നോർവെയ്ക്ക് മുന്നിൽ അടിയറവ് പറഞ്ഞ് ബ്രസീൽ
കാനറികള്‍ കണ്ണീരോടെ കളംവിട്ടു. അഞ്ചു ലോക കിരീടങ്ങളുടെ പെരുമയുള്ള ബ്രസീലിനെ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്ക് അട്ടിമറിച്ച് നോര്‍വെ ക്വാര്‍ട്ടറില്‍. കോടിക്കണക്കിനു ബ്രസീല്‍ ആരാധകരുടെ നെഞ്ചകം തകര്‍ത്തുകൊണ്ടാണ് 79ാം മിനിറ്റില്‍ നോര്‍വേയുടെ എര്‍ലിങ് ഹാളണ്ട് ഹെഡറിലൂടെ ബ്രസീല്‍ വല കുലുക്കിയത്. 90 ാം മിനിറ്റില്‍ കിടിലനൊരു ഇടംകാലനടിയില്‍ ഹാളണ്ട് നോര്‍വെയുടെ വിജയഗോള്‍ പൂര്‍ത്തിയാക്കി. 14-ാം മിനിറ്റില്‍ ബ്രൂണോ ഗ്വിമറെഷ് നഷ്ടപ്പെടുത്തിയ പെനാല്‍റ്റിക്ക് ബ്രസീലിന് നല്‍കേണ്ടി വന്ന വില വളരെ വലുതായിരുന്നു. കളിയവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ ലഭിച്ച പെനാല്‍റ്റി വലയിലെത്തിച്ച് നെയ്മറാണ് ബ്രസീലിന് ആശ്വാസ ഗോള്‍ നേടിയത്.
ഡയറ്റ് ലക്ചറർ റാങ്ക് ലിസ്റ്റിൽ പിഎസ്‌സിക്കെതിരെ ആരോപണം
പിഎസ് സിക്കെതിരേ വീണ്ടും ആരോപണം. ഡയറ്റ് ലക്ചറര്‍ തസ്തികയിലേക്കുള്ള റാങ്ക് ലിസ്റ്റിനെതിരേയാണ് പുതിയ ആരോപണം. ഇടത് അധ്യാപക സംഘടനയായ കെഎസ്ടിഎ സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍ക്കും വേണ്ടപ്പെട്ടവര്‍ക്കും മാത്രമാണു റാങ്ക് ലിസ്റ്റില്‍ ഇടം നല്‍കിയതെന്നാണ് ആരോപണം.
ഊരാളുങ്കൽ അടക്കമുള്ള ഏജൻസികൾക്ക് ടെണ്ടറില്ലാതെ കരാറിന് അനുമതി
സിപിഎമ്മിന്റെ നിയന്ത്രണത്തിലുള്ള ഊരാളുങ്കല്‍ സര്‍വീസ് സൊസൈറ്റി അടക്കം 46 ഏജന്‍സികള്‍ക്കു ടെണ്ടറില്ലാതെ കരാറെടുക്കുന്നതിനുള്ള അനുമതി യുഡിഎഫ് സര്‍ക്കാര്‍ പുതുക്കിക്കൊടുത്തു. കഴിഞ്ഞ മേയ് 31 ന് ഊരാളുങ്കലിന്റേതടക്കം കാലാവധി കഴിഞ്ഞിരുന്നു. ഈ മാസം അവസാനംവരെ കാലാവധി നീട്ടി ധനവകുപ്പാണ് ഉത്തരവിറക്കിയത്.
പ്രതിപക്ഷ ഉപനേതാവ് പദവി: എൽഡിഎഫിൽ വീണ്ടും തർക്കം
പ്രതിപക്ഷ ഉപനേതാവ് പദവിയെച്ചൊല്ലി എല്‍ഡിഎഫില്‍ വീണ്ടും തര്‍ക്കം. പ്രതിപക്ഷ ഉപനേതാവ് പദവി വേണമെന്ന നിലപാടില്‍ നിന്ന് പിന്നോട്ടില്ലെന്ന് സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി പി പി സുനീര്‍ വ്യക്തമാക്കി. ഏകപക്ഷീയമായി എടുക്കേണ്ട തീരുമാനമല്ല. പിണറായി പറഞ്ഞത് പാര്‍ട്ടിയുടെ നിലപാടാണോയെന്നു സിപിഎം വ്യക്തമാക്കണം. സുനീര്‍ പറഞ്ഞു.
വിമത എംഎൽഎമാരുടെ മടങ്ങിവരവ്: നിലപാട് വ്യക്തമാക്കി സിപിഎം
തെറ്റ് തിരുത്തി ടി കെ ഗോവിന്ദനും വി കുഞ്ഞികൃഷ്ണനും പാര്‍ട്ടിയില്‍ തിരിച്ചുവരുന്നതിനു തടസ്സമില്ലെന്ന് സിപിഎം നേതാവ് എം.വി. ജയരാജന്‍. നിലപാട് പറയേണ്ടത് വിമത എംഎല്‍എമാരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ അതു പാര്‍ട്ടി നിലപാടല്ലെന്നും ഓരോരുത്തരും ഓരോ ചാനലില്‍ സംസാരിക്കുന്നതിന് മറുപടി പറയേണ്ടതില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍.
തെറ്റ് പറ്റിയത് തനിക്കല്ല, സിപിഎമ്മിനെന്ന് ടി.കെ. ഗോവിന്ദൻ എംഎൽഎ
തനിക്കല്ല, തെറ്റു പറ്റിയത് സിപിഎമ്മിനും അതിലെ നേതാക്കള്‍ക്കുമാണെന്ന് ടി.കെ. ഗോവിന്ദന്‍ എംഎല്‍എ. സിപിഎമ്മും നേതാക്കളുമാണു തിരുത്തേണ്ടത്. തങ്ങള്‍ തിരികെ വരുന്നതിനെക്കുറിച്ച് ചര്‍ച്ച നടത്തേണ്ട അവസ്ഥയിലേക്ക് പാര്‍ട്ടിക്ക് ഭാവിയില്‍ തിരുത്തല്‍ വരുത്തേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.
എന്നും കമ്മ്യൂണിസ്റ്റുകാരൻ, വേറെ പാർട്ടിയിലേക്കില്ലെന്ന് വി. കുഞ്ഞിക്കണ്ണൻ
താന്‍ എന്നും കമ്മ്യൂണിസ്റ്റുകാരനാണെന്നും വേറെ ഒരു പാര്‍ട്ടിയിലേക്കുമില്ലെന്നും വി. കുഞ്ഞിക്കണ്ണന്‍ എംഎല്‍എ. തെറ്റു തിരുത്തി തിരികെ വരണമെന്ന എംവി ജയരാജന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പിഎംശ്രീ ഒപ്പിട്ടതടക്കമുള്ള വിഷയങ്ങളില്‍ സിപിഎമ്മിന്റെ നിലപാടു ശുദ്ധമല്ല. അച്ചടക്കലംഘനം കാണിക്കുന്നവരെ കോടാലിക്കൈ, വര്‍ഗ വഞ്ചകന്‍, ഒറ്റുകാരന്‍ തുടങ്ങിയ പദാവലികള്‍ പ്രയോഗിക്കുന്നവരാണ് സിപിഎമ്മുകാരെന്നും അദ്ദേഹം പരിഹസിച്ചു.
വിഴിഞ്ഞം തുറമുഖ കരാർ റദ്ദാക്കണമെന്ന് എം.വി. ഗോവിന്ദൻ
വിഴിഞ്ഞം തുറമുഖത്തെ എംഎസ്സി കമ്പനിക്കു വില്‍ക്കാനുള്ള കരാര്‍ റദ്ദാക്കണമെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. കരാറിലൂടെ വിഡി സതീശന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കാണ് ആനുകൂല്യം ലഭിക്കുന്നതെന്നും ഇതൊരു വലിയ ഡീലാണെന്നും ഗോവിന്ദന്‍ പറഞ്ഞു.
നെടുമ്പാശേരി വിമാനത്താവളത്തിന് കെ കരുണാകരന്റെ പേര് നൽകണമെന്ന് വി എം സുധീരൻ
നെടുമ്പാശേരി വിമാനത്താവളത്തിന് കെ കരുണാകരന്റെ പേര് നല്‍കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍. കെ കരുണാകരന്റെ സ്വപ്നമായിരുന്നു നെടുമ്പാശേരി വിമാനത്താവളം. രാജ്യത്തെ എണ്ണപ്പെട്ട വിമാനത്താവളമായി നെടുമ്പാശേരി മാറിയതില്‍ നന്ദി പറയേണ്ടത് കരുണാകരനോടാണെന്നും വി എം സുധീരന്‍ പറഞ്ഞു.
പത്തനംതിട്ടയിൽ 13 കാരിയുടെ പീഡന പരാതി വ്യാജമെന്ന് പോലീസ്
പത്തനംതിട്ടയില്‍ ലൈംഗികമായി പീഡിപ്പിച്ചെന്ന 13 കാരിയുടെ മൊഴി കള്ളമാണെന്നു പൊലീസ്. പ്രണയിച്ച സഹപാഠി ഉള്‍പ്പെടെ ഉപദ്രവിച്ചെന്ന ആരോപണം പ്രണയനൈരാശ്യം മൂലം ഉന്നയിച്ചതാണെന്നു പൊലീസ്. പെണ്‍കുട്ടിയെ മെഡിക്കല്‍ പരിശോധനക്കു വിധേയമാക്കിയപ്പോള്‍ ലൈംഗിക ചൂഷണം നടന്നിട്ടില്ലെന്ന് തെളിഞ്ഞിരുന്നു.
വ്യാജ പരാതിയിൽ കസ്റ്റഡിയിലെടുത്ത യുവാവിനെ പോലീസ് മർദ്ദിച്ചതായി ആരോപണം
പീഡിപ്പിച്ചെന്ന 13 കാരിയുടെ വ്യാജ പീഡന പരാതിയില്‍ കസ്റ്റഡിയിലെടുത്ത യുവാവിനെ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചെന്ന് യുവാവ്. കാലില്‍ ബൂട്ടിട്ട് ചവിട്ടിയരച്ചു. മുടിയില്‍ പിടിച്ചു വലിച്ചു. ചെവിയില്‍ പിടിച്ച് കറക്കി. ബൈപ്പാസ് ശസ്ത്രക്രിയ കഴിഞ്ഞ ആളാണെന്ന് പറഞ്ഞിട്ടും ഉപദ്രവിച്ചു. മൂന്നാം തീയതി വൈകിട്ട് പിടികൂടിയ ശേഷം ശനിയാഴ്ച വൈകിട്ടാണ് വിട്ടയച്ചത്. ഈ സമയം അത്രയും പ്രായപൂര്‍ത്തിയാകാത്ത കുട്ടികളും സ്റ്റേഷനില്‍ ഉണ്ടായിരുന്നു. ആളുമാറി സഹോദരനെയും പിടിച്ചുകൊണ്ടുപോയിയെന്നും പിന്നീട് വിട്ടയച്ചെന്നും യുവാവ്.
ആനക്കൊമ്പ് കേസ്: വിവരങ്ങൾ കൈമാറി മോഹൻലാൽ
നടന്‍ മോഹന്‍ലാല്‍ തന്റെ കൈവശമുള്ള ആനക്കൊമ്പിന്റെ വിവരങ്ങള്‍ വനം വകുപ്പിനു കൈമാറി. വനംവകുപ്പ് പ്രഖ്യാപിച്ച ഒറ്റത്തണ പൊതുമാപ്പ് സംവിധാനം ഉപയോഗിച്ചു തീര്‍പ്പാക്കാനാണ് നടപടി.
ടിനി ടോമിനെതിരായ പരാതി: കടവന്ത്ര എസ്എച്ചഒയെ മാറ്റണമെന്ന് അൻസിബ
ടിനി ടോമിനെതിരായ പരാതിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ കടവന്ത്ര എസ്എച്ചഒയെ അന്വേഷണത്തില്‍നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി വിഡി സതീശന് പരാതി നല്‍കുമെന്ന് അന്‍സിബ. എസ്എച്ച്ഒയുടെ നേതൃത്വത്തില്‍ കാര്യക്ഷമമായി അന്വേഷണം നടക്കില്ലെന്നും ഇന്നലെ മൊഴിയെടുക്കാന്‍ സ്റ്റേഷനില്‍ എത്തിയപ്പോള്‍ മനഃപൂര്‍വം ബുദ്ധിമുട്ടിച്ചെന്നും അന്‍സിബയുടെ അഭിഭാഷകന്‍ പറഞ്ഞു.
ശ്വേതാ മേനോൻ മോദി ഭക്തയെന്ന് ബിജെപി
ശ്വേതാ മേനോന്‍ ദേശീയ വാദിയാണ്, മോദി ഭക്തയാണ്. പക്ഷേ ബിജെപിക്കാരിയല്ലെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി സെക്രട്ടറി എസ് സുരേഷ്. അമ്മയുടെ ആഭ്യന്തര പ്രശ്‌നത്തില്‍ ഇടപെടാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കെ.കെ.മഹേശന്റെ ആത്മഹത്യ: പ്രത്യേക അന്വേഷണ സംഘം വേണമെന്ന് കുടുംബം
എസ്എന്‍ഡിപി യോഗം നേതാവായിരുന്ന കെ.കെ.മഹേശന്റെ ആത്മഹത്യയില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കണമെന്ന ആവശ്യവുമായി ഭാര്യ ഉഷാ ദേവി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്കു പരാതി നല്‍കി. യോഗം ജനറല്‍ സെക്രട്ടറി വെളളാപ്പളളി നടേശനും മകന്‍ തുഷാറുമാണ് മഹേശന്റെ മരണത്തിന് കാരണക്കാരെന്നാണ് കുടുംബത്തിന്റെ ആരോപണം.
മഞ്ചേരിയിൽ മരിച്ചയാൾക്ക് ഷിഗെല്ല സ്ഥിരീകരിച്ചു
മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ മരിച്ചയാള്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ചു. പാലക്കാട് നെല്ലൂര്‍പ്പുള്ളി പാറോലില്‍ ഷൈജുവാണ് മരിച്ചത്.
വിഴിഞ്ഞം ഓഹരി വിൽപനയിൽ ദുരൂഹതയെന്ന് മുഹമ്മദ് റിയാസ്
വിഴിഞ്ഞത്തെ ഓഹരി വില്‍പനയില്‍വരെ ദുരൂഹതയുണ്ടെന്ന് മുഹമ്മദ് റിയാസ് എംഎല്‍എ. വിഴിഞ്ഞവുമായി ബന്ധപ്പെട്ട എല്ലാ വകുപ്പുകളും കൈകാര്യം ചെയ്യുന്നത് മുഖ്യമന്ത്രിയായ വി ഡി സതീശനാണ്. ഇതെങ്ങനെ സംഭവിച്ചുവെന്ന് അദ്ദേഹം ചോദിച്ചു.
തലശ്ശേരിയിൽ സഹകരണ സംഘത്തിൽ സാമ്പത്തിക ക്രമക്കേട്
തലശ്ശേരിയില്‍ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിലുള്ള സഹകരണ സംഘത്തില്‍ വന്‍ സാമ്പത്തിക ക്രമക്കേട്. നിക്ഷേപകരില്‍ നിന്നും സ്വീകരിച്ച ലക്ഷങ്ങളുമായി സെക്രട്ടറി മുങ്ങി. സംഭവത്തില്‍ ഭരണ സമിതി സഹകരണ വകുപ്പിലും പൊലീസിലും പരാതി നല്‍കി.
ആര്യനാട് പൊലീസ് സ്റ്റേഷനിൽ സിഐയെ ആക്രമിച്ച പ്രതി പിടിയിൽ
തിരുവനന്തപുരം ആര്യനാട് പൊലീസ് സ്റ്റേഷനില്‍ അതിക്രമം കാണിച്ച് സിഐ സി. ദേവരാജനെ ഇരുമ്പു കസേരകൊണ്ട് തലക്കടിച്ച പ്രതി വാലൂക്കോണം മങ്ങാട്ടുപാറ സ്വദേശി യദുകൃഷ്ണനെ (23) പൊലീസ് കസ്റ്റഡിയിലെടുത്തു. സ്റ്റേഷനില്‍ എത്തി മദ്യക്കുപ്പി അടിച്ചു പൊട്ടിച്ചു ഭീകരാന്തരീക്ഷമുണ്ടാക്കിയ ഇയാളെ പിടിക്കാന്‍ ശ്രമിക്കുന്നതിനിടെ തൊട്ടടുത്ത ആശുപത്രിയിലേക്ക് ഓടിക്കയറി. ഇയാളെ പിടികൂടുന്നതിനിടെയാണ് സിഐയെ ആക്രമിച്ചത്.
പാലാ നഗരസഭ: ചെയർപേഴ്സണുള്ള പിന്തുണ പിൻവലിക്കാൻ കോൺഗ്രസ്
പാലാ നഗരസഭയില്‍ ചെയര്‍പേഴ്സണ്‍ ദിയ ബിനു പുളിക്കണ്ടത്തിലിന്റെ സ്വതന്ത്ര കൂട്ടായ്മ ഭരണസമിതിക്കുള്ള പിന്തുണ പിന്‍വലിക്കാന്‍ കോണ്‍ഗ്രസ് പാലാ മണ്ഡലം കമ്മിറ്റി അടിയന്തര യോഗം ചേര്‍ന്ന് പ്രമേയം പാസാക്കി. തീരുമാനം ജില്ലാ നേതൃത്വത്തേയും സംസ്ഥാന നേതൃത്വത്തേയും അറിയിക്കാനും തീരുമാനമായി.
പാലാ കൊട്ടാരമറ്റം സ്റ്റാൻഡ് വിട്ടുനൽകിയത് വോട്ടെടുപ്പിലൂടെയെന്ന് ചെയർപേഴ്സൺ
ഡിവൈഎഫ്ഐ സമ്മേളനത്തിന് പാലാ കൊട്ടാരമറ്റം സ്റ്റാന്‍ഡ് വിട്ടുനല്‍കാന്‍ പാലാ നഗരസഭ കൗണ്‍സില്‍ വോട്ടെടുപ്പിലൂടെ തീരുമാനിച്ചതാണെന്ന് ചെയര്‍പേഴ്സണ്‍ ദിയ ബിനു പുളിക്കക്കണ്ടം. യുഡിഎഫ് അംഗങ്ങളുടെ അഭാവത്തിലായിരുന്നു വോട്ടെടുപ്പ്.
കോറോ ഹെൽത്ത് കമ്പനിയിലെ പിരിച്ചുവിടൽ: തൊഴിൽമന്ത്രിയുമായി ചർച്ച
കൊച്ചിയിലേയും കോഴിക്കോട്ടേയും ഓഫീസുകളിലെ 900 ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ട യുഎസ് ആസ്ഥാനമായുള്ള കോറോ ഹെല്‍ത്ത് കമ്പനി പ്രതിനിധികളുമായി 10 ന് തൊഴില്‍മന്ത്രിയുടെ നേതൃത്വത്തില്‍ എറണാകുളത്ത് ചര്‍ച്ച നടത്തും. ചര്‍ച്ചയില്‍ പ്രതീക്ഷയുണ്ടെന്നു മന്ത്രി ബിന്ദു കൃഷ്ണ.
മോൻസൻ മാവുങ്കലിന്റെ ആഡംബര കാറുകൾ ആക്രിവിലയ്ക്ക് വിറ്റു
പുരാവസ്തുക്കള്‍ മറയാക്കി കോടികള്‍ തട്ടിയ കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന മോന്‍സന്‍ മാവുങ്കലിന്റെ ആഡംബര കാറുകള്‍ ചേര്‍ത്തല പൊലീസ് ആക്രിവിലക്ക് വിറ്റു. ഇതില്‍ മുംബൈയിലെ സിനിമ നടിയുടെ പേരിലുള്ള വാഹനവും ഉള്‍പ്പെടുന്നുണ്ട്.
വ്യാജ ഫർണിച്ചർ കടയുടെ പേരിൽ തട്ടിപ്പ്: ഒരാൾ അറസ്റ്റിൽ
‘റോയല്‍ ഫര്‍ണിച്ചര്‍’ എന്ന ഇല്ലാത്ത ഫര്‍ണിച്ചര്‍ കടയുടെ പേരില്‍ ആകര്‍ഷകമായ ഓഫറുകള്‍ നല്‍കി വീട്ടമ്മമാരെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ മലപ്പുറം കൊണ്ടോട്ടി സ്വദേശി മുസ്തഫയെ പൊലീസ് അറസ്റ്റ് ചെയ്തു.
രാജൻ കേസിലെ ഏക സാക്ഷി പ്രഫ. കെ കെ അബ്ദുൾ ഗഫാർ അന്തരിച്ചു
അടിയന്തരാവസ്ഥക്കാലത്തെ വിവാദമായ രാജന്‍ കേസിലെ ഏക സാക്ഷി കോഴിക്കോട് എന്‍ജിനിയറിങ് കോളേജ് മുന്‍ അധ്യാപകന്‍ കാസര്‍കോട് ചൗക്കി കെ കെ പുറം ചെമ്പകം വീട്ടില്‍ പ്രഫ. കെ കെ അബ്ദുള്‍ ഗഫാര്‍ അന്തരിച്ചു. 89 വയസായിരുന്നു. കൊല്ലം ടി കെ എം കോളേജ്, കോഴിക്കോട് ആര്‍ ഇ സി. കോളേജ് എന്നിവിടങ്ങളില്‍ അധ്യാപകനായും ഭട്കല്‍ എന്‍ജിനീയറിങ് കോളേജ് പ്രിന്‍സിപ്പാലായും പ്രവര്‍ത്തിച്ചു. യമനിലെ ഏഡനില്‍ വിദ്യാഭ്യാസ പുരോഗതിക്കായി പ്രവര്‍ത്തിച്ച ഇന്ത്യന്‍ സംഘത്തില്‍ അംഗമായിരുന്നു.
മുസ്ലീം ലീഗ് മന്ത്രിമാർക്കെതിരെ വിമർശനവുമായി എംഎസ്എഫ്
മുസ്ലീം ലീഗ് മന്ത്രിമാര്‍ തന്നിഷ്ടപ്രകാരം പേഴ്സണല്‍ സ്റ്റാഫിനെ നിയമിച്ചെന്നും പാര്‍ട്ടിക്കുവേണ്ടി അധ്വാനിച്ചവരെ പരിഗണിച്ചില്ലെന്നും പ്രതിഷേധ പ്രമേയവുമായി എംഎസ്എഫ് മലപ്പുറം ജില്ലാ കമ്മിറ്റി. കോഴിക്കോട് ജില്ലാ കമ്മിറ്റിയിലും നേതൃത്വത്തിനെതിരെ സമാനമായ രീതിയില്‍ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.
ട്രിപ്പ് ഒഴിവാക്കിയതിന് ബസ്സിന് പിഴ; വേറിട്ട പ്രതിഷേധവുമായി ഉടമ
വരുമാന നഷ്ടം മൂലം ഉച്ചസമയത്തെ ട്രിപ്പ് ഒഴിവാക്കിയതിന് എറണാകുളം മാഞ്ഞാലി-ആലുവ റൂട്ടില്‍ ഓടുന്ന ലിറ്റില്‍ ഫ്ലവര്‍ ബസ്സിന് മോട്ടോര്‍ വാഹന വകുപ്പ് 7500 രൂപ പിഴ ചുമത്തി. പിഴയടക്കാന്‍ ഗൂഗിള്‍ പേ സ്‌കാനര്‍ വഴി ഒരു രൂപ വീതം സംഭാവന ആവശ്യപ്പെട്ട് ബസുടമ ഡേവിഡ് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റിട്ടു. കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്കു സൗജന്യയാത്ര ആരംഭിച്ച ദിവസം തന്റെ ബസില്‍ പുരുഷന്മാര്‍ക്ക് സൗജന്യ യാത്ര നല്‍കി പ്രതിഷേധിച്ച ആളാണ് ഈ ലിറ്റില്‍ ഫ്ലവര്‍ ബസ് ഉടമ.
തൃശൂർ കൊലപാതക കേസ്: മുഖ്യപ്രതി അസമിൽ പിടിയിൽ
തൃശൂരിലെ പെണ്‍വാണിഭ കേന്ദ്രത്തിലെ കൊലപാതക കേസില്‍ മുഖ്യപ്രതി നൂര്‍ ആലമിനെ ആസാമിലെ ഒളികേന്ദ്രത്തില്‍നിന്നു പോലീസ് പിടികൂടി. ഭൂട്ടാന്‍ അതിര്‍ത്തിയോട് ചേര്‍ന്ന പ്രദേശത്ത് ഒളിവില്‍ കഴിയുകയായിരുന്നു. ഇതരസംസ്ഥാനക്കാരുടെ പെണ്‍ വാണിഭ കേന്ദ്രത്തില്‍ ജൂണ്‍ 21 നായിരുന്നു ഒഡീഷ സ്വദേശിയായ ധന്‍പത് നായിക് കൊല്ലപ്പെട്ടത്. നാല് സ്ത്രീകളും രണ്ടു പുരുഷന്മാരും ഉള്‍പ്പെടെ ആറു പേര്‍ നേരത്തെ അറസ്റ്റിലായിരുന്നു.
വിമാനത്തിൽ വെച്ച് നെഞ്ചുവേദന; യാത്രക്കാരൻ മരിച്ചു
വിമാനത്തിനകത്ത് നെഞ്ചുവേദന അനുഭവപ്പെട്ട യാത്രക്കാരന്‍ മരിച്ചു. തൃശൂര്‍ കുഴിക്കാട്ടുശ്ശേരി സ്വദേശി ജോജോയാണ് (53) മരിച്ചത്. മുംബൈയില്‍നിന്നു കൊച്ചിയിലേക്ക് വന്നതായിരുന്നു ജോജോ. വിമാനത്താവളത്തിലെ മെഡിക്കല്‍ സംഘം പ്രാഥമിക ചികിത്സ നല്‍കിയ ശേഷം അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
വിനോദയാത്രയ്ക്കിടെ ട്രാവലറിനടിയിൽ കുടുങ്ങി മൂന്നു വയസ്സുകാരിക്ക് ദാരുണാന്ത്യം
മൂന്നു കുടുംബങ്ങള്‍ ഒന്നിച്ചുള്ള വിനോദയാത്രയ്ക്കിടെ യാത്രാവാഹനമായ ട്രാവലറിനടിയില്‍ കുടുങ്ങി മൂന്നു വയസ്സുകാരി മരിച്ചു. കാട്ടാക്കട കൊറ്റംമ്പള്ളി സ്വദേശികളായ അനു പ്രസാദ് ,നിസ ദമ്പതികളുടെ മകള്‍ ഋഗ്വേദയാണ് മരിച്ചത്. അമ്പൂരി കുറിച്ചിക്കാട് പാലത്തിന് സമീപം നിര്‍ത്തിയിട്ടിരുന്ന ടെമ്പോ ട്രാവലര്‍ മുന്നോട്ട് നീങ്ങി കുട്ടിയുടെ ദേഹത്തുകൂടി കയറിയിറങ്ങുകയായിരുന്നു.
കോട്ടയം മെഡിക്കൽ കോളേജിൽ യുവാവിന്റെ ആത്മഹത്യാ ഭീഷണി
കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി കെട്ടിടത്തിന് മുകളില്‍ കയറി യുവാവിന്റെ ആത്മഹത്യ ഭീഷണി. അത്യാഹിത വിഭാഗത്തിന് സമീപം പുതുതായി പണി കഴിക്കുന്ന കെട്ടിടത്തിനു മുകളിലാണ് യുവാവ് കയറിയത്. ഒപ്പം ഒരു യുവതിയും ഉണ്ടായിരുന്നു. പോലീസും ഫയര്‍ഫോഴ്‌സും സ്ഥലത്ത് എത്തി യുവാവിനെ പിന്തിരിപ്പിച്ചു.
പൂനൂർ പുഴയിൽ ഇറങ്ങിയ യുവാവിനെ ഒഴുക്കിൽപ്പെട്ട് കാണാതായി
സുഹൃത്തുക്കളോടൊപ്പം പുഴയില്‍ ഇറങ്ങിയ യുവാവിനെ ഒഴുക്കില്‍പ്പെട്ട് കാണാതായി. കോഴിക്കോട് എകരൂല്‍ സ്വദേശി ഷിജുവിനെയാണ് പൂനൂര്‍ പുഴയില്‍ കാണാതായത്.
മലപ്പുറത്ത് സ്വത്ത് തർക്കത്തെ തുടർന്ന് ജ്യേഷ്ഠൻ കൊല്ലപ്പെട്ടു
മലപ്പുറത്ത് സ്വത്ത് തര്‍ക്കത്തെത്തുടര്‍ന്ന് ജ്യേഷ്ഠന്‍ കൊല്ലപ്പെട്ടു. കൊണ്ടോട്ടി ഒഴുകൂര്‍ നൂര്‍ മന്‍സില്‍ ചിറ്റങ്ങാടന്‍ മുഹമ്മദ് റഫീഖ് ആണ് മരിച്ചത്. അനുജനായ ചിറ്റങ്ങാടന്‍ സാജിദി (49) നെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഓൺലൈൻ തട്ടിപ്പ്: വാട്‌സ്ആപ്പ് ഫയൽ തുറന്നയാൾക്ക് ലക്ഷങ്ങൾ നഷ്ടമായി
വാട്‌സ്ആപ്പ് വഴി ലഭിച്ച ഫയല്‍ തുറന്നയാള്‍ക്ക് മൂന്നര ലക്ഷം രൂപ നഷ്ടമായി. കോഴിക്കോട് ഉള്ളിയേരി സ്വദേശി വിനോദ് ഓണ്‍ലൈന്‍ തട്ടിപ്പിനിരയായതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കി. സൈബര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
പഞ്ചായത്ത് സെക്രട്ടറിക്ക് സിപിഎം ലോക്കൽ സെക്രട്ടറിയുടെ ഭീഷണി
സ്റ്റോപ്പ് മെമോ നല്‍കിയതിന് പഞ്ചായത്ത് സെക്രട്ടറിക്ക് സിപിഎം ലോക്കല്‍ സെക്രട്ടറിയുടെ ഭീഷണി. കടപ്ര മുന്‍ പഞ്ചായത്ത് പ്രസിഡണ്ടും സിപിഎം പരുമല ലോക്കല്‍ സെക്രട്ടറിയുമായ ഷിബു വര്‍ഗീസിനെതിരെ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
കൊച്ചി – ധനുഷ്‌കോടി ദേശീയപാതയിൽ വിള്ളൽ; മുന്നറിയിപ്പ്
കൊച്ചി – ധനുഷ്‌കോടി ദേശീയപാത വീതികൂട്ടുന്നതുമായി ബന്ധപ്പെട്ട് നടക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് പ്രദേശത്ത് വിള്ളല്‍ രൂപപ്പെടാന്‍ കാരണമെന്ന് പ്രാഥമിക വിലയിരുത്തല്‍. കനത്ത മണ്ണിടിച്ചില്‍ സാധ്യതയുള്ളതിനാല്‍ ഈ വഴിയിലൂടെയുള്ള യാത്രകള്‍ ഒഴിവാക്കണമെന്ന് മുന്നറിയിപ്പുണ്ട്.
വൈറ്റില ഹബ്ബിൽ സ്വകാര്യ ബസ് ജീവനക്കാർ തമ്മിൽ വടിവാൾ ആക്രമണം
വൈറ്റില ഹബ്ബില്‍ സ്വകാര്യ ബസ് ജീവനക്കാര്‍ തമ്മിലുണ്ടായ തര്‍ക്കം വടിവാള്‍ ആക്രമണത്തില്‍ കലാശിച്ചു. ആക്രമണത്തില്‍ ഒരു ബസ് ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും പരിക്കേറ്റു. സംഭവത്തില്‍ മരട് പൊലീസ് കേസെടുത്തു.
റാന്നിയിൽ സൂപ്പർമാർക്കറ്റിൽ കാട്ടുപന്നി ആക്രമണം; കട ഉടമയ്ക്ക് പരിക്ക്
പത്തനംതിട്ട റാന്നിയില്‍ മിനി സൂപ്പര്‍മാര്‍ക്കറ്റില്‍ കാട്ടുപന്നി ആക്രമണം. കട ഉടമയായ സ്ത്രീക്ക് പരിക്കേറ്റു. മന്ദിരംപടി സ്വദേശിനി ബീനയ്ക്കാണ് പരിക്കേറ്റത്. ഇന്നലെ രാവിലെ എട്ടരയോടെ കടയുടെ ചില്ല് തകര്‍ത്ത് കാട്ടുപന്നി ഓടിക്കയറുകയായിരുന്നു.
ബിജെപിയിൽ ദേശീയ തലത്തിൽ സംഘടനാ അഴിച്ചുപണി ഉടൻ
കേന്ദ്ര മന്ത്രിസഭാ പുനസംഘടനയ്ക്കു പുറമേ, ബി ജെ പിയുടെ ദേശീയ തലത്തിലുള്ള സംഘടനാ അഴിച്ചുപണിയും ഉടനെന്ന് സൂചന. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി ബി ജെ പി ദേശീയ അധ്യക്ഷന്‍ നിതിന്‍ നബീന്‍ അടക്കമുള്ളവര്‍ മൂന്നു മണിക്കൂര്‍ ചര്‍ച്ച നടത്തി. കേരളത്തില്‍ നിന്നുള്ളവരുടെയടക്കം സംഘടനാ ചുമതലയില്‍ മാറ്റത്തിന് സാധ്യതയുണ്ടെന്നാണ് സൂചന.
അയോധ്യ സംഭാവന തട്ടിപ്പ്: ഫോറൻസിക് പരിശോധന പൂർത്തിയായി
അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ളയില്‍ പ്രതികളുടെ മൊബൈല്‍ഫോണുകളുടെ ഫോറന്‍സിക് പരിശോധന പൂര്‍ത്തിയായി. പ്രതികളുടെ സ്വത്ത് ഇടപാടുകളെക്കുറിച്ചും പ്രത്യേകസംഘം അന്വേഷിക്കുന്നുണ്ട്. 15,000 രൂപ മാസശമ്പളത്തിന് നോട്ടെണ്ണാനും മറ്റുമായി നിയമിക്കപ്പെട്ടവര്‍ ദിവസേന എട്ടു ലക്ഷം രൂപവരെ കടത്തിയെന്നാണ് കണ്ടെത്തല്‍.
അയോധ്യ തട്ടിപ്പ്: പ്രിയങ്ക ഗാന്ധിയോട് തെളിവ് തേടണമെന്ന് വിഎച്ച്പി
അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പു കേസില്‍ എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കഗാന്ധിയോടു തെളിവു കൊണ്ടുവരാന്‍ ആവശ്യപ്പെടണമെന്ന വിചിത്ര വാദവുമായി വിശ്വ ഹിന്ദു പരിഷത്ത്. അരവിന്ദ് കെജ്രിവാള്‍ അടക്കമുള്ളവരില്‍ നിന്ന് തെളിവ് തേടണമെന്നാണ് വി എച്ച് പി അധ്യക്ഷന്‍ അലോക് കുമാര്‍ അയോധ്യ ഡിഎസ്പിക്കു കത്തു നല്‍കിയത്.
അയോധ്യ തട്ടിപ്പ്: ചമ്പത് റായിക്കെതിരെ മുൻ കേന്ദ്ര ആഭ്യന്തര സെക്രട്ടറി
അയോധ്യ ക്ഷേത്രക്കൊള്ളയില്‍ വിശ്വ ഹിന്ദു പരിഷത്ത് ഉപാധ്യക്ഷന്‍ ചമ്പത് റായിക്ക് കുരുക്ക് കൂടുതല്‍ മുറുക്കി മുന്‍ കേന്ദ്ര ആഭ്യന്തര സെക്രട്ടറിയുടെ പരാതി. അഞ്ചു കോടി വിലമതിക്കുന്ന സ്വര്‍ണ്ണത്തില്‍ പൊതിഞ്ഞ രാമചരിത മാനസം ചമ്പത് റായിയുടെ അറിവോടെ വഴിപാടായി നല്‍കിയെന്നും ഇപ്പോള്‍ ഒരു വിവരവുമില്ലെന്നും മുന്‍ കേന്ദ്ര ആഭ്യന്തര സെക്രട്ടറി എസ് ലക്ഷ്മി നാരായണന്‍ പ്രത്യേക അന്വേഷണ സംഘത്തിന് മൊഴി നല്‍കി.
ഇ 20 പെട്രോൾ നയത്തിനെതിരെ ഡൽഹിയിൽ പ്രതിഷേധം
കേന്ദ്രസര്‍ക്കാരിന്റെ ഇ 20 പെട്രോള്‍ നയത്തിനെതിരെ ഡല്‍ഹിയില്‍ പ്രതിഷേധം. സംരംഭകനും ടിവി താരവുമായയ തെഹ്സീന്‍ പൂനാവാലയുടെ നേതൃത്വത്തില്‍ ‘എഥനോള്‍ തട്ടിപ്പിനെതിരേ ടീം ഭാരത്’ എന്നപേരിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്.
മുംബൈയിൽ കനത്ത മഴ; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
മുംബൈയില്‍ കനത്ത മഴ തുടരുന്നതിനാല്‍ ഇന്നു വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി. സര്‍ക്കാര്‍, മുനിസിപ്പല്‍, സ്വകാര്യ സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും അവധി ബാധകമാണ്.
വിമതർ ബിജെപിയിൽ ചേർന്ന് പൊരുതണമെന്ന് മമത ബാനർജി
ചതിയന്‍മാരായ വിമതര്‍ ധൈര്യമുണ്ടെങ്കില്‍ ബിജെപിയില്‍ ചേര്‍ന്നു തന്നോട് പൊരുതണമെന്നു തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജി. അല്ലാതെ ബിജെപിയുടെ സ്പോണ്‍സേര്‍ഡ് കളിക്ക് നില്‍ക്കരുതെന്നും മമത.
പ്രശാന്ത് കിഷോർ തെരഞ്ഞെടുപ്പ് മത്സരത്തിലേക്ക്
കന്നിമത്സരത്തിനൊരുങ്ങി തെരഞ്ഞെടുപ്പ് തന്ത്രജ്ഞനും ജന്‍ സുരാജ് പാര്‍ട്ടി സ്ഥാപകനുമായ പ്രശാന്ത് കിഷോര്‍. ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍ നബീന്‍ രാജിവച്ച ബങ്കിപ്പൂര്‍ സീറ്റിലേക്ക് പ്രശാന്ത് കിഷോറിന്റെ സ്ഥാനാര്‍ത്ഥിത്വം ജന്‍ സുരാജ് പാര്‍ട്ടി പ്രഖ്യാപിച്ചു.
ലൈംഗികാതിക്രമ ദൃശ്യങ്ങൾ: മെറ്റയ്ക്ക് കേന്ദ്രത്തിന്റെ നോട്ടീസ്
കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമ ദൃശ്യങ്ങള്‍ ഇന്‍സ്റ്റാഗ്രാം വഴി പ്രചരിപ്പിച്ചതിന് മെറ്റയ്ക്ക് കേന്ദ്ര ഐടി മന്ത്രാലയം നോട്ടീസ് നല്‍കി. 7 ദിവസത്തിനകം വിശദീകരണം നല്‍കണമെന്നും ഇത്തരം ദൃശ്യങ്ങള്‍ അടിയന്തരമായി നീക്കം ചെയ്യണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു.
പോലീസ് സ്റ്റേഷനിൽ നിന്ന് തോക്കുകൾ മോഷ്ടിച്ച കൊലക്കേസ് പ്രതി പിടിയിൽ
പൊലീസ് സ്റ്റേഷനില്‍ അപ്രന്റീസായി ജോലി ചെയ്തതിനിടെ 32 തോക്കുകള്‍ അടിച്ച് മാറ്റിയ വിരുതന്‍ കൊലക്കേസ് പ്രതികൂടിയായി പിടിയിലായി. ഫരീദാബാദിലെ പൊലീസ് സ്റ്റേഷനിലെ ആയുധപ്പുരയില്‍ നിന്നാണ് മോനു എന്ന 22കാരന്‍ തോക്കുകള്‍ മോഷ്ടിച്ചത്. ഇയാളെ അറസ്റ്റു ചെയ്തു ചോദ്യംചെയ്തപ്പോഴാണ് കാമുകി സരിതയുമൊത്ത് ബന്ധുവായ ശിവം എന്ന 19 കാരനെ കൊലപ്പെടുത്തിയ വിവരം പുറത്തുവന്നത്.
ഇന്ത്യ – ഖത്തർ ബന്ധം ശക്തമാക്കാൻ വിദേശകാര്യ മന്ത്രിയുടെ കൂടിക്കാഴ്ച
ഇന്ത്യയും ഖത്തറും തമ്മിലുള്ള ഊര്‍ജ, വ്യാപാര സഹകരണങ്ങള്‍ കൂടുതല്‍ ശക്തമാക്കുന്നതിനായി വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ ഖത്തര്‍ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്‌മാന്‍ അല്‍താനിയുമായി ദോഹയില്‍ കൂടിക്കാഴ്ച നടത്തി.
ഖമേനിയുടെ വിലാപയാത്രയിലെ ജനക്കൂട്ടത്തിൽ അമ്പരന്ന് ഡൊണാൾഡ് ട്രംപ്
ഇറാന്റെ മുന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിക്ക് അന്ത്യാഞ്ജലിയുമായി പതിനായിരങ്ങള്‍ എത്തുന്നതുകണ്ട് അമ്പരന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ചടങ്ങുകള്‍ക്കിടെ ഇറാന്റെ വിദേശകാര്യ മന്ത്രിയും പാര്‍ലമെന്റ് സ്പീക്കറും പൊട്ടിക്കരയുന്ന ദൃശ്യങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന്, ജനങ്ങള്‍ ഖമേനിയെ വെറുക്കുന്നു എന്നാണ് താന്‍ കരുതിയതെന്നും ഇത് ഒരുപക്ഷേ ‘വ്യാജക്കണ്ണീര്‍’ ആയിരിക്കാമെന്നും ട്രംപ് പ്രതികരിച്ചു.
ഖമനെയിയുടെ വിലാപയാത്രയിൽ വൻ അപകടസാധ്യതയെന്ന് റിപ്പോർട്ട്
ഇറാനില്‍ വന്‍ ജനാവലിയുമായി ഖമനെയിയുടെ വിലാപയാത്രക്കിടെ മൂവായിരത്തോളം പേര്‍ വരെ മരിച്ചേക്കാമെന്ന് ജര്‍മ്മന്‍ മാധ്യമമായ ‘ഡി വെല്‍റ്റ്’. വന്‍ ജനക്കൂട്ടം ഉണ്ടാക്കുന്ന അപകടങ്ങള്‍ നേരിടാന്‍ അടിയന്തര മുന്‍കരുതലുകള്‍ എടുത്തെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
റഷ്യൻ ഓയിൽ ടെർമിനലിന് നേരെ യുക്രൈൻ ആക്രമണം
റഷ്യയിലെ പ്രധാന ഓയില്‍ ടെര്‍മിനലിന് നേരേ യുക്രൈന്റെ ആക്രമണം. സെന്റ് പീറ്റേഴ്സ്ബര്‍ഗിലെ കൂറ്റന്‍ ഓയില്‍ ടെര്‍മിനലിനു നേരേയാണ് ആക്രമണം നടത്തിയത്. റഷ്യയുടെ നേവല്‍ ബേസിന് നേരേയും ആക്രമണം നടത്തിയതായും യുക്രൈന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലന്‍സ്‌കി അവകാശപ്പെട്ടു.
ഡൊണാൾഡ് ട്രംപും ബെഞ്ചമിൻ നെതന്യാഹുവും കൂടിക്കാഴ്ച നടത്തിയേക്കും
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും തമ്മിലുള്ള കൂടിക്കാഴ്ച അടുത്ത ആഴ്ച വൈറ്റ് ഹൗസില്‍ നടന്നേക്കും. ഇസ്രായേല്‍ പ്രധാനമന്ത്രി കൂടിക്കാഴ്ചയ്ക്ക് അഭ്യര്‍ത്ഥിച്ചതായി ഡൊണാള്‍ഡ് ട്രംപാണ് വെളിപ്പെടുത്തിയത്.
പാക്കിസ്ഥാൻ ഉപപ്രധാനമന്ത്രി ഇഷാഖ് ദറിന്റെ രാജിക്കായി മുറവിളി
വിദേശവനിതകളെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ കൊച്ചുമകന്‍ അറസ്റ്റിലായതിന് പിന്നാലെ പാക്കിസ്ഥാന്‍ ഉപപ്രധാനമന്ത്രി ഇഷാഖ് ദറിന്റെ രാജിക്കായി മുറവിളി. കേസില്‍ പ്രതിയായ കൊച്ചുമകന്‍ റാസ ദറിനെ സംരക്ഷിക്കാനായി ഇഷാഖ് ദര്‍ ശ്രമിക്കുന്നതായി ആരോപിച്ചാണ് മന്ത്രിക്കെതിരേ വിവിധ രാഷ്ട്രീയനേതാക്കള്‍ രംഗത്തെത്തിയത്.
ലോകകപ്പ് ഫുട്ബോൾ: ഫ്രാൻസ്- മൊറോക്കോ ക്വാർട്ടർ പോരാട്ടം
ലോകകപ്പ് ക്വാര്‍ട്ടറില്‍ ജൂലൈ 10 പുലര്‍ച്ചെ 1:30 ന് ഫ്രാന്‍സ്- മൊറോക്കോ പോരാട്ടം. പരാഗ്വയ്യെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് ഫ്രാന്‍സ് ക്വാര്‍ട്ടറിലെത്തിയത്. 2022 റഷ്യന്‍ ലോകകപ്പില്‍ സെമിയില്‍ മൊറോക്കോയെ തോല്‍പ്പിച്ച ആത്മവിശ്വാസത്തിലാണ് ഫ്രാന്‍സ്.
വനിതാ ടി20 ലോകകപ്പ്: ഓസ്ട്രേലിയക്ക് ഏഴാം കിരീടം
വനിതാ ടി20 ലോകകപ്പില്‍ ഇംഗ്ലണ്ടിനെ ഏഴ് വിക്കറ്റിന് തകര്‍ത്ത് ഓസ്ട്രേലിയക്ക് ഏഴാം കീരീടം. ലണ്ടനിലെ ലോര്‍ഡ്സില്‍ നടന്ന കിരീടപ്പോരില്‍ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 20 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 150 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ഓസീസ് 17.1 ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. രണ്ടാം വിക്കറ്റില്‍ ബെത് മൂണി-ലിച്ചിഫീല്‍ഡ് സഖ്യം 67 പന്തില്‍ സെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തി ഓസീസിനെ വിജയത്തിന് അടിത്തറയിടുകയായിരുന്നു.
ഓഹരി വിപണിയിൽ വൻ മുന്നേറ്റം; റിലയൻസിന് നഷ്ടം
ഓഹരി വിപണിയില്‍ പത്തുമുന്‍നിര കമ്പനികളില്‍ ആറെണ്ണത്തിന്റെ വിപണി മൂല്യത്തില്‍ വര്‍ധന. വെള്ളിയാഴ്ച അവസാനിച്ച ആഴ്ചയില്‍ ഈ കമ്പനികളുടെ വിപണി മൂല്യത്തില്‍ ഒന്നടങ്കം ഒരു ലക്ഷം കോടി രൂപയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. സെന്‍സെക്സ് 664 പോയിന്റ് ആണ് മുന്നേറിയത്. എയര്‍ടെലിന് മാത്രം വിപണി മൂല്യത്തില്‍ 36,529 കോടിയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. 11,63,877 കോടിയായാണ് വിപണി മൂല്യം ഉയര്‍ന്നത്. ബജാജ് ഫിനാന്‍സ് 33,059 കോടി, ഐസിഐസിഐ ബാങ്ക് 16,084 കോടി, എല്‍ഐസി 8,601 കോടി, എച്ച്ഡിഎഫ്സി ബാങ്ക് 7,664 കോടി എന്നിങ്ങനെയാണ് മറ്റു കമ്പനികളുടെ വിപണി മൂല്യത്തില്‍ ഉണ്ടായ വര്‍ധന. അതേസമയം എല്‍ആന്റ്ടി, റിലയന്‍സ് ഇന്‍ഡസ്ട്രീസ് എന്നിവ യഥാക്രമം 26,572 കോടി, 18,945 കോടി നഷ്ടം രേഖപ്പെടുത്തി. റിലയന്‍സ് തന്നെയാണ് വിപണി മൂല്യത്തില്‍ മുന്നിട്ടുനില്‍ക്കുന്നത്.
ബജറ്റ് സ്മാർട്ട്‌ഫോണുമായി ലാവ; ലാവ സ്മാർട്ട് 4 പ്ലസ് വിപണിയിൽ
പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ ലാവ പുതിയ ബജറ്റ് സ്മാര്‍ട്ട്‌ഫോണ്‍ പുറത്തിറക്കി. ലാവ സ്മാര്‍ട്ട് 4 പ്ലസ് എന്ന പേരില്‍ പുറത്തിറക്കിയ ഫോണിന് പതിനായിരം രൂപയില്‍ താഴെയാണ് വില. 4 ജിബി റാമും 64 ജിബി സ്റ്റോറേജ് ഉള്ള ഏക വേരിയന്റിന് 9,999 രൂപ ആണ് വില. നീലഗിരി ബ്ലൂ, ഹിമാലയന്‍ സില്‍വര്‍ എന്നി നിറങ്ങളിലാണ് ഫോണ്‍ വിപണിയില്‍ എത്തിയത്. ഉപഭോക്താക്കള്‍ക്ക് സര്‍വീസ് സെന്ററില്‍ പോകാതെ തന്നെ വീട്ടില്‍ വന്ന് സര്‍വീസ് ചെയ്തു നല്‍കുന്ന ‘ഡോര്‍സ്റ്റെപ്പ് ആഫ്റ്റര്‍ സെയില്‍സ് സര്‍വീസ്’ ലാവ ഇതിനോടൊപ്പം വാഗ്ദാനം ചെയ്യുന്നുണ്ട്. 6.75 ഇഞ്ച് എച്ഡി+ ഡിസ്പ്ലേ, 90ഹെര്‍ട്സ് റിഫ്രഷ് റേറ്റ് എന്നിവ ഉള്ള ഫോണിന് കരുത്തുപകരുന്നത് ഒക്ടാ-കോര്‍ യൂണിസോക് 9863എ ചിപ്സെറ്റ് ആണ്. ആന്‍ഡ്രോയിഡ് 15 ഗോ എഡിഷനില്‍ പ്രവര്‍ത്തിക്കുന്ന ഫോണില്‍ രണ്ട് വര്‍ഷത്തെ സെക്യൂരിറ്റി അപ്ഡേറ്റുകളും കമ്പനി ഉറപ്പുനല്‍കുന്നു.
സാം സി. എസിന്റെ സംഗീതത്തിൽ ‘വരവ്’ തിയറ്ററുകളിലേക്ക്
തെക്കേ ഇന്ത്യന്‍ സിനിമയില്‍ പശ്ചാത്തല സംഗീതത്തിന് പുതിയ ഊര്‍ജവും തീവ്രതയും നല്‍കിയ സംഗീത സംവിധായകരില്‍ ശ്രദ്ധേയനാണ് സാം സി. എസ്. ആക്ഷന്‍, ത്രില്ലര്‍, ഡ്രാമ തുടങ്ങിയ വിഭാഗങ്ങളില്‍ കഥയുടെ വികാരതീവ്രതയെ ഉയര്‍ത്തിപ്പിടിക്കുന്ന അദ്ദേഹത്തിന്റെ സംഗീതം പ്രേക്ഷകാനുഭവത്തെ തന്നെ മാറ്റിമറിക്കുന്നതാണ്. ഇപ്പോള്‍ സം സി എസ് സംഗീതം ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രം ‘വരവ്’ ആണ്. ഹൈറേഞ്ചിന്റെ പശ്ചാത്തലത്തില്‍ നടക്കുന്ന ഈ ചിത്രം പ്രതികാരം, അതിജീവനം, മനുഷ്യബന്ധങ്ങള്‍ എന്നിവ ചേര്‍ന്ന ഒരു ശക്തമായ ത്രില്ലര്‍ അനുഭവമായിരിക്കും എന്നാണ് പ്രതീക്ഷ. ആക്ഷന്‍ രംഗങ്ങളും വികാരഭരിതമായ നിമിഷങ്ങളും കൂടുതല്‍ ശക്തമാക്കുന്നതില്‍ സാം സി.എസിന്റെ പശ്ചാത്തല സംഗീതം നിര്‍ണായകമാണ്. ജോജു ജോര്‍ജിനെ പ്രധാന കഥാപാത്രമാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘വരവ്’ എന്ന പുതിയ ചിത്രവും അദ്ദേഹത്തിന്റെ കരിയറില്‍ മറ്റൊരു ശ്രദ്ധേയമായ അധ്യായമായി മാറുമെന്ന പ്രതീക്ഷയിലാണ് സിനിമാപ്രേമികള്‍. ചിത്രം ജൂലൈ 16ന് തിയറ്ററുകളില്‍ എത്തിക്കും.
‘ലോക-ചാപ്റ്റര്‍ വണ്‍:ചന്ദ്ര’യ്ക്ക് വീണ്ടും അന്താരാഷ്ട്ര അംഗീകാരം
മലയാളത്തിലെ ഓള്‍ ടൈം ബ്ലോക്ക്ബസ്റ്ററുകളില്‍ ഒന്നായ ‘ലോക-ചാപ്റ്റര്‍ വണ്‍:ചന്ദ്ര’ ക്ക് വീണ്ടും അന്താരാഷ്ട്ര അംഗീകാരം. 2026 ല്‍ ജര്‍മനിയില്‍ നടക്കുന്ന 23 മത് സ്റ്റുട്ട്ഗാര്‍ട്ട് ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവലേക്ക് ആണ് ചിത്രം ഔദ്യോഗികമായി തിരഞ്ഞെടുക്കപ്പെട്ടത്. ഇത് കൂടാതെ സൗത്ത് കൊറിയയില്‍ നടക്കുന്ന ബുക്കിയോണ്‍ ഇന്റര്‍നാഷണല്‍ ഫാന്റാസ്റ്റിക് ഫിലിം ഫെസ്റ്റിവലിലേക്കും ചിത്രം തിരഞ്ഞെടുക്കപ്പെട്ടു. ജൂലൈ 12 വരെ ആണ് ബൈഫാന്‍ അരങ്ങേറുന്നത്. ദുല്‍ഖറിന്റെ വേഫറെര്‍ ഫിലിംസ് നിര്‍മ്മിച്ച ചിത്രത്തില്‍ കല്യാണി പ്രിയദര്‍ശന്‍, നസ്ലന്‍ എന്നിവരാണ് പ്രധാന വേഷങ്ങള്‍ ചെയ്തത്. 300 കോടി ആഗോള കളക്ഷന്‍ നേടുന്ന ആദ്യ മലയാള ചിത്രമായി മാറിയ ‘ലോക’, കേരളത്തില്‍ നിന്ന് 121 കോടി ഗ്രോസ് കളക്ഷന്‍ നേടി ഇന്‍ഡസ്ട്രി ഹിറ്റ് പട്ടവും സ്വന്തമാക്കിയിരുന്നു. നേരത്തെ കേരളാ ഫിലിംസ് ക്രിട്ടിക്സ് അവാര്‍ഡ് 2025 ല്‍ അഞ്ച് പുരസ്‌കാരങ്ങളുമായി ചിത്രം വലിയ നേട്ടം കരസ്ഥമാക്കിയിരുന്നു.
ഇലക്ട്രിക് കാറുകൾക്ക് വില വർദ്ധിപ്പിച്ച് ബിവൈഡി
ബിവൈഡി ഇന്ത്യ തിരഞ്ഞെടുത്ത ഇലക്ട്രിക് കാറുകള്‍ക്ക് വില വര്‍ദ്ധനവ് പ്രഖ്യാപിച്ചു. പുതിയ വിലകള്‍ പ്രാബല്യത്തില്‍ വന്നു. മോഡലും വേരിയന്റും അനുസരിച്ച് കമ്പനി 50,000 രൂപ മുതല്‍ 100,000 രൂപ വരെ വില വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ബിവൈഡി അവരുടെ ഇലക്ട്രിക് എംപിവിയായ ഇമാക്സ് 7 ന്റെ പുതിയ കംഫര്‍ട്ട് വേരിയന്റും പുറത്തിറക്കി. ബിവൈഡിയുടെ അറ്റോ 3, സീലിയോണ്‍, സീലിയോണ്‍ 7 എന്നിവയുടെ തിരഞ്ഞെടുത്ത വകഭേദങ്ങളെയാണ് പുതിയ വിലകള്‍ ബാധിക്കുന്നത്. എങ്കിലും എടിടിഒ 3, ഇമാക്സ് 7 എന്നിവയുടെ ചില വകഭേദങ്ങളുടെ വിലയില്‍ മാറ്റമില്ലെന്നും അതേ വിലയില്‍ തന്നെ ലഭ്യമാകുമെന്നും കമ്പനി വ്യക്തമാക്കി. വില വര്‍ധനവിനൊപ്പം, കമ്പനി തങ്ങളുടെ ഇലക്ട്രിക് എംപിവി നിരയും വികസിപ്പിച്ചിട്ടുണ്ട്. കമ്പനി ബിവൈഡി ഇമാക്സ് 7 കംഫര്‍ട്ട് എന്ന പുതിയ വേരിയന്റ് പുറത്തിറക്കി, അതിന്റെ വില 27.90 ലക്ഷം. ഈ പുതിയ വേരിയന്റില്‍ 71.8 കിലോവാട്ട് ബാറ്ററി പായ്ക്ക് ഉണ്ട്.
പുസ്തക പരിചയം: ചെറുകാടിന്റെ ‘മണ്ണിന്റെ മാറിൽ’
സ: ചെറുകാടെഴുതിയ ‘മണ്ണിന്റെ മാറില്‍’ എന്ന ഈ കൊച്ചുനോവല്‍ മലയാളസാഹിത്യകാരന്മാരുടെ സവിശേഷ ശ്രദ്ധയ്ക്കും ഹൃദയപൂര്‍വമായ ആസ്വാദനത്തിനും, ഒരുപക്ഷെ, നിശിതമായ വിമര്‍ശനത്തിനും വിധേയമാവുമെന്നതിനു സംശയമില്ല. എന്തുകൊണ്ടെന്നാല്‍, നമ്മുടെ നോവലുകളില്‍ സാധാരണ കാണാറില്ലാത്ത അപൂര്‍വം ചില നോവല്‍ കര്‍ത്താക്കന്മാര്‍ മാത്രം സ്വീകരിച്ചിട്ടുള്ള ഒരു സാമൂഹ്യയാഥാര്‍ഥ്യമാണ്, മേലേപ്പുറത്തു നായര്‍ വീട്ടുകാരും കരിമ്പനക്കല്‍ കുടുംബക്കാരും തമ്മിലുള്ള ജന്മികുടിയാന്‍ ബന്ധത്തിലൂടെ സ: ചെറുകാട് വിവരിച്ചിട്ടുള്ളത്. ‘മണ്ണിന്റെ മാറില്‍’. ചെറുകാട്. എച്ച്ആന്‍ഡ്സി ബുക്സ്. വില 230 രൂപ.
ആരോഗ്യകരമായ പ്രഭാതഭക്ഷണം: അറിയേണ്ട കാര്യങ്ങൾ
ബ്രേക്ക്ഫാസ്റ്റിന് എളുപ്പം തയ്യാറാക്കാവുന്ന വിഭവം, എന്നാല്‍ പോഷകസമൃദ്ധമെന്ന് നമ്മള്‍ കരുതുന്ന ഒന്നാണ് പുഴുങ്ങിയ മുട്ട. പലരും രാവിലെ ഒന്നോ രണ്ടോ മുട്ട കഴിച്ചാല്‍ ബ്രേക്ക്ഫാസ്റ്റ് ഹെല്‍ത്തി ആയെന്ന് കരുതാറുണ്ട്. എന്നാല്‍ അത് വെറും തെറ്റായ ധാരണയാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. രാവിലെ മുട്ട കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയെ സ്ഥിരമായി നിലനിര്‍ത്തുമെങ്കിലും ഇത് ആവശ്യത്തിന് സ്ഥിരമായ ഊര്‍ജ്ജം നല്‍കില്ല. കാര്‍ബോഹൈഡ്രേറ്റുകള്‍ ശരീരത്തിന്റെ പ്രാഥമിക ഇന്ധനമാണ്, അവയെ പൂര്‍ണ്ണമായും ഒഴിവാക്കുന്നത് ശരീരത്തിന് മതിയായ ഊജ്ജം കിട്ടാതിരിക്കാനും പെട്ടെന്ന് ക്ഷീണിതയാകാനും കാരണമാകുന്നു. ഇതിനൊപ്പം പഞ്ചസാര ചേര്‍ക്കാത്ത കാപ്പിയോ ചായോ കുടിക്കുന്നത് അനാവശ്യമായ കലോറിയും പഞ്ചസാരയുടെ അളവിലെ കുതിപ്പും ഒഴിവാക്കുമെങ്കിലും പോഷകാഹാരമായി കാണാനാകില്ല. മാത്രമല്ല ചിലരില്‍ വെറുംവയറ്റില്‍ കാപ്പി കുടിക്കുന്നത് അസിഡിറ്റിക്കോ പിന്നീട് ഊര്‍ജ്ജ നഷ്ടത്തിനോ കാരണമാകാം. അതുകൊണ്ട് വെറും വയറ്റില്‍ കാപ്പി കുടിക്കുന്നതിനുപകരം ഭക്ഷണം കഴിച്ച് ഏകദേശം ഒന്നര മണിക്കൂര്‍ കഴിഞ്ഞ് കാപ്പി കുടിക്കുന്നത് നല്ലതാണ്. പ്രോട്ടീന്‍, ഫൈബര്‍, മിതമായ അളവില്‍ നല്ല കാര്‍ബോഹൈഡ്രേറ്റ് എന്നിവ അടങ്ങിയതാകണം ബ്രേക്ക്ഫാസ്റ്റ്.






























