തിരുവനന്തപുരം: കെപിസിസി സെക്രട്ടറി തൊടിയൂർ രാമചന്ദ്രൻ ബിജെപിയിൽ ചേർന്നു. കരുനാഗപ്പള്ളി യുഡിഎഫ് ചെയർമാൻ ആയിരുന്നു തൊടിയൂർ രാമചന്ദ്രൻ. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ അംഗത്വം നൽകി. കാർഡിയോളജിസ്റ്റ് ഡോ പ്രതാപ് കുമാർ, കോവളം സിപിഎം മുൻ ഏരിയ കമ്മിറ്റിയംഗം എൻ എ റഷീദ് എന്നിവരും ബിജെപിയിൽ ചേർന്നു. ബിജെപിയുടെ ആദ്യ ഘട്ട സ്ഥാനാർത്ഥി പട്ടിക ഇന്ന് പ്രഖ്യാപിക്കുമെന്ന് രാജീവ് ചന്ദ്രശേഖർ അറിയിച്ചു. മുപ്പത് സീറ്റുകളിലെ സ്ഥാനാർഥികളെയാണ് ഇന്ന് പ്രഖ്യാപിക്കുക. ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായുള്ള ഗാനത്തിന്റെ റിലീസും രാജീവ് ചന്ദ്രശേഖർ നിർവഹിച്ചു.
സിപിഐ വിട്ട് നാട്ടിക മണ്ഡലത്തില് സ്വതന്ത്രനായി മത്സരിക്കുന്ന സി സി മുകുന്ദനെ പിന്തുണയ്ക്കേണ്ടെന്ന് കോണ്ഗ്രസ് ,പിന്താങ്ങി ബിജെപി
തൃശൂര്: നിയമസഭ തെരഞ്ഞെടുപ്പില് സിപിഐ വിട്ട് നാട്ടിക മണ്ഡലത്തില് സ്വതന്ത്രനായി മത്സരിക്കുന്ന സി സി മുകുന്ദനെ പിന്തുണയ്ക്കേണ്ടെന്ന് കോണ്ഗ്രസ് തീരുമാനം. നാട്ടികയില് സുനില് ലാലൂരിനെ കോണ്ഗ്രസ് സ്ഥാനാര്ത്ഥിയാക്കാനാണ് ധാരണ. കോണ്ഗ്രസ് പിന്തുണ തേടി സിസി മുകുന്ദന് ഡല്ഹിയില് പോയി നേതാക്കളുമായി ചര്ച്ച നടത്തിയിരുന്നു. ഇടതു വോട്ടുകള് സി സി മുകുന്ദന് പിടിച്ചാല് യുഡിഎഫിന് അത് ഗുണം ചെയ്യുമെന്നുമാണ് കോണ്ഗ്രസ് വിലയിരുത്തല്.
also read.
സിറ്റിങ്ങ് എംഎല്എയായിരുന്ന സി സി മുകുന്ദനെ തഴഞ്ഞ് ഗീതാ ഗോപിയെ സ്ഥാനാര്ത്ഥിയാക്കാന് തീരുമാനിച്ചതാണ് പ്രശ്നങ്ങള്ക്ക് അടിസ്ഥാനം. നാട്ടികയില് സിപിഐ സ്ഥാനാര്ഥിയായി മത്സരിക്കുന്ന ഗീതാ ഗോപിയുടേത് ‘പേയ്മെന്റ് സീറ്റ്’ ആണെന്ന ആരോപണത്തിന് പിന്നാലെയാണ് സി സി മുകുന്ദനെ പുറത്താക്കിയത്. പിന്നാലെ നാട്ടികയില് സ്വതന്ത്രനായി മത്സരിക്കുമെന്ന് പ്രഖ്യാപിക്കുകയായിരുന്നു.
കോണ്ഗ്രസ് കൈവിട്ട സി സി മുകുന്ദനെ കൂടെ കൂട്ടാന് ബിജെപി തീരുമാനിച്ചു. അടുത്തിടെ പാര്ട്ടിയില് ചേര്ന്ന, സിപിഐ മുന് നേതാവും വൈക്കം മുന് എംഎല്എയുമായ കെ അജിത് ആണ് മുകുന്ദനെ ബിജെപി പാളയത്തില് എത്തിക്കാന് ശ്രമം നടത്തിയത്. ഇന്ന് ഉച്ചയ്ക്ക് മുകുന്ദന് ബിജെപി ഓഫീസിലെത്തി പാര്ട്ടി അംഗത്വം സ്വീകരിക്കും. നാട്ടികയില് ബിജെപി സ്ഥാനാര്ത്ഥിയായി മുകുന്ദന് മത്സരിക്കുമെന്നാണ് സൂചന.ബിജെപിയുടെ ജില്ലാ സംസ്ഥാന നേതാക്കൾ ബിജെപി തൃശ്ശൂർ ജില്ലാ കമ്മിറ്റി ഓഫീസിലേക്ക്. സിസി മുകുന്ദനെ സ്വീകരിക്കാനാണ് നേതാക്കൾ എത്തിയത്
നവീന്ബാബുവിന്റെ മരണത്തില് തുടരന്വേഷണത്തിന് കോടതി ഉത്തരവ്
കണ്ണൂർ. എഡിഎം നവീൻ ബാബുവിന്റെ മരണത്തില് തുടരന്വേഷണത്തിന് കോടതി ഉത്തരവ്. നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷയുടെ ഹർജിയിൽ തലശ്ശേരി അഡീഷണൽ ജില്ലാ കോടതിയാണ് വിധി പറഞ്ഞത്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റും സിപിഎം നേതാവുമായ പിപി ദിവ്യയുടെ ഫോണ്രേഖകള് പൂര്ണമായും പരിശോധിക്കാനും നിര്ദ്ദേശമുണ്ട്. വളരെ നിര്ണായകമായിട്ടും ഇവരുടെ രണ്ട് ഫോണില്ഒന്നിലെ ചില ദിവസങ്ങളുടെ വിളി വിവരങ്ങള് മാത്രമാണ് പരിശോധിച്ചത്. അടിമുടി ദുരൂഹമായ കേസില് നവീന്ബാബുവിന്റെ കുടുംബത്തിന് നിരാശാ ജനകമായ തീരുമാനങ്ങളായിരുന്നു. അന്വേഷണ ഏജന്സിയുടെയും കോടതികളുടെയും ഭാഗത്തുനിന്നും ഉണ്ടായിരുന്നത്.
also read:
തുടരന്വേഷണത്തെ എതിർത്താണ് പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകിയത്. കേസിൽ പ്രതിയും ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റുമായ പി പി ദിവ്യക്ക് അനുകൂലമായാണ് പൊലീസ് കുറ്റപത്രം നൽകിയതെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി നൽകിയത്.
അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന മുൻ എസിപി ടി കെ രത്നകുമാർ വിരമിച്ച ശേഷം സിപിഎം സ്ഥാനാർഥിയായി മത്സരിച്ചത് പൊലീസും പ്രതിയും തമ്മിലുള്ള രാഷ്ട്രീയ ബന്ധത്തെ സൂചിപ്പിക്കുന്നുവെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ കേരളത്തിൽ രാഷ്ട്രീയ നീക്കങ്ങൾ സജീവം
തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ കേരളത്തിൽ രാഷ്ട്രീയ നീക്കങ്ങൾ സജീവം. കോൺഗ്രസിന്റെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക ഇന്ന് പുറത്തുവന്നേക്കും. കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി ഇതിനോടകം അംഗീകരിച്ച പേരുകളാകും ആദ്യ പട്ടികയിൽ ഇടംപിടിക്കുക. ബാക്കി സീറ്റുകളിൽ അന്തിമ തീരുമാനമെടുക്കാൻ സ്ക്രീനിംഗ് കമ്മിറ്റി ഇന്നും കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി നാളെയും വീണ്ടും യോഗം ചേരുന്നുണ്ട്. തർക്കമുള്ള മണ്ഡലങ്ങളിൽ പരമാവധി ഒറ്റപ്പേരിലേക്ക് എത്താനാണ് ഹൈക്കമാൻഡ് നൽകിയിരിക്കുന്ന കർശന നിർദ്ദേശം.
ചടയമംഗലം സീറ്റുമായി ബന്ധപ്പെട്ട അനിശ്ചിതത്വം കോൺഗ്രസിൽ പുതിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. സീറ്റിനായി ഐഎൻടിയുസി നേതാവ് ആർ. ചന്ദ്രശേഖരൻ എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ ഇടപെടൽ തേടിയിട്ടുണ്ട്. എന്നാൽ ചന്ദ്രശേഖരനെതിരെ പ്രാദേശികമായി ശക്തമായ പ്രതിഷേധം നിലനിൽക്കുന്നുണ്ട്. അതേ സമയം, പുനലൂരിന് പകരം ചടയമംഗലമെന്ന ആവശ്യം മുസ്ലിം ലീഗും ഉയർത്തിയിട്ടുണ്ട്.
ഈ സാഹചര്യത്തിൽ, ചടയമംഗലം സീറ്റ് മുസ്ലിം ലീഗിന് വിട്ടുനൽകിയാൽ ലീഗിന്റെ ആവശ്യം പരിഗണിക്കപ്പെട്ടതാകുമെന്നും ചന്ദ്രശേഖരനെ ചൊല്ലിയുള്ള ഉൾപ്പാർട്ടി പോരിന് അന്ത്യമാകുമെന്നുമാണ് പാർട്ടിയിലെ ഒരു വിഭാഗത്തിന്റെ വിലയിരുത്തൽ. എന്നാൽ ആർ. ചന്ദ്രശേഖരൻ നേരിട്ട് മല്ലികാർജുൻ ഖർഗെയുടെ ഇടപെടൽ തേടിയ സാഹചര്യത്തിൽ തീരുമാനമെന്താകുമെന്നതിലും അഭ്യൂഹം നിലനിൽക്കുകയാണ്.
യുഡിഎഫിലെ മറ്റൊരു ഘടകകക്ഷിയായ പി.ജെ. ജോസഫിന്റെ നേതൃത്വത്തിലുള്ള കേരള കോൺഗ്രസ് സ്ഥാനാർത്ഥികളെ നാളെ വൈകുന്നേരം പ്രഖ്യാപിക്കും. ഇടുക്കി സീറ്റിലടക്കം വിട്ടുവീഴ്ചകൾക്ക് സാധ്യതയുണ്ടെന്നും നിലവിൽ ആവശ്യപ്പെട്ട പത്ത് സീറ്റുകളിൽ നിന്ന് എട്ടെണ്ണത്തിലേക്ക് ഒതുങ്ങാൻ ധാരണയായതായും സൂചനയുണ്ട്. ഇടുക്കി സീറ്റ് വിട്ടുനൽകുന്നതിൽ ചില പ്രായോഗിക ബുദ്ധിമുട്ടുകൾ പി.ജെ. ജോസഫ് ചൂണ്ടിക്കാട്ടുന്നുണ്ട്. താൻ നേരിട്ട് മത്സരിക്കുമോ എന്ന ചോദ്യത്തിന് വ്യക്തമായ മറുപടി നൽകാതെ, തീരുമാനങ്ങൾ പിന്നീട് അറിയിക്കാമെന്ന് അദ്ദേഹം വ്യക്തമാക്കി.
വിവാഹാഘോഷം കൈവിട്ടുപോയി, വധുവിന്റെ ബോധം പോയി
കൊച്ചി: വിവാഹാഘോഷത്തിന് സുഹൃത്തുക്കള് ഒരുക്കിയ വെടിക്കെട്ടിന്റെ ആഘാതത്തില് വധു ബോധം കെട്ടുവീണു. ഞായറാഴ്ച വൈകിട്ട് കൊച്ചി മരടിലെ ഒരു ഓഡിറ്റോറിയത്തില് നടന്ന റിസപ്ഷനിടെയാണ് സംഭവം. കൂട്ടുകാര് പൊട്ടിച്ച ഗുണ്ടിന്റെ പ്രകമ്പനത്തിലും ശബ്ദത്തിലും പകച്ചുപോയ വധു തളര്ന്നു വീഴുകയായിരുന്നു.
വൈറ്റില സ്വദേശിനിയായ വധുവും വരനും വേദിയിലേക്ക് എത്തിയതിനൊപ്പം ആയിരുന്നു വലിയ ശബ്ദത്തില് പടക്കം പൊട്ടിച്ചത്. അപ്രതീക്ഷിതമായി വലിയ ശബ്ദം കേട്ട യുവതി തളർന്നുവീഴുകയായിരുന്നു. വധുവിനെ ഉടന് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില് എത്തിച്ചു. രാത്രി 7.30 ഓടെയാണ് വധുവിനെയും കൊണ്ട് വിവാഹ സംഘം ആശുപത്രിയിലെത്തിയത്.
ALSO READ:
അടിയന്തര ശുശ്രൂഷകള് നല്കിയതോടെ ശാരീരിക അസ്വസ്ഥതകള് മാറി യുവതി ബോധം വീണ്ടെടുത്തു. വൈകാതെ തന്നെ തിരികെ വിവാഹ ഹാളിലേക്ക് മടങ്ങി ചടങ്ങുകള് പൂര്ത്തിയാക്കുകയായിരുന്നു.
സുധാകരനെ ‘കൈ’ക്കൊണ്ട് കോണ്ഗ്രസ്,അമ്പലപ്പുഴയില് സ്ഥാനാര്ഥിയെ നിര്ത്തില്ല,കേരളത്തിലുള്ള ഏറ്റവും നല്ല കമ്യൂണിസ്റ്റുകാരനെന്ന് ബെന്നി ബെഹനാന്
തിരുവനന്തപുരം. നിയമസഭ തെരഞ്ഞെടുപ്പില് അമ്പലപ്പുഴയില് സിപിഎം വിട്ട മുന്മന്ത്രി ജി സുധാകരനെ പിന്തുണയ്ക്കാന് കോണ്ഗ്രസ് തീരുമാനം. അമ്പലപ്പുഴയില് കോണ്ഗ്രസ് സ്ഥാനാര്ത്ഥിയെ നിര്ത്തേണ്ടെന്നാണ് കോണ്ഗ്രസ് നേതൃത്വം തീരുമാനിച്ചത്. അമ്പലപ്പുഴയില് സ്വതന്ത്രനായി മത്സരിക്കുമെന്ന് ജി സുധാകരന് കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു.
ആരുടേയും പിന്തുണ തേടില്ലെന്നാണ് സ്ഥാനാര്ത്ഥിത്വം പ്രഖ്യാപിച്ചപ്പോള് സുധാകരന് പറഞ്ഞിരുന്നത്. എന്നാല് കോണ്ഗ്രസ് പിന്തുണയ്ക്കുമെന്ന ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് സുധാകരന് മത്സരത്തിനായി രംഗത്തെത്തിയതെന്ന അഭ്യൂഹം നിലനിന്നിരുന്നു. യുഡിഎഫ് നേതാക്കള് ജി സുധാകരനുമായി ആശയവിനിമയം നടത്തുകയും, പിന്തുണ സ്വീകരിക്കുമെന്ന ഉറപ്പ് ലഭിച്ചതായും റിപ്പോര്ട്ടുകളുണ്ട്.
ALSO READ:
ജി സുധാകരന് നിരുപാധിക പിന്തുണ നല്കാനാണ് കോണ്ഗ്രസ് തീരുമാനിച്ചിട്ടുള്ളതെന്നാണ് വിവരം. അമ്പലപ്പുഴയില് കോണ്ഗ്രസ് നേതാവായ എം ലിജുവാണ് കഴിഞ്ഞ തവണ മത്സരിച്ചിരുന്നത്. സിപിഎമ്മിന്റെ എച്ച് സലാമാണ് ഇടതുമുന്നണി സ്ഥാനാര്ത്ഥി. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില് 11,126 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് സലാം വിജയിച്ചത്. സുധാകരന് കാലുവാരിയതാണ് ഭൂരിപക്ഷം കുറയാന് കാരണമായതെന്ന ആരോപണം വലിയ വിവാദമായി മാറിയിരുന്നു.
ജി സുധാകരനെ പിന്തുണയ്ക്കുന്നതില് തെറ്റില്ലെന്ന് കോണ്ഗ്രസ് നേതാവ് ബെന്നി ബെഹനാന് എംപി. സിപിഎമ്മിന്റെ കേരളത്തിലുള്ള ഏറ്റവും നല്ല കമ്യൂണിസ്റ്റുകാരനാണ് ജി സുധാകരന്. അദ്ദേഹം സിപിഎമ്മുമായി സഹകരിക്കേണ്ടെന്ന് തീരുമാനിച്ചത് ആ പാര്ട്ടിക്കുണ്ടായ അപചയവും ജീര്ണതയും വ്യക്തമാക്കുന്നതാണ്. ജീര്ണത ബാധിച്ച കമ്യൂണിസ്റ്റ് പാര്ട്ടിക്കെതിരെ സുധാകരന് ഒരു തീരുമാനമെടുത്തപ്പോള്, രാഷ്ട്രീയത്തിനതീതമായി നമ്മുടെ നാടിനു വേണ്ടി പിന്തുണയ്ക്കുന്നതില് തെറ്റില്ലെന്ന് വിശ്വസിക്കുന്നുവെന്ന് ബെന്നി ബെഹനാന് പറഞ്ഞു.
കോണ്ഗ്രസ് പ്രാദേശിക ഘടകങ്ങളുടെ തീരുമാനം മനസ്സിലാക്കും. എന്നാല് അന്തിമ തീരുമാനം എടുക്കുന്നത് ഹൈക്കമാന്ഡാണ്. ആ തീരുമാനം പ്രാദേശിക ഘടകങ്ങളെ ബോധ്യപ്പെടുത്തും. പ്രാദേശിക വികാരം മാത്രമല്ല ഒരു തെരഞ്ഞെടുപ്പിന്റെ പ്രശ്നം. സുധാകരനെ പിന്തുണയ്ക്കുമ്പോള് പാര്ട്ടിക്ക് വേണ്ടി പണിയെടുത്തവര് എങ്ങോട്ടു പോകുമെന്ന് ചോദിക്കുന്നതില് അര്ത്ഥമില്ല. അവര് പാര്ട്ടിയില് നില്ക്കും. ഒരാള്ക്ക് വേണ്ടിയിട്ടല്ലല്ലോ സ്ഥാനാര്ത്ഥിത്വം എന്നു പറയുന്നത്. പാര്ട്ടിക്ക് വേണ്ടി പണിയെടുക്കുന്നവര്ക്കാണ് സ്ഥാനങ്ങള് നല്കുന്നതെന്നും ബെന്നി ബെഹനാന് പറഞ്ഞു.
ചായ ചോദിച്ചിട്ട് കിട്ടിയില്ല; മരുമകളെ ഭര്തൃമാതാവ് വെട്ടിക്കൊലപ്പെടുത്തി
മലപ്പുറം: ചായ കിട്ടാത്തതിന്റെ പേരില് യുവതിയെ ഭര്തൃമാതാവ് വെട്ടിക്കൊലപ്പെടുത്തി. നിലമ്പൂര് കരുളായിയിലാണ് സംഭവം. കൂറ്റമ്പാറ സ്വദേശി രജിത (30)യാണ് മരിച്ചത്. ഭര്തൃമാതാവ് ശാന്തയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇന്നു രാവിലെയായിരുന്നു സംഭവം. രജിതയുടെ മക്കളുടെ മുന്നില് വെച്ചായിരുന്നു അതിക്രമം. ചായ പലവട്ടം ചോദിച്ചിട്ടും നല്കാന് വൈകിയതാണ് ശാന്തയെ കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്നാണ് റിപ്പോര്ട്ടുകള്.
വിറക് വെട്ടാനുപയോഗിക്കുന്ന വാക്കത്തി ഉപയോഗിച്ച് തുരുതുരെ വെട്ടുകയായിരുന്നു. വീട്ടില് വെച്ചു തന്നെ മരണം സംഭവിച്ചു. പ്രതി ശാന്തയെ പൂക്കോട്ടുമാടം പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്.
കാരാളിമുക്ക്-റെയിൽവേ സ്റ്റേഷൻ-കുറ്റിയിൽ മുക്ക് റോഡ്:ശാസ്ത്രീയ പഠനം നടത്തി വേണം നിർമാണമെന്ന് ദ് കോസ്
ശാസ്താംകോട്ട: രണ്ട് വർഷം മുമ്പ് മുഖ്യമന്ത്രിയുടെ നവകേരള സദസ്സിൽ അംഗീകാരം നൽകിയ കാരാളിമുക്ക് – റെയിൽവേ സ്റ്റേഷൻ -കുറ്റിയിൽ മുക്ക് റോഡ് നിർമാണം ശാസ്ത്രീയമായി പുന:സംവിധാനം ചെയ്യണമെന്ന് കല്ലട മേഖലയിലെ മുൻ സർക്കാർ ഉദ്യോഗസ്ഥരുടെ കൂട്ടായ്മ ദ് കോസ് ആവശ്യപ്പെട്ടു.
നവകേരള സദസ്സിൽ, ഓരോ അസംബ്ലി മണ്ഡലത്തിലും പുതിയ പദ്ധതികൾക്കായി നീക്കിവച്ചത് 7 കോടി രൂപ വീതമാണ്. അഞ്ചു കോടിയുടെ ശാസ്താംകോട്ട തടാക സംരക്ഷണവും രണ്ടു കോടി ചെലവിട്ടുള്ള കാരാളിമുക്ക് – റെയിൽവേ സ്റ്റേഷൻ -കുറ്റിയിൽ മുക്ക് റോഡ് പുന രുദ്ധാരണവുമാണ് കുന്നത്തൂരിലെ പദ്ധതികൾ.
ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭിച്ച്, 1.68 കോടി ചെലവിൽ പൊതുമരാമത്ത് വകുപ്പ് അഞ്ചു പ്രാവശ്യം ടെൻഡർ ക്ഷണിച്ചെങ്കിലും കരാറുകാരാരും പ്രവൃത്തി ഏറ്റെടുക്കാൻ മുന്നോട്ട് വന്നിട്ടില്ല. തുടർന്ന്, രണ്ടാഴ്ച മുമ്പ് ആറാം തവണയും റീ ടെൻഡർ ചെയ്ത് കാത്തിരിക്കുകയാണ് അധികൃതർ. അപകടസാധ്യതകൾ ഒഴിവാക്കി, ഉന്നത നിലവാരത്തിൽ 3 കി. മീറ്റർ വരുന്ന റോഡ് നിർമാണ ത്തിന് വകയിരുത്തിയ തുക അപര്യാപ്തമാണ്. അതനുസരിച്ചു നവകേരളസദസ്സിലെ പദ്ധതികളുടെ
വിഹിതം പുനർനിർണയിക്കണ മെന്ന ആവശ്യമുയരുന്നുണ്ട്.
കാരാളിമുക്ക് റെയിൽവേ ഓവർ ബ്രിഡ്ജിന് സമീപത്തു നിന്നും റെയിൽവേ സ്റ്റേഷൻ വഴി കുറ്റിയിൽ മുക്ക് വരെ ബി.എം.ബി. സി സാങ്കേതിക നിലവാരത്തിലുള്ള റോഡ് നിർമാണത്തിനാണ് ടെൻഡർ വിളിച്ചത്. പി.ഡബ്ലിയൂ. ഡി കരുനാഗപ്പള്ളി സബ് ഡിവിഷൻ പരിധിയിൽ വരുന്ന പ്രവൃത്തി യാണിത്. വർഷങ്ങളായി തകർന്നു കിടക്കുന്ന ഈ റോഡിലൂടെയുള്ള വാഹനയാത്ര വളരെ ദുഷ്കരമാണ്.
ഇരു ദിശകളിലുമായി നിലവിൽ 55 ട്രെയിനുകൾക്ക് സ്റ്റോപ്പുള്ള സ്റ്റേഷനെന്ന നിലയയിൽ ശാസ്താംകോട്ട വികസിച്ചതോടെ രാപകൽ ഭേദമില്ലാതെ നൂറ് കണക്കിന് യാത്രക്കാരാണ് ഈ റോഡ് വഴി കടന്നു പോകുന്നത്. റെയിൽവേ സ്റ്റേഷന്റെ വാർഷിക ടിക്കറ്റ് വരുമാനം 3. 25 കോടി കടന്നത് തന്നെ ഈ റോഡിന്റെ പ്രാധാന്യം വെളിവാക്കുന്നു. മാത്രമല്ല,എൻ. എച്ച് 66 നെയും എൻ.എച്ച്183 നെയും കൂട്ടിയിണക്കുന്ന ,ദേശീയപാതയുടെ അനുബന്ധമായി ശങ്കരമംഗലം – ഭരണിക്കാവ് റോഡിനെ ദേശീയ പാത അതോറിറ്റി പ്രഖ്യാപിച്ചതാണ്. ആ വിധം തിരക്കുള്ള റോഡിൽ,കാരാളിമുക്ക് റെയിൽവേ ഓവർബ്രിഡ്ജിനോട് ചേർന്ന് തന്നെയുള്ള റെയിൽവേസ്റ്റേഷനിലേക്കുള്ള റോഡിന്റെ തുടക്കം ആശങ്ക യുണർത്തുന്നതാണ്. കുത്തനെയുള്ള ഇറക്കവും റെയിൽവേ ട്രാക്കും കല്ലട പദ്ധതിയുടെ ഇടുങ്ങിയ അക്വിഡിക്റ്റ് പില്ലറുകളും ഇവിടെ അപകടസാധ്യത വർദ്ധിപ്പിക്കുന്നു. വൻ തിരക്കുള്ള റോഡിലേക്ക് കൊടുംകയറ്റം കയറി, കാഴ്ച മറഞ്ഞുള്ള മടക്കയാത്രയും ഏറെ അപകടകരമാണ്.
ഈ സാഹചര്യങ്ങൾ കണക്കിലെടുത്ത്, നാറ്റ്പാക് പോലുള്ള ഏജൻസികളുടെ സഹായത്തോടെ ശാസ്ത്രീയ പഠനം നടത്തി, ഓവർബ്രിഡ്ജിൽ നിന്നും സുരക്ഷിതമായ അകലം പാലിച്ചു റോഡിന്റെ തുടക്കം നിശ്ചയിക്കണമെന്ന്, ദ് കോസ് പ്രസിഡന്റ് മംഗലത്ത് ഗോപാല കൃഷ്ണൻ, സെക്രട്ടറി ആർ. അശോകൻ എന്നിവർ ആവശ്യപ്പെട്ടു. റോഡ് തുടങ്ങുന്നതിന്റെ 50 മീറ്റർ വടക്ക് പെട്രോൾ പമ്പിനോട് ചേർന്നുള്ള നിലവിലെ ഇടറോഡ് വഴി പാതയൊരുക്കി അപകടസാധ്യത പൂർണമായും ഒഴിവാക്കണമെന്ന നിർദേശം അവർ മുന്നോട്ട് വച്ചു.
കിടങ്ങിൽ മഹേന്ദ്രൻ,ഡി. ശിവപ്രസാദ്, വി. എസ്. പ്രസന്ന കുമാർ, പി. വിനോദ്, കെ. റ്റി. ശാന്തകുമാർ,എൻ. അംബുജാക്ഷ പണിക്കർ, എ.കെ. സഹജൻ, കാവടിക്കണ്ടം സോമരാജൻ എന്നിവർ സംസാരിച്ചു.
ദുബായ് എയർപോർട്ടിലെ തീപിടുത്തം, എമിറേറ്റ്സ് വിമാനം കൊച്ചിയിലേക്ക് തിരിച്ചയച്ചു
ഷാര്ജ.ദുബായ് എയർപോർട്ടിലെ തീപിടുത്തം. എമിറേറ്റ്സ് വിമാനം കൊച്ചിയിലേക്ക് തിരിച്ചയച്ചു. തീരുമാനം ദുബായ് വിമാനത്താവളം അടച്ചതോടെ. കൊച്ചിയിൽ നിന്ന് ദുബായിലേക്ക് വിമാനം പുറപ്പെട്ടത് പുലർച്ചെ നാലിന്. വിമാനം തിരിച്ചിറക്കും, യാത്രക്കാരെ മടക്കിയയ്ക്കും. കൂടുതൽ വിമാനങ്ങൾ റദ്ദാക്കും
ALSO READ:
ദുബായിൽ എയർപോർട്ടിന് സമീപം തീപിടിച്ചത് ഡ്രോൺ അവശിഷ്ടം പതിച്ചതാണ്. സുരക്ഷ ഉറപ്പാക്കാൻ നടപടി സ്വീകരിച്ചെന്ന് അധികൃതർ. ഇന്ധന ടാങ്കിലാണ് ഡ്രോണ് അവശിഷ്ടം പതിച്ചത്
തീ അണക്കാൻ ശ്രമിക്കുകയാണെന്നും സംഭവത്തിൽ ആർക്കും പരിക്കില്ലെന്നും അധികൃതര് വ്യക്തമാക്കി. വിമാനത്താവളം അടച്ചു.



































