സംസ്ഥാനത്തിന്റെ പേര് ‘കേരളം’ എന്നാക്കാൻ അന്തിമ നടപടികൾ
സംസ്ഥാനത്തിന്റെ കേരള എന്ന പേര് കേരളം എന്നാക്കാനുള്ള നടപടികളുടെ ഭാഗമായി രാഷ്ട്രപതിയുടെ റഫറന്‍സ് ഇന്നു നിയമസഭ അംഗീകരിക്കും. ഏകകണ്ഠമായി അംഗീകരിച്ച ശേഷം ലോക്സഭ കൂടി അംഗീകരിച്ചശേഷം കേന്ദ്രം വിജ്ഞാപനം ഇറക്കും. ഇതോടെ സംസ്ഥാനത്തിന്റെ പേര് കേരളം എന്നാകും.
സംസ്ഥാനത്ത് ഗുരുതര വൈദ്യുതി പ്രതിസന്ധി: മന്ത്രി സണ്ണി ജോസഫ്
സംസ്ഥാനത്ത് ഗുരുതര വൈദ്യുതി പ്രതിസന്ധിയുണ്ടെന്ന് മന്ത്രി സണ്ണി ജോസഫ്. ഇന്ത്യയിലാകമാനം പ്രതിസന്ധിയുണ്ട്. കൂടുതല്‍ വില കൊടുത്ത് വൈദ്യുതി വാങ്ങാന്‍ ശ്രമിക്കുന്നു. കഴിഞ്ഞ നാലഞ്ചു ദിവസം വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തി. മഴ കുറഞ്ഞതാണ് പ്രതിസന്ധിക്ക് കാരണം. മന്ത്രി പറഞ്ഞു.
ജൂലൈ മാസത്തിൽ സംസ്ഥാനത്ത് മഴ കുറയാൻ സാധ്യത
എല്‍നിനോ സാഹചര്യം തുടരുന്നതിനാല്‍ ജൂലൈ മാസത്തിലും സംസ്ഥാനത്ത് സാധാരണയേക്കാള്‍ കുറഞ്ഞ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തുടര്‍ന്നുള്ള കാലവര്‍ഷ മാസങ്ങളിലും ഇത് കൂടുതല്‍ ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. അതേസമയം അടുത്ത അഞ്ചു ദിവസത്തേക്ക് വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.
കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
മഴ ശക്തമാകുകയും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തില്‍ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്നു പ്രൊഫഷണല്‍ കോളേജ് ഉള്‍പ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി.
എഫ്സിആർഎ ഭേദഗതിക്കെതിരെ സംസ്ഥാന സർക്കാർ പ്രമേയം അവതരിപ്പിക്കും
കേന്ദ്ര സര്‍ക്കാറിന്റെ വിദേശ സംഭാവന നിയന്ത്രണ നിയമ (എഫ്സിആര്‍എ) ഭേദഗതിക്കെതിരെ നിയമസഭയില്‍ പ്രമേയം അവതരിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍. മുഖ്യമന്ത്രി വി.ഡി. സതീശന്‍ പ്രമേയം അവതരിപ്പിക്കും. പ്രതിപക്ഷവും പ്രമേയത്തെ അനുകൂലിക്കും.
കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പള വിതരണം പൂർത്തിയായി
കെ എസ് ആര്‍ ടി സി ജീവനക്കാര്‍ക്ക് മാസത്തിലെ അവസാന ദിവസം ശമ്പളം വിതരണം ചെയ്തു. ഒന്നാം തീയതിക്കു മുന്‍പായി ശമ്പളം നല്‍കാന്‍ സര്‍ക്കാര്‍ 100 കോടി രൂപയാണ് കെ എസ് ആര്‍ ടി സിക്കു നല്‍കിയത്. സ്ത്രീകള്‍ക്കായി പ്രിയദര്‍ശിനി സൗജന്യ യാത്ര പദ്ധതി നടപ്പാക്കിയത് വഴി കെ എസ് ആര്‍ ടി സിക്ക് പ്രതിമാസം 55 കോടി രൂപയോളം വരുമാന നഷ്ടമുണ്ടായിരിക്കേയാണ് സര്‍ക്കാര്‍ നൂറു കോടി രൂപ നല്‍കിയത്.
മുതിർന്ന മാധ്യമപ്രവർത്തകൻ ആർ രാജഗോപാലിന് പാസ്പോർട്ട് പുതുക്കി നൽകും
ദി ടെലഗ്രാഫ് മുന്‍ എഡിറ്ററും മലയാളിയുമായ ആര്‍ രാജഗോപാലിന് പാസ്പോര്‍ട്ട് പുതുക്കി നല്‍കാന്‍ തീരുമാനമായി. ബംഗാളില്‍ താമസിച്ചിരുന്ന അദ്ദേഹദത്തിന്റെ പേര് എസ്ഐആറില്‍ വെട്ടിയതിനു പിറകേ, പാസ്പോര്‍ട്ട് വെരിഫിക്കേഷന്‍ നടന്നിരുന്നില്ല. സംഭവത്തില്‍ വലിയ പ്രതിഷേധമുയര്‍ന്നതോടെയാണ് തീരുമാനം.
പിഎം ശ്രീ പദ്ധതി: പ്രതിപക്ഷത്തിനെതിരെ മന്ത്രി പി.കെ. ബഷീർ
‘നിങ്ങള്‍ കുട്ടിയെ ഉണ്ടാക്കിയ ശേഷം അതിനെ അബോര്‍ഷന്‍ ചെയ്യാന്‍ ഞങ്ങളോട് ആവശ്യപ്പെടുന്നതിന് തുല്യമായ നിലപാടാണ് പിഎം ശ്രീ പദ്ധതിയില്‍ പ്രതിപക്ഷം ചെയ്യുന്ന’തെന്ന് മന്ത്രി പി.കെ. ബഷീര്‍ നിയമസഭയില്‍. പദ്ധതിയില്‍ ഒപ്പിട്ടത് എല്‍.ഡി.എഫ് സര്‍ക്കാരാണെന്നും അതിനാല്‍ ഈ പദ്ധതിയുടെ ‘ബാപ്പ’ എല്‍.ഡി.എഫ് ആണെന്നും അദ്ദേഹം പറഞ്ഞു.
വാഹന മോഡിഫിക്കേഷൻ നിയമവിധേയമായി മാത്രം: മന്ത്രി സി.പി. ജോൺ
കേന്ദ്രത്തിന്റെ നിയമങ്ങള്‍ക്കു വിധേയമായേ വാഹനങ്ങള്‍ മോഡിഫിക്കേഷന്‍ ചെയ്യാനാവൂവെന്ന് ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോണ്‍. അമിതമായ വെളിച്ചവും ശബ്ദവും പുറത്തുവരുന്ന തരം മാറ്റങ്ങള്‍ അംഗീകരിക്കാനാവില്ല. അതേസമയം കളര്‍ കോഡ് പോലുള്ള ചില മാറ്റങ്ങളെക്കുറിച്ചു ചര്‍ച്ച നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നെല്ലു സംഭരണത്തിന് മികച്ച സംവിധാനമൊരുക്കും: മന്ത്രി അനൂപ് ജേക്കബ്
നെല്ലു സംഭരണതിന് മികച്ച സംവിധാനമുണ്ടാക്കുമെന്ന് ഭക്ഷ്യ- സിവില്‍ സപ്ലൈസ് മന്ത്രി അനൂപ് ജേക്കബ്. കര്‍ഷകര്‍ക്ക് കൃത്യമായ തുക ലഭ്യമാക്കും. ഇ-പോസ് മെഷീനെ അളവുതൂക്ക സംവിധാനമാക്കും. മുന്‍ഗണന കാര്‍ഡുകാരുടെ മാനദണ്ഡത്തില്‍ മാറ്റം വരും. മുന്‍ഗണന കാര്‍ഡുകള്‍ക്ക് തലയെണ്ണി വിഹിതം നല്‍കുന്നതും പരിഗണയിലുണ്ട്. 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന സപ്ലൈകോ കോണ്‍വെയിങ് സ്റ്റോറുകള്‍ കൊണ്ടുവരും. സപ്ലൈകോ കൂടുതല്‍ മെഡിക്കല്‍ ഷോപ്പുകള്‍ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പകര്‍ച്ചവ്യാധി പ്രതിരോധത്തിൽ വിദ്യാർഥികളുടെ പങ്ക് നിർണായകം: മന്ത്രി കെ. മുരളീധരൻ
പകര്‍ച്ചവ്യാധി പ്രതിരോധത്തില്‍ വിദ്യാര്‍ഥികള്‍ക്ക് നിര്‍ണായക പങ്ക് വഹിക്കാനാകുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ. മുരളീധരന്‍. ആരോഗ്യ, വിദ്യാഭ്യാസ വകുപ്പുകള്‍ സംയുക്തമായി സംഘടിപ്പിക്കുന്ന പകര്‍ച്ചവ്യാധി പ്രതിരോധ സ്‌കൂള്‍തല പ്രചാരണ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം ഗവ. കോട്ടണ്‍ ഹില്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
ഡിഎംഎഫ് പ്രവർത്തനം സംസ്ഥാന വ്യാപകമാക്കും: പി.കെ. ശശി
സിപിഎമ്മില്‍നിന്നു പുറത്തായ പി.കെ. ശശി രൂപീകരിച്ച ഡെമോക്രാറ്റിക് മാര്‍ക്സിസ്റ്റ് ഫ്രണ്ടിന്റെ (ഡിഎംഎഫ്) പ്രവര്‍ത്തനം സംസ്ഥാന വ്യാപകമാക്കുമെന്നും നയ പ്രഖ്യാപന കണ്‍വഷന്‍ ജൂലൈ ആറിന് പാലക്കാട് നടത്തുമെന്നും പി.കെ. ശശി. സിഎംപി നേതാവും ഗതാഗത മന്ത്രിയുമായ സി.പി. ജോണ്‍ പങ്കെടുക്കും. സിഎംപിയുമായി ഒരുമിച്ച് പ്രവര്‍ത്തിക്കും. ശശി പറഞ്ഞു.
മോട്ടോർ വാഹന വകുപ്പിലും വലിയ മാറ്റങ്ങൾ കൊണ്ടുവരും: ഗതാഗത മന്ത്രി
കെ.എസ്.ആര്‍.ടി.സിയിലെ അടിസ്ഥാന സൗകര്യ വികസനത്തിനും ഡിജിറ്റല്‍ സംവിധാനങ്ങള്‍ക്കും പുറമെ മോട്ടോര്‍ വാഹന വകുപ്പിലും വലിയ മാറ്റങ്ങള്‍ കൊണ്ടുവരുമെന്ന് ഗതാഗത മന്ത്രി സി.പി ജോണ്‍ നിയമസഭയില്‍. 3125 ഓര്‍ഡിനറി ബസുകളില്‍ പ്രിയദര്‍ശിനി സ്ത്രീ സൗജന്യയാത്രാ പദ്ധതി നടപ്പാക്കി. ഡിപ്പോകളുടെ നവീകരണവും പ്രവര്‍ത്തനവും വിലയിരുത്താന്‍ ജനപ്രതിനിധികളെ ഉള്‍പ്പെടുത്തി ട്രാന്‍സ്പോര്‍ട്ട് മാനേജ്മെന്റ് കമ്മിറ്റി രൂപീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് നിപ ഭീതി ഒഴിഞ്ഞു; എട്ട് പേർക്ക് കൂടി ഷിഗെല്ല
സംസ്ഥാനത്ത് നിപ ഭീതി ഒഴിഞ്ഞു. സമ്പര്‍ക്കത്തിലുള്ളവര്‍ ക്വാറന്റൈന്‍ പൂര്‍ത്തിയാക്കുകയും രോഗിയുടെ പരിശോധനാഫലം നെഗറ്റീവാകുകയും ചെയ്തെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. അതേസമയം, എട്ട് പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചതോടെ സംസ്ഥാനത്ത് ആശങ്ക തുടരുകയാണ്.
യുഡിഎഫ് സർക്കാർ സംഘപരിവാർ അജണ്ട നടപ്പാക്കുന്നു: എം.വി ഗോവിന്ദൻ
യുഡിഎഫ് സര്‍ക്കാര്‍ സംഘപരിവാര്‍ അജണ്ട നടപ്പാക്കുകയാണെന്നും മന്ത്രിമാര്‍ ആര്‍എസ്എസ് വിധേയത്വം പ്രഖ്യാപിക്കാന്‍ മത്സരിക്കുകയാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ ആരോപിച്ചു. പിഎംഎവൈ പദ്ധതിയില്‍ മോദിയുടെ ചിത്രം വയ്ക്കുന്നതിനെയും സര്‍വകലാശാല നിയമനങ്ങളെയും അദ്ദേഹം വിമര്‍ശിച്ചു.
പുതിയ ചീഫ് സെക്രട്ടറിയായി ബിശ്വനാഥ് സിൻഹ ചുമതലയേറ്റു
സംസ്ഥാന ചീഫ് സെക്രട്ടറി പദവിയില്‍ നിന്നും ഡോ. എ ജയതിലക് വിരമിച്ചു. ബിശ്വനാഥ് സിന്‍ഹ പുതിയ ചീഫ് സെക്രട്ടറിയായി ചുമതലയേറ്റു. ദര്‍ബാര്‍ ഹാളില്‍ നടന്ന ചടങ്ങില്‍ ചീഫ് സെക്രട്ടറിക്ക് സര്‍ക്കാര്‍ യാത്രയയപ്പ് നല്‍കി.
ഇടുക്കിയിൽ മരച്ചില്ല ഒടിഞ്ഞുവീണ് യുവാവ് മരിച്ചു
ഇടുക്കി ഏലപ്പാറക്ക് സമീപം ചെമ്മണ്ണില്‍ മരച്ചില്ല ഒടിഞ്ഞുവീണ് ഇരുചക്ര വാഹനമോടിച്ചിരുന്ന യുവാവ് മരിച്ചു. ചെമ്മണ്ണ് സ്വദേശി തടത്തില്‍ പ്രണവ് പ്രദീപ് ആണ് മരിച്ചത്.
വ്യാജ കാഫിർ സ്‌ക്രീൻ ഷോട്ട് കേസ്: ഡിവൈഎഫ്ഐ നേതാവിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
വ്യാജ കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ അറസ്റ്റിലായ ഡിവൈഎഫ്ഐ നേതാവ് ജിതിന്‍ ഭാസ്‌കറിന്റെ ജാമ്യാപേക്ഷ ഇന്ന് കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതി പരിഗണിക്കും.
ലഹരി പാർലർ പരാമർശം തിരുത്തി രമേശ് ചെന്നിത്തല
ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെക്കൊണ്ട് നാവില്‍ കൊത്തിക്കുന്ന പാര്‍ലറുകള്‍ ഉണ്ടെന്ന തന്റെ പരാമര്‍ശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. തെറ്റ് സംബന്ധിച്ച് ഡോ. ഷിംന അസീസിന്റെ തിരുത്ത് മാധ്യമങ്ങളിലൂടെ ശ്രദ്ധയില്‍പ്പെട്ടു. ഡോക്ടറുടെ തിരുത്ത് സ്വീകരിക്കുന്നു- രമേശ് ചെന്നിത്തല ഫേസ്ബുക്കില്‍ കുറിച്ചു.
കേരള ജ്വല്ലറി ഇന്റർനാഷണൽ പ്രദർശനമേള ജൂലൈ 3 മുതൽ
കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന കേരള ജ്വല്ലറി ഇന്റര്‍നാഷനല്‍ പ്രദര്‍ശനമേള ജൂലൈ 3, 4, 5 തീയതികളില്‍ അങ്കമാലി അഡ്‌ലക്സ് ഇന്റര്‍നാഷനല്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ നടക്കും.
വയനാട്ടിൽ സ്വകാര്യ ബസുകൾ നടത്തിയ പണിമുടക്ക് പിൻവലിച്ചു
വയനാട്ടില്‍ സ്വകാര്യ ബസുകള്‍ നടത്തിയ പണിമുടക്ക് എഡിഎമ്മുമായി നടത്തിയ ചര്‍ച്ചയോടെ പിന്‍വലിച്ചു. മൂന്നാം തിയതി ജില്ലാ കളക്ടര്‍ വിളിച്ച ഉന്നതതല യോഗത്തിനു ശേഷം തുടര്‍ നടപടികള്‍ തീരുമാനിക്കുമെന്നു ബസുടമകള്‍ അറിയിച്ചു.
മുതിർന്ന കോൺഗ്രസ് നേതാവ് പി.എ മാധവൻ അന്തരിച്ചു
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയും തൃശൂര്‍ ഡിസിസി മുന്‍പ്രസിഡന്റുമായ പിഎ മാധവന്‍ അന്തരിച്ചു. 80 വയസ്സായിരുന്നു. വാഹനാപകടത്തില്‍ പരിക്കേറ്റതിനെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു.
തൃശൂരിൽ ലോഡ്ജിൽ മുറിയെടുത്ത് പ്രസവിച്ച യുവതിയും നവജാത ശിശുവും മരിച്ചു
തൃശൂരില്‍ ലോഡ്ജില്‍ മുറിയെടുത്ത് പ്രസവിച്ച യുവതിയും നവജാത ശിശുവും മരിച്ചു. തൃപ്രയാര്‍ എടമുട്ടം സ്വദേശിനി കൊല്ലാറ വീട്ടില്‍ ജ്യോതി (28) ആണ് മരിച്ചത്. തൃശൂര്‍ വെളിയന്നൂരിലുള്ള നിയറസ്റ്റ് ലോഡ്ജില്‍ രക്തംവാര്‍ന്നാണ് യുവതി മരിച്ചത്. കഴിഞ്ഞ 27ന് ഓട്ടോ ഡ്രൈവര്‍ക്കൊപ്പമാണ് യുവതി മുറിയെടുത്തത്. മുറിയുടെ വാതില്‍ തുറക്കാതായതോടെ ഹോട്ടല്‍ ജീവനക്കാര്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഓട്ടോ ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തു.
വധശ്രമ കേസിൽ ബിജെപി കൗൺസിലറെ കോടതിയിൽ ഹാജരാക്കി
കാപ്പാ കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്ന തിരുവനന്തപുരം കോര്‍പറേഷനിലെ ബി ജെ പി കൗണ്‍സിലര്‍ ആര്‍ സുഗതനെ വധശ്രമ കേസില്‍ നെടുമങ്ങാട് കോടതിയില്‍ ഹാജരാക്കാന്‍ വിയൂര്‍ ജയിലില്‍നിന്ന് തിരുവനന്തപുരത്ത് എത്തിച്ചു. സുഗതന്റെ രാജി ആവശ്യപ്പെട്ട് യുഡിഎഫ് കഴിഞ്ഞ ദിവസം പ്രതിഷേധ പരിപാടികള്‍ നടത്തിയിരുന്നു.
കോഴിക്കോട് എംഡിഎംഎ കേസിൽ ഒരു സ്ത്രീ കൂടി അറസ്റ്റിൽ
കോഴിക്കോട് മുക്കത്ത് രണ്ടെമുക്കാല്‍ കിലോയോളം എംഡിഎംഎ പിടികൂടിയ കേസില്‍ ഒരു സ്ത്രീ കൂടി അറസ്റ്റില്‍. മുക്കം മാങ്ങാപൊയില്‍ സ്വദേശിയായ ഖദീജയാണ് പിടിയിലായത്. മുഖ്യ പ്രതി പുല്ലമ്പാടി പറമ്പില്‍ മുഹമ്മദ് ഹനീഫയുടെ സാമ്പത്തിക ഇടപാടുകള്‍ കൈകാര്യം ചെയ്തിരുന്നത് ഖദീജയാണ്.
ജുവനൈൽ ഹോമിലെ കുട്ടിയെ പീഡിപ്പിച്ച കെയർടേക്കർ അറസ്റ്റിൽ
സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള ജുവനൈല്‍ ഹോമിലെ അന്തേവാസിയായ പന്ത്രണ്ടുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കെയര്‍ടേക്കര്‍ അറസ്റ്റില്‍. കോഴിക്കോട് ചെലവൂര്‍ സ്വദേശിയായ പാറങ്ങോട്ട് വീട്ടില്‍ അയൂബി(56)നെയാണ് ചേവായൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
കുപ്രസിദ്ധ മോഷ്ടാവ് ‘വേട്ട അഭിജിത്ത്’ കൊല്ലത്ത് പിടിയിൽ
ട്രെയിനുകള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന കുപ്രസിദ്ധ മോഷ്ടാവ് ‘വേട്ട അഭിജിത്ത്’ കൊല്ലം റെയില്‍വേ പൊലീസിന്റെ പിടിയില്‍. മോഷണക്കേസില്‍ തമിഴ്നാട് പൊലീസിന്റെ കസ്റ്റഡിയില്‍ നിന്നും രക്ഷപെട്ട ശേഷം കവര്‍ച്ചാ പരമ്പരകള്‍ തുടരവേയാണ് പ്രതി കൊല്ലത്ത് പിടിയിലായത്.
വീട്ടിൽ അതിക്രമിച്ച് കയറി ലൈംഗിക ചൂഷണ ശ്രമം: രണ്ട് പേർ പിടിയിൽ
കാസര്‍കോട് മഞ്ചേശ്വരത്ത് വീട്ടില്‍ അതിക്രമിച്ച് കയറി യുവതിയുടെയും ആണ്‍സുഹൃത്തിന്റെയും വീഡിയോ പകര്‍ത്തുകയും ലൈംഗിക ചൂഷണ ശ്രമം നടത്തുകയും ചെയ്തതിന് രണ്ട് പേര്‍ പിടിയില്‍. ഉദ്യാവര സ്വദേശികളായ അന്‍വര്‍, സെനോഹര്‍ എന്നിവരാണ് അറസ്റ്റിലായത്.
പ്രവാസി വ്യവസായിയെ തട്ടികൊണ്ടുപോയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ
തോക്കുചൂണ്ടി പ്രവാസി വ്യവസായിയെ തട്ടികൊണ്ടുപോയി മോചിപ്പിക്കാന്‍ പണം ആവശ്യപ്പെട്ട കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. എറണാകുളം ആലുവ ഈസ്റ്റ് വെലുംകിടന്‍ വീട്ടില്‍ ബിലാല്‍ (30) എന്ന ബില്ലയെയാണ് പിടിയിലായത്. മലപ്പുറം വണ്ടൂര്‍ സ്വദേശിയായ പ്രവാസി വ്യവസായി മുഹമ്മദാലിയെ തട്ടികൊണ്ടുപോയ കേസിലാണ് അറസ്റ്റ്.
പൈപ്പ് ലൈൻ കുഴിയിൽ വീണ് ദമ്പതിമാർക്ക് പരിക്ക്
പൈപ്പ് ലൈന്‍ സ്ഥാപിക്കാന്‍ എടുത്ത കുഴിയില്‍ വീണ് സ്‌കൂട്ടര്‍ യാത്രികരായ ദമ്പതിമാര്‍ക്ക് പരിക്കേറ്റു. കോഴിക്കോട് കറുത്തപറമ്പ് വേനപ്പറക്കല്‍ സ്വദേശികളായ കൊളോറാമ്മല്‍ സി.വി അബ്ദുല്‍ ഗഫൂര്‍, ഭാര്യ സലീജ ബീഗം എന്നിവര്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്. കാരശ്ശേരി പഞ്ചായത്തിലെ ആനയാംകുന്ന് സ്‌കൂളിന് സമീപം പുലര്‍ച്ചെ അഞ്ചോടെയായിരുന്നു അപകടമുണ്ടായത്.
കെഎസ്ആർടിസി ബസിൽ സ്ത്രീകൾ തമ്മിൽ വാക്കേറ്റം; മൂന്ന് പേർ കസ്റ്റഡിയിൽ
കോഴിക്കോട് സുല്‍ത്താന്‍ബത്തേരിയില്‍ കെഎസ്ആര്‍ടിസി ബസില്‍ സൗജന്യയാത്രക്കാരായ സ്ത്രീകള്‍ തമ്മില്‍ തര്‍ക്കവും വാക്കേറ്റവും. സ്‌റ്റോപ്പില്ലാത്ത സ്ഥലത്ത് ബസ് നിര്‍ത്തണം എന്ന ആവശ്യപ്പെട്ടായിരുന്നു തര്‍ക്കം. സ്ത്രീകള്‍ ബസിന്റെ ബെല്‍ വലിച്ചു പൊട്ടിച്ചു. സംഭവത്തില്‍ യാത്രക്കാരായ മൂന്ന് സ്ത്രീകളെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ലയണൽ മെസിയെ പൊന്നാനിയിലേക്ക് കൊണ്ടു വരാൻ ആലോചന: എംഎൽഎ
ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസിയെയും ന്യൂയോര്‍ക്ക് സിറ്റിയുടെ മേയര്‍ സൊഹ്‌റാന്‍ മംദാനിയേയും പൊന്നാനിയിലേക്ക് കൊണ്ട് വരാന്‍ ആലോചനയുണ്ടെന്ന് കെ പി നൗഷാദലി എംഎല്‍എ. പൊന്നാനിയില്‍ നടന്ന കുടുംബ സംഗമത്തിലാണ് കെ പി നൗഷാദലിയുടെ പ്രഖ്യാപനം.
കെ സുധാകരൻ എംപി വിളിച്ച യോഗത്തിൽ പങ്കെടുത്തയാൾ ബാറിലെ സംഘർഷത്തിൽ അറസ്റ്റിൽ
ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി കെ സുധാകരന്‍ എം പി വിളിച്ച യോഗത്തില്‍ പങ്കെടുത്തയാള്‍ കൊച്ചിയിലെ ബാറില്‍ മദ്യപിച്ച് സംഘര്‍ഷമുണ്ടാക്കിയതിന് അറസ്റ്റിലായി. വയോധികനെ ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച മട്ടാഞ്ചേരി സ്വദേശി ഷിബുവാണ് കെ സുധാകരന്‍ വിളിച്ച് ചേര്‍ത്ത യോഗത്തില്‍ പങ്കെടുത്തത്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ഷിബു.
അക്രമകാരിയായ തെരുവ് നായയെ വെടിവച്ചു കൊന്നു
കൊല്ലം ഇടമുളക്കല്‍ പന്ത്രണ്ടാം വാര്‍ഡില്‍ അക്രമകാരിയായ തെരുവ് നായയെ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ വെടിവച്ചു കൊന്നു.
ക്രൂഡ് ഓയിൽ, എൽപിജി എന്നിവയുടെ വലിയ കരുതൽ ശേഖരം ഒരുക്കാൻ ഇന്ത്യ
ഇന്ധന പ്രതിസന്ധി ഒഴിവാക്കാന്‍, ഒരു മാസത്തേക്ക് രാജ്യത്തിനാവശ്യമായ ക്രൂഡ് ഓയില്‍, എല്‍പിജി, എല്‍എന്‍ജി എന്നിവയുടെ വലിയ കരുതല്‍ ശേഖരം ഒരുക്കാന്‍ ഇന്ത്യയുടെ പദ്ധതി. നിലവിലെ ക്രൂഡ് ഓയില്‍ ശേഖരം 120 ദശലക്ഷം ബാരലായി ഉയര്‍ത്താനും, സുരക്ഷാ വെല്ലുവിളികളുള്ള എല്‍പിജി, എല്‍എന്‍ജി എന്നിവയുടെ സംഭരണം വര്‍ദ്ധിപ്പിക്കാനും സര്‍ക്കാര്‍ ലക്ഷ്യമിടുന്നു.
മഹാരാഷ്ട്രയിൽ സച്ചിൻ ആഹിർ ശിവസേന ഷിന്ദേ വിഭാഗത്തിൽ ചേർന്നു
മഹാരാഷ്ട്രയില്‍ ശിവസേന ഉദ്ധവ് വിഭാഗം നേതാവും വിശ്വസ്തനുമായിരുന്ന സച്ചിന്‍ ആഹിര്‍ ശിവസേന ഷിന്ദേ വിഭാഗത്തില്‍ ചേര്‍ന്നു. മുതിര്‍ന്ന നേതാവും മഹാരാഷ്ട്ര നിയമ നിര്‍മാണ കൗണ്‍സില്‍ അംഗമാണ് സച്ചിന്‍ ആഹിര്‍.
പൊതുമേഖലാ ബാങ്കുകളുടെ ലയന വാർത്ത വ്യാജമെന്ന് കേന്ദ്ര സർക്കാർ
പഞ്ചാബ് നാഷണല്‍ ബാങ്ക്, കനറ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്നീ പൊതുമേഖലാ ബാങ്കുകള്‍ തമ്മില്‍ ലയിപ്പിക്കുമെന്ന രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജമാണെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.
ഡിഎംകെ സഖ്യം ഉപേക്ഷിച്ച് വിസികെ ടിവികെയ്ക്കൊപ്പം
തമിഴ്‌നാട് രാഷ്ട്രീയത്തില്‍ ഡിഎംകെയ്ക്ക് വീണ്ടും കനത്ത തിരിച്ചടി. ഡി.എം.കെ സഖ്യം ഉപേക്ഷിച്ച് നടന്‍ വിജയ്യുടെ നേതൃത്വത്തിലുള്ള തമിഴക വെട്രി കഴകത്തിനൊപ്പം ചേരാന്‍ വിടുതലൈ ചിരുതൈകള്‍ കക്ഷി(വിസികെ) തീരുമാനിച്ചു. ചെറു പാര്‍ട്ടികളുടെ സഖ്യമുണ്ടാക്കാന്‍ ടിവികെ ശ്രമിക്കുന്നതിനിടെയാണ് വിസികെ നിര്‍ണ്ണായക തീരുമാനമെടുത്തത്.
മുംബൈയിൽ സ്‌കൂൾ ബസിന് മുകളിൽ മരംവീണ് വിദ്യാർത്ഥി മരിച്ചു
മുംബൈയിലെ ചെമ്പൂരില്‍ സ്‌കൂള്‍ ബസിന് മുകളില്‍ കൂറ്റന്‍ മരംവീണ് ഒരു വിദ്യാര്‍ത്ഥി മരിക്കുകയും നാലുകുട്ടികള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ഹോംസ്റ്റേയിൽ യുവതി മരിച്ച സംഭവം: ലവ് ജിഹാദ് ആരോപണവുമായി ബന്ധുക്കൾ
ഹോംസ്റ്റേയില്‍ 26 കാരിയായ ഫിസിയോ തെറാപ്പിസ്റ്റ് മരിച്ച സംഭവത്തില്‍ ലവ് ജിഹാദ് ആരോപണവുമായി യുവതിയുടെ ബന്ധുക്കള്‍. ബെംഗളൂരുവിലെ ജയാനഗര്‍ സ്വദേശിയായ സായ് സുരഭിയാണ് നന്ദി ഹില്‍സിലെ ഹോംസ്റ്റേയില്‍ മരിച്ചത്.
അമേരിക്കൻ പൗരത്വം ജന്മാവകാശമല്ലെന്ന ട്രംപിന്റെ ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി
അമേരിക്കന്‍ പൗരത്വം ജന്‍മാവകാശമല്ലെന്ന പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി. അമേരിക്കയില്‍ ജനിക്കുന്നവര്‍ക്ക് പൗരത്വം ജന്മാവകാശമാണെന്നത് ഭരണഘടന ഉറപ്പുനല്‍കുന്നതാണെന്ന് വ്യക്തമാക്കിക്കൊണ്ടാണ് ട്രംപിന്റെ വിവാദ ഉത്തരവ് യു എസ് സുപ്രീംകോടതി റദ്ദാക്കിയത്.
പാക് അധീന കശ്മീരിൽ സർക്കാരിനെതിരായ പ്രക്ഷോഭം കടുക്കുന്നു
പാക് അധീന കശ്മീരില്‍ സര്‍ക്കാരിനെതിരായ പ്രക്ഷോഭം കടുക്കുന്നു. തങ്ങള്‍ പാകിസ്താന്റെ ഭാഗമല്ലെന്ന് പരസ്യമായി പ്രഖ്യാപിച്ച പ്രതിഷേധക്കാര്‍, അവശ്യസാധനങ്ങള്‍ ലഭ്യമാക്കിയില്ലെങ്കില്‍ ബദല്‍ സംവിധാനമുണ്ടാക്കുമെന്നും മുന്നറിയിപ്പു നല്‍കി.
ഇത്തിഹാദ് റെയിലിലെ ആദ്യ ഇന്ത്യൻ ട്രെയിൻ ക്യാപ്റ്റനായി മലയാളി
യുഎഇയുടെ അഭിമാന പദ്ധതിയായ ഇത്തിഹാദ് റെയിലിലെ ആദ്യ ഇന്ത്യന്‍ ട്രെയിന്‍ ക്യാപ്റ്റനായി ചരിത്രം കുറിച്ച് മലയാളിയായ നിഷാദ്. സാധാരണ ജോലികളില്‍ നിന്ന് പ്രവാസ ജീവിതം ആരംഭിച്ച്, കഠിനാധ്വാനത്തിലൂടെയും പ്രതിസന്ധികളെ അതിജീവിച്ചും നേടിയ ഈ വിജയം മലയാളികള്‍ക്ക് അഭിമാനമാണ്.
ഇന്ത്യ-ഇംഗ്ലണ്ട് ടി20 പരമ്പരയ്ക്ക് ഇന്ന് തുടക്കം
ഇംഗ്ലണ്ടിനെതിരായാ ടി20 പരമ്പരയ്ക്ക് ടീം ഇന്ത്യ ഇന്ന് ഇറങ്ങും. അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയിലെ ആദ്യ പോരാട്ടം ചെസ്റ്റര്‍ ലീ സ്ട്രീറ്റിലെ റിവര്‍സൈഡ് ഗ്രൗണ്ടില്‍ നടക്കും. ഹാരി ബ്രൂക്ക് നയിക്കുന്ന ഇംഗ്ലണ്ട് ടീമിനെതിരെ പുതിയ ക്യാപ്റ്റനായ ശ്രേയസ് അയ്യരുടെ നേതൃത്വത്തിലാണ് ഇന്ത്യ ഇറങ്ങുന്നത്.
വനിതാ ടി20 ലോകകപ്പ്: ഓസ്ട്രേലിയ ഫൈനലിൽ
വനിതാ ടി20 ലോകകപ്പില്‍ വെസ്റ്റ് ഇന്‍ഡീസിനെ എട്ട് വിക്കറ്റിന് തോല്‍പ്പിച്ച് ഓസ്ട്രേലിയ ഫൈനലില്‍. 126 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഓസ്ട്രേലിയ ഏഴ് ഓവര്‍ ബാക്കിനില്‍ക്കെ വിജയം സ്വന്തമാക്കി. ഓള്‍റൗണ്ട് മികവ് പുറത്തെടുത്ത ആഷ്ലി ഗാര്‍ഡ്നറാണ് ഓസ്ട്രേലിയയെ വിജയത്തിലേക്ക് നയിച്ചത്. ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇന്‍ഡീസിന് നിശ്ചിത 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 125 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.
ലോകകപ്പ് ഫുട്ബോൾ: സ്വീഡനെ തകർത്ത് ഫ്രാൻസ് പ്രീക്വാർട്ടറിൽ
ലോക കപ്പ് ഫുട്ബോളില്‍ സ്വീഡനെ എതിരില്ലാത്ത മൂന്നു ഗോളിനു തകര്‍ത്ത് ഫ്രാന്‍സ് പ്രീക്വാര്‍ട്ടറിലെത്തി. 45 ാം മിനിറ്റിലും 75 ാം മിനിറ്റിലും കിലിയന്‍ എംബപെയും 53 ാം മിനിറ്റില്‍ ബ്രാഡ്‌ലി ബാര്‍കോളയുമാണ് സ്വീഡിഷ് വല നിറച്ചത്. ഇതോടെ ഈ ലോകകപ്പില്‍ മെസ്സിക്കും എംബപെയ്ക്കും ആറു വീതം ഗോളുകളായി.
ഐവറി കോസ്റ്റിനെ തകർത്ത് നോർവെ പ്രീ ക്വാർട്ടറിലേക്ക്
ഐവറി കോസ്റ്റിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കു തകര്‍ത്ത് നോര്‍വെ പ്രീ ക്വാര്‍ട്ടറിലേക്ക്. മത്സരത്തിന്റെ തുടക്കം മുതല്‍ ആക്രമിച്ച് കളിച്ച ഐവറി കോസ്റ്റിനെതിരെ പ്രതിരോധത്തിലൂന്നിയാണ് നോര്‍വെ കളിച്ചത്. മുപ്പത്തൊമ്പതാം മിനിറ്റില്‍ നോര്‍വെയ്ക്കുവേണ്ടി അന്റോണിയോ നുസയാണ് ആദ്യം സ്‌കോര്‍ ചെയ്തത്. ഐവറി കോസ്റ്റിനുവേണ്ടി അമാദ് ഡിയാലോ ഗോള്‍ മടക്കി. എണ്‍പത്തിനാലാം മിനിറ്റില്‍ നോര്‍വേയ്ക്ക് വേണ്ടി ഹാളണ്ട് പട്ടിക പൂര്‍ത്തിയാക്കി. 1998നു ശേഷം ആദ്യമായാണ് നോര്‍വേ പ്രീ ക്വാര്‍ട്ടറിലെത്തുന്നത്. ബ്രസീല്‍ ആണ് പ്രീ ക്വാര്‍ട്ടറില്‍ നോര്‍വെയുടെ എതിരാളികള്‍.
സൗദി അറേബ്യൻ ഫുട്ബാൾ ഫെഡറേഷൻ പ്രസിഡന്റ് യാസിർ അൽ മിസ്ഹൽ പദവി ഒഴിഞ്ഞു
സൗദി അറേബ്യന്‍ ഫുട്ബാള്‍ ഫെഡറേഷന്‍ പ്രസിഡന്റ് യാസിര്‍ അല്‍ മിസ്ഹല്‍ ഔദ്യോഗിക പദവി ഒഴിഞ്ഞു. ലോകകപ്പിന്റെ അടുത്ത റൗണ്ടിലേക്ക് യോഗ്യത നേടാന്‍ സൗദി ടീമിന് സാധിക്കാതെ പോയതിന്റെ പൂര്‍ണ ഉത്തരവാദിത്തം ഏറ്റെടുത്താണ് കാലാവധി തീരും മുന്‍പുള്ള ഈ പിന്മാറ്റമെന്ന് അദ്ദേഹം വ്യക്തമാക്കി.
ബ്രസീൽ തോൽക്കുമെന്ന പ്രവചനം തെറ്റി; പരിഹസിച്ച് നെയ്മർ
ലോകകപ്പില്‍ ബ്രസീല്‍ ജപ്പാനോട് തോല്‍ക്കുമെന്ന ജോക്കിം ക്ലെമെന്റിന്റെ പ്രവചനം തെറ്റിയതിനെ നെയ്മര്‍ പരിഹസിച്ചു. നോക്കൗട്ടില്‍ ബ്രസീല്‍ ജപ്പാനെ തോല്‍പ്പിച്ചപ്പോള്‍, കിരീടം നേടുമെന്ന് പ്രവചിക്കപ്പെട്ട നെതര്‍ലന്‍ഡ്‌സ് മൊറോക്കോയോടും ജര്‍മ്മനി പരാഗ്വായോടും തോറ്റ് പുറത്തായി.
ബിപിസിഎൽ ടിക്കി ടാർ കമ്പനിയുടെ 40 ശതമാനം ഓഹരി സ്വന്തമാക്കി
പ്രമുഖ പൊതുമേഖല എണ്ണക്കമ്പനിയായ ഭാരത് പെട്രോളിയം കോര്‍പറേഷന്‍ ലിമിറ്റഡ് ടിക്കി ടാര്‍ ആന്‍ഡ് ഷെല്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയില്‍ 40 ശതമാനം ഓഹരി പങ്കാളിത്തം സ്വന്തമാക്കി. 85 കോടി രൂപയ്ക്കാണ് ഇടപാട്. ടിക്കി ടാര്‍ ഗ്രൂപ്പും ഷെല്‍ ഗ്യാസ് ബിവിയും ചേര്‍ന്നുള്ള സംയുക്ത സംരംഭമാണ് ടിക്കി ടാര്‍ ആന്‍ഡ് ഷെല്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്. റോഡ് നിര്‍മാണത്തിന് ആവശ്യമായ ബിറ്റുമിന്‍ ഉള്‍പ്പെടെയുള്ള ഉത്പന്നങ്ങള്‍ നിര്‍മിക്കുന്ന കമ്പനിയാണിത്. രാജ്യവ്യാപക വിതരണ ശൃംഖലയുള്ള കമ്പനിയുടെ ഓഹരികള്‍ സ്വന്തമാക്കുന്നതുവഴി അടിസ്ഥാന സൗകര്യ വികസനരംഗത്ത് കൂടുതല്‍ ശ്രദ്ധേയ ഇടപെടല്‍ നടത്താമെന്ന പ്രതീക്ഷയിലാണ് ബിപിസിഎല്‍. 2019ല്‍ സ്ഥാപിതമായ ടിക്കി ടാര്‍ ആന്‍ഡ് ഷെല്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ബിറ്റുമിന്‍ ഇന്ത്യയ്ക്ക് പുറമെ നേപ്പാള്‍, ഭൂട്ടന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിലേക്കും കയറ്റുമതി നടത്തുന്നുണ്ട്. 2026 സാമ്പത്തികവര്‍ഷം 404.6 കോടി രൂപയായിരുന്നു കമ്പനിയുടെ വരുമാനം.
ഇൻഫ്ലുവൻസർമാരെ ‘സെലിബ്രിറ്റികൾ’ ആയി പരിഗണിക്കാൻ സെബി നീക്കം
ഒരു സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമില്‍ അഞ്ച് ലക്ഷത്തിലധികം ഫോളോവേഴ്‌സ് ഉള്ള സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സര്‍മാരെ സാമ്പത്തിക പരസ്യങ്ങളുടെ കാര്യത്തില്‍ ‘സെലിബ്രിറ്റികള്‍’ ആയി പരിഗണിക്കാന്‍ സെബി നീക്കം നടത്തുന്നു. ജൂണ്‍ 23ന് പുറത്തിറക്കിയ കോമണ്‍ അഡ്വര്‍ടൈസ്‌മെന്റ് കോഡ് സംബന്ധിച്ച കണ്‍സള്‍ട്ടേഷന്‍ പേപ്പറില്‍, സിനിമാ താരങ്ങള്‍ക്കും കായിക താരങ്ങള്‍ക്കും പുറമേ ഡിജിറ്റല്‍ ക്രിയേറ്റര്‍മാര്‍, ടെലിവിഷന്‍ വ്യക്തിത്വങ്ങള്‍, റിയാലിറ്റി ഷോ മത്സരാര്‍ഥികള്‍, എ.ഐ വഴി നിര്‍മിച്ച വെര്‍ച്വല്‍ ഇന്‍ഫ്ലുവന്‍സറുകള്‍ എന്നിവരെയും ‘സെലിബ്രിറ്റി’ എന്ന നിര്‍വചനത്തില്‍ ഉള്‍പ്പെടുത്താന്‍ സെബി നിര്‍ദേശിക്കുന്നു. സ്റ്റോക്ക് ബ്രോക്കര്‍മാര്‍, മ്യൂച്വല്‍ ഫണ്ടുകള്‍, നിക്ഷേപ ഉപദേശകര്‍, ഗവേഷണ അനലിസ്റ്റുകള്‍ തുടങ്ങിയ സെബി നിയന്ത്രിത സ്ഥാപനങ്ങള്‍ക്കായി ഏകീകൃത പരസ്യ ചട്ടക്കൂട് കൊണ്ടുവരാനുള്ള ശ്രമത്തിന്റെ ഭാഗമാണിത്. ജൂലൈ 14 വരെ ഈ കരട് ചട്ടക്കൂടിനെക്കുറിച്ച് പൊതുജനങ്ങള്‍ക്ക് അഭിപ്രായം അറിയിക്കാവുന്നതാണ്.
എം എ നിഷാദിന്റെ ‘ലർക്ക്’ ചിത്രത്തിലെ ഗാനമെത്തി
എം എ നിഷാദ് രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ‘ലര്‍ക്ക്’ എന്ന ചിത്രത്തിലെ ഗാനമെത്തി. ‘കാട്ടിലെ കൊമ്പന്റെ’ എന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് മനു മഞ്ജിത്ത് ആണ്. മിനേഷ് തമ്പാന്‍ ആണ് സംഗീതം പകര്‍ന്നിരിക്കുന്നത്. സുദീപ് കുമാര്‍, നസീര്‍ മിന്നലെ, എം എ നിഷാദ് എന്നിവരാണ് ആലപിച്ചിരിക്കുന്നത്. മനുഷ്യനും മൃഗങ്ങളുമായുള്ള സംഘര്‍ഷത്തിന്റെ കഥ പറയുന്ന ചിത്രമാണ് ‘ലര്‍ക്ക്’. കേരളാ ടാക്കീസിന്റെ ബാനറില്‍ ആര്‍. ഹരികുമാര്‍ അവതരിപ്പിക്കുന്ന ചിത്രമാണിത്. ജൂലൈയില്‍ തിയേറ്ററുകളിലെത്തുന്ന ‘ലര്‍ക്ക്’ ഇതിനോടകം വിവിധ അന്താരാഷ്ട്ര ചലച്ചിത്രോത്സവങ്ങളില്‍ ഇടം നേടിക്കഴിഞ്ഞു. സൈജു കുറുപ്പ്, അജു വര്‍ഗീസ്, പ്രശാന്ത് അലക്സാണ്ടര്‍, ടി.ജി. രവി, അനുമോള്‍, മഞ്ജു പിള്ള, സരിതാ കുക്കു, ജാഫര്‍ ഇടുക്കി, സുധീര്‍ കരമന, പ്രശാന്ത് മുരളി, ബിജു സോപാനം, സോഹന്‍ സീനുലാല്‍ തുടങ്ങിയവര്‍ അണിനിരക്കുന്ന ചിത്രത്തില്‍ സംവിധായകന്‍ എം.എ നിഷാദും ഒരു പ്രധാന വേഷത്തിലെത്തുന്നു.
‘മോളിവുഡ് ടൈംസ്’ ജൂലൈ 3 ന് ഒടിടിയിലേക്ക്
യുവതാരങ്ങളില്‍ ശ്രദ്ധേയനായ നസ്ലെനെ കേന്ദ്ര കഥാപാത്രമാക്കി അഭിനവ് സുന്ദര്‍ നായക് ഒരുക്കിയ ‘മോളിവുഡ് ടൈംസ്’ ഒടിടിയിലേക്ക്. ജിയോ ഹോട്ട്സ്റ്റാറിലൂടെ ജൂലൈ 3 ന് ചിത്രം സ്ട്രീമിംഗ് ആരംഭിക്കും. ഇതിന് മുന്നോടിയായി ചിത്രത്തിന്റെ പുതിയ ട്രെയ്ലര്‍ ജിയോ ഹോട്ട്സ്റ്റാര്‍ പുറത്തുവിട്ടിട്ടുണ്ട്. ഒരു സിനിമാ മോഹിയുടെ യാത്രകളിലൂടെ ആരും പറയാത്ത കഥ പറഞ്ഞ ചിത്രം ഒരു മികച്ച തിയറ്റര്‍ എക്സ്പീരിയന്‍സ് സമ്മാനിച്ചുവെന്നായിരുന്നു മോളിവുഡ് ടൈംസിനെക്കുറിച്ചുള്ള പ്രേക്ഷകാഭിപ്രായം. സംവിധായകനായ അഭിനവ് സുന്ദര്‍ നായകിന്റെ ആത്മകഥാംശമുള്ള സിനിമ കൂടിയാണ് മോളിവുഡ് ടൈംസ്. ഒപ്പം, ചിത്രത്തില്‍ നസ്ലനെ കൂടാതെ സംഗീത് പ്രതാപ്, ഷറഫുദ്ദീന്‍, റോഷന്‍ ഷാനവാസ്, ജഗദീഷ്, അപ്പുണ്ണി ശശി, പ്രശാന്ത് അലക്സാണ്ടര്‍, ബാലചന്ദ്രന്‍ ചുള്ളിക്കാട്, അല്‍ത്താഫ് സലിം, ഗോപിക രമേശ്, രാജേഷ് മാധവന്‍ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. കൂടാതെ രണ്ട് പ്രമുഖ താരങ്ങളും അതിഥി വേഷത്തില്‍ എത്തുന്നുണ്ട്.
ടാറ്റ സിയേറ ഇവി ഇന്ത്യൻ വിപണിയിൽ
കാത്തിരിപ്പിന് വിരാമമിട്ട് സിയേറ ഇവിയെ ഇന്ത്യന്‍ വിപണിയില്‍ പുറത്തിറക്കി ടാറ്റ മോട്ടോഴ്സ്. 18.79 ലക്ഷം രൂപ മുതലാണ് വാഹനത്തിന്റെ എക്‌സ് ഷോറൂം വില ആരംഭിക്കുന്നത്. സിയേറയുടെ പെട്രോള്‍/ഡീസല്‍ പതിപ്പ് പുറത്തിറങ്ങി വെറും ഏഴ് മാസത്തിന് ശേഷമാണ് ഇവി എത്തുന്നത്. 63 കിലോവാട്ട്അവര്‍, 75കിലോവാട്ട്അവര്‍ എന്നിങ്ങനെ രണ്ട് ബാറ്ററി ഓപ്ഷനുകളില്‍ വാഹനം ലഭ്യമാണ്. വലിയ 75കിലോവാട്ട്അവര്‍ പതിപ്പിന് 665 കിലോമീറ്ററും, 63കിലോവാട്ട്അവര്‍ പതിപ്പിന് 565 കിലോമീറ്ററും സിംഗിള്‍ ചാര്‍ജ് റേഞ്ച് ലഭിക്കും. 120കിലോവാട്ട് ഡിസി ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ചാല്‍ വെറും 15 മിനിറ്റ് കൊണ്ട് 263 കിലോമീറ്റര്‍ ഓടാനുള്ള ചാര്‍ജ് കയറ്റാം. വെറും 26 മിനിറ്റില്‍ 20 മുതല്‍ 80 ശതമാനം വരെ ബാറ്ററി ചാര്‍ജ് ചെയ്യാനാകും. ടാറ്റയുടെ മറ്റ് ഇവികള്‍ക്ക് സമാനമായി ഇതിനും ‘ലൈഫ് ടൈം ബാറ്ററി വാറന്റി’ കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.
ഉണ്ണി ആറിന്റെ ഏറ്റവും പുതിയ കഥാസമാഹാരം ‘മാനസമിത്രം’ പുറത്തിറങ്ങി
കഥയിലെ ഓരോ സംഭവവും വായനക്കാരന്‍ നറുക്കിട്ടു തിരഞ്ഞെടുക്കുന്ന നോവലാണ് കോര്‍ത്തസാറിന്റെ ‘ഹോപ്‌സ്‌കോച്ച്.’ ബോര്‍ഹസിന്റെ ‘പിരിയന്‍ വഴികളുടെ ഉദ്യാന’ത്തില്‍ പകിട തുറന്നിടുന്ന എല്ലാ സാദ്ധ്യതകളെയും ഒരേ സമയം യാഥാര്‍ത്ഥ്യമായെടുത്ത് കഥ മുന്നേറുന്നു. യാതൊന്നാണോ അതായിരുന്നാല്‍ മതി എന്തുമാകാന്‍ എന്നിടത്താണ് ശരിക്കുള്ള കളി. എല്ലാം എല്ലാത്തില്‍നിന്നും ഒഴിഞ്ഞിരിക്കുന്ന ഈ കളിക്കളത്തിന്റെ ശാന്തിയും ഭീകരതയുമാണ് ഉണ്ണിയുടെ കഥകളില്‍. ഗംഭീരവിക്രമ, നെടുമോഹനിദ്ര, എഴുത്തച്ഛന്‍, മലമുകളില്‍ രണ്ടുപേര്‍, അദൃശ്യന്മാരസത്തുക്കള്‍, ചിത്രപടം, അവിഹിതസുന്ദരലോകം, മാനസമിത്രം, പെപ് പൈപ്പര്‍ എന്നിങ്ങനെ ഒമ്പതു കഥകള്‍. ഉണ്ണി ആറിന്റെ ഏറ്റവും പുതിയ കഥാസമാഹാരം. ‘മാനസമിത്രം’. മാതൃഭൂമി. വില 178 രൂപ.
ആന്റാസിഡുകളുടെ അമിത ഉപയോഗം ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് മുന്നറിയിപ്പ്
ചിലര്‍ അമിതമായ ഗ്യാസ് അല്ലെങ്കില്‍ അസിഡിറ്റി അനുഭവപ്പെടുമ്പോള്‍ ഉടന്‍ തന്നെ ആന്റാസിഡുകള്‍ കഴിക്കാറുണ്ട്. ചിലര്‍ ഈ മരുന്നുകള്‍ എപ്പോഴും കൈവശം വയ്ക്കാറുണ്ട്, ചെറിയ അസ്വസ്ഥതകള്‍ പോലും പരിഹരിക്കാന്‍ ഇവ കഴിക്കാറുണ്ട്. എന്നാല്‍, ഈ ശീലം ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ദീര്‍ഘകാല ആന്റാസിഡുകളുടെ ഉപയോഗം ശരീരത്തിന്റെ കാല്‍സ്യത്തിന്റെയും ചില അവശ്യ പോഷകങ്ങളുടെയും ആഗിരണത്തെ ബാധിക്കും. ഇത് അസ്ഥികളുടെ ക്രമേണ ദുര്‍ബലതയ്ക്കും, അസ്ഥി ഒടിവുകള്‍ക്കുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നതിനും കാരണമാകും. നിലവിലുള്ള അസ്ഥി പ്രശ്നങ്ങള്‍ ഉള്ളവര്‍ക്ക് ഇതിലും വലിയ അപകടസാധ്യതയുണ്ട്. ചില ആന്റാസിഡുകളുടെ ദീര്‍ഘകാല ഉപയോഗം ശ്വാസകോശത്തെ ബാധിച്ചേക്കാം. ഇത് ന്യുമോണിയ പോലുള്ള അണുബാധയുമായി ബന്ധപ്പെട്ട സങ്കീര്‍ണതകള്‍ക്കുള്ള സാധ്യതയും വര്‍ദ്ധിപ്പിക്കും. ഗ്യാസ്, അസിഡിറ്റി എന്നിവ ഒഴിവാക്കാന്‍ ദീര്‍ഘനേരം വിശക്കുന്നത് ഒഴിവാക്കുകയും ഇടയ്ക്കിടെ ലഘുവായ ഭക്ഷണം കഴിക്കുകയും ചെയ്യുക. മദ്യപാനം ഒഴിവാക്കുക. ഫാസ്റ്റ് ഫുഡ്, വറുത്ത ഭക്ഷണങ്ങള്‍, എരിവുള്ള ഭക്ഷണങ്ങള്‍ എന്നിവ കുറയ്ക്കുക. ദിവസവും കുറഞ്ഞത് 30 മിനിറ്റെങ്കിലും വ്യായാമം ചെയ്യുക അല്ലെങ്കില്‍ വേഗത്തില്‍ നടക്കുക ആവശ്യത്തിന് വെള്ളം കുടിക്കുക. സുഖമായി ഉറങ്ങുക.






























