കീവ്: യുക്രൈൻ തലസ്ഥാനമായ കീവിൽ വീണ്ടും ബാലിസ്റ്റിക് മിസൈൽ ആക്രമണം നടത്തി റഷ്യ. തിങ്കളാഴ്ച പുലർച്ചെയായിരുന്നു ആക്രമണം. തുർക്കിയിൽ നിർണായകമായ നാറ്റോ ഉച്ചകോടി തുടങ്ങുന്നതിന് ഒരു ദിവസം മുമ്പാണ് ആക്രമണം നടന്നത്. ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ക്രൂയിസ് മിസൈലുകളും ഉപയോഗിച്ചാണ് റഷ്യ ആക്രമണം നടത്തിയതെന്ന് യുക്രൈൻ വ്യോമസേന അറിയിച്ചതായി സിഎൻഎൻ റിപ്പോർട്ട് ചെയ്തു. തിങ്കളാഴ്ച പുലർച്ചെ കീവിന്റെ പല ഭാഗങ്ങളിലും വലിയ സ്ഫോടന ശബ്ദങ്ങൾ കേട്ടു. മിസൈൽ ആക്രമണത്തിന് തൊട്ടുമുൻപായി നഗരത്തിൽ സൈറണുകൾ മുഴങ്ങിയിരുന്നു.
നഗരത്തിലെ രണ്ട് ജില്ലകളിലെങ്കിലും മിസൈൽ അവശിഷ്ടങ്ങൾ വീണ് തീപിടിത്തവും നാശനഷ്ടങ്ങളുമുണ്ടായതായി കീവ് മേയർ വിറ്റാലി ക്ലിറ്റ്ഷ്കോ പറഞ്ഞു. റഷ്യ പുതിയൊരു വലിയ ആക്രമണത്തിന് തയ്യാറെടുക്കുന്നതായി ഇന്റലിജൻസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്ന് യുക്രൈൻ പ്രസിഡന്റ് വോളോഡിമിർ സെലൻസ്കി ഞായറാഴ്ച പറഞ്ഞിരുന്നു.
സെലൻസ്കി എക്സിൽ കുറിച്ചതിങ്ങനെ: “അമേരിക്കയുടെ സ്വാതന്ത്ര്യദിനത്തിന് ശേഷവും അങ്കാറയിലെ നാറ്റോ ഉച്ചകോടിക്ക് മുൻപുമായി റഷ്യ പുതിയൊരു ആക്രമണത്തിന് ഒരുങ്ങുകയാണെന്ന് ഇന്റലിജൻസ് വീണ്ടും സൂചന നൽകുന്നു. ഇത് പുടിന്റെ ഒരു പതിവ് ശൈലിയാണ്. കൂടുതൽ നാശം വിതയ്ക്കാനും ആളുകളെ കൊല്ലാനുമാണ് റഷ്യയുടെ ശ്രമം”. കഴിഞ്ഞ വ്യാഴാഴ്ച കീവിൽ റഷ്യ നടത്തിയ ശക്തമായ ആക്രമണത്തിൽ 30 പേർ കൊല്ലപ്പെട്ടിരുന്നു. യുദ്ധം തുടങ്ങിയതിന് ശേഷമുള്ള ഏറ്റവും വലിയ മൂന്നാമത്തെ ആക്രമണമായിരുന്നു അതെന്നാണ് റിപ്പോർട്ട്.
യുക്രൈനിലെ കിഴക്കൻ ഡോണെറ്റ്സ്ക് മേഖല പൂർണമായി പിടിച്ചെടുക്കാനാണ് റഷ്യയുടെ ശ്രമം. റഷ്യയിലെ എണ്ണ ശുദ്ധീകരണ ശാലകളും തുറമുഖങ്ങളും സൈനിക ഫാക്ടറികളും ലക്ഷ്യമിട്ട് യുക്രൈനും മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ വർധിപ്പിച്ചിട്ടുണ്ട്.
അതേസമയം അങ്കാറയിൽ ചൊവ്വാഴ്ച തുടങ്ങുന്ന നാറ്റോ ഉച്ചകോടിയിലെ പ്രധാന ചർച്ചാവിഷയം റഷ്യ – യുക്രൈൻ യുദ്ധമായിരിക്കും. യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് പങ്കെടുക്കുന്നതിനാൽ ഉച്ചകോടി ലോകശ്രദ്ധ ആകർഷിക്കുന്നുണ്ട്. ജൂലൈ നാലിന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനും ട്രംപും ഏകദേശം 90 മിനിറ്റ് നേരം ഫോണിൽ സംസാരിച്ചിരുന്നു. യുക്രൈനിലെ യുദ്ധം അവസാനിപ്പിക്കാൻ സഹായിക്കാമെന്ന് ട്രംപ് വീണ്ടും വാഗ്ദാനം ചെയ്തതായി റഷ്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.






























