Home News പത്രം മലയാള ദിനപത്രങ്ങളിലൂടെ 2026 | മേയ് 28, വ്യാഴം (1201 | ഇടവം...

പത്രം മലയാള ദിനപത്രങ്ങളിലൂടെ 2026 | മേയ് 28, വ്യാഴം (1201 | ഇടവം 14, ചിത്തിര)

Advertisement

പത്രം മലയാള ദിനപത്രങ്ങളിലൂടെ

2026 | മേയ് 28, വ്യാഴം (1201 | ഇടവം 14, ചിത്തിര)
വാർത്തകൾ തയ്യാറാക്കിയത്: രജനീഷ് മൈനാഗപ്പള്ളി

ഏവർക്കും ബക്രീദ് ആശംസകൾ;

ഇന്നു ബലിപെരുനാള്‍. ഏവര്‍ക്കും ബക്രീദ് ആശംസകള്‍.

തിരുവനന്തപുരത്ത് ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവം: മുന്നൂറു പേർക്കെതിരെ വധശ്രമത്തിന് കേസ്, എട്ട് പേർ അറസ്റ്റിൽ

തിരുവനന്തപുരത്ത് ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചതിനു കണ്ടാലറിയുന്ന മുന്നൂറു പേര്‍ക്കെതിരേ വധശ്രമത്തിനു കേസ്. എട്ടു പ്രതികള്‍ അറസ്റ്റില്‍. ആറു പ്രതികളെ സിപിഎം പൊലീസിനു വിട്ടുകൊടുത്തിരുന്നു. ഡിവൈഎഫ്ഐ നേതാവ് ശ്രീജിത്ത്, എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎസ് സഞ്ജിവ് എന്നിവരെ പൊലീസ് അറസ്റ്റു ചെയ്തു. മറ്റു പ്രതികളെകൂടി ഉടനേ പിടികൂടുമെന്നു പോലീസ് അറിയിച്ചു.

മാസപ്പടി കേസ്: വീണ വിജയന്റെ ബാങ്ക് അക്കൗണ്ട് ഇഡി മരവിപ്പിച്ചു; 12 ഇടങ്ങളിൽ പരിശോധന

വീണ വിജയനെതിരായ മാസപ്പടി, കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ നിര്‍ണായക രേഖകള്‍ പിടിച്ചെടുത്തെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. വീണ വിജയന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു. വീണ വിജയന്‍ 1.78 കോടി രൂപ കൈപ്പറ്റിയെന്നാണു കേസ്. പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിലും എക്സാലോജിക് ഓഫീസിലും അടക്കം 12 ഇടങ്ങളില്‍ നടത്തിയ പരിശോധനയില്‍ ലഭിച്ച രേഖകള്‍ പരിശോധിച്ചു വരികയാണെന്നും എന്‍ഫോഴ്സ്മെന്റ് അറിയിച്ചു.

‘ഇവന്മാരെ കൊല്ലടാ’ എന്ന് ആക്രോശം; സിപിഎം പ്രവർത്തകർക്കെതിരെ ഗുരുതര വകുപ്പുകളോടെ എഫ്‌ഐആർ

‘ഇവന്മാരെ കൊല്ലടാ’ എന്ന് ആക്രോശിച്ച് മാരകായുധങ്ങളുമായി ആക്രമിച്ചെന്ന് സിപിഎം പ്രവര്‍ത്തകര്‍ക്കെതിരേ എഫ്ഐആര്‍. പ്രതികള്‍ക്കെതിരെ വധശ്രമത്തിനും ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനും കേസടുത്തു. വാഹനം തല്ലി തകര്‍ത്തതിന് പിഡിപിപി ആക്ടും ചുമത്തി. ഇഡി അസിസ്റ്റന്റ് ഡയറക്ടര്‍ വി. സനത്ത് റെഡ്ഡിയുടെ പരാതിയനുസരിച്ചാണു കണ്ടാലറിയാവുന്ന 300 പേര്‍ക്കെതിരെ കേസെടുത്തത്. മൂന്നു ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായതായും എഫ്ഐആറില്‍ പറയുന്നു.

ഇഡി ഉദ്യോഗസ്ഥർക്ക് നേരെയുണ്ടായ ആക്രമണം: കേന്ദ്ര ആഭ്യന്തര മന്ത്രാലയവും ഗവർണറും റിപ്പോർട്ട് തേടി

തിരുവനന്തപുരത്ത് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ക്കെതിരേ നടന്ന ആക്രമണത്തെക്കുറിച്ച് കേന്ദ്ര ആഭ്യന്തര വകുപ്പ് സംസ്ഥാന സര്‍ക്കാരിനോടു റിപ്പോര്‍ട്ടു തേടി. ഗവര്‍ണറും ഡിജിപിയോടു റിപ്പോര്‍ട്ടു തേടിയിട്ടുണ്ട്. ഡിജിപി ഫോണില്‍ വിവരങ്ങള്‍ അറിയിച്ചു. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറും സംഭവത്തിൽ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.

സിഎംആർഎൽ കേസ്: വീണ വിജയന്റേതടക്കം 242 അക്കൗണ്ടുകളിലായി 18.36 കോടി രൂപ മരവിപ്പിച്ചു

സിഎംആര്‍എല്‍ കേസുമായി ബന്ധപ്പെട്ട് വീണ വിജയന്റേതടക്കം 242 അക്കൗണ്ടുകളിലായി 18.36 കോടി രൂപ മരവിപ്പിച്ചെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. സിഎംആര്‍എല്ലില്‍ നിന്ന് പണം കൈപ്പറ്റിയ മറ്റുള്ളവര്‍ക്ക് എതിരെയും അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് ഇഡി അറിയിച്ചു.

ഇഡിക്ക് സുരക്ഷ ഒരുക്കിയില്ലെന്ന ആരോപണം ശരിയല്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥര്‍ക്കു പോലീസ് സുരക്ഷ ഒരുക്കിയില്ലെന്ന ആരോപണം ശരിയല്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. പോലീസിനെ അറിയിക്കാതെ കേന്ദ്ര സേനയുമായാണ് എന്‍ഫോഴ്സ്മെന്റ് റെയ്ഡിന് എത്തിയത്. കൂടുതൽ സിപിഎം പ്രവർത്തകർ സംഭവ സ്ഥലത്ത് എത്തിയതറിഞ്ഞു സുരക്ഷയ്ക്കു പോലീസുകാരെ നിയോഗിച്ചു. പരിശോധന പൂര്‍ത്തിയാക്കി പുറത്തുപോകാന്‍ പോലീസ് സംരക്ഷണം വേണമെന്ന് എന്‍ഫോഴ്സ്മെന്റ് അധികൃതരോ കേന്ദ്രസേനയോ ആവശ്യപ്പെട്ടില്ല. ഇതേസമയം, നിയമം കൈയിലെടുക്കാന്‍ എത്ര ഉന്നതരായാലും അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

റെയ്ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: പ്രതികളെ വിട്ടുതരണമെന്ന് സിപിഎമ്മിനോട് പോലീസ്

തിരുവനന്തപുരത്ത് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടില്‍ റെയ്ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികളെ വിട്ടുതരണമെന്ന് പോലീസ് സിപിഎം നേതൃത്വത്തോട് ആവശ്യപ്പെട്ടു. പ്രതികളുടെ ദൃശ്യങ്ങളും പേരും പോലീസ് സിപിഎം നേതാക്കള്‍ക്കു കൈമാറി. മുൻ കൗൺസിലർ ആറ്റുകാൽ ഉണ്ണി, പാളയം സന്തോഷ്, ആദർശ് എന്നിവരുൾപ്പെടെ 12 പ്രതികളുടെ ചിത്രങ്ങളാണ് പൊലീസ് കൈമാറിയത്.

പാളയം ഏരിയ കമ്മിറ്റി ഓഫീസിന് മുന്നിൽ പോലീസ്-സിപിഎം സംഘർഷം; നാല് പേർ അറസ്റ്റിൽ

പ്രതികള്‍ ഒളിത്താവളമാക്കിയ സിപിഎം പാളയം ഏരിയ കമ്മിറ്റി ഓഫീസിനു മുന്നില്‍ പോലീസും സിപിഎം പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം. നാലുപേര്‍ അറസ്റ്റിലായി. മനോജ്, ജീവന്‍, ശ്രീജിത്ത്, ഷാഹിന്‍ എന്നിവരാണ് അറസ്റ്റിലായത്. പാര്‍ട്ടി ഓഫീസില്‍ ഒളിപ്പിച്ച പ്രതികളെ വിട്ടുതരണമെന്ന് ആവശ്യപ്പെട്ട് പോലീസ് പാര്‍ട്ടി ഓഫീസ് വളഞ്ഞതാണു പ്രകോപന കാരണം. പോലീസിനെ സിപിഎം പ്രവര്‍ത്തകര്‍ പാര്‍ട്ടി ഓഫീസിലേക്കു പ്രവേശിപ്പിച്ചിരുന്നില്ല.

പിണറായി വിജയന്റെ വീടിന് മുന്നിൽ സംഘർഷം: ഇഡി ഉദ്യോഗസ്ഥരുടെ വാഹനങ്ങൾ തകർത്തു; ഡ്രൈവർക്ക് പരിക്ക്

തിരുവനന്തപുരത്തെ പിണറായി വിജയന്റെ വീട്ടിലെ റെയ്ഡ് പൂര്‍ത്തിയാക്കി മടങ്ങിയ എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച മൂന്നു ടാക്സി കാറുകള്‍ വീടിനു മുന്നില്‍ തടിച്ചുകൂടിയിരുന്ന സിപിഎം പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തു. അക്രമത്തില്‍ ഉദ്യോഗസ്ഥര്‍ക്കു പരിക്കേറ്റു. കല്ലും മരക്കഷണങ്ങളും കുപ്പിയും കൊണ്ട് വാഹനങ്ങളുടെ ചില്ലുകള്‍ തകര്‍ത്തു. കണ്ണിനു പരിക്കേറ്റ ഒരു ഡ്രൈവറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇത്തരത്തിലുള്ള നടപടികൾ കൊണ്ട് തളർത്താമെന്ന് വ്യാമോഹിക്കേണ്ടതില്ലെന്ന് പിണറായി വിജയൻ

എന്‍ഫോഴ്സ്മെന്റിന്റെ എട്ടു മണിക്കൂര്‍ നീണ്ട പരിശോധനയ്ക്കു പുറകേ, മുഷ്ടി ചുരുട്ടി പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്യുന്ന ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത് പിണറായി വിജയന്‍. ഇതൊരു തുടക്കം മാത്രമായേ കാണുന്നുള്ളൂവെന്നും ഇത്തരത്തിലുള്ള നടപടികള്‍ കൊണ്ട് തളര്‍ത്താമെന്ന് വ്യാമോഹിക്കേണ്ടതില്ലെന്നും പിണറായി വിജയന്‍ വ്യക്തമാക്കി. വീടിനു മുന്നില്‍ തടിച്ചുകൂടിയവരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിലേത് ബിജെപിയുടെ രാഷ്ട്രീയ പകപോക്കലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്

കോണ്‍ഗ്രസ് പിന്തുണയോടെ കേരളത്തില്‍ സി.പി.എമ്മിനെതിരെ ബി.ജെ.പി നടത്തുന്നത് രാഷ്ട്രീയ പകപോക്കലാണെന്നും ഇത്തരം ഭീഷണികള്‍ ഒരുകാലത്തും സി.പി.എമ്മിന് മുന്നില്‍ വിലപ്പോകില്ലെന്നും സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ്. പിണറായി വിജയനെയോ അദ്ദേഹത്തിന്റെ പ്രസ്ഥാനത്തേയോ തകര്‍ക്കാമെന്ന വ്യാമോഹം ബി.ജെ.പിക്കു വേണ്ടെന്നും സെക്രട്ടറിയേറ്റ് വാര്‍ത്താകുറിപ്പില്‍ പറഞ്ഞു.

ഡൽഹിയിൽ ഇഡി ആസ്ഥാനത്തേക്ക് മാർച്ച് നടത്തിയ എം എ ബേബി ഉൾപ്പെടെയുള്ള സിപിഎം നേതാക്കളെ അറസ്റ്റ് ചെയ്തു

ഡല്‍ഹിയില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തിയ സിപിഎം നേതാക്കളെ അറസ്റ്റു ചെയ്തു നീക്കി. സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബി അടക്കമുള്ള നേതാക്കളെയാണ് അറസ്റ്റു ചെയ്തത്.

പിണറായി വിജയന്റെ വസതിയിലെ ഇഡി റെയ്ഡ്: പ്രതികരിക്കാതെ മുഖ്യമന്ത്രി വി.ഡി. സതീശൻ

പിണറായി വിജയന്റെ വസതികളില്‍ ഇ.ഡി റെയ്ഡ് നടത്തിയ സംഭവത്തില്‍ പ്രതികരിക്കാതെ മുഖ്യമന്ത്രി വി.ഡി. സതീശന്‍. പല തവണ മാധ്യമങ്ങള്‍ സമീപിച്ചെങ്കിലും മുഖ്യമന്ത്രി പ്രതികരിക്കാന്‍ തയ്യാറായില്ല.

ഇഡി ഉദ്യോഗസ്ഥർക്ക് നേരെ നടന്ന ആക്രമണം ലജ്ജാകരം: രാജീവ് ചന്ദ്രശേഖർ

പിണറായി വിജയന്റെ വസതിക്ക് മുന്നില്‍ ഇഡി ഉദ്യോഗസ്ഥര്‍ക്കും അവരുടെ വാഹനത്തിനും നേരെ നടന്ന ആക്രമണം ലജ്ജാകരമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. സിപിഎമ്മിനെ സംരക്ഷിക്കാന്‍ കോണ്‍ഗ്രസ് നയിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ മൗനം പാലിക്കുകയാണെന്ന് അദ്ദേഹം വിമര്‍ശിച്ചു.

മുഖ്യമന്ത്രി വി.ഡി. സതീശൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി

മുഖ്യമന്ത്രി വി. ഡി. സതീശന്‍ ന്യൂഡല്‍ഹിയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി. കേരളത്തിലെ വികസന കാര്യങ്ങളും സംസ്ഥാനവുമായി ബന്ധപ്പെട്ട വിവിധ കേന്ദ്ര പദ്ധതികളുടെ പുരോഗതിയും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി. കൂടാതെ ആഭ്യന്തര സുരക്ഷയിലും സേനാ നവീകരണത്തിലും കേന്ദ്രത്തിന്റെ പിന്തുണ തേടി.

കൈക്കൂലി വാങ്ങുന്നതിനിടെ ചേർത്തല ഡിവൈഎസ്പി അനിൽകുമാർ വിജിലൻസ് പിടിയിൽ

കൈക്കൂലി വാങ്ങുന്നതിനിടെ ചേര്‍ത്തല ഡിവൈഎസ്പി അനില്‍കുമാറിനെ വിജിലന്‍സ് കയ്യോടെ പിടികൂടി. ശുചിമുറി മാലിന്യം നീക്കം ചെയ്യുന്ന വാഹനം വിട്ടുകൊടുക്കാന്‍ ചോദിച്ച രണ്ടു ലക്ഷം രൂപ കൈക്കൂലിയുടെ ആദ്യ ഗഡുവായ അമ്പതിനായിരം രൂപ വാങ്ങുന്നതിനിടെയാണ് അറസ്റ്റ് ഉണ്ടായത്.

20 വർഷത്തെ ജയിൽവാസത്തിന് ശേഷം അബ്ദുൽ റഹീം ഇന്ന് നാട്ടിലെത്തും

ഇരുപത് വര്‍ഷത്തെ ജയില്‍ വാസത്തിന് ശേഷം അബ്ദുല്‍ റഹീം മോചിതനായി ഇന്ന് നാട്ടിലെത്തും. റിയാദില്‍ നിന്ന് പുറപ്പെട്ട അദ്ദേഹം രാവിലെ 7.35ന് കരിപ്പൂര്‍ വിമാനത്താവളത്തിലിറങ്ങും. ജയില്‍ ഉദ്യോഗസ്ഥരാണ് റഹീമിനെ സൗദി എയര്‍പോര്‍ട്ടില്‍ എത്തിച്ച് എമിഗ്രെഷന്‍ ഉള്‍പ്പടെയുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്.

ബോട്ട് മുങ്ങിയ സംഭവം: വിഴിഞ്ഞത്ത് തടഞ്ഞുവെച്ച കപ്പൽ കൊച്ചി തുറമുഖത്തേക്ക് മാറ്റും

കപ്പലിടിച്ച് മീന്‍പിടിത്ത ബോട്ട് മുങ്ങിയ സംഭവത്തില്‍, വിഴിഞ്ഞത്ത് തടഞ്ഞുവച്ചിരിക്കുന്ന സോളിസ് എന്ന കപ്പലിനെ കൊച്ചി തുറമുഖത്തേക്ക് മാറ്റും.

അന്തർ സംസ്ഥാന ബൈക്ക് മോഷ്ടാക്കൾ കൊട്ടാരക്കരയിൽ പോലീസിന്റെ പിടിയിൽ

മോഷ്ടിച്ച ബൈക്കുമായി കറങ്ങിനടന്ന് മോഷണം നടത്തുന്ന അന്തര്‍ സംസ്ഥാന മോഷ്ടാക്കള്‍ പൊലീസിന്റെ പിടിയിലായി. കാവനാട് സ്വദേശി ശശി, പ്രവീണ്‍ എന്നിവരാണ് കൊട്ടാരക്കര പൊലീസിന്റെ പിടിയിലായത്.

വി മോഹന ഉൾപ്പെടെ നാല് പേരെ സുപ്രീംകോടതി ജഡ്ജിമാരാക്കാൻ കൊളീജിയം ശുപാർശ

നാലു പേരെ സുപ്രീംകോടതി ജഡ്ജിമാരാക്കാന്‍ കൊളീജിയം ശുപാര്‍ശ ചെയ്തു. സുപ്രീംകോടതിയിലെ സീനിയര്‍ അഭിഭാഷക വി മോഹന അടക്കമുള്ളവരെയാണ് കൊളീജിയം ജഡ്ജി ആക്കാന്‍ ശുപാര്‍ശ നല്‍കിയത്. പഞ്ചാബ്-ഹരിയാന ഹൈക്കോടതി ചീഫ് ജസ്റ്റിസ് ശീല്‍ നാഗു, ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ചന്ദ്രശേഖര്‍, ജമ്മു കശ്മീര്‍ ലഡാക്ക് ഹൈക്കോടതി ചീഫ് ജസ്റ്റിസ് അരുണ്‍ പാലി എന്നിവരെയും ജഡ്ജിമാരാക്കാന്‍ ശുപാര്‍ശ നല്‍കിയിട്ടുണ്ട്.

തമിഴ്‌നാട്ടിൽ ഗോവധം പൂർണ്ണമായി നിരോധിച്ച് മദ്രാസ് ഹൈക്കോടതി ഉത്തരവ്

തമിഴ്നാട്ടില്‍ ഗോവധം പൂർണമായി നിരോധിച്ച് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. ബക്രീദിന് പൊതുവിടങ്ങളില്‍ കന്നുകാലി കശാപ്പ് അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയിലാണ് അസാധാരണ ഉത്തരവ്. ബക്രീദിന് മാത്രമല്ല ഒരു ദിവസവും ഗോവധം പാടില്ലെന്ന് ചീഫ് സെക്രട്ടറിയും ക്രമസമാധാന ചുമതലയുള്ള എഡിജിപിയും ഉറപ്പാക്കണമെന്നും കോടതി നിർദ്ദേശിച്ചു.

ഇന്ത്യയിൽ എബോള കേസുകളില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം; ബംഗളൂരുവിൽ എത്തിയ യുവതിയുടെ ഫലം നെഗറ്റീവ്

ഇന്ത്യയില്‍ എബോള കേസ് റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഉഗാണ്ടയില്‍ നിന്ന് ബംഗളൂര്‍ വിമാനത്താവളത്തില്‍ എത്തിയ യുവതിയുടെ പരിശോധന ഫലം നെഗറ്റീവാണ്. നേരിയ ശരീരവേദനയൊഴിച്ചാല്‍ യുവതിക്ക് മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല.

തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി

തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. സംസ്ഥാനത്തിന്റെ ദീര്‍ഘകാല ആവശ്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന നിവേദനവും അദ്ദേഹം സമര്‍പ്പിച്ചു.

ഇഡി സർക്കാരിന്റെ സൈന്യമല്ല, പ്രവർത്തിക്കുന്നത് ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച്: മഹുവ മൊയിത്ര

എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സര്‍ക്കാരിന്റെ സൈന്യമല്ലെന്നും ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്നും തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയിത്ര. ഇഡിയുടെ നടപടി പ്രതിപക്ഷ നേതാക്കള്‍ക്കെതിരെ മാത്രമാണ്. പിണറായി വിജയന്റെ വസതിയില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തിയ റെയ്ഡിനെതിരേ പ്രതികരിക്കുകയായിരുന്നു അവര്‍.

സാങ്കേതിക തകരാർ: എയർ ഇന്ത്യയുടെ ഡൽഹി – സാൻഫ്രാൻസിസ്കോ വിമാനം തിരിച്ചിറക്കി

എയര്‍ ഇന്ത്യയുടെ ഡല്‍ഹി – സാന്‍ഫ്രാന്‍സിസ്‌കോ വിമാനം സാങ്കേതിക തകരാര്‍ മൂലം ഡല്‍ഹിയില്‍ തിരിച്ചിറക്കി. 230 യാത്രക്കാരുമായി പറന്നുയര്‍ന്ന് എട്ട് മണിക്കൂറിലധികം സഞ്ചരിച്ച ശേഷമാണ് വിമാനം തിരിച്ചിറക്കിയത്.

മൗണ്ട് എവറസ്റ്റിൽ മരിച്ച ഐടി പ്രൊഫഷണലിന്റെ ഭൗതികശരീരം കൊടുമുടിയിൽ തന്നെ ഉപേക്ഷിക്കാൻ തീരുമാനം

മൗണ്ട് എവറസ്റ്റ് കീഴടക്കി തിരിച്ചിറങ്ങുന്നതിനിടെ മരിച്ച ഹൈദരാബാദ് സ്വദേശിയായ ഐടി പ്രൊഫഷണല്‍ അരുണ്‍ കുമാര്‍ തിവാരിയുടെ (53) ഭൗതികശരീരം എവറസ്റ്റ് കൊടുമുടിയില്‍ തന്നെ ഉപേക്ഷിക്കാന്‍ കുടുംബം തീരുമാനിച്ചു. മലനിരകളോടുള്ള അദ്ദേഹത്തിന്റെ കടുത്ത പ്രണയത്തെ ഓര്‍ത്താണ് കുടുംബം ഈ തീരുമാനമെടുത്തത്.

ഐപിഎൽ എലിമിനേറ്റർ: വൈഭവ് സൂര്യവംശിയുടെ മാസ്മരിക ബാറ്റിംഗ്; ഹൈദരാബാദിനെ തകർത്ത് രാജസ്ഥാൻ ക്വാളിഫയറിൽ

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് രണ്ടാം ക്വാളിഫയറിന് യോഗ്യത നേടി. എലിമിനേറ്ററില്‍ പതിനഞ്ചുകാരന്‍ വൈഭവ് സൂര്യവംശിയുടെ മാസ്മരിക ബാറ്റിംഗിന്റെ കരുത്തിലാണ് രാജസ്ഥാന്‍ 47 റണ്‍സിന് സണ്‍റൈസേഴ്സ് ഹൈദരാാബദിനെ തകര്‍ത്തത്. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 243 റണ്‍സടിച്ചപ്പോൾ മറുപടി ബാറ്റിംഗിനിറങ്ങിയ ഹൈദരാബാദ് 19.2 ഓവറില്‍ 196 റണ്‍സിന് ഓള്‍ ഔട്ടായി. 29 പന്തില്‍ 97 റണ്‍സെടുത്ത വൈഭവ് സൂര്യവംശിയാണ് രാജസ്ഥാന്റെ ടോപ് സ്‌കോറര്‍. രാജസ്ഥാനു വേണ്ടി ജോഫ്ര ആര്‍ച്ചര്‍ 58 റണ്‍സിന് 3 വിക്കറ്റെടുത്തപ്പോള്‍ രവീന്ദ്ര ജഡേജ 2 വിക്കറ്റ് വീഴ്ത്തി. നാളെ ന്യൂചണ്ഡീഗഡില്‍ നടക്കുന്ന രണ്ടാം ക്വാളിഫയറില്‍ ഗുജറാത്ത് ടൈറ്റന്‍സുമായി രാജസ്ഥാന്‍ പൊരുതും.

കടുത്ത ചൂട്: ഐപിഎൽ മത്സരങ്ങൾ സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിലേക്ക് മാറ്റാൻ ബിസിസിഐ ആലോചന

ഐപിഎല്‍ മല്‍സരങ്ങള്‍ സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളിലേക്കു മാറ്റാന്‍ ബിസിസിഐ ആലോചിക്കുന്നു. മാര്‍ച്ച് മുതല്‍ മെയ് വരെയുള്ള കടുത്ത ചൂടുള്ള കാലാവസ്ഥയില്‍ മല്‍സരം നടത്തുന്നത് കളിക്കാര്‍ക്കു കടുത്ത ശാരീരിക ക്ഷീണമുണ്ടാക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണു മാറ്റത്തിനുള്ള ആലോചന.

ഐസിസി ടെസ്റ്റ് റാങ്കിംഗ്: ഇന്ത്യ മൂന്നാം സ്ഥാനത്ത്; ഓസ്‌ട്രേലിയ ഒന്നാമത്

ഐസിസി ടെസ്റ്റ് ടീം റാങ്കിംഗില്‍ 104 റേറ്റിംഗ് പോയിന്റുമായി ഇന്ത്യന്‍ ടീം മൂന്നാം സ്ഥാനം നിലനിര്‍ത്തി. 24 മത്സരങ്ങളില്‍ നിന്ന് 131 റേറ്റിംഗുമായി ഓസ്‌ട്രേലിയയാണ് ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാം സ്ഥാനത്ത്. 119 റേറ്റിംഗ് പോയിന്റുമായി ദക്ഷിണാഫ്രിക്ക രണ്ടാം സ്ഥാനത്താണ്. പാകിസ്ഥാനെതിരെ നടന്ന ടെസ്റ്റ് പരമ്പരയില്‍ ചരിത്രവിജയം നേടിയ ബംഗ്ലാദേശ് ടീം റാങ്കിംഗിലും പ്ലെയര്‍ റാങ്കിംഗിലും വന്‍ കുതിപ്പാണ് നടത്തിയത്.

എൽഐസിയുടെ 2% ഓഹരികൾ കൂടി വിറ്റഴിക്കാൻ കേന്ദ്രസർക്കാർ നീക്കം

രാജ്യത്തെ ഏറ്റവും വലിയ ഇന്‍ഷുറന്‍സ് കമ്പനിയും പൊതുമേഖലാ സ്ഥാപനവുമായ എല്‍ഐസിയുടെ 2% ഓഹരികള്‍ കൂടി വിറ്റഴിക്കാന്‍ കേന്ദ്രസര്‍ക്കാരന്റെ നീക്കം. ജൂണിലോ ജൂലൈയിലോ വില്‍പന പ്രതീക്ഷിക്കാം. ഇതുവഴി 10,000 കോടി രൂപ സമാഹരിക്കാമെന്ന് കരുതുന്നു. റിപ്പോര്‍ട്ടുകള്‍ വന്നതിന് പിന്നാലെ എല്‍ഐസിയുടെ ഓഹരിവില നഷ്ടത്തിലേക്ക് വീണു. 2022ല്‍ ആണ് കേന്ദ്രം ആദ്യമായി എല്‍ഐസി ഓഹരികള്‍ വിറ്റഴിച്ചത്. പ്രാരംഭ ഓഹരി വില്‍പനയിലൂടെ അന്ന് 3.5% ഓഹരികള്‍ വിറ്റഴിച്ച് 21,000 കോടി രൂപ സമാഹരിച്ചു. അതുവരെയുള്ള ഏറ്റവും വലിയ ഐപിഒയായിരുന്നു അത്. ഒന്നിന് 949 രൂപയ്ക്കായിരുന്നു വില്‍പന. സ്റ്റോക്ക് എക്സ്ചേഞ്ചുകളില്‍ നിന്നുള്ള ഇക്കഴിഞ്ഞ മാര്‍ച്ച് 31ലെ കണക്കുപ്രകാരം എല്‍ഐസിയില്‍ 96.5 ശതമാനമാണ് കേന്ദ്രത്തിന്റെ ഓഹരി പങ്കാളിത്തം. 5.23 ലക്ഷം കോടി രൂപ വിപണിമൂല്യമുള്ള കമ്പനിയാണ് എല്‍ഐസി.

ബിഎസ്എൻഎല്ലിൽ ഇഷ്ടനമ്പർ തിരഞ്ഞെടുത്ത് സിം കാർഡ് ബുക്ക് ചെയ്യാനുള്ള ഡിജിറ്റൽ സൗകര്യം നിലവിൽ വന്നു

ഇഷ്ടനമ്പര്‍ തിരഞ്ഞെടുത്ത് സിം കാര്‍ഡ് ബുക്കുചെയ്യാനുള്ള ഡിജിറ്റല്‍ സൗകര്യം ബി.എസ്.എന്‍.എലില്‍ നിലവില്‍വന്നു. കേരള സര്‍ക്കിള്‍ വികസിപ്പിച്ച പദ്ധതിയാണ് രാജ്യമാകെ ആരംഭിച്ചത്. ബി.എസ്.എന്‍.എല്‍. ഓഫീസുകളില്‍ പോകാതെയും പേപ്പര്‍രഹിതമായും പുതിയ കണക്ഷനുകള്‍ ഇനി സ്വന്തമാക്കാം. ബി.എസ്.എന്‍.എല്‍. വെബ്സൈറ്റിലെ ക്യു.ആര്‍. കോഡ് സ്‌ക്കാന്‍ചെയ്‌തോ ലിങ്ക് വഴിയോ ഉപയോക്താക്കള്‍ക്ക് വെബ്സൈറ്റില്‍ പ്രവേശിക്കാം. കെ.വൈ.സി. ഓണ്‍ലൈനായി പൂരിപ്പിക്കുക. ആധാര്‍ ഇ-കെ.വൈ.സി.വഴി ഐഡന്റിഫിക്കേഷന്‍ പൂര്‍ത്തിയാക്കുക. ഇഷ്ടനമ്പര്‍ തിരഞ്ഞെടുത്ത് കണക്ഷന്‍ ഉറപ്പിക്കുക. സിം കാര്‍ഡ് അടുത്തുള്ള കസ്റ്റമര്‍ കെയര്‍ സെന്ററില്‍നിന്ന് നേരിട്ട് കൈപ്പറ്റാം. അല്ലെങ്കില്‍ പോസ്റ്റ്മാന്‍, അംഗീകൃത ഡെലിവറി ഏജന്റുമാര്‍വഴി വീട്ടിലെത്തിക്കുന്ന സൗകര്യം ലഭ്യമായ സ്ഥലങ്ങള്‍ വെബ്സൈറ്റില്‍നിന്ന് തിരഞ്ഞെടുത്ത് അത് കൊടുക്കുക.

ആന്റണി വർഗീസിന്റെ ‘കാട്ടാളൻ’ നാളെ തിയേറ്ററുകളിലേക്ക്; മൂന്ന് പോസ്റ്റ് ക്രെഡിറ്റ് സീനുകളുണ്ടെന്ന് നിർമ്മാതാക്കൾ

ആന്റണി വര്‍ഗീസ് നായകനാകുന്ന ചിത്രം ‘കാട്ടാളന്‍’ മലയാള സിനിമ ഇതുവരെ കാണാത്ത ആക്ഷന്‍ രംഗങ്ങളുമായാണ് തിയേറ്ററിലേക്ക് എത്തുന്നത്. അതേസമയം ഉണ്ണി മുകുന്ദന്‍ നായകനായ മാര്‍ക്കോയുമായും കാട്ടാളന് ബന്ധമുള്ളതായി റിപ്പോര്‍ട്ടുകളുണ്ട്. വമ്പന്‍ സര്‍പ്രൈസുകളാണ് നാളെ തിയേറ്ററിലെത്തുന്ന ചിത്രത്തില്‍ കരുതി വച്ചിരിക്കുന്നതെന്നാണ് വിലയിരുത്തല്‍. ഇത് ശരിവെക്കുകയാണ് ചിത്രത്തിന്റെ നിര്‍മാതാക്കളായ ക്യൂബ്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ അറിയിപ്പ്. സിനിമ അവസാനിച്ചാലും ഉടന്‍ തിയേറ്റര്‍ വിടരുതെന്നും ചിത്രത്തില്‍ മൂന്ന് പോസ്റ്റ് ക്രെഡിറ്റ് സീനുകളുണ്ടെന്നുമാണ് നിര്‍മാതാക്കള്‍ അറിയിക്കുന്നത്. രണ്ട് പോസ്റ്റ് ക്രെഡിറ്റ് സീനുകള്‍ ടൈറ്റില്‍ കാര്‍ഡ് സമയത്തും മൂന്നാമത്തേത് എന്‍ഡ് ക്രെഡിറ്റ്‌സ് പൂര്‍ണ്ണമായി അവസാനിച്ചതിന് ശേഷവും ലഭിക്കും. പോള്‍ ജോര്‍ജ് ആണ് കാട്ടാളന്റെ സംവിധാനം. ഉണ്ണി ആറിന്റേതാണ് ഡയലോഗുകള്‍. ജഗദീഷ്, കബീര്‍ സിങ്, സുнил, ദുഷര വിജയന്‍, ഹനാന്‍ ഷാ, പാര്‍ത്ഥ് തിവാരി, ഹിപ്സ്റ്റര്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്.

ബിജു മേനോൻ ചിത്രം ‘അവറാച്ചൻ ആൻഡ് സൺസ്’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

ബിജു മേനോന്‍ നായകനാകുന്ന ചിത്രം ‘അവറാച്ചന്‍ ആന്‍ഡ് സണ്‍സി’ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസായി. മനോഹരമായ ദൃശ്യഭംഗിയും കഥാപാത്രങ്ങളുടെ കൗതുകകരമായ അവതരണവും കൊണ്ട് സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം തന്നെ ശ്രദ്ധ നേടുകയാണ് പോസ്റ്റര്‍. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ അവതരിപ്പിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ തമ്പി ആണ്. നര്‍മ മുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കിയ ഫാമിലി ഡ്രാമയായ ചിത്രം പൂര്‍ണ്ണ എന്റര്‍ടെയ്നറാണെന്ന് ഫസ്റ്റ് ലുക്ക് തന്നെ സൂചന നല്‍കുന്നു. ശ്രീനാഥ് ഭാസി, ഗണപതി, വിനയ് ഫോര്‍ട്ട്, ജോണി ആന്റണി, ഗ്രെയ്‌സ് ആന്റണി, അഖില ഭാര്‍ഗവന്‍, പൗളി വത്സന്‍, സാബുമോന്‍, കോട്ടയം നസീര്‍, വിനീത് തട്ടില്‍, സാജന്‍ പള്ളുരുത്തി, ആഷിഖ് ഖാലിദ്, സുധി കോപ്പ, സജിന്‍ ചെറുകയില്‍, ഷാജു ശ്രീധര്‍, നിഷാ സാരംഗ് എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അവറാച്ചന്‍ ആന്‍ഡ് സണ്‍സിന്റെ തിരക്കഥ ഒരുക്കുന്നത് ജോസഫ് വിജീഷും തമ്പിയും ചേര്‍ന്നാണ്.

റോയൽ എൻഫീൽഡ് ഹിമാലയൻ ഒഡിസി 22-ാം പതിപ്പ് പ്രഖ്യാപിച്ചു; റജിസ്ട്രേഷൻ ആരംഭിച്ചു

റോയല്‍ എന്‍ഫീല്‍ഡ് 125-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഐകോണിക് ഹിമാലയന്‍ ഒഡിസിയുടെ 22-ാം പതിപ്പ് പ്രഖ്യാപിച്ചു. ഇതുവരെ നടന്നതില്‍ ഏറ്റവും വലിയതും കൂടുതൽ റൈഡർമാരെ ഉൾക്കൊള്ളുന്നതുമായ പതിപ്പിനായുള്ള റജിസ്ട്രേഷന്‍ ഇപ്പോള്‍ ആരംഭിച്ചിരിക്കുകയാണ്. ഒറിജിനല്‍ ഒഡിസി, എക്സ്പ്ലോര്‍ സര്‍ക്യൂട്ട്, നുബ്രാ സര്‍ക്യൂട്ട്, കാര്‍ഗില്‍ സര്‍ക്യൂട്ട് എന്നീ നാല് വ്യത്യസ്ത റൂട്ടുകളിലൂടെയാണ് ഇത്തവണ യാത്ര സംഘടിപ്പിക്കുന്നത്. 2026 ജൂണ്‍ 25 മുതല്‍ ജൂലൈ 10 വരെ നടക്കുന്ന 16 ദിവസത്തെ ‘ഹിമാലയന്‍ ഒഡിസി ഒറിജിനല്‍’ ചണ്ഡീഗഡില്‍ നിന്ന് ആരംഭിച്ച് ഹിമാചല്‍, സന്‍സ്‌കര്‍, ലഡാക്ക് മേഖലകളിലൂടെ സഞ്ചരിച്ച് വീണ്ടും ചണ്ഡീഗഡില്‍ സമാപിക്കും. പുതിയ തലമുറ റൈഡര്‍മാരെ കൂടി ഉള്‍പ്പെടുത്തുന്നതിനായി യാത്രയുടെ ഫോര്‍മാറ്റില്‍ മാറ്റം വരുത്തിയതായി കമ്പനി അറിയിച്ചു.

സി.എ. കൃഷ്ണന്റെ പുതിയ പുസ്തകം ‘വൃത്താന്ത വൃത്തം’ പുറത്തിറങ്ങി

മലയാളത്തിന്റെ മാധ്യമ ചരിത്രത്തില്‍ ഇതുവരെ രേഖപ്പെടുത്തിക്കാണാത്ത നിരവധി വ്യക്തികളും സംഭവങ്ങളും കടന്നുവരുന്ന ഈ കൃതി, വാര്‍ത്തകളുടെ പിന്നിലെ പ്രതിബദ്ധതയും നൈതികതയും വെല്ലുവിളികളും വിശകരണം ചെയ്യുന്നു. ജനാധിപത്യത്തിലെ നാലാംതൂണിനെ കണ്ണിലെ കൃഷ്ണമണിപോലെ വളര്‍ത്തിക്കൊണ്ടുവന്ന പൂര്‍വ്വികരുടെ ജീവിതകഥകളോടൊപ്പം ഇവിടെ വളര്‍ന്നുപന്തലിച്ച മാധ്യമക്കൂട്ടായ്മ്മയുടെ അകക്കാഴ്ചകളിലൂടെ മാധ്യമചരിത്രത്തിന് പുതുമയാര്‍ന്നൊരു കണ്ണാടിയാവുകയാണ് ഈ രചന. ‘വൃത്താന്ത വൃത്തം’ – സി.എ. കൃഷ്ണന്‍. ഗ്രീന്‍ ബുക്സ്. വില 204 രൂപ.

മുഖത്ത് ഐസ് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ: അറിഞ്ഞിരിക്കേണ്ട ആരോഗ്യ വശങ്ങൾ

ഐസ് ചര്‍മത്തില്‍ ഉപയോഗിക്കുന്നത് രക്തക്കുഴലുകളെ സങ്കോചിപ്പിക്കുകയും വീക്കം കുറയ്ക്കുകയും ചര്‍മത്തില്‍ ഓക്സിജന്‍ വിതരണം മെച്ചപ്പെടുത്തുകയും ചെയ്യും. ഇത് ചര്‍മം കൂടുതല്‍ തിളക്കമുള്ളതും യുവത്വമുള്ളതുമാക്കും. ഐസ് ക്യൂബ്സ് ഉപയോഗം പൊതുവെ ഗുണകരവും സുരക്ഷിതവുമാണെന്നാണ് കരുതപ്പെടുന്നതെങ്കിലും ചര്‍മത്തില്‍ നേരിട്ട് ഉപയോഗിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. ദീര്‍ഘനേരം ഐസ് ചര്‍മത്തില്‍ ഉപയോഗിക്കുന്നതും നന്നല്ലെന്ന് വിദഗ്ധര്‍ പറയുന്നു. വൃത്തിയുള്ള ഐസ് ക്യൂബ്സ് വേണം ചര്‍മത്തില്‍ പ്രയോഗിക്കാന്‍. സ്‌കിന്‍ കെയറിന് വേണ്ടി പ്രത്യേകമുള്ള ഐസ് റോളറുകള്‍ ഉപയോഗിക്കുന്നതും നല്ലതാണ്. ചര്‍മത്തിലേക്ക് നേരിട്ട് പ്രപ്രയോഗിക്കുന്നതിന് പകരം വൃത്തിയുള്ള ഒരു തുണിയില്‍ പൊതിഞ്ഞ് ഉപയോഗിക്കുന്നതാണ് നല്ലത്. ഇത് അമിതമായി തണുപ്പേറ്റുണ്ടാകുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകും. വളരെ മൃദുലമായി വൃത്താകൃതിയില്‍ വേണം ഐസ് ചര്‍മത്തില്‍ ഉപയോഗിക്കാന്‍. അമിതമായി ബലം പ്രയോഗിക്കുന്നത് ഒഴിവാക്കണം കാരണം ഇത് ചര്‍മത്തെ പ്രകോപിപ്പിക്കുകയും അസ്വസ്ഥത ഉണ്ടാക്കുകയും ചെയ്യും. ഐസ് ഉപയോഗിച്ചുകഴിഞ്ഞയുടന്‍ മോയിസ്ച്ചറൈസര്‍ തേക്കണം. ഇത് ചര്‍മത്തില്‍ ജലാംശം ഉറപ്പാക്കുകയും വരണ്ടു പോകാതിരിക്കാന്‍ സഹായിക്കുകയും ചെയ്യും. സെന്‍സിറ്റീവ് ചര്‍മമോ ഏന്തെങ്കിലും അസ്വസ്ഥത ഉള്ള അവസ്ഥയോ ആണെങ്കില്‍ വിദഗ്ധ നിര്‍ദേശം തേടിയ ശേഷം മാത്രമേ ഇത്തരം പൊടികൈകള്‍ ചെയ്യാവൂ. നിങ്ങളുടെ ചര്‍മത്തിന് അനുയോജ്യമാണോ എന്ന് ഉറപ്പാക്കിയ ശേഷം ഇത്തരം ശീലങ്ങള്‍ പിന്തുടരുന്നതാണ് അഭികാമ്യം.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here