തിരുവനന്തപുരം. നഗരസഭയിൽ കെട്ടിട നിർമാണ പെർമിറ്റിനായുള്ള അപേക്ഷകൾ കെട്ടിക്കിടക്കുന്നു. നഗരസഭ പരിധിയിലെ മൊത്തം വാർഡുകളിലുമായി ആയിരത്തിലധികം അപേക്ഷകളിലാണ് തുടർ നടപടികൾ വൈകുന്നത്. കെ സ്മാർട്ട് വഴി സമർപ്പിച്ച അപേക്ഷകളിൽ തീരുമാനമാകാത്തതിനാൽ നൂറ് കണക്കിനാളുകളാണ് ദിനംപ്രതി നഗരസഭ ഓഫീസ് കയറിയിങ്ങുന്നത്.
കെട്ടിടങ്ങളുടെ നവീകരണം, നിർമാണം, കെട്ടിട നമ്പർ എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായാണ് ആയിരക്കണക്കിന് അപേക്ഷകൾ നഗരസഭയിൽ കെട്ടിക്കിടക്കുന്നത്. ഓരോന്നിനും അതിൻ്റെതായ നടപടി ക്രമങ്ങൾ ഉണ്ടെങ്കിലും നിയമപ്രകാരം സമയ പരിധിയും നിശ്ചയിച്ചിട്ടുണ്ട്. എന്നാൽ എല്ലാ നിയമങ്ങളെയും നോക്കു കുത്തിയാക്കിയാണ് നഗരസഭാ ഭരണ സമിതിയുടെയും, ഉദ്യോഗസ്ഥരുടെയും പ്രവർത്തനം. ഒരാൾ കെട്ടിട നിർമ്മാണ അനുമതിക്കായി അപേക്ഷ നൽകിയാൽ
കേരള മുനിസിപ്പാലിറ്റി ബിൾഡിംഗ് റൂൾ പ്രകാരം അനുമതി നൽകുന്നതിനോ നിരസിക്കുന്നതിനോ ഉള്ള സമയപരിധി 30 ദിവസമാണ്. എന്നാൽ മാസങ്ങൾ പിന്നിട്ടിട്ടും ഉദ്യോഗസ്ഥർ തിരിഞ്ഞു നോക്കുന്നില്ല എന്നതാണ് വാസ്തവം. വൈദ്യുതി കുടിവെള്ള കണക്ഷൻ ലഭിക്കണമെങ്കിൽ കെട്ടിട നമ്പർ നിർബന്ധമാണ്. നൂറ് കണക്കിന് പേർ ഈ വിഷയത്തിലും പ്രതിസന്ധിയിലാണ്. കെട്ടിട നവീകരണത്തിനുള്ള 570 അപേക്ഷകളാണ് ചുവപ്പുനാടയിൽ കുരുങ്ങിക്കിടക്കുന്നത്.
സ്ഥലം മാറിപ്പോയ അസിസ്റ്റൻ്റ് എൻജിനീയർമാരുടെ ഒഴിവിലേക്ക് നിയമനം നടത്താത്തതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. പുതിയ നിയമനം നടക്കുന്നതുവരെ മറ്റ് ഉദ്യോഗസ്ഥർക്ക് ചുമതല നൽകിയിട്ടുണ്ടെങ്കിലും ഉത്തരവാദിത്വമേറ്റെടുക്കാൻ ആരും തയ്യാറല്ല. സെൻട്രൽ, ഫോർട്ട്, കുടപ്പനക്കുന്ന് സോണുകളിൽ എൻജിനീയർമാരില്ല. എഴുപതിധികം വാർഡുകളാണ് ഈ മൂന്ന് സോണുകളിലുമായുള്ളത്. കോർപ്പറേഷൻ സെക്രട്ടറിക്ക് നിരവധിതവണ പരാതി പോയെങ്കിലും ചെറുവിരലണക്കാൻ കോർപ്പറേഷൻ തയ്യാറായിട്ടില്ല എന്നാണ് ആരോപണം.




























