ന്യൂയോർക്ക്: ഈ ലോകകപ്പിലെ വമ്പൻ അട്ടിമറിക്ക് ന്യൂയോർക്കിലെ ന്യൂ ജേഴ്സി സ്റ്റേഡിയം സാക്ഷികളായി. 5 തവണ ലോക കിരീടം നേടിയിട്ടുള്ള ബ്രസീലിനെ തകർത്തെറിഞ്ഞ് നോർവെ ചരിത്രമെഴുതി ക്വാർട്ടറിലേക്ക് മുന്നേറി. ഇതാദ്യമായാണ് നോർവെ ലോകകപ്പിന്റെ ക്വാർട്ടറിൽ എത്തുന്നത്. എർളിങ് ഹാളണ്ടെന്ന മാഞ്ചസ്റ്റർ സിറ്റിയുടെ സ്ട്രൈക്കർ ഒരു ഭീഷണിയേ അല്ലെന്നു മത്സരത്തിനു മുൻപ് ബ്രസീൽ പരിശീലകൻ കാർലോ ആഞ്ചലോട്ടി പറഞ്ഞിരുന്നു. അതേ ഹാളണ്ട് രണ്ട് തവണ വല ചലിപ്പിച്ച് ബ്രസീലിനെ നാട്ടിലേക്ക് മടക്കി. താരത്തിന്റെ ഇരട്ട ഗോൾ ബലത്തിൽ 2-1നാണ് ബ്രസീലിന്റെ ജയം. കളിയുടെ അവസാന നിമിഷത്തിൽ കിട്ടിയ പെനാൽറ്റി വലയിലെത്തിച്ച് പകരക്കാരനായി ഇറങ്ങിയ സൂപ്പർ താരം നെയ്മർ ഒരു ഗോൾ മടക്കി കാനറികൾക്ക് ആശ്വാസം നൽകിയത് മാറ്റി നിർത്തിയാൽ ബ്രസീലിന് മൈതാനത്ത് തൊട്ടതെല്ലാം പിഴച്ച ദിവസമായിരുന്നു. 2002ലെ ലോകകപ്പ് കിരീട വിജയത്തിനു ശേഷം തുടരെ ആറാം ലോകകപ്പിലാണ് ബ്രസീൽ കിരീട നേട്ടമില്ലാതെ മടങ്ങുന്നത്.
കളിയുടെ 79ാം മിനിറ്റ് വരെ ഇരു ടീമുകളും ഗോൾ നേടിയിരുന്നില്ല. 79ാം മിനിറ്റിൽ ഹാളണ്ട് നേടിയ ഹെഡ്ഡർ കോടിക്കണക്കായ ബ്രസീൽ ആരാധകരുടെ നെഞ്ച് തുളയ്ക്കുന്നതായി മാറി. അവിടെയും തീർന്നില്ല. 90ാം മിനിറ്റിൽ ഗോളടി പ്രാക്ടീസ് പോലെ ബോക്സിനു തൊട്ടുപുറത്തു നിന്നു ഹാളണ്ട് നീട്ടിയടിച്ച ഇടം കാലൻ ഷോട്ടും ബ്രസീൽ വലയിൽ കയറിയതോടെ അവരുടെ തിരിച്ചു വരാനുള്ള മോഹങ്ങളെല്ലാം ഒലിച്ചു പോയി. ഈ ലോകകപ്പിലെ താരത്തിന്റെ ഏഴാം ഗോളാണ് ബ്രസീലിനെതിരെ പിറന്നത്.
1990ന് ശേഷം ആദ്യമായാണ് ബ്രസീൽ ഒരു ലോകകപ്പിന്റെ പ്രീ ക്വാർട്ടറിൽ പുറത്താകുന്നത്.




























