24.9 C
Kollam
Monday 10th August, 2026 | 08:07:25 AM
Home News പത്രം മലയാള ദിനപത്രങ്ങളിലൂടെ |2026 | ഓഗസ്റ്റ് 10, തിങ്കള്‍ |1201 | കര്‍ക്കടകം 25,...

പത്രം മലയാള ദിനപത്രങ്ങളിലൂടെ |2026 | ഓഗസ്റ്റ് 10, തിങ്കള്‍ |1201 | കര്‍ക്കടകം 25, തിരുവാതിര

സംസ്ഥാനത്തെ മഴക്കെടുതിയില്‍ 121 കോടി രൂപയുടെ കൃഷിനാശം

മഴമൂലം 45,000 കര്‍ഷകര്‍ക്കു നാശനഷ്ടമുണ്ടായെന്നും കൃഷിമന്ത്രി ടി സിദ്ദിഖ് വ്യക്തമാക്കി. കര്‍ഷകര്‍ക്ക് സഹായം നല്‍കുമെന്നും, വിവിധ ധനകാര്യ ഏജന്‍സികളുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും യോഗം നാളെ വിളിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

സംഘപരിവാര്‍ സഹയാത്രികന്‍ ടി.ജി. മോഹന്‍ദാസ് കസ്റ്റഡിയില്‍

ഡല്‍ഹിയില്‍ സമരം ചെയ്ത വിദ്യാര്‍ത്ഥികളെ വെടിവച്ചു കൊല്ലണമെന്നും പെണ്‍കുട്ടികളെ ബലാല്‍സംഗം ചെയ്യണമെന്നും അധിക്ഷേപിച്ചെന്ന കേസിലാണ് അറസ്റ്റ്. വൈദ്യപരിശോധനയ്ക്കു ശേഷം രാത്രി തിരുവനന്തപുരത്ത് എത്തിച്ച ഇയാളെ ഇന്നു കോടതിയില്‍ ഹാജരാക്കും.

അര്‍ജുന്‍ ആയങ്കിയെ കൂത്തുപറമ്പ് മജിസ്‌ട്രേറ്റ് റിമാന്‍ഡ് ചെയ്തു

ഇയാളെ തലശ്ശേരി സ്‌പെഷ്യല്‍ സബ് ജയിലിലേക്ക് മാറ്റി. കണ്ണൂര്‍ സൈബര്‍ പൊലീസ് എടുത്ത കേസിലാണ് റിമാന്‍ഡ് ചെയ്തത്. അറസ്റ്റിലായ അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ വകുപ്പ് ചുമത്താനാണ് പൊലീസ് നീക്കം. 23 കേസുകളില്‍ പ്രതിയായ അര്‍ജുന്‍ കൊടും ക്രിമിനലെന്ന് പൊലീസ് റിപ്പോര്‍ട്ട്.

ദേശീയ പരീക്ഷാ ഏജന്‍സിയുടെ പരീക്ഷാ സംവിധാനങ്ങള്‍ കൂടുതല്‍ ശക്തമാക്കും

ദേശീയ പരീക്ഷാ ഏജന്‍സിയുടെ പരീക്ഷാ സംവിധാനങ്ങള്‍ കൂടുതല്‍ ശക്തമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി പ്രഹ്ളാദ് ജോഷി. സൈബര്‍ സുരക്ഷ, പരീക്ഷാ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം, ഫോറന്‍സി വിഭാഗങ്ങളിലേക്ക് ഉന്നത ഉദ്യോഗസ്ഥരെ നിയമിക്കാന്‍ മന്ത്രി വിളിച്ച ഉന്നതാധികാര സമിതി തീരുമാനിച്ചു.

സംസ്ഥാനത്തിന്റെ പേര് കേരളം എന്നാക്കുന്നതിനുള്ള ബില്‍ ഇന്നു ലോക്സഭയില്‍ അവതരിപ്പിക്കും

ലോക്സഭ കാര്യപരിപാടിയില്‍ ബില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നേരത്തെ നിയമസഭ ബില്‍ പാസാക്കിയിരുന്നു.

മത്സ്യത്തൊഴിലാളികളെ കാണാതായ സംഭവം പുത്തരിയല്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് 148 പേരെയാണ് കടലില്‍ കാണാതായതെന്ന് പിണറായി വിജയന് മറുപടിയുമായി മുഖ്യമന്ത്രി വി ഡി സതീശന്‍ വ്യക്തമാക്കി. ഇത്തവണ മൂന്നുപേരെ കാണാതായി. സര്‍ക്കാര്‍ അവരുടെ കുടുംബത്തോടൊപ്പമാണെന്നും അദ്ദേഹം പറഞ്ഞു.

സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകളില്‍ വന്ദേമാതരം മുഴുവന്‍ പാടാന്‍ നിര്‍ദേശം നല്‍കിയിട്ടില്ലെന്ന് ലോക് ഭവന്‍

വന്ദേമാതരം പൂര്‍ണമായും ചൊല്ലാന്‍ തീരുമാനിച്ചിട്ടില്ലെന്ന് ആഭ്യന്തരമന്ത്രിയും വ്യവസായ മന്ത്രിയും പ്രതികരിച്ചപ്പോള്‍ ലോക്ഭവന്‍ നിര്‍ദേശപ്രകാരമാണ് സര്‍ക്കുലര്‍ എന്ന വിശദീകരണമാണ് വിദ്യാഭ്യാസ മന്ത്രി ഷംസുദീന്‍ നല്‍കിയത്.

മലപ്പുറത്ത് അനധികൃത സ്‌ഫോടക വസ്തു ശേഖരം പിടികൂടിയ സംഭവത്തില്‍ മുഖ്യസൂത്രധാരന്‍ അറസ്റ്റില്‍

മലപ്പുറത്ത് അനധികൃത സ്‌ഫോടക വസ്തു ശേഖരം പിടികൂടിയ സംഭവത്തില്‍ മുഖ്യസൂത്രധാരന്‍ ടി.എ. ഹാരിസിനെ മഞ്ചേരിയില്‍ നിന്ന് പിടികൂടിയെന്ന് എന്‍ ഐ എ അറിയിച്ചു.

ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി

ആലപ്പുഴ ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

ആര്‍എസ്എസ് അനുകൂല സംഘടനയുടെ പരിപാടിയില്‍ വീണ്ടും പങ്കെടുത്ത് എം.ജി. സര്‍വകലാശാല വൈസ് ചാന്‍സലര്‍

ഭാരതീയ വിചാര കേന്ദ്രത്തിന്റെ സംസ്ഥാന പഠനശിബിരത്തില്‍ ഉദ്ഘാടകനായാണ് എം.ജി. സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ഡി. മാവൂത്ത് പങ്കെടുത്തത്.

അര്‍ജുന്‍ ആയങ്കിയുടെ പ്രധാന കൂട്ടാളിയായ പ്രണവിനായി തെരച്ചില്‍ ഊര്‍ജ്ജിതം

പൊലീസിനെതിരെ ഭീഷണി മുഴക്കിയതടക്കമുള്ള കേസുകളില്‍ പിടിയിലായ അര്‍ജുന്‍ ആയങ്കിയുടെ പ്രധാന കൂട്ടാളിയായ പ്രണവിനെ പോലീസ് തെരയുന്നു. അര്‍ജുന്‍ ആയങ്കി ഒളിവിലിരിക്കെ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ച വിവാദ പോസ്റ്റുകള്‍ ഇട്ടത് പ്രണവാണെന്നാണ് പൊലീസ് കണ്ടെത്തല്‍.

വി ഡി സവര്‍ക്കറെ പുകഴ്ത്തി വിവാദ ചോദ്യാവലി തയാറാക്കിയ അധ്യാപകന് സസ്പെന്‍ഷന്‍

പള്ളത്തുടക്ക സ്‌കൂള്‍ അധ്യാപകന്‍ ഗുരു പ്രസാദിനാണ് സസ്പെന്‍ഷന്‍ ലഭിച്ചത്.

പ്രതിപക്ഷ ഉപനേതാവിനു മുറി വേണമെന്ന സിപിഎമ്മിന്റെ അവകാശവാദം സര്‍ക്കാര്‍ തള്ളി

നിയമസഭ മന്ദിരത്തില്‍ മുറി വേണമെന്ന ആവശ്യം സ്പീക്കര്‍ നിരസിച്ചു. കെ.എന്‍ ബാലഗോപാലിന് വേണ്ടിയാണ് മുറി ആവശ്യപ്പെട്ടത്.

യുഡിഎഫ് സര്‍ക്കാര്‍ ആര്‍എസ്എസ് അജണ്ട നടപ്പിലാക്കുകയാണെന്ന് പിണറായി വിജയന്‍

യുഡിഎഫ് സര്‍ക്കാര്‍ ആര്‍എസ്എസ് അജണ്ട നടപ്പിലാക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ ആരോപിച്ചു. വന്ദേമാതരം സര്‍ക്കുലര്‍, വഖഫ് ഭേദഗതി, പി എം ശ്രീ പദ്ധതി എന്നിവയില്‍ അതു കാണാമെന്നും അദ്ദേഹം പറഞ്ഞു.

നീണ്ടകരയില്‍ വള്ളം മറിഞ്ഞ് കടലില്‍ കാണാതായ ഗൗതം കൃഷ്ണന്റെ വീട്ടില്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല എത്തി

ഗൗതമിന്റെ അമ്മയെ ആശ്വസിപ്പിച്ച അദ്ദേഹം, കാണാതായവര്‍ക്കായുള്ള തിരച്ചില്‍ സജീവമായി തുടരുമെന്ന് അറിയിച്ചു. കോസ്റ്റ് ഗാര്‍ഡ് ഐ ജിയുമായി സംസാരിച്ചെന്നും കോസ്റ്റല്‍ പോലീസിനുള്ള സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. നാവികസേനയുടെ ഐഎന്‍എസ് കല്‍പ്പേനി എന്ന കപ്പല്‍ തെരച്ചില്‍ നടത്തുന്നുണ്ട്.

ആനക്കൊമ്പ് കടത്ത് സംഘത്തിലെ ആറു പേര്‍ വനം വകുപ്പിന്റെ പിടിയില്‍

കോഴിക്കോട് കക്കോടിയില്‍ വനം വകുപ്പിന്റെ പിടിയിലാണ് ഇവര്‍ അറസ്റ്റിലായത്. വില്‍പനയ്ക്കായി എത്തിച്ച ഒരു ആനക്കൊമ്പും കസ്റ്റഡിയിലെടുത്തു. കക്കോടി സ്വദേശിയായ അസീല്‍, മുഹമ്മദ് റിഹാന്‍, താമരശ്ശേരി സ്വദേശി പരീദ്, കോട്ടയം സ്വദേശി വിന്‍സെന്റ്, തിരുവനന്തപുരം സ്വദേശികളായ സുധീര്‍, ദില്‍ഷാദ് എന്നിവരാണ് പിടിയിലായത്.

ഇന്ത്യയിലെ യുഎസ് അംബാസഡര്‍ സെര്‍ജിയോ ഗോറും മൈക്കല്‍ ബൗലോസും വേമ്പനാട്ട് കായലില്‍ ഹൗസ്ബോട്ട് യാത്ര നടത്തി

സ്പൈസ് റൂട്ട്സ് ലക്ഷ്വറി ക്രൂയിസ് ഒരുക്കിയ യാത്രയില്‍ നെഹ്റു ട്രോഫി വള്ളംകളിയുടെ പരിശീലനം കാണുകയും കേരളത്തിന്റെ പ്രകൃതിഭംഗി ആസ്വദിക്കുകയും ചെയ്തു.

ശശി തരൂരിന് മറുപടിയുമായി എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍

രാഹുല്‍ ഗാന്ധിയെ കുറ്റം പറഞ്ഞാല്‍ ബിജെപിക്ക് സുഖിക്കുമെന്നായിരുന്നു കെ.സി. വേണുഗോപാലിന്റെ വിമര്‍ശനം. ഇന്നലെ അലഹബാദില്‍ നിറയെ വിദ്യാര്‍ഥികള്‍ എത്തി. ഇതൊന്നും കാണാന്‍ അദ്ദേഹം എന്തുകൊണ്ട് തയ്യാറാകുന്നില്ലെന്നും കെ.സി. വേണുഗോപാല്‍ ചോദിച്ചു.

പിറവത്ത് പള്ളിയില്‍ ഓര്‍ത്തഡോക്സ്-യാക്കോബായ സംഘര്‍ഷം

ഓര്‍ത്തഡോക്സ് – യാക്കോബായ വൈദികര്‍ തമ്മില്‍ ഏറ്റുമുട്ടി. പിറമാടം സെന്റ് ജോണ്‍സ് ബദ്ലഹേം പള്ളിയിലാണ് സംഘര്‍ഷമുണ്ടായത്. പള്ളിയുടെ നിയന്ത്രണം നിലവില്‍ പൊലീസ് ഏറ്റെടുത്തു.

വന്ദേമാതരം വിവാദത്തില്‍ വിദ്യാഭ്യാസ മന്ത്രി ഷംസുദീന്‍ നടത്തിയ പരാമര്‍ശം ഞെട്ടിപ്പിക്കുന്നതെന്ന് പി രാജീവ്

ഗവര്‍ണര്‍ പറഞ്ഞത് അപ്പാടെ ചെയ്യാമെന്നാണ് മന്ത്രി പറയുന്നത്. രാജ്ഭവന്‍ പറയുന്നത് ചെയ്യാനാണോ സര്‍ക്കാര്‍. ജനാധിപത്യത്തില്‍ തെരഞ്ഞെടുത്ത സര്‍ക്കാരിനാണ് പ്രധാന്യമെന്നും പി രാജീവ് പറഞ്ഞു.

ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ മുഖ്യമന്ത്രിക്ക് കത്തയച്ചു

പിഎസ് സി ഉദ്യോഗാര്‍ത്ഥികള്‍ നടത്തുന്ന സമരം ശക്തമാകുന്നതിനിടെ, തെരുവിലിറങ്ങി സമരം ചെയ്യുന്ന ഉദ്യോഗാര്‍ത്ഥികളെ മുഖ്യമന്ത്രി ചര്‍ച്ചയ്ക്കു വിളിക്കണമെന്ന് ആവശ്യപ്പെട്ടാണ് കത്തയച്ചത്.

കടലില്‍ കാണാതായ മത്സ്യത്തൊഴിലാളികളുടെ തിരച്ചിലില്‍ മുഖ്യമന്ത്രിയേയും മന്ത്രിമാരേയും രൂക്ഷമായി വിമര്‍ശിച്ച് സിപിഎം

തിരച്ചിലില്‍ വലിയ വീഴ്ച ഉണ്ടായെന്നും തീരദേശ ജനത്തെ മുഖ്യമന്ത്രി ആക്ഷേപിച്ചു സംസാരിക്കുന്നെന്നും സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി എ മുഹമ്മദ് റിയാസ് പറഞ്ഞു.

സിപിഎം മലപ്പുറം മുന്‍ ജില്ലാ സെക്രട്ടറിയുടെ മകനെ മരിച്ച നിലയില്‍ കണ്ടെത്തി

ഇ എന്‍ മോഹന്‍ദാസിന്റെ മകന്‍ ധ്യാന്‍ മോഹനന്‍ (38)നെയാണ് പാലക്കാട് സ്വകാര്യ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഡോക്ടര്‍മാരുടെ സേവനം ലഭ്യമല്ലാത്തതിനെ തുടര്‍ന്ന് മലയോര മേഖലയിലെ പാണത്തൂര്‍ കുടുംബാരോഗ്യ കേന്ദ്രം അടച്ചുപൂട്ടി

ആശുപത്രിയില്‍ ഉണ്ടായിരുന്ന മൂന്ന് ഡോക്ടര്‍മാരും പിജി പരീക്ഷ എഴുതാനുള്ള മുന്നൊരുക്കത്തിന്റെ ഭാഗമായി അവധിയില്‍ പ്രവേശിച്ചതോടെയാണ് പ്രതിസന്ധി രൂക്ഷമായത്.

ശബരിമല യുവതിപ്രവേശന വിധിയെ പുകഴ്ത്തി മദ്രാസ് ഹൈക്കോടതി ജഡ്ജി

വര്‍ഷങ്ങള്‍ പഴക്കമുള്ള ആചാരങ്ങളേക്കാള്‍ പ്രധാനം ലിംഗസമത്വമെന്ന് ജസ്റ്റിസ് ആനന്ദ് വെങ്കിടേഷ് പറഞ്ഞു. ചെന്നൈയില്‍ ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട പുസ്തകപ്രകാശന ചടങ്ങിലായിരുന്നു പരാമര്‍ശം.

സംസ്ഥാന ബജറ്റില്‍ പ്രവാസികളെ പൂര്‍ണ്ണമായും തഴഞ്ഞെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍

നാടിന്റെ ആവശ്യങ്ങള്‍ക്കായുള്ള ലോക കേരള സഭ ഉള്‍പെടെയുള്ള പ്രവാസി പദ്ധതികളോട് യുഡിഎഫ് സര്‍ക്കാരിന്റെ സമീപനം എന്താകുമെന്ന് കണ്ടറിയണം. പ്രവാസി സമ്മേളനം തിരൂരില്‍ ഉദ്ഘാടനം ചെയ്തുസംസാരിക്കവേ അദ്ദേഹം പറഞ്ഞു.

ഓഫീസില്‍ എലിവിഷം കഴിച്ച് ചികിത്സയിലായിരുന്ന കാസര്‍കോട് കളക്ടറേറ്റിലെ സീനിയര്‍ ക്ലര്‍ക്ക് മരിച്ചു

എതിര്‍ത്തോട് സ്വദേശി ആശയാണ് മരിച്ചത്. 41 വയസ്സായിരുന്നു.

സ്ട്രോക്ക് ബാധിച്ച് ശരീരം തളര്‍ന്ന് കിടന്ന കിടപ്പു രോഗിയായ സ്ത്രീയെ പീഡിപ്പിച്ച പ്രതി പിടിയില്‍

പടപ്പക്കര ചരുവിള വീട്ടില്‍ ആന്റണിയുടെ മകന്‍ രാജുവിനെ (53) കുണ്ടറ പൊലീസ് അറസ്റ്റ് ചെയ്തു.

ജാര്‍ഖണ്ഡ് പബ്ലിക് സര്‍വീസ് കമ്മീഷനിലെ മൂന്ന് അംഗങ്ങള്‍ രാജിവച്ചു

പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട അന്വേഷണം മുറുകുന്നതിനിടെയാണ് രാജി. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സി ഐ ഡി നോട്ടീസ് നല്‍കിയതിന് പിന്നാലെയാണ് ഇവരുടെ രാജി.

വിദ്യാര്‍ഥി പ്രക്ഷോഭത്തില്‍ പങ്കെടുത്ത ജെന്‍സികളെ തെറ്റിദ്ധരിപ്പിക്കാന്‍ ചിലര്‍ ശ്രമിച്ചെന്ന് ധര്‍മേന്ദ്രപ്രധാന്‍

മുന്‍ കേന്ദ്രവിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്രപ്രധാന്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ജെന്‍സി തങ്ങളുടെ കുട്ടികളാണ്. അവര്‍ക്ക് അഭിലാഷങ്ങളുണ്ട്, അവര്‍ ഇന്ത്യയെ വിശ്വ ഗുരുവാക്കും.

അടിയന്തരാവസ്ഥ കാലത്ത് തടവില്‍ കഴിഞ്ഞവര്‍ക്ക് 10,000 രൂപ പ്രതിമാസ പെന്‍ഷന്‍ പ്രഖ്യാപിച്ച് പശ്ചിമബംഗാള്‍ സര്‍ക്കാര്‍

‘പശ്ചിമബംഗ ലോക് തന്ത്ര സേനാനി സമ്മാന്‍’ എന്നപേരിലാണ് പദ്ധതി പ്രഖ്യാപിച്ചത്.

പശ്ചിമ ബംഗാള്‍ മുന്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ കാറിന് നേരേ ആക്രമണം

ഞായറാഴ്ച നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയിലാണ് സംഭവം. അക്രമികള്‍ കല്ലുകളും ഇഷ്ടികകളും കൊണ്ട് തന്റെ കാര്‍ ആക്രമിച്ചെന്നും താന്‍ കൊല്ലപ്പെട്ടേക്കാമായിരുന്നുവെന്നും മമത ബാനര്‍ജി പറഞ്ഞു.

പ്രളയക്കെടുതിയില്‍ വലയുന്ന ആസാമില്‍ മരണസംഖ്യ 99 ആയി

12 ജില്ലകളിലെ 460 ഗ്രാമങ്ങളിലുള്ള 1,47,376 ആളുകള്‍ ഇപ്പോഴും പ്രളയക്കെടുതിയിലാണെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

മഹാരാഷ്ട്രയിലെ ബാരാമതി വിമാനത്താവളത്തില്‍ പരിശീലന പറക്കലിനിടെ വിമാനം അപകടത്തില്‍പ്പെട്ടു

റണ്‍വേയില്‍നിന്ന് തെന്നിനീങ്ങിയ വിമാനത്തിലുണ്ടായിരുന്ന രണ്ട് പൈലറ്റുമാരും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

ബെംഗളൂരുവില്‍ അനധികൃത കുടിയേറ്റക്കാരായ 105 ബംഗ്ലാദേശി പൗരന്മാരെ കസ്റ്റഡിയിലെടുത്തു

വൈറ്റ്ഫീല്‍ഡ്, ഇലക്ട്രോണിക്സ് സിറ്റി തുടങ്ങിയ മേഖലകളില്‍ ഓപ്പറേഷന്‍ മുക്ത എന്ന പേരിലാണ് പൊലീസ് പ്രത്യേക പരിശോധന നടത്തിയത്.

മുംബൈ നടിയെ പീഡിപ്പിച്ച കേസില്‍ സിനിമാ സംവിധായകന്‍ അറസ്റ്റില്‍

33-കാരിയായ നടിയുടെ പരാതിയില്‍ ഷക്കീല്‍ നൂറാനി (73) എന്ന സംവിധായകനാണ് അറസ്റ്റിലായത്.

ഇറാന്റെ പരമോന്നത നേതാവ് മൊജ്തബ ഖമനെയി ആരോഗ്യവാനായിരിക്കുന്ന ദൃശ്യം പുറത്തുവിട്ട് ഇറാന്‍ മാധ്യമം

മൊജ്തബ ഖമനെയി ഗുരുതരാവസ്ഥയിലാണെന്ന ഇസ്രായേലി മാധ്യമത്തിന്റെ റിപ്പോര്‍ട്ടിന് പിന്നാലെയാണ് മെഹ്ര് ന്യൂസ് ഏജന്‍സി ദൃശ്യങ്ങള്‍ പുറത്തുവിട്ടത്.

ഗാസയിലെ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സമാധാന പദ്ധതി തള്ളി ഇസ്രയേല്‍

‘ബോര്‍ഡ് ഓഫ് പീസ്’എന്ന പേരില്‍ ട്രംപ് മുന്നോട്ട് വച്ചിരുന്ന 15 ഇന സമാധാന പദ്ധതിയാണ് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു തള്ളിയത്.

ലഷ്‌കര്‍ ഇ തൊയ്ബയുടെ മുതിര്‍ന്ന കമാന്‍ഡര്‍ ഖാരി സയീദ് അബ്ദുള്‍ അസീസിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

പാകിസ്ഥാനിലെ ഇസ്ലാമബാദില്‍ മോസ്‌കില്‍ പ്രാര്‍ത്ഥനയ്ക്കായി എത്തുന്നതിന് മുന്‍പ് ഖാരി സയീദ് അബ്ദുള്‍ അസീസ് കുഴഞ്ഞുവീഴുകയായിരുന്നു.

നബിദിനം പ്രമാണിച്ച് യുഎഇയില്‍ പൊതു അവധി പ്രഖ്യാപിച്ചു

ഓഗസ്റ്റ് 28, വെള്ളിയാഴ്ചയാണ് അവധി. സ്വകാര്യ മേഖലയ്ക്കും ശമ്പളത്തോടുകൂടിയ അവധി ബാധകമായിരിക്കുമെന്ന് യുഎഇ ഗവണ്‍മെന്റ് അറിയിച്ചു.

പാകിസ്ഥാന്‍, സൗദി അറേബ്യ, തുര്‍ക്കി എന്നീ രാജ്യങ്ങള്‍ മക്ക സംയുക്ത പ്രതിരോധ കരാറില്‍ ഒപ്പുവെച്ചു

ഈ കരാര്‍ തികച്ചും പ്രതിരോധ സ്വഭാവമുള്ളതാണെന്നും മേഖലയില്‍ സമാധാനവും സ്ഥിരതയും ഉറപ്പാക്കുകയാണ് ലക്ഷ്യമെന്നും പാക് വിദേശകാര്യ മന്ത്രി ഇഷാഖ് ദാര്‍ വ്യക്തമാക്കി.

2027-ല്‍ നടക്കുന്ന ഐസിസി പുരുഷ ഏകദിന ലോകകപ്പിലേക്ക് നേരിട്ട് യോഗ്യത നേടുന്നതില്‍ വെസ്റ്റ് ഇന്‍ഡീസ് പരാജയപ്പെട്ടു

ഇനി യോഗ്യതാ മത്സരങ്ങള്‍ കളിച്ചാല്‍ മാത്രമേ വെസ്റ്റ് ഇന്‍ഡീസിന് ലോകകപ്പ് ടിക്കറ്റ് ഉറപ്പാക്കാന്‍ സാധിക്കൂ.

ലോക അണ്ടര്‍ 20 അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് ഇരട്ട മെഡല്‍ നേട്ടം

ഹൈജമ്പില്‍ ബസന്ത് കുമാര്‍ മേഘ്വാള്‍ വെള്ളി മെഡല്‍ നേടിയപ്പോള്‍, ലോങ് ജമ്പില്‍ ഷാനവാസ് ഖാന്‍ വെങ്കലം കരസ്ഥമാക്കി.

ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ സര്‍ഫറാസ് ഖാനെ ഉള്‍പ്പെടുത്തി

പരിക്കേറ്റ സായ് സുദര്‍ശന് പകരം മുംബൈ താരം സര്‍ഫറാസ് ഖാനെയാണ് ടീമില്‍ ഉള്‍പ്പെടുത്തിയത്.

കൊച്ചിന്‍ അന്താരാഷ്ട്ര എയര്‍പോര്‍ട്ട് ലിമിറ്റഡിന് ലാഭത്തില്‍ റെക്കോഡ്

കമ്പനിയുടെ ചരിത്രത്തിലാദ്യമായി സിയാലിന്റെ ലാഭം 500 കോടി കവിഞ്ഞു. നിക്ഷേപകര്‍ക്ക് 55% ലാഭവിഹിതം ബോര്‍ഡ് ശുപാര്‍ശ ചെയ്തു.

ആപ്പിളിന്റെ പുതിയ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സേവനങ്ങള്‍ക്ക് പ്രത്യേക സബ്‌സ്‌ക്രിപ്ഷന്‍ ഫീസ് ഏര്‍പ്പെടുത്തിയേക്കും

പുതിയ എ.ഐ സേവനങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് ആവശ്യമായ ഉയര്‍ന്ന കമ്പ്യൂട്ടിങ് ചെലവുകളാണ് ഈ തീരുമാനത്തിന് പിന്നില്‍.

സിദ്ദിഖും വിനയ പ്രസാദും ഒന്നിക്കുന്ന ‘മധുരമീ ജീവിതം’ റിലീസ് തിയതി പ്രഖ്യാപിച്ചു

ചിത്രം ഓഗസ്റ്റ് 14ന് തിയറ്ററുകളില്‍ എത്തും. സിദ്ദിഖിന്റെ കരിയറിലെ 351-ാമത് ചിത്രം കൂടിയാണിത്.

ലോകേഷ് കനകരാജ് നായകനായി അരങ്ങേറിയ ‘ഡിസി’ ചിത്രം തിയറ്ററുകളില്‍

അരുണ്‍ മാതേശ്വരന്‍ സംവിധാനം ചെയ്ത ചിത്രത്തിന് ഓപ്പണിംഗ് ഡേയില്‍ ആറ് കോടിയാണ് ആഗോള ബോക്സ് ഓഫീസ് കളക്ഷന്‍ ലഭിച്ചത്.

റോയല്‍ എന്‍ഫീല്‍ഡിന്റെ പുതിയ അഡ്വഞ്ചര്‍ ബൈക്ക് സെപ്റ്റംബറില്‍ വിപണിയില്‍ എത്തിയേക്കും

‘ഡി4ജി’ എന്ന് കോഡ് നെയിം നല്‍കിയിട്ടുള്ള ഹിമാലയന്‍ 440 പ്രോജക്ടിലാണ് പുതിയ ബൈക്ക് പുറത്തിറങ്ങുന്നത്.

വിക്ടര്‍ ഹ്യൂഗോയുടെ ‘പാവങ്ങള്‍’ നോവലിന്റെ പുനരാഖ്യാനം പുറത്തിറങ്ങി

ഇ.എ. കരുണാകരന്‍ നായര്‍ പുനരാഖ്യാനം ചെയ്ത നോവല്‍ മനോരമ ബുക്സ് ആണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. വില 370 രൂപ.

രക്തസമ്മര്‍ദം പരിശോധിക്കുമ്പോള്‍ കൈകള്‍ വെക്കുന്ന രീതി പ്രാധാന്യമര്‍ഹിക്കുന്നുവെന്ന് പഠനം

മേശ പോലുള്ള പ്രതലത്തില്‍ കൈകള്‍ വെച്ച് രക്തസമ്മര്‍ദം അളക്കുന്നതാണ് ഏറ്റവും കൃത്യമെന്ന് ജെഎഎംഎ ഇന്റേണല്‍ മെഡിസിന്‍ ട്രസ്റ്റഡ് സോഴ്സില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ വ്യക്തമാക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here