ഇറാനിൽ അമേരിക്കയുടെ ശക്തമായ ആക്രമണം
ഹോർമൂസിൽ മൂന്നു കപ്പലുകൾക്കുനേരെ ആക്രമണം നടത്തിയ ഇറാനിൽ അമേരിക്ക വീണ്ടും ശക്തമായ ആക്രമണങ്ങൾ നടത്തി. ഇറാന്റെ പ്രധാന തുറമുഖ നഗരങ്ങളായ ബന്ദർ അബ്ബാസ്, സിരിക് എന്നിവിടങ്ങളിലും അതീവ തന്ത്രപ്രധാന തീരദേശ മേഖലകളായ ചബാഹർ, കോണാർക്, ബുഷഹർ, ഖേഷം ദ്വീപുകളിലും യുഎസ് വ്യോമാക്രമണം നടത്തി. തുറമുഖങ്ങളിലെ സൈനിക കേന്ദ്രങ്ങൾ, കപ്പൽ വിരുദ്ധ മിസൈൽ വിക്ഷേപണ തറകൾ, തീരദേശ റഡാർ സംവിധാനങ്ങൾ, വ്യോമ പ്രതിരോധ സംവിധാനങ്ങൾ എന്നിവ തകർത്തെന്നു യുഎസ് സൈനിക വൃത്തങ്ങൾ വ്യക്തമാക്കി. എൺപതിലധികം കേന്ദ്രങ്ങൾ തകർത്തെന്നു യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു.
മേപ്പാടി ദുരന്തം: പുനരധിവാസ നടപടികൾ സ്വീകരിക്കും
മേപ്പാടിയിലെ ദുരന്തപ്രദേശത്തെ താമസക്കാരെ ആവശ്യമെങ്കിൽ പുനരധിവസിപ്പിക്കുമെന്ന് സ്ഥലം സന്ദർശിച്ച മുഖ്യമന്ത്രി വി.ഡി. സതീശൻ. ദുരന്തത്തെക്കുറിച്ച് സാങ്കേതികമായും നിയമപരമായും അന്വേഷിക്കും. വയനാടിനായി പ്രഖ്യാപിച്ച ബജറ്റ് നിർദേശങ്ങൾ സമയബന്ധിതമായി നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയോടൊപ്പം മന്ത്രിമാരായ എ.പി. അനിൽകുമാറും ടി. സിദ്ധിഖുമുണ്ടായിരുന്നു. നൂറ്റമ്പതോളം പേരുള്ള ദുരിതാശ്വാസ ക്യാമ്പിലും പരിക്കേറ്റ ഏഴു പേർ ചികിൽസയിലുള്ള ആശുപത്രിയിലും മുഖ്യമന്ത്രി എത്തി. കാണാതായ അഞ്ചു പേർക്കായി തെരച്ചിൽ തുടരുകയാണ്.
മൂന്നു ജില്ലകളിൽ അവധി
കനത്ത മഴ തുടരുന്നതിനാൽ കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി. പരീക്ഷകൾക്കു മാറ്റമില്ല. മൂന്നു ജില്ലകളിലും ഇന്ന് റെഡ് അലർട്ട്.
ദേശീയപാതാ വികസനം: 2039 കോടി അനുവദിച്ചു
സംസ്ഥാനത്ത് ദേശീയപാതാ വികസനത്തിനായി കേന്ദ്ര സർക്കാർ 2039 കോടി രൂപ അനുവദിച്ചതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ. ബഷീർ. കേന്ദ്ര ഗതാഗതവകുപ്പ് മന്ത്രി നിതിൻ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് മന്ത്രി ബഷീർ ഇക്കാര്യം അറിയിച്ചത്.
നടപ്പാതകളിലെ കൈയേറ്റം: ഹൈക്കോടതിയുടെ ചോദ്യം
നടപ്പാതകൾ തടസ്സപ്പെടുത്തുന്നില്ലെന്ന് ഉറപ്പാക്കാൻ സർക്കാർ നടപടി സ്വീകരിക്കുന്നുണ്ടോ എന്ന് ഹൈക്കോടതി. നടപ്പാത തടസ്സപ്പെടുത്തി വാഹനങ്ങൾ പാർക്ക് ചെയ്യുന്നുണ്ടെന്ന മാധ്യമ റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ ചോദ്യം. തിരുവനന്തപുരത്ത് റോഡ് കൈയേറി പരിപാടി നടത്തിയതിന് മേയർ വി.വി. രാജേഷ് അടക്കമുള്ളവർക്കെതിരേ ഫയൽ ചെയ്ത കോടതിയലക്ഷ്യ ഹർജി പരിഗണിക്കവേയാണ് കോടതിയുടെ ചോദ്യം.
വിഴിഞ്ഞം വിവാദം: എം.വി. ഗോവിന്ദൻ നിലപാട് തള്ളി
വിഴിഞ്ഞം തുറമുഖത്തെ അദാനിയുടെ ഓഹരി എംഎസ് സിക്കു വിൽക്കാനുള്ള നീക്കത്തെക്കുറിച്ചുള്ള വാർത്തയെ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എം. വി. ഗോവിന്ദൻ. എൽഡിഎഫ് സർക്കാരിന്റ നേട്ടമായി അവതരിപ്പിച്ച വാർത്ത മുഖ്യമന്ത്രി വി.ഡി. സതീശൻ വാർത്താസമ്മേളനത്തിനിടെ തുറന്നു കാണിച്ചിരുന്നു. ദേശാഭിമാനി കരുതലോടെ എഴുതേണ്ടതായിരുന്നെന്നു ഗോവിന്ദൻ പറഞ്ഞു. അതേസമയം, സതീശന് എല്ലാം അറിയാമായിരുന്നെന്നും കള്ളക്കളിയാണെന്നും ഗോവിന്ദൻ കുറ്റപ്പെടുത്തി.
കോഴിക്കോട് ജില്ലയിൽ ഖനനത്തിന് വിലക്ക്
കോഴിക്കോട് ജില്ലയിൽ ഖനന പ്രവർത്തനങ്ങൾക്ക് വിലക്കേർപ്പെടുത്തി. വെള്ളച്ചാട്ടങ്ങൾ, നദീതീരങ്ങൾ, ബീച്ചുകൾ അടക്കം എല്ലാ ജലാശയങ്ങളിലേക്കുള്ള പ്രവേശനവും നിരോധിച്ചു. ഉരുൾ പൊട്ടൽ സാധ്യത സ്ഥലങ്ങളിലേക്കും ചുരം മേഖലകളിലേക്ക് അടിയന്തരമല്ലാത്ത യാത്രകൾ ഒഴിവാക്കാനും ജില്ലാ കളക്ടർ നിർദേശം നൽകി.
മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസ്
എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസിൽ അന്വേഷണം പൂർത്തിയാക്കാൻ ഒരു മാസം ഹൈക്കോടതി സമയം അനുവദിച്ചു. ഇത് അവസാന അവസരമെന്നാണ് കോടതിയുടെ മുന്നറിയിപ്പ്. അതേസമയം, കേസിൽ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റണമെന്ന ഉപഹർജിയിൽ പ്രോസിക്യൂഷൻ മറുപടി നൽകാൻ സാവകാശം തേടി.
സുപ്രീം കോടതിയിൽ സ്റ്റാൻഡിങ് കൗൺസൽ നിയമനം
പ്രമുഖ അഭിഭാഷകനായ എം.ആർ. രമേശ് ബാബുവിനെ സുപ്രീം കോടതിയിലെ സീനിയർ സ്റ്റാൻഡിങ് കൗൺസലായി സംസ്ഥാന മന്ത്രിസഭാ യോഗം നിയമിച്ചു. ആദ്യമായിട്ടാണ് സുപ്രീം കോടതിയിൽ സ്റ്റാൻഡിങ് കൗൺസലിനെ നിയമിക്കുന്നത്. നാല് സ്റ്റാൻഡിങ് കൗൺസൽമാരെ നിയമിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചിട്ടുണ്ട്.
സർക്കാർ അഭിഭാഷകരുടെ എണ്ണം വർധിപ്പിച്ചു
കേരള ഹൈക്കോടതിയിലെ സർക്കാർ അഭിഭാഷകരുടെ എണ്ണം വർധിപ്പിച്ചു. മൂന്ന് സ്പെഷ്യൽ പ്ലീഡർ, നാല് സീനിയർ ഗവൺമെന്റ് പ്ലീഡർ, അഞ്ച് ഗവൺമെന്റ് പ്ലീഡർ എന്നിങ്ങനെ 11 പുതിയ തസ്തികയാണ് സൃഷ്ടിച്ചത്. കോടതികളുടെ എണ്ണവും കേസുകളുടെ ബാഹുല്യവും വർധിച്ചതിനാൽ കൂടുതൽ അഭിഭാഷകരെ നിയമിക്കണമെന്ന എജിയുടെ ആവശ്യപ്രകാരമാണ് നടപടി.
വൈദ്യുതി വിതരണത്തിൽ മന്ത്രിയുടെ വിശദീകരണം
സംസ്ഥാനത്ത് കടം വാങ്ങിയ വൈദ്യുതി മഴ ലഭിക്കുന്നതിനാൽ തിരികെ നൽകിയെന്നു മന്ത്രി സണ്ണി ജോസഫ്. വീണ്ടും വാങ്ങും. മഴയുടെ ഭാഗമായി വീണുപോയ വൈദ്യുത പോസ്റ്റുകൾ ഉടനേ പുനസ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വിജിലൻസ് മാന്വൽ പരിഷ്കരിച്ചു
അഴിമതിക്കെതിരായ പോരാട്ടം ശക്തമാക്കാൻ ലക്ഷ്യമിട്ട് കേരള വിജിലൻസ് മാന്വൽ പരിഷ്കരിച്ചു. ഡിജിറ്റൽ ഇടപാടുകളിലെ ക്രമക്കേടുകൾ കണ്ടെത്താനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ ഉൾപ്പെടെ, കാലാനുസൃതമായ മാറ്റങ്ങൾ വരുത്തിയ മാന്വൽ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പ്രകാശനം ചെയ്തു.
കെ. കരുണാകരൻ മെമ്മോറിയൽ മെഡിക്കൽ കോളേജ്
തിരുവനന്തപുരത്തെ രണ്ടാം മെഡിക്കൽ കോളേജിന് ‘കെ. കരുണാകരൻ മെമ്മോറിയൽ മെഡിക്കൽ കോളേജ്’ എന്ന് നാമകരണം ചെയ്ത് സംസ്ഥാന സർക്കാർ ഉത്തരവിറക്കി. ജനറൽ ആശുപത്രി, തൈക്കാട് ആശുപത്രി എന്നിവ ചേർത്താണ് പുതിയ മെഡിക്കൽ കോളജ് സ്ഥാപിക്കുന്നത്.
ലക്ഷദ്വീപ്: കൂട്ട പിരിച്ചുവിടലും കോഴ്‌സ് വെട്ടിക്കുറയ്ക്കലും
ലക്ഷദ്വീപിൽ കേന്ദ്ര സർക്കാർ നിരവധി ഉന്നത ഉദ്യോഗസ്ഥരെ കൂട്ടത്തോടെ പിരിച്ചുവിടുകയും കോളേജുകളിലെ ഡിഗ്രി കോഴ്സുകൾ വെട്ടിക്കുറയ്ക്കുകയും ചെയ്തു. പത്തു പേരെയാണ് പിരിച്ചുവിട്ടത്. കഴിഞ്ഞദിവസം 47 പേരെ കൂട്ടത്തോടെ പിരിച്ചുവിട്ടിരുന്നു. അലോട്ട്മെന്റിന് തലേന്ന് സർക്കാർ കോളജുകളിലെ കോഴ്സുകൾ വെട്ടിക്കുറച്ചു. ആന്ത്രോത്ത്, കടമത്ത്, മിനിക്കോയ് കോളേജുകളിലെ കോഴ്സുകളാണ് വെട്ടിക്കുറച്ചത്.
ബിജെപിയിൽ അഴിമതി ആരോപണം
സംസ്ഥാനത്തെ ബിജെപിയിൽ അഴിമതി ആരോപണം. തെരഞ്ഞെടുപ്പുകാലത്തു കൊടി വാങ്ങിയതിൽ ക്രമക്കേടുണ്ടെന്നും തെരഞ്ഞെടുപ്പിനു കേന്ദ്രം നൽകിയ 12 കോടി രൂപയ്ക്കു കണക്കില്ലെന്നും പാർട്ടി ഓഡിറ്റ് വിഭാഗം ആരോപിച്ചു. എന്നാൽ ആരോപണങ്ങൾ സംസ്ഥാന നേതൃത്വം നിഷേധിച്ചു. വിദേശത്തുള്ള സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ തിരിച്ചെത്തിയാൽ നടപടിയുണ്ടായേക്കും.
വഖഫ് ബോർഡ് പിരിച്ചു വിടണം: ഹർജി
മുൻ സർക്കാർ ചട്ട വിരുദ്ധമായി രൂപീകരിച്ച വഖഫ് ബോർഡ് പിരിച്ചു വിടണമെന്ന ഹർജിയിൽ സർക്കാരിന്റെ വിശദീകരണം തേടി ഹൈക്കോടതി. ക്രൈസ്തവ സഭകളുടെ കൂട്ടായ്മയായ ആക്ട്സ് നൽകിയ ഹർജിയിലാണ് നടപടി.
ഓണം സ്‌പെഷ്യൽ ട്രെയിനുകൾ
കേരളത്തിലേക്കു ഓണം സ്‌പെഷ്യൽ ട്രെയിനുകൾ. 06126 മംഗളൂരു സെൻട്രൽ- ചെന്നൈ എഗ്മോർ. 06125 ചെന്നൈ എഗ്മോർ-മംഗളൂരു സെൻട്രൽ ട്രെയിനുകളാണ് ദക്ഷിണ റെയിൽവേ പ്രഖ്യാപിച്ചത്.
അമ്പലപ്പുഴയിൽ കണ്ടെയ്നർ ലോറി അപകടം
അമ്പലപ്പുഴയിൽ കണ്ടെയ്നർ ലോറി വൈദ്യുത ലൈൻ തകർത്ത് റോഡിന് കുറുകെ കിടന്നു. ദേശീയപാതയിൽ വളഞ്ഞവഴി എസ് എൻ കവലയിലാണു സംഭവം.
ടെക്നോപാർക്കിൽ പുതിയ ഓഫീസ്
ആഗോള സെമികണ്ടക്ടർ രംഗത്തെ പ്രമുഖരായ ‘കായ്സെമി കൺട്രോൾ സിസ്റ്റംസ്’ ടെക്നോപാർക്കിൽ പുതിയ ഓഫീസ് തുറന്നു. ചിപ്പ് നിർമ്മാണത്തിനുള്ള സോഫ്‌റ്റ്‌വെയർ വികസിപ്പിക്കുന്നതിലൂടെ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ കഴിയുമെന്ന് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടന വേളയിൽ പറഞ്ഞു.
വിഴിഞ്ഞം: കെ.കെ. രാഗേഷിന്റെ പ്രതികരണം
വിഴിഞ്ഞത്ത് എല്ലാവർക്കും താത്പര്യമുണ്ടെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്. വിഴിഞ്ഞം കേരളത്തിന്റെ പൊതുമുതലാണെന്നും രാഗേഷ്. സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിക്ക് വിഴിഞ്ഞത്ത് എന്താണ് കാര്യമെന്നും കൂടുതൽ പറയുന്നില്ലെന്നും മുഖ്യമന്ത്രി വി ഡി സതീശൻ വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു.
തലശ്ശേരിയിൽ തട്ടിപ്പ് കേസ്
തലശ്ശേരി വ്യാപാരി വ്യവസായി വെൽഫയർ സഹകരണ സംഘം തട്ടിപ്പിൽ സെക്രട്ടറി ജോജിഷിനെ ഒന്നാം പ്രതിയാക്കി പോലീസ് കേസെടുത്തു. പോലീസിന് ലഭിച്ച മൂന്ന് പരാതികളിൽ മാത്രം ഒരു കോടിയിലേറെ രൂപ നഷ്ടപ്പെട്ടെന്നാണു കണ്ടെത്തൽ.
തൃണമൂൽ കോൺഗ്രസ് അക്കൗണ്ട് മരവിപ്പിച്ചു
തൃണമൂൽ കോൺഗ്രസിന്റെ ബാങ്ക് അക്കൗണ്ട് ഇഡി മരവിപ്പിച്ചു. ചാർട്ടഡ് വിമാനങ്ങൾ വാടകയ്ക്കടുത്തതുമായി ബന്ധപ്പെട്ട് ഇഡി നടത്തുന്ന അന്വേഷണത്തിന്റെ ഭാഗമായാണ് അക്കൗണ്ട് മരവിപ്പിച്ചത്. 440 കോടി രൂപ ബാങ്ക് ബാലൻസുള്ള അക്കൗണ്ടുകളാണു മരവിപ്പിച്ചത്.
ബദരിനാഥ് ക്ഷേത്രത്തിലും സംഭാവന കൊള്ള
അയോധ്യക്കു പിറകേ, ബദരിനാഥ് ക്ഷേത്രത്തിലെ സംഭാവന കൊള്ളയിൽ ഒരാൾക്കെതിരെ കേസ്. അന്വേഷണത്തിന് നാലംഗ പ്രത്യേക സംഘത്തെ സർക്കാർ നിയോഗിച്ചു. അയോധ്യയിലെ കൊള്ളയിൽ ക്ഷേത്ര ജീവനക്കാരൻ അവിനാശ് ശുക്ലയെ ഒന്നാം പ്രതിയാക്കി. ഉത്തർ പ്രദേശിന് പിന്നാലെയാണ് ബിജെപി ഭരിക്കുന്ന ഉത്തരാഖണ്ഡിലെ ബദരിനാഥ് ക്ഷേത്രത്തിലും സംഭാവന കൊള്ള നടന്ന വിവരങ്ങൾ പുറത്തുവന്നത്.
പുണെയിൽ കെട്ടിടം തകർന്നു
പുണെ ജില്ലയിലെ പിംപ്രി ചിഞ്ച്വാഡിൽ കനത്ത മഴയെത്തുടർന്ന് വൻ മാലിന്യക്കൂമ്പാരം കെട്ടിടത്തിനു മുകളിലേക്ക് ഇടിഞ്ഞുവീണ് അപകടം. മൂന്ന് നിലകളുള്ള കെട്ടിടമാണ് തകർന്നത്. കെട്ടിടത്തിനുള്ളിൽ പതിനഞ്ചോളം പേർ കുടുങ്ങി.
സി. ജോസഫ് വിജയിയുടെ മിന്നൽ സന്ദർശനം
തമിഴ്നാട്ടിലെ ചെന്നൈ എഗ്മൂർ സർക്കാർ ആശുപത്രിയിൽ മുഖ്യമന്ത്രി സി. ജോസഫ് വിജയിയുടെ മിന്നൽ സന്ദർശനം. ആശുപത്രിയിലെ സേവനങ്ങളുടെ ഗുണനിലവാരം നേരിട്ട് വിലയിരുത്തുന്നതിനും രോഗികൾക്ക് ലഭിക്കുന്ന പരിചരണം ഉറപ്പുവരുത്തുന്നതിനുമായിരുന്നു മുഖ്യമന്ത്രിയുടെ അപ്രതീക്ഷിത സന്ദർശനം.
ഡോക്ടറെ കൈയേറ്റം ചെയ്തു: ശിവസേന പ്രവർത്തകർ അറസ്റ്റിൽ
മഹാരാഷ്ട്രയിൽ വനിതാ ഡോക്ടറെയും ആശുപത്രി ജീവനക്കാരെയും കൈയേറ്റം ചെയ്ത സംഭവത്തിൽ മൂന്ന് ശിവസേന പ്രവർത്തകർ അറസ്റ്റിൽ. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നെങ്കിലും പോലീസ് കേസെടുത്തിരുന്നില്ല. കുഞ്ഞുങ്ങൾക്കായുളള ഐസിയുവിൽ കിടക്ക ഒഴിവില്ലാത്തതിനെ ചൊല്ലിയായിരുന്നു തർക്കം.
രാജ്‌കോട്ടിൽ കൊലപാതകം
ഗുജറാത്തിലെ രാജ്‌കോട്ടിൽ അമ്മയുടെ ലിവിങ് പങ്കാളിയെ യുവാവ് തെരുവിൽ ഓടിച്ചിട്ട് കുത്തിക്കൊലപ്പെടുത്തി. രാജ്‌കോട്ട് സ്വദേശിയായ കമലേഷ് (35) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ കമലേഷിന്റെ പങ്കാളിയായ നീതയുടെ മകൻ ജയന്ത് (20) നെ പോലീസ് അറസ്റ്റ് ചെയ്തു.
മെസ്സീന കടലിടുക്ക് പാലത്തിന് അനുമതി
ഇറ്റലിയെയും സിസിലി ദ്വീപിനെയും ബന്ധിപ്പിക്കുന്ന 3.7 കിലോമീറ്റർ നീളമുള്ള മെസ്സീന കടലിടുക്ക് പാലത്തിന് പ്രധാനമന്ത്രി ജോർജിയ മെലോണിയുടെ സർക്കാർ അന്തിമ അനുമതി നൽകി. പണി പൂർത്തിയായാൽ ഇത് ലോകത്തിലെ ഏറ്റവും നീളമേറിയ സിംഗിൾ-സ്പാൻ സസ്പെൻഷൻ പാലമാകും.
വിമാനങ്ങൾ കൂട്ടിയിടിച്ചു
എയർപോർട്ടിലെ റൺവേയിൽ വിമാനങ്ങൾ കൂട്ടിയിടിച്ചു. ഫിലിപ്പീൻസിലെ മനില നിനോയ് അക്വിനോ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. പാർക്ക് ചെയ്തിരുന്ന ഫിലിപ്പീൻസ് എയർലൈൻസ് വിമാനത്തിൽ സൗദി അറേബ്യയുടെ ഔദ്യോഗിക വിമാനക്കമ്പനിയായ ‘സൗദിയ’ ഇടിയ്ക്കുകയായിരുന്നു.
സോനം വാങ്ചുക് സമരം: വിശദീകരണം
ആക്ടിവിസ്റ്റായ സോനം വാങ്ചുക് അനിശ്ചിതകാല നിരാഹാരം തുടരുമ്പോൾ താൻ ഭക്ഷണം കഴിക്കുന്ന ദൃശ്യങ്ങൾ വലിയ ചർച്ചയായതോടെ കോക്രോച്ച് ജനതാപാർട്ടി സ്ഥാപകൻ അഭിജീത് ദീപ്കെ വിശദീകരണവുമായി രംഗത്ത്. മറ്റൊരു സന്ദർഭത്തിൽനിന്ന് അടർത്തിയെടുത്ത ദൃശ്യങ്ങളാണ് പ്രചരിക്കുന്നതെന്നും സമരം മുന്നോട്ടുകൊണ്ടുപോകാനാണ് താനടക്കമുള്ളവർ നിരാഹാര സമരത്തിൽനിന്ന് വിട്ടുനിൽക്കുന്നതെന്നും ദീപ്കെ പറഞ്ഞു.
സ്പെയിനുമായുള്ള വ്യാപാര ബന്ധം അവസാനിപ്പിക്കുന്നു
സ്പെയിനുമായുള്ള എല്ലാവിധ വ്യാപാര ബന്ധങ്ങളും അവസാനിപ്പിക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഉത്തരവിട്ടു. നാറ്റോയിൽ സ്പെയിൻ വളരെ മോശമായ പങ്കാളിയാണെന്ന് വിശേഷിപ്പിച്ചുകൊണ്ടാണ് ട്രംപ് ഈ കടുത്ത നടപടി പ്രഖ്യാപിച്ചത്.
അമേരിക്കയിൽ നിയമയുദ്ധം
അമേരിക്കയിൽ അഭയം തേടിയ ഇറാൻ പൗരന്മാരുടെ അതീവ രഹസ്യ സ്വഭാവമുള്ള വിവരങ്ങൾ യുഎസ് ഇമിഗ്രേഷൻ ഏജൻസികൾ ഇറാന് കൈമാറിയെന്ന് ആരോപിച്ച് നിയമയുദ്ധം. ഇറേനിയൻ അമേരിക്കൻ ലീഗൽ ഡിഫൻസ് ഫണ്ടും പബ്ലിക് സിറ്റിസൺ ലിറ്റിഗേഷൻ ഗ്രൂപ്പും സംയുക്തമായാണ് വാഷിംഗ്ടൺ ഡി.സി യിലെ ഫെഡറൽ കോടതിയിൽ ട്രംപ് ഭരണകൂടത്തിനെതിരെ കേസ് ഫയൽ ചെയ്തത്.
നിജ്ജാർ കൊലപാതകം: അന്വേഷണത്തിൽ വഴിത്തിരിവ്
കാനഡയും ഇന്ത്യയും തമ്മിലുള്ള നയതന്ത്ര ബന്ധത്തിൽ വൻ വിള്ളലുണ്ടാക്കിയ ഖാലിസ്ഥാൻ വിഘടനവാദി നേതാവ് ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തിൽ പുതിയ വഴിത്തിരിവ്. ഇന്ത്യയിൽ ജയിലിൽ കഴിയുന്ന അധോലോക നായകൻ ലോറൻസ് ബിഷ്ണോയിയും അമേരിക്കൻ കൂട്ടാളി ഗോൾഡി ബ്രാർ എന്ന സതീന്ദർജീത് സിംഗുമാണ് ഇതിന് പിന്നിലെന്ന് അമേരിക്കൻ അന്വേഷണം വ്യക്തമാക്കി.
ഇന്ത്യ-ഇംഗ്ലണ്ട് ടി20
ഇന്ത്യ-ഇംഗ്ലണ്ട് ടി20 പരമ്പരയിലെ നാലാം മത്സരം ഇന്നു ബ്രിസ്റ്റളിൽ നടക്കും. പരമ്പരയിലെ ആദ്യ മത്സരം മഴയെടുത്തപ്പോൾ അടുത്ത രണ്ട് കളികളും തോറ്റ ഇന്ത്യ 5 മത്സര പരമ്പരയിൽ 0-2 ന് പിന്നിലാണ്.
സ്‌പോർട്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യയ്ക്ക് അംഗീകാരമില്ല
സ്‌പോർട്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യ എന്ന പേരിൽ പ്രവർത്തിക്കുന്ന സംഘടനയ്ക്ക് കേന്ദ്ര കായിക-യുവജന മന്ത്രാലയത്തിന്റെ അംഗീകാരമില്ലെന്ന് പ്രസ് ഇൻഫർമേഷൻ ബ്യൂറോ.
ഈജിപ്റ്റിന്റെ പരാതി
അർജന്റീനയോട് പരാജയപ്പെട്ട ഈജിപ്റ്റ് മത്സരം നിയന്ത്രിച്ച റഫറി ഫ്രാൻസ്വ ലെറ്റെക്സിയറുടെ തീരുമാനങ്ങൾക്കെതിരെ ഫിഫക്ക് പരാതി. തങ്ങളുടെ ഗോൾ അനുവദിക്കാതെ ഏകപക്ഷീയമായി റഫറി പ്രവർത്തിച്ചതെന്ന പരാതിയുമായാണ് ഈജിപ്ഷ്യൻ ഫുട്ബോൾ ഫെഡറേഷൻ അന്താരാഷ്ട്ര ഫുട്ബോൾ സംഘടനയായ ഫിഫയെ സമീപിച്ചത്.
ഫിഫ ലോകകപ്പ് ക്വാർട്ടർ ഫൈനൽ
ഫിഫ ലോകകപ്പിൽ ഇനി ക്വാർട്ടർ ഫൈനൽ പോരാട്ടം. നിലവിലെ ചാമ്പ്യന്മാരായ അർജന്റീന, മുൻ ചാമ്പ്യന്മാരായ ഫ്രാൻസ്, സ്പെയിൻ, ഇംഗ്ലണ്ട്, കറുത്ത കുതിരകളായ നോർവെ, വിസ്മയ മുന്നേറ്റം നടത്തിയ ബെൽജിയം, സ്വിറ്റ്സർലാൻഡ്, ആഫ്രിക്കൻ ചാമ്പ്യന്മാരായ മൊറോക്കോ എന്നീ ടീമുകളാണ് സെമി ലക്ഷ്യമിട്ട് ഇറങ്ങുന്നത്. ഇന്ത്യൻ സമയം വെള്ളിയാഴ്ച പുലർച്ചെ 1.30 മുതൽ നടക്കുന്ന ആദ്യ ക്വാർട്ടർ മത്സരത്തിൽ ഫ്രാൻസും മൊറോക്കോയും തമ്മിൽ ഏറ്റുമുട്ടും.
റിസർവ് ബാങ്ക് സ്വർണ്ണശേഖരം വർദ്ധിപ്പിക്കുന്നു
റിസർവ് ബാങ്ക് വിദേശനാണയ ശേഖരത്തിൽ ഡോളർ ഒഴിവാക്കി സ്വർണ്ണത്തിന്റെ അളവ് കൂട്ടുന്നു. രണ്ടുവർഷത്തിനിടെ 61.5 ടൺ സ്വർണം വാങ്ങിയതും രാജ്യാന്തര വിപണിയിൽ സ്വർണ്ണവില കുത്തനെ ഉയർന്നതും ആർ.ബി.ഐയുടെ സ്വർണ്ണശേഖരത്തിന്റെ മൂല്യം റെക്കോഡ് ഉയരമായ 11,582 കോടി ഡോളറിലെത്തിച്ചു. വിദേശനാണയ ശേഖരത്തിൽ സ്വർണ്ണത്തിന്റെ വിഹിതം ഒരു വർഷത്തിനിടെ 12ൽ നിന്ന് 17 ശതമാനമായി ഉയർന്നു. 2015ൽ 557.18 ടൺ മാത്രമായിരുന്ന സ്വർണ്ണശേഖരം ഇപ്പോൾ 880.52 ടണ്ണാണ്.
മെറ്റയുടെ പുതിയ ‘മ്യൂസ് ഇമേജ്’
മാർക്ക് സക്കർബർഗിന്റെ മെറ്റാ പ്ലാറ്റ്‌ഫോംസിന്റെ ആദ്യ ഇമേജ്-ജനറേഷൻ മോഡലായ ‘മ്യൂസ് ഇമേജ്’ പുറത്തിറക്കി. മെറ്റാ സൂപ്പർ ഇന്റലിജൻസ് ലാബ്‌സാണ് ഈ പുതിയ മോഡൽ വികസിപ്പിച്ചത്. സങ്കീർണ്ണമായ പ്രോംറ്റുകൾ മനസ്സിലാക്കാനും ചിത്രങ്ങൾ ഇൻപുട്ടായി സ്വീകരിക്കാനും ഈ സംവിധാനത്തിന് സാധിക്കും. കൂടാതെ, എഐ നിർമ്മിക്കുന്ന ചിത്രങ്ങൾ നേരിട്ട് എഡിറ്റ് ചെയ്യാനും കഴിയും.
ടോക്‌സിക്: ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി
ഗീതു മോഹൻദാസിന്റെ സംവിധാനത്തിൽ യഷ് നായകനാകുന്ന ബിഗ് ബജറ്റ് ചിത്രം ‘ടോക്‌സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രൗൺ-അപ്‌സി’-ലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി. ‘തബാഹി’ എന്ന് പേരിട്ടിരിക്കുന്ന വീഡിയോ ഗാനത്തിൽ യഷിന്റെയും കിയാര അദ്വാനിയുടെയും തീവ്രമായ പ്രണയരംഗങ്ങളാണുള്ളത്.
റോട്ടൻ സൊസൈറ്റി: ആഗോള നേട്ടങ്ങൾ
മലയാള സിനിമാ ലോകത്തിന് അഭിമാനമായ പരീക്ഷണാത്മക ചിത്രം ‘റോട്ടൻ സൊസൈറ്റി’ ആഗോളതലത്തിൽ അപൂർവനേട്ടങ്ങൾ കൈവരിച്ച് മുന്നേറുന്നു. ഏറ്റവും കൂടുതൽ പുരസ്‌കാരങ്ങൾ (150 അവാർഡുകൾ) കരസ്ഥമാക്കുന്ന ‘ഫൗണ്ട് ഫൂട്ടേജ്’ ഫീച്ചർ ഫിലിം എന്ന റെക്കോഡോടെ ചിത്രം അമേരിക്ക ബുക്ക് ഓഫ് റെക്കോർഡ്‌സിൽ ഇടം നേടി.
ഒബെൻ ഇലക്ട്രിക്കിന്റെ റോർ ഇവോ
ഒബെൻ ഇലക്ട്രിക് അവരുടെ പുതിയ ഇലക്ട്രിക് ബൈക്കായ റോർ ഇവോ പുറത്തിറക്കി. സ്മാർട്ട് ഐക്യു സാങ്കേതികവിദ്യ ഉൾക്കൊള്ളുന്ന വ്യവസായത്തിലെ ആദ്യത്തെ ബൈക്കാണ് റോർ ഇവോ. പൂർണ്ണമായി ചാർജ് ചെയ്താൽ 180 കിലോമീറ്റർ സഞ്ചരിക്കാൻ കഴിയുമെന്ന് കമ്പനി അവകാശപ്പെടുന്നു.
ഒഥെല്ലോ ലളിതമലയാള പരിഭാഷ
ഷേക്സ്പിയർ നാടകത്തിന്റെ ലളിതമലയാള പരിഭാഷ. ‘ഒഥെല്ലോ’. വില്ല്യം ഷേക്സ്പിയർ. വിവർത്തനം – എം.രാജീവ് കുമാർ. പരിധി പബ്ലിക്കേഷൻസ്.
അത്താഴം: ആരോഗ്യപരമായ തിരഞ്ഞെടുപ്പുകൾ
അത്താഴം ലളിതമായില്ലെങ്കി































