആക്ഷേപം. പൊലീസിന്റെ അനാസ്ഥയിൽ പ്രതിഷേധിച്ച് ബന്ധുക്കൾ മൃതദേഹവുമായി ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസ് ഉപരോധിച്ചു. അതേസമയം പ്രതിസ്ഥാനത്തുള്ള യുവാവ് കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം നേടിയിരുന്നു എന്നാണ് പൊലീസിന്റെ വിശദീകരണം.

ചോദ്യങ്ങളെ തടയാനാകില്ല; ചീഫ് ഇലക്ഷൻ കമ്മീഷണർക്ക് പുറത്തുപോകേണ്ടി വരുമെന്ന് രാഹുൽ ഗാന്ധി

ഒരു ലാത്തിക്ക് ആൾക്കൂട്ടത്തെ തടയാൻ കഴിഞ്ഞേക്കാം, പക്ഷേ ഒരു ചോദ്യത്തെ തടയാനാകില്ലെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. മുഖ്യതെരഞ്ഞെടുപ്പു കമ്മീഷണർ ഗ്യാനേഷ് കുമാറിന് പുറത്തുപോകേണ്ടി വരും. അദ്ദേഹത്തെ അവിടെ പ്രതിഷ്ഠിച്ചവർക്കും പോകേണ്ടി വരും. വോട്ടു മോഷണത്തിൽ പ്രതിഷേധിച്ച് സമരത്തിനിറങ്ങിയ യുവാക്കളെ വലിച്ചിഴച്ച് കസ്റ്റഡിയിലെടുത്ത നടപടിയിൽ രാഹുൽ ഗാന്ധി പ്രതിഷേധിച്ചു.

ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിച്ച രണ്ട് പാക് നുഴഞ്ഞുകയറ്റക്കാരെ ബിഎസ്എഫ് വധിച്ചു

പഞ്ചാബിലെ ത തരൺ തരൺ അന്താരാഷ്ട്ര അതിർത്തി വഴി ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിച്ച രണ്ട് പാക് നുഴഞ്ഞുകയറ്റക്കാരെ ബിഎസ്എഫ് വധിച്ചു. വെള്ളിയാഴ്ചയാണ് സംഭവം നടന്നതെന്ന് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.

തമിഴ്‌നാട്ടിൽ സൈൻബോർഡിൽ ഹിന്ദി ഉൾപ്പെടുത്തിയത് വിവാദത്തിൽ; ഉദ്യോഗസ്ഥർക്കെതിരെ നടപടി

തമിഴ്‌നാട്ടിൽ സംസ്ഥാന ഹൈവേയിൽ സ്ഥാപിച്ച സൈൻബോർഡിൽ ഹിന്ദി ഉൾപ്പെടുത്തിയത് വിവാദത്തിൽ. സംസ്ഥാന സർക്കാർ നടപടിയെ ചോദ്യംചെയ്ത് രാഷ്ട്രീയ പാർട്ടികളും ആക്ടിവിസ്റ്റുകളും രംഗത്തെത്തി. ഇതിന് പിന്നാലെ രണ്ട് ഉദ്യോഗസ്ഥർക്കെതിരെ ടിവികെ സർക്കാർ നടപടിയെടുത്തു.

തമിഴ്‌നാട്ടിൽ സ്ത്രീകൾക്ക് കൂടുതൽ ബസുകളിൽ സൗജന്യ യാത്ര

തമിഴ്‌നാട്ടിൽ സ്ത്രീകൾക്കുള്ള സൗജന്യ ബസ് യാത്ര പദ്ധതി വിപുലീകരിച്ചു. ഇനി തമിഴ്‌നാട് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ എക്സ്പ്രസ്, ഡീലക്സ്, ലിമിറ്റഡ് സ്റ്റോപ്പ്, മൊഫ്യൂസിൽ ബസുകളിലും സ്ത്രീകൾക്ക് സൗജന്യമായി യാത്ര ചെയ്യാം.

ബാലിയിലുണ്ടായ അപകടത്തിൽ നടി നുസ്രത്ത് ഭറൂച്ചയ്ക്ക് പരിക്ക്; എയർ ആംബുലൻസിൽ മുംബൈയിലെത്തിച്ചു

ഇന്തോനേഷ്യയിലെ ബാലിയിലുണ്ടായ അപകടത്തിൽ നട്ടെല്ലിന് പരിക്കേറ്റ ബോളിവുഡ് നടി നുസ്രത്ത് ഭറൂച്ചയെ എയർ ആംബുലൻസിൽ മുംബൈയിലെത്തിച്ചു. മുംബൈയിലെ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കും. സിനിമാ ചിത്രീകരണത്തിനും അവധിക്കാലം ചിലവഴിക്കാനുമാണ് നുസ്രത്ത് ഭറൂച്ച ബാലിയിലേക്ക് പോയത്.

നിയമലംഘനം: സിപ്ലയുടെ പുണെ ഗോഡൗണിന്റെ ലൈസൻസ് താൽക്കാലികമായി റദ്ദാക്കി

പ്രമുഖ മരുന്ന് നിർമ്മാണ കമ്പനിയായ സിപ്ലയുടെ പുണെയിലുള്ള പ്രധാന ഗോഡൗണിന്റെ ഡ്രഗ് ലൈസൻസ് താൽക്കാലികമായി റദ്ദാക്കി. മഹാരാഷ്ട്ര ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്റേതാണ് നടപടി. മരുന്നുകളുടെ ലേബലിംഗിലും ബ്രാൻഡിംഗിലും നിയമലംഘനങ്ങൾ ആരോപിച്ചാണ് നടപടി.

രാജ്യവ്യാപകമായി കടുത്ത വൈദ്യുതി പ്രതിസന്ധി

രാജ്യവ്യാപകമായി വൈദ്യുതി പ്രതിസന്ധി രൂക്ഷമാകുന്നു. ഈ വർഷത്തിന്റെ ആദ്യ അഞ്ച് മാസങ്ങളിൽ രാജ്യത്തെ യഥാർത്ഥ വൈദ്യുതി ആവശ്യകത കേന്ദ്ര സർക്കാരിന്റെ കണക്കുകൂട്ടൽ തെറ്റിച്ചെന്ന് റിപ്പോർട്ട്. മഴയുടെ കുറവും ഉയർന്ന താപനിലയുമാണ് പ്രതീക്ഷിച്ചതിലും അധികം വൈദ്യുതി ആവശ്യകതയിലേക്ക് രാജ്യത്തെ നയിച്ചത്.

അടിസ്ഥാന സൗകര്യങ്ങളില്ല: ഫ്രാൻസിൽ വിദ്യാർത്ഥി പ്രക്ഷോഭം ശക്തമാകുന്നു

ഫ്രാൻസിൽ വിദ്യാർത്ഥി പ്രക്ഷോഭം രൂക്ഷമാകുന്നു. വേണ്ടത്ര അധ്യാപകരും അടിസ്ഥാന സൗകര്യങ്ങളും ഇല്ലെന്നു ചൂണ്ടിക്കാണിച്ചാണ് വിദ്യാർത്ഥികൾ തെരുവിലിറങ്ങിയത്. പലയിടത്തും പ്രക്ഷോഭം അക്രമാസക്തമായി. വിദ്യാർത്ഥികളും പൊലീസും ഏറ്റുമുട്ടി. നാനൂറോളം സ്‌കൂളുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചുപൂട്ടി.

ചൈനയെ തകർത്ത് ഇന്ത്യൻ വനിതാ ഹോക്കി ടീമിന് ചരിത്ര വിജയം

ഏഷ്യൻ ഗെയിംസ് ഹോക്കിയിൽ 44 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ചൈനയെ എതിരില്ലാത്ത ഒരു ഗോളിനു തോൽപിച്ച് ഇന്ത്യൻ വനിതകളുടെ വിജയഗാഥ. പത്താം മിനിറ്റിൽ ലാൽറെംസിയാമിയാണ് ഇന്ത്യയുടെ വിജയഗോൾ നേടിയത്. സമനില ഗോൾ കണ്ടെത്താൻ ഗോൾ കീപ്പറെ അടക്കം പിൻവലിച്ച് ചൈന ആക്രമിച്ച് കളിച്ചപ്പോഴും ശക്തമായ പ്രതിരോധമാണ് ഇന്ത്യൻ വനിതകൾ ഒരുക്കിയത്. മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ നായികയും ഗോൾകീപ്പറുമായ സവിത പുനിയ നടത്തിയ തകർപ്പൻ സേവ് ഇന്ത്യയുടെ വിജയം ഉറപ്പിച്ചു.

ഏഷ്യൻ ഗെയിംസ്: ലവ്‌ലിന ബോർഗോഹെയ്ന് സ്വർണം

വനിതകളുടെ 75 കിലോഗ്രാം ബോക്‌സിങ് ഫൈനലിൽ ചൈനയുടെ ബാവോ സിയെയെ നേരിട്ട ഒളിമ്പിക് മെഡൽ ജേതാവ് ലവ്‌ലിന ബോർഗോഹെയ്ൻ സ്വർണ മെഡൽ സ്വന്തമാക്കി. ഇതിഹാസതാരം മേരി കോമിന് ശേഷം ഏഷ്യൻ ഗെയിംസ് ചാമ്പ്യനാകുന്ന രണ്ടാമത്തെ വനിതാ താരമാണ് ലവ്‌ലിന.

ബോക്‌സിംഗിൽ പർവീൺ ഹൂഡയ്ക്ക് സ്വർണം; ചരിത്രനേട്ടത്തിൽ ഇന്ത്യ

വനിതകളുടെ 65 കിലോഗ്രാം ബോക്‌സിംഗ് ഫൈനലിൽ ചൈനീസ് തായ്‌പെയുടെ ചെൻ നിയെൻ-ചിന്നിനെ പരാജയപ്പെടുത്തി പർവീൺ ഹൂഡ ഇന്ത്യക്കായി 13-ാം സ്വർണം സ്വന്തമാക്കി. പാരീസ് ഒളിംപിക്സിലെ വെങ്കല മെഡൽ ജേതാവാണ് ചെൻ നിയെൻ-ചിൻ. ഒരു ഏഷ്യൻ ഗെയിംസ് പതിപ്പിൽ രണ്ട് ഇന്ത്യൻ വനിതാ ബോക്‌സർമാർ സ്വർണം നേടുന്നത് ചരിത്രത്തിൽ ആദ്യമായാണ്.

സ്വർണാഭരണങ്ങളുടെ ഹാൾമാർക്കിങ് നിരക്ക് കുത്തനെ കൂട്ടി

സ്വർണാഭരണങ്ങളുടെ ഹാൾമാർക്കിങ് നിരക്ക് കുത്തനെ ഉയർത്തി. 45 രൂപയിൽനിന്ന് 75 രൂപയായാണ് കൂട്ടിയത്. ഇതുപ്രകാരം നിരക്കുവർധന 66.67 ശതമാനമാണ്. ഇതിലൂടെ ജുവലറികൾക്ക് 400 കോടി രൂപയുടെ അധികച്ചെലവും 80 കോടി രൂപയുടെ ജി.എസ്.ടി. ബാധ്യതയുമാണുണ്ടാവുക. ഹാൾമാർക്കിങ് തുക ഉപഭോക്താക്കളാണ് നൽകുന്നതെങ്കിലും ബി.ഐ.എസ്. കെയർ ആപ്പ് ഉപയോഗിച്ച് യുണീക് ഐഡന്റിഫിക്കേഷൻ നമ്പർ പരിശോധിച്ച് ഉറപ്പുവരുത്തുന്ന കാര്യം പലർക്കും അറിയില്ല. അതുകൊണ്ടുതന്നെ ഉപഭോക്താക്കളുടെ അജ്ഞത മുതലെടുത്ത് ഹാൾമാർക്കിങ് സുരക്ഷാ സംവിധാനങ്ങൾ വ്യാജമായി നിർമിക്കുന്നത് വ്യാപകമായിട്ടുണ്ട്. ഹാൾമാർക്കിങ് ചെയ്യുന്നതിനുള്ള സമയം ആറു മണിക്കൂറായിരുന്നത് 24 മണിക്കൂറിലേറെയായി കൂടിയത് വ്യാപാരികൾക്ക് സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നുവെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

സ്വന്തമായി ക്ലൗഡ് അടിസ്ഥാനസൗകര്യം വികസിപ്പിച്ച് സോഹോ

സ്വന്തം ക്ലൗഡ് അടിസ്ഥാനസൗകര്യം വികസിപ്പിച്ച് സോഹോ സഹസ്ഥാപകൻ ശ്രീധർ വെമ്പു. ‘കാറ്റലിസ്റ്റ്’ എന്ന പ്ലാറ്റ്‌ഫോമിലൂടെ ഡെവലപ്പർമാർക്കായി ഈ ക്ലൗഡ് സേവനം ഇപ്പോൾ സോഹോ ലഭ്യമാക്കുന്നുണ്ട്. വിദ്യാർത്ഥികൾക്ക് ഇത് സൗജന്യമായി നൽകാനും കമ്പനി പദ്ധതിയിടുന്നു. സോഹോയുടെ ആദ്യകാലത്ത് തന്നെ സ്വന്തം ആപ്ലിക്കേഷനുകൾ പ്രവർത്തിപ്പിക്കുന്നതിനായി കമ്പനി സ്വന്തമായി ക്ലൗഡ് അടിസ്ഥാനസൗകര്യം വികസിപ്പിക്കാൻ തുടങ്ങിയിരുന്നു. ക്ലൗഡ് സോഫ്റ്റ്‌വെയർ പ്രവർത്തിപ്പിക്കുന്നതിന് ആവശ്യമായ ഡാറ്റാബേസ്, ഐഡന്റിറ്റി, മെസേജിങ്, സെർച്ച്, സ്റ്റോറേജ്, കംപ്യൂട്ടിങ് തുടങ്ങിയ അടിസ്ഥാന സംവിധാനങ്ങൾ ഇതിൽ ഉൾപ്പെടുന്നു. കാറ്റലിസ്റ്റിൽ കൂടുതൽ നിക്ഷേപം നടത്താനാണ് സോഹോയുടെ തീരുമാനം. സോഹോയുടെ എല്ലാ ഉൽപ്പന്നങ്ങളും ഇന്ത്യയിലാണ് വികസിപ്പിക്കുന്നത്, അതുകൊണ്ടുതന്നെ ഇന്ത്യൻ ഉപഭോക്താക്കളുടെ ഡാറ്റ രാജ്യാതിർത്തി വിടുമെന്ന പേടിയും വേണ്ട.

മമ്മൂട്ടി – ധനുഷ് ചിത്രം ‘ഓം’ നവംബർ 20-ന് തിയറ്ററുകളിൽ എത്തും

മമ്മൂട്ടി-ധനുഷ് കൂട്ടുകെട്ടിലെത്തുന്ന ‘ഓം’ സിനിമ നവംബർ 20ന് തിയറ്ററുകളിൽ എത്തും. റിലീസ് വിവരം അറിയിച്ചു കൊണ്ടുള്ള പുതിയ പോസ്റ്ററും അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്. തോക്കേന്തി നിൽക്കുന്ന ധനുഷും മമ്മൂട്ടിയുമാണ് പോസ്റ്ററിലുള്ളത്. ‘അമരൻ’ ഒരുക്കിയ രാജ്കുമാർ പെരിയസാമി ആണ് ‘ഓം’ സംവിധാനം ചെയ്യുന്നത്. മമ്മൂട്ടി ഒരിടവേളയ്ക്ക് ശേഷം അഭിനയിക്കുന്ന തമിഴ് ചിത്രമാണ് ഇത്. ധനുഷ് നായകനാവുന്ന ചിത്രത്തിൽ ഏറെ പ്രാധാന്യമുള്ള ഒരു വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്. നസീറുദ്ദീൻ ഷായും ചിത്രത്തിലുണ്ട്. രണ്ട് ഭാഗങ്ങളിലായാണ് ചിത്രം റിലീസ് ചെയ്യുക. ‘ഓം ചാപ്റ്റർ 1, ഉധിരം: ദി ബ്ലഡ് വുഡ്’ എന്നാണ് ആദ്യ ഭാഗത്തിന് നൽകിയിരിക്കുന്ന പേര്. സായ് പല്ലവിയും ശ്രീലീലയുമാണ് നായികമാർ. സംഗീതം: സായ് അഭ്യങ്കർ.

‘തീരാ തീരാ’ ആഫ്രോ-ഇൻഡി മ്യൂസിക് വീഡിയോ പുറത്തിറങ്ങി

‘വാഴ 2’ സിനിമയിലെ ‘കൂടെപ്പിറന്നോർ…’ എന്ന സൂപ്പർ ഹിറ്റ് ഗാനമൊരുക്കിയ പാർവതീഷ് പ്രദീപിന്റെ പുതിയ ഗാനം ‘തീരാ തീരാ’ പുറത്തിറങ്ങി. തിങ്ക് ഒറിജിനൽ ആണ് മ്യൂസിക് വിഡിയോ അവതരിപ്പിക്കുന്നത്. ‘കാന്ത’ സോങ്ങിന്റെ വൈറൽ കൊറിയോഗ്രഫിയിലൂടെ ശ്രദ്ധ നേടിയ കൊറിയോഗ്രാഫറും ഡാൻസറുമായ നോയൽ അലക്സാണ്ടറും ഡാൻസർ നിരഞ്ജനയും ഒന്നിക്കുന്ന വീഡിയോ ഗാനമാണിത്. സ്നേഹിക്കുന്ന ആൾ അടുത്തില്ലാതാകുമ്പോൾ അനുഭവപ്പെടുന്ന മിസ്സിങ് ഫീലിങ്ങാണ് ആഫ്രോ-ഇൻഡി സംഗീതത്തിന്റെ പശ്ചാത്തലത്തിൽ ‘തീരാ തീരാ’ പറയുന്നത്. ആഫ്രോ-ഇൻഡി എലമെന്റുകൾക്കൊപ്പം അക്കോസ്റ്റിക് ഗിറ്റാർ, ഇന്ത്യൻ ഫ്ലൂട്ട്, വാം ആംബിയന്റ്-ഓർഗാനിക് സൗണ്ട് എന്നിവയാണ് ഗാനത്തിൽ ഉപയോഗിച്ചിരിക്കുന്നത്.

റോയൽ എൻഫീൽഡ് ഹിമാലയൻ 440 ഓർഡറുകൾ താൽക്കാലികമായി നിർത്തിവച്ചു

റോയൽ എൻഫീൽഡിന്റെ പുതിയ ഹിമാലയൻ 440 ന്റെ ഓർഡറുകൾ താൽക്കാലികമായി നിർത്തിവച്ചു. നിലവിൽ ഏകദേശം 6 മാസത്തേക്കുള്ള ഓർഡറുകൾ ലഭിച്ചുകഴിഞ്ഞതായാണ് റിപ്പോർട്ടുകൾ. ലഡാക്കിലെ ആദ്യ ഹിമാലയൻ ബേസ് ക്യാമ്പിൽ വെച്ചാണ് ഹിമാലയൻ 440 അവതരിപ്പിച്ചത്. ലോഞ്ചിന് പിന്നാലെ ബൈക്കിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. കമ്പനിയുടെ പ്രതീക്ഷകളെ മറികടന്ന ബുക്കിംഗ് ലഭിച്ചതോടെയാണ് പുതിയ ഓർഡറുകൾ സ്വീകരിക്കുന്നത് നിർത്തിയത്. നിലവിൽ ലഭിച്ച ബുക്കിംഗുകൾ പൂർത്തിയാക്കുന്നതിനാണ് റോയൽ എൻഫീൽഡിന്റെ ഇപ്പോഴത്തെ ശ്രദ്ധ. 443 സിസി സിംഗിൾ സിലിണ്ടർ, എയർ കൂൾഡ് എഞ്ചിൻ 6,250 ആർപിഎമ്മിൽ 25.4 ബിഎച്പി കരുത്തും 4,000 ആർപിഎമ്മിൽ 34 എൻഎം ടോർക്കും നൽകുന്നു. 6-സ്പീഡ് ഗിയർബോക്സാണ് നൽകിയിരിക്കുന്നത്. 15 ലിറ്റർ ഇന്ധന ടാങ്കുമുണ്ട്.

കെ. അരവിന്ദാക്ഷന്റെ പുതിയ നോവൽ ‘സ്പൈനോസോറസ്’ പുറത്തിറങ്ങി

ഭൂമിയിൽ ഇന്നേവരെയുണ്ടായിട്ടുള്ള ഏറ്റവും വലിയ ജന്തുവാണ് സ്‌പൈനോസോറസ്. ക്രൂരതകളുടെ അതിഭയാനകസത്വം. ചരിത്രാതീതകാലത്തെ പഠനത്തിൽനിന്ന് തുടങ്ങി സത്യാനന്തരകാലത്തെ പുത്തൻ അധികാര ബീഭത്സാകാരങ്ങളെക്കുറിച്ചുള്ള ശക്തമായ മുന്നറിയിപ്പായി മാറുന്ന നോവൽ. ഭൂമിയുടെ അതിജീവനത്തിന്റെ കണ്ണാടി. ഓടക്കുഴൽ പുരസ്‌കാരജേതാവായ കെ. അരവിന്ദാക്ഷന്റെ ഏറ്റവും പുതിയ നോവൽ – ‘സ്‌പൈനോസോറസ്’. പ്രസാധകർ: മാതൃഭൂമി. വില: 144 രൂപ.

ആരോഗ്യസംരക്ഷണത്തിന് ഭക്ഷണക്രമത്തിൽ റാഗി ഉൾപ്പെടുത്താം

പ്രോട്ടീൻ, ഇരുമ്പ്, കാൽസ്യം, ധാരാളം നാരുകൾ തുടങ്ങിയ പോഷകങ്ങൾ അടങ്ങിയ റാഗി, നമ്മുടെ ആരോഗ്യകരമായ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്താവുന്ന ഒന്നാണ്. എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് കാൽസ്യം ആവശ്യമാണ്. കുട്ടികളുടെ വളർച്ചാകാലത്തും പ്രായമായവരിൽ എല്ലുകളുടെ ആരോഗ്യം നിലനിർത്തുന്നതിനും കാൽസ്യം അടങ്ങിയ ഭക്ഷണങ്ങൾ പ്രധാനമാണ്. മറ്റ് പല ധാന്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ റാഗിയിൽ കാൽസ്യം കൂടുതലാണ്. പ്രത്യേകിച്ച് പാൽ പോലുള്ള ഭക്ഷണം അധികം കഴിക്കാത്തവർക്ക് ഭക്ഷണക്രമത്തിൽ റാഗി ഉൾപ്പെടുത്തുന്നത് നല്ലതാണ്. പ്രമേഹമുള്ളവർക്കും പ്രമേഹസാധ്യതയുള്ളവർക്കും ഭക്ഷണക്രമം വളരെ പ്രധാനമാണ്. റാഗിയിൽ നാരുകൾ അടങ്ങിയിരിക്കുന്നതിനാൽ ദഹനപ്രക്രിയയെയും ഭക്ഷണത്തിന് ശേഷമുള്ള രക്തത്തിലെ പഞ്ചസാരയുടെ വർധനയെയും സ്വാധീനിക്കാം. റാഗിയിലെ കാർബോഹൈഡ്രേറ്റുകളും രക്തത്തിലെ ഗ്ലൂക്കോസിനെ സ്വാധീനിക്കും. ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർക്ക് ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്താവുന്ന ധാന്യമാണ് റാഗി. ഇതിൽ അടങ്ങിയിരിക്കുന്ന നാരുകൾ വയർ നിറഞ്ഞതായി തോന്നാൻ സഹായിക്കുന്നു. റാഗിയിൽ കാൽസ്യത്തിന് പുറമേ ഇരുമ്പ്, മഗ്നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം തുടങ്ങിയ ധാതുക്കളും അടങ്ങിയിട്ടുണ്ട്.

ചിന്താവിഷയം: പോരായ്മകൾക്കിടയിലും മൂല്യം തിരിച്ചറിയാം

വർഷങ്ങളായി ഗ്രാമത്തിൽ ആ മണിയാണ് ഉപയോഗിച്ചിരുന്നത്. സമയമറിയാൻ കൃത്യമായ ഇടവേളകളിൽ അതടിക്കും. അടിയന്തരഘട്ടങ്ങളിൽ ആളുകളെ വിളിച്ചുകൂട്ടാനും ആ മണിതന്നെയാണ് ഉപയോഗിച്ചിരുന്നത്. ഒരു ദിവസം അതിലൊരു വിള്ളലുണ്ടായി. പുതിയ മണി വാങ്ങണമെന്ന് ഗ്രാമവാസികൾ ആവശ്യപ്പെട്ടു. അപ്പോൾ ഗ്രാമത്തലവൻ പറഞ്ഞു: “തീരുമാനമെടുക്കുന്നതിന് മുമ്പ് നമുക്കതിന്റെ ശബ്ദമൊന്നു കൂടി കേൾക്കാം.” അവർ മണിയടിച്ചു. അതുവരെ കേൾക്കാതിരുന്ന പുതിയൊരു ശബ്ദം മണിയിൽ നിന്നും വന്നു. അപ്പോൾ ഗ്രാമത്തലവൻ പറഞ്ഞു: “ചെറിയ പോരായ്മകളുണ്ടെന്ന് കരുതി മൂല്യമില്ലാതാകണമെന്നില്ല. പെട്ടെന്ന് ഉണ്ടാകുന്ന വിള്ളൽ പരിഗണിക്കുമ്പോൾ സ്ഥിരമായുണ്ടായിരുന്ന ശബ്ദവും പരിഗണിക്കേണ്ടതാണ്.”

എല്ലാവർക്കും വൈകല്യങ്ങളുണ്ട്, ചിലരുടേത് ദൃശ്യമായിരിക്കും, ചിലരുടേത് അദൃശ്യമായിരിക്കും. പ്രവർത്തനക്ഷമമായിരുന്ന സമയത്ത് ഒരു അഭിനന്ദനം പോലും നൽകാതെ, പോരായ്മകളുണ്ടാകുമ്പോൾ പൊതുവിചാരണ നടത്തുന്നത് അഭംഗിയും അന്തസ്സില്ലായ്മയുമാണ്. ഉപയോഗക്ഷമത പോലും പരിശോധിക്കാതെ വലിച്ചെറിയുന്നത് ശരിയല്ല. ഒരു കോട്ടം സംഭവിക്കുമ്പോഴേക്കും എല്ലാം പോയി എന്ന് കുറ്റപ്പെടുത്താതെ, ഇനിയെന്ത് ചെയ്യാൻ കഴിയും, മറ്റെന്തെങ്കിലും ഉപയോഗമുണ്ടോ, മറ്റെന്തെങ്കിലും സാധ്യതകളുണ്ടോ എന്നൊക്കെ ആലോചിക്കുന്നത് നല്ലതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here