Home Blog Page 943

കൊല്ലത്ത് ആഭിചാരക്രിയയുടെ മറവില്‍ 11കാരിയെ പീഡിപ്പിക്കാന്‍ ശ്രമം: വ്യാജ സ്വാമി അറസ്റ്റില്‍

കൊല്ലത്ത് ആഭിചാരക്രിയയുടെ മറവില്‍ 11കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച വ്യാജ സ്വാമി അറസ്റ്റില്‍. മുണ്ടയ്ക്കല്‍ സ്വദേശി ഷിനുവാണ് പോലീസ് പിടിയിലായത്. മൂന്ന് ദിവസം മുമ്പാണ് പെണ്‍കുട്ടിയുടെ പരാതിയില്‍ ഈസ്റ്റ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. പരീക്ഷയ്ക്ക് ഉയര്‍ന്ന വിജയം വാഗ്ദാനം ചെയ്തായിരുന്നു കുട്ടിയെ ആഭിചാരക്രിയയ്ക്ക് വിധേയയാക്കിയത്.

ഉയര്‍ന്ന വിജയം കരസ്ഥമാക്കാമെന്ന് പറഞ്ഞ് കുട്ടിയെ ഒറ്റയ്ക്ക് മുറിയില്‍ കൊണ്ടുപോയി സ്വകാര്യ ഭാഗത്തില്‍ സ്പര്‍ശിച്ചെന്നാണ് പരാതി. കുട്ടിയുടെ ദേഹത്ത് ഏകദേശം ഏഴോളം ചരടുകളും ഇയാള്‍ കെട്ടിയിട്ടുണ്ട്. കുട്ടി അമ്മയോട് വിവരം പറയുകയും അമ്മ പൊലീസില്‍ പരാതിപ്പെടുകയുമായിരുന്നു. തുടര്‍ന്ന് പൊലീസ് ചൈല്‍ഡ് ലൈനിനെയും വിവരം അറിയിച്ചു. ചൈല്‍ഡ് ലൈന്‍ കുട്ടിയെ കൗണ്‍സിലിങ്ങിന് വിധേയയാക്കി.
അതേസമയം ഷിനുവിന്റെ മുറിയില്‍ നിന്നും പൂജാ സാധനങ്ങളും വടിവാളും ചൂരലുകളും ചരടുകളും മറ്റും കണ്ടെത്തിയിട്ടുണ്ട്. ശംഖ് ജ്യോതിഷം എന്ന പേരിലാണ് ഇയാളുടെ ഓഫീസ് പ്രവര്‍ത്തിക്കുന്നത്. ബാധ ഒഴിപ്പിക്കുക എന്ന പേരില്‍ ചൂരല്‍പ്രയോഗവും ഇയാള്‍ നടത്താറുണ്ടെന്നാണ് വിവരം.

യുവതി ഫോണിലൂടെ നിരന്തരം ഭീഷണിപ്പെടുത്തുന്നതായി ഐപിഎൽ താരം…ഹോട്ടലിലേക്ക് വിളിച്ചുവരുത്തി ഉപദ്രവിച്ചുവെന്ന് യുവതി

ഫോണിലൂടെ യുവതി തന്നെ ഭീഷണിപ്പെടുത്തുന്നതായി പരാതി നൽകി ക്രിക്കറ്റ്‌ താരം വിപ്രജ് നിഗം. ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിനായി കളിക്കുന്ന ഉത്തർപ്രദേശ് താരമാണ് വിപ്രജ് നിഗം. യുപിയിലെ കോട്‌വാലി നഗർ പൊലീസ് സ്റ്റേഷനിൽ ആണ് പരാതി നൽകിയത്. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ക്രിമിനൽ കേസിൽ കുടുക്കുമെന്ന് യുവതി ഭീഷണിപ്പെടുത്തി. ഒരു മൊബൈൽ നമ്പറിൽനിന്നു നിരന്തരം കോളുകൾ ലഭിച്ചതായും താരം പരാതിയിൽ പറയുന്നു. നമ്പർ ബ്ലോക്ക് ചെയ്തതോടെ ഒട്ടേറെ വിദേശ നമ്പറുകളിൽനിന്നു കോളുകൾ ലഭിക്കാൻ തുടങ്ങിയെന്നും പരാതിയിൽ പറയുന്നു.
തന്റെ പ്രശസ്തിക്ക് കോട്ടം വരുത്തുന്ന തരത്തിൽ ഒരു വിഡിയോ പുറത്തുവിടുമെന്നും യുവതി ഭീഷണിപ്പെടുത്തിയെന്നും ഇതു തന്റെ കരിയറിനെയും മാനസികാരോഗ്യത്തെയും സാരമായി ബാധിച്ചെന്നും പരാതിയിൽ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ എഫ്‌ഐആർ റജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അന്വേഷണം നടക്കുന്നുണ്ടെന്നും പൊലീസ് വ്യക്തമാക്കി. കോൾ വിശദാംശങ്ങളും ഡിജിറ്റൽ തെളിവുകളും പരിശോധിച്ചുവരികയാണെന്നും പൊലീസ് പറഞ്ഞു.

എന്നാൽ വിപ്രജിനെതിരെ ഇതേ യുവതിയും പരാതി നൽകിയതായി റിപ്പോർട്ടുണ്ട്. വിപ്രജ് തന്നെ നോയിഡയിലെ ഹോട്ടലിലേക്ക് വിളിച്ചുവരുത്തിയെന്നും ഇവിടെവച്ച് ശാരീരിക ബന്ധത്തിലേർപ്പെട്ടെന്നും എന്നാൽ പിന്നീട് തർക്കമുണ്ടായതായും യുവതി പരാതിയിൽ പറയുന്നു. തന്നെ വിവാഹം കഴിക്കില്ലെന്നും സമൂഹമാധ്യമങ്ങളിൽ ബ്ലോക്ക് ചെയ്യുമെന്നും ഭീഷണിപ്പെടുത്തി. തർക്കം രൂക്ഷമായതോടെ വിപ്രജ് തന്നെ ഹോട്ടൽ മുറിയിൽനിന്നും ബലംപ്രയോഗിച്ച് പുറത്താക്കിയെന്നും പരാതിയിലുണ്ട്.
കേസിൽ തന്റെ നിരപരാധിത്വം തെളിയിക്കുന്ന, വിപ്രജിന്റെ അമ്മയുമായുള്ള ഫോൺ സംഭാഷണത്തിന്റെ റെക്കോർഡിങ്ങും വിപ്രജുമായി തന്നെയുള്ള നിരവധി റെക്കോർഡിങ്ങുകളും തന്റെ പക്കലുണ്ടെന്ന് യുവതി അവകാശപ്പെട്ടു. വിപ്രജ് തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾ തെറ്റാണെന്നും അവർ പറഞ്ഞു.

ഹൈദരാബാദ് സ്വദേശിനിയായ വനിതാ ക്രിക്കറ്റ് താരവുമായുള്ള വിപ്രജിന്റെ തർക്കമാണ് ഇരു പരാതിയിലേക്കും നയിച്ചെന്നാണ് വിവരം. നിലവിൽ ഉത്തർപ്രദേശ് ടീമിനായി കളിക്കുന്ന വനിതാ താരവുമായി വിപ്രജിനു ബന്ധമുണ്ടായിരുന്നു. സമൂഹമാധ്യമത്തിലൂടെയാണ് ഇരുവരും അടുത്തത്. ഇതു പിന്നീട് തർക്കത്തിലേക്കും പരാതിയിലേക്കും നീളുകയായിരുന്നു.

വൈദ്യുതിബില്‍ അടയ്ക്കാത്തതിനു വീട്ടിലെ ഫ്യൂസ് ഊരിയ കെഎസ്ഇബിയ്ക്ക് എട്ടിന്റെ പണികൊടുത്ത് യുവാവ്.

വൈദ്യുതിബില്‍ അടയ്ക്കാത്തതിനു വീട്ടിലെ ഫ്യൂസ് ഊരിയ കെഎസ്ഇബിയ്ക്ക് എട്ടിന്റെ പണികൊടുത്ത് യുവാവ്. കാസര്‍കോട് കു‍ഡ്‍ലു ചൂരി കാള്യയങ്കോട്ടാണ് സംഭവം. വൈദ്യുതി ബിൽ അടയ്‌ക്കാത്തതിന് വീട്ടിലെ കണക‍്ഷൻ കെഎസ്ഇബി വിച്ഛേദിച്ചതിന്റെ വൈരാഗ്യത്തിൽ യുവാവ് നഗരത്തിലെ 50 ട്രാൻസ്ഫോമറുകളിലെ ഫ്യൂസ് തകർത്തു. ഇതോടെ വ്യാപാര സ്ഥാപനങ്ങളിലേതുൾപ്പെടെ എണ്ണായിരത്തിലേറെ ഉപയോക്താക്കൾ 2 മണിക്കൂർ ഇരുട്ടിലായി. സംഭവത്തിനു പിന്നാലെ യുവാവ് ഒടുവിൽ പൊലീസ് പിടിയിലായി.

22,000 രൂപയായിരുന്നു യുവാവിന്റെ കഴിഞ്ഞ മാസത്തെ ബിൽ. 12ന് ആയിരുന്നു പണം അടയ്ക്കേണ്ട അവസാന തീയതി. 13ന് നെല്ലിക്കുന്ന് വൈദ്യുതി സെക‍്ഷൻ ഓഫിസിൽ നിന്ന് വിളിച്ചു. അൽപസമയം കഴിഞ്ഞപ്പോൾ വധഭീഷണിമുഴക്കി വൈദ്യുതി സെക‍്ഷൻ ഓഫിസിലെ ഫോണിലേക്ക് സന്ദേശമെത്തിയതായി കെഎസ്ഇബി അധികൃതർ പറയുന്നു. ഇന്നലെ രാവിലെയെത്തിയ ജീവനക്കാർ വീട്ടിലെ ഫ്യൂസ് ഊരുന്നതിനു പകരം തൂണിൽനിന്നുള്ള കണക്‌ഷൻ വിഛേദിച്ചു.
വൈകിട്ട് ഒരു കുട്ടിയുമായിയെത്തിയ യുവാവ് ഭീഷണിപ്പെടുത്തുകയും പണത്തിന്റെ കെട്ടു കാണിച്ച് ബില്ലടയ്ക്കണമെന്നും പറഞ്ഞു. സമയം കഴിഞ്ഞെന്നു പറഞ്ഞപ്പോൾ ബഹളം വച്ച് ഇറങ്ങിപ്പോയതായും ജീവനക്കാർ പറയുന്നു. ഇയാൾ മടങ്ങിപ്പോയശേഷം വൈദ്യുതി മുടങ്ങിയതായി പലയിടങ്ങളിൽ നിന്നായി ഫോൺവിളിയെത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പല ട്രാൻസ്ഫോമറുകളുടെയും ഫ്യൂസുകൾ ഊരിയെറിഞ്ഞതും പൊട്ടിച്ചതും കണ്ടെത്തിയത്. ഫ്യൂസ് ഊരുന്നത് നാട്ടുകാർ കാണുകയും വാക്കേറ്റമുണ്ടാവുകയും ചെയ്തിരുന്നു.

50ൽ ഏറെ ട്രാൻസ്ഫോമറുകളുടെ 200ൽ ഏറെ ഫ്യൂസുകളാണ് ഊരിയെറിഞ്ഞതെന്ന് കണ്ടെത്തി. ടൗൺ പൊലീസിൽ നൽകിയ പരാതിയെത്തുടർന്ന് യുവാവിനെ പിടികൂടി സ്റ്റേഷനിലെത്തിച്ചു. നെല്ലിക്കുന്ന് സെക‍്ഷനു പുറമേ കാസർകോട് സെക‍്ഷൻ പരിധിയിലെ തളങ്കരയിലെ ട്രാൻസ്ഫോമറുകളുടെ ഫ്യൂസും തകർത്തിരുന്നു. ഒരു ട്രാൻസ്ഫോമറിൽ ഒൻപതിലേറെ ഫ്യൂസുകളാണുള്ളത്.

വിദ്യാർത്ഥികളുമായി വിനോദയാത്ര: ആര്‍ടിഒയെ അറിയിക്കണമെന്ന് മോട്ടോര്‍ വാഹന വകുപ്പിന്റെ ഓര്‍മ്മപ്പെടുത്തല്‍

സ്‌കൂളില്‍നിന്നോ കോളജില്‍നിന്നോ വിനോദയാത്ര പോകുന്നതിന് മുമ്പ് ബന്ധപ്പെട്ട ആര്‍ടിഒയെ അറിയിക്കണമെന്ന് മോട്ടോര്‍ വാഹന വകുപ്പിന്റെ ഓര്‍മ്മപ്പെടുത്തല്‍. വിനോയാത്രയ്ക്ക് മുമ്പ് ഒരാഴ്ചമുമ്പെങ്കിലും വിവരം നല്‍കണം. മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ബസ് പരിശോധിക്കാനും സുരക്ഷ ഉറപ്പാക്കാനും വിദ്യാര്‍ഥികള്‍ക്കും ഡ്രൈവര്‍ക്കും കാര്യങ്ങളെക്കുറിച്ച് വിവരിച്ച് കൊടുക്കുന്നതിനുമാണിത്.

മുന്‍വര്‍ഷങ്ങളില്‍ വിദ്യാര്‍ഥികളുമായി വിനോദയാത്ര പോകുന്ന ബസുകളില്‍ എമര്‍ജന്‍സി എക്സിറ്റോ അഗ്നിസുരക്ഷാ സംവിധാനമോ ഇല്ലെന്ന് കണ്ടെത്തിയിരുന്നു. അടിയന്തര സാഹചര്യങ്ങളില്‍ എങ്ങനെ പ്രതികരിക്കണമെന്ന് ഡ്രൈവര്‍മാര്‍ക്കോ വിദ്യാര്‍ഥികള്‍ക്കോ അറിവുമില്ല.
ഇത്തരം ബസുകളില്‍ അനധികൃതമായി സ്പീക്കറുകളും ലൈറ്റുകളും സ്ഥാപിച്ചിരുന്നു. ഇത് തീപിടിത്തത്തിനും മറ്റുവാഹനങ്ങളുടെ ഡ്രൈവറുടെ ശ്രദ്ധ തിരിയാനും കാരണമാകും. ഇങ്ങനെ അപകടമുണ്ടായാല്‍ അതിന്റെ ഉത്തരവാദിത്വം അതാത് വിദ്യാഭ്യാസ സ്ഥാപനത്തിനും കോളജിനുമായിരിക്കുമെന്നും മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു.

റിസോർട്ടിലെ നീന്തൽ കുളത്തിൽ യുവാവ് മുങ്ങി മരിച്ചു

വർക്കല തിരുവമ്പാടിയിൽ യുവാവ് റിസോർട്ടിലെ നീന്തൽ കുളത്തിൽ മുങ്ങി മരിച്ചു. സുഹൃത്തുക്കൾക്കൊപ്പം റിസോർട്ടിലെ നീന്തൽ കുളത്തിൽ നീന്തുന്നതിനിടെയാണ് മരണം സംഭവിച്ചത്. കൊടൈക്കനാൽ സ്വദേശി ദാവൂദ് ഇബ്രാഹിം (25) ആണ് മരിച്ചത്.

30 അംഗ വിനോദ സഞ്ചാര സംഘത്തിനൊപ്പമാണ് ദാവൂദ് ഇബ്രാഹിം ഇവിടെയെത്തിയത്. നീന്തുന്നതിനിടെ അപസ്മാര ബാധിതനായി മുങ്ങിപ്പോയതാകാമെന്നാണ് നിഗമനം.
പോസ്റ്റുമോർട്ടം റിപ്പോർട്ട് പരിശോധിക്കുമെന്നു വർക്കല പൊലീസ് അറിയിച്ചു. മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി.

ഭീകരരിൽ നിന്ന് പിടിച്ചെടുത്ത സ്ഫോടകവസ്തു പൊട്ടിത്തെറിച്ചു; ശ്രീനഗറിൽ പൊലീസ് സ്റ്റേഷനിൽ സ്ഫോടനം; ഏഴ് മരണം

ശ്രീനഗറിലെ നൗഗാം പൊലീസ് സ്റ്റേഷനിലെ സ്ഫോടനത്തിൽ പൊലീസുകാരുൾപ്പെടെ ഏഴ് പേർ മരിച്ചു. ഫരീദാബാദ് ഭീകര സംഘത്തിൽനിന്ന് പിടിച്ചെടുത്ത സ്ഫോടകവസ്തു പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. ഫൊറൻസിക് സംഘത്തിലെ അംഗങ്ങളും പൊലീസുകാരുമടക്കം 30ലധികം പേർക്ക് പരിക്കേറ്റു. ഇവരിൽ എട്ട് പേരുടെ നില ഗുരുതരമാണ്.

ഇന്നലെ രാത്രി 11.20ഓടെയായിരുന്നു സംഭവം. പരിശോധനയ്ക്കായി സാമ്പിൾ ശേഖരിക്കുന്നതിനിടെയാണ് പൊട്ടിത്തെറിയുണ്ടായത്. ശ്രീനഗറിലേക്ക് കൊണ്ടുപോയ സ്‌ഫോടക വസ്തുക്കളിൽ ഒരു ഭാഗം പൊലീസ് ഫോറൻസിക് ലാബിലേക്ക് അയച്ചിരുന്നെങ്കിലും 360 കിലോ പരിശോധനയ്ക്കായി പൊലീസ് സ്റ്റേഷനിലാണ് സൂക്ഷിച്ചിരുന്നത്. പൊട്ടിത്തെറിയുടെ കാരണം സംബന്ധിച്ച് വ്യക്തമല്ല. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ശ്രീനഗറിലെ പ്രധാന പൊലീസ് സ്റ്റേഷൻ ആയതിനാൽ ഏത് സമയവും നിരവധി പൊലീസുകാരുണ്ടാകുന്ന സ്റ്റേഷനാണിത്. സംഭവത്തിൽ കേസെടുത്ത് അന്വേഷണവും പരിശോധനയും തുടരുകയാണ്.

അതേസമയം, ഡൽഹി സ്ഫോടനത്തിൽ എൻഐഎ അന്വേഷണം ഊർജിതമാക്കി. ഫരീദാബാദ് ഭീകരസംഘവുമായി ബന്ധപ്പെട്ട് ഒരു ഡോക്ടർ കൂടി അറസ്റ്റിലായി. ഡോ. ഷഹീനുമായി ബന്ധമുള്ള ഫറൂഖിനെയാണ് ഹാപ്പൂരിൽ നിന്ന് പിടികൂടിയത്. ഭീകര സംഘത്തിന്റെ പാകിസ്താൻ, തുർക്കി ബന്ധവും എൻഐഎ അന്വേഷിക്കുകയാണ്. സ്ഫോടനത്തിൽ മുഖ്യപ്രതിയായ ഉമറിന്‍റെ പുൽവാമയിലെ വീട് സുരക്ഷ സേന തകർത്തിരുന്നു.

പാലത്തായി പീഡനക്കേസിൽ അധ്യാപകനും ബിജെപി നേതാവുമായിരുന്ന പത്മരാജൻ കുറ്റക്കാരനെന്ന് കോടതി,നാ​ളെ ശിക്ഷാവിധി

കണ്ണൂർ. പാനൂർ പാലത്തായി പീഡനക്കേസിൽ അധ്യാപകനും ബിജെപി നേതാവുമായിരുന്ന പത്മരാജൻ കുറ്റക്കാരനെന്ന് കോടതി.തലശ്ശേരി പോക്സോ അതിവേഗ പ്രത്യേക കോടതി നാ​ളെ ശിക്ഷാവിധി പ്രഖ്യാപിക്കും. നാലാംക്ലാസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്.

നാലാംക്ലാസുകാരിയെ പീഡിപ്പിച്ച കേസിലാണ്‌ ശിശുദിനത്തിൽ നിർണായക കണ്ടെത്തൽ.അധ്യപാകനായ പ്രതി കുറ്റക്കാരൻ ആണെന്ന് കോടതി കണ്ടെത്തി.ശിക്ഷാവിധിക്കായി കേരളം കാത്തിരിക്കുകയാണ്.

അധ്യാപകനും ബി.ജെ.പി തൃപ്രങ്ങോട് പഞ്ചായത്ത് മുൻ പ്രസിഡന്റുമായ കുനിയിൽ പത്മരാജൻ കുറ്റക്കാരനെന്ന് കോടതി.തലശ്ശേരി പോക്സോ അതിവേഗ പ്രത്യേക കോടതി ജഡ്ജി എം.ടി. ജലജ റാണിയാണ് കുറ്റക്കാരനെന്ന് കണ്ടെത്തിയത്.2020 ജനുവരിയിൽ സ്കൂളിലെ ശൗചാലയത്തിൽ കൊണ്ടുപോയി പ്രതി മൂന്ന് തവണ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്. നാലാംക്ലാസു​കാരിയെ അതിജീവിത ഉൾപ്പടെ 40 സാക്ഷികളെയാണ് പ്രോസിക്യൂഷൻ വിസ്തരിച്ചത്. 77 രേഖകളും 14 മുതലുകളും ഹാജരാക്കി. കുട്ടിയുടെ മൊഴിയെടുത്ത കൗൺസലർമാരടക്കം മൂന്ന് സാക്ഷികളെ പ്രതിഭാഗം വിസ്തരിച്ചു.
അതിജീവിതയുടെ മൊഴി വിശ്വാസത്തിലെടുക്കാതെ പ്രതിക്കു വേണ്ടി പൊലീസ് നിലകൊണ്ടന്ന ആരോപണം തുടർച്ചയായി ഉയർന്ന കേസായിരുന്നു പാലത്തായി പീഡനം.

2020 മാർച്ച് 17നാണ് പത്മരാജൻ പീഡിപ്പിച്ചതായി പെൺകുട്ടി ചൈൽഡ് ലൈനിൽ മൊഴി നൽകിയത്. പീഡന തീയതി കുട്ടിക്ക് ഓർമയില്ലെന്ന് പറഞ്ഞതോടെ പൊലീസിലെ ഒരു വിഭാഗം കേസ് അട്ടിമറിക്കാൻ ശ്രമം തുടങ്ങിയെന്ന് പരാതിന്ന് പരാതി ഉയര്‍ന്നുന്നു. പ്രതി സ്കൂളിൽ ലീവായിരുന്ന ദിവസം പീഡന തീയതിയാക്കി എഫ്.ഐ.ആറിൽ രേഖപ്പെടുത്തി. പൊലീസ് പറഞ്ഞ തീയതിയാണ് പീന്നീട് കുട്ടി കൗൺസലർമാരോടും ഡോക്ടറോടും നൽകിയ മൊഴി.ദുർബല വകുപ്പുകൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്ത് കുറ്റപത്രം സമർപ്പിച്ചതോടെ 90ാം ദിവസം പ്രതി ജാമ്യത്തിലിറങ്ങി. ഇതോടെ കുട്ടിയുടെ മാതാവ് ഹൈകോടതിയെ സമീപിച്ചു.

കുട്ടി നൽകിയ രഹസ്യമൊഴി കേസന്വേഷണത്തിന് മേൽനോട്ടം വഹിച്ച അന്നത്തെ ക്രൈംബ്രാഞ്ച് ഐ.ജി എസ്. ശ്രീജിത്ത് തന്നെ വെളിപ്പെടുത്തിയതും വിവാദമായി. പ്രതിയുടെ ജാമ്യം റദ്ദാക്കാൻ മാതാവും ആക്ഷൻ കമ്മിറ്റിയും ഹൈകോടതിയെ സമീപിച്ചപ്പോൾ പെൺകുട്ടി കള്ളം പറയുകയാണ് എന്നാണ് അന്വേഷണ സംഘം ഹൈകോടതിയിൽ റിപ്പോർട്ട് നൽകിയത്. നാളത്തെ ശിക്ഷാവിധി പരിശോധിച്ച് ശേഷം മേൽ കോടതിയെ സമീപിക്കുമെന്ന് പ്രതിഭാഗം അഭിഭാഷകൻ പറഞ്ഞു.

അഞ്ച് അന്വേഷണസംഘങ്ങൾ മാറി വന്ന കേസ് വൻ വിവാദവും കോളിളക്കങ്ങളും സൃഷ്ടിച്ചിരുന്നു. ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസിൽ ഒടുവിൽ തളിപ്പറമ്പ് ഡിവൈഎസ്പി ആയിരുന്ന ടി.കെ.രത്നകുമാർ ആയിരുന്നു അവസാന അന്വേഷണ ഉദ്യോഗസ്ഥൻ.

കണ്ണൂരിൽ കൊലക്കേസ് പ്രതി സിപിഎം സ്ഥാനാർത്ഥി

സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട തർക്കങ്ങളും വിവാദങ്ങളും തുടരുകയാണ്. കണ്ണൂരിൽ കൊലക്കേസ് പ്രതിയെ സിപിഐഎം സ്ഥാനാർത്ഥിയാക്കിയത് വിവാദമായി. കോഴിക്കോട് നാദാപുരത്ത് സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട സംഘർഷത്തിൽ 5 സിപിഐഎം പ്രവർത്തകർക്ക് പരുക്കേറ്റു. തർക്കത്തുടർന്ന് പാലക്കാട് നഗരസഭയിലെ കോൺഗ്രസ് സ്ഥാനാർത്ഥി പ്രഖ്യാപനം മാറ്റിവെച്ചു.

അരിയിൽ ശുക്കൂർ വധക്കേസിലെ ഇരുപത്തിയെട്ടാംപതി പിപി സുരേശനെയാണ് സിപിഐഎം സ്ഥാനാർഥിയായി പ്രഖ്യാപിച്ചത്. പട്ടുവം പഞ്ചായത്തിലെ പതിനാലാം വാർഡിൽ നിന്ന് സുരേശൻ ജനവിധി തേടും. കൊലക്കേസ് പ്രതിയെ സിപിഐഎം സ്ഥാനാർത്ഥിയാക്കിയത് വിവാദമായി. സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട് കോഴിക്കോട് നാദാപുരത്തുണ്ടായ കയ്യാങ്കളിയിൽ സിപിഐഎം നേതാവും പഞ്ചായത്ത് അംഗവുമായ പി പി ബാലകൃഷ്ണനും ബന്ധുക്കൾക്കും ആണ് പരുക്കേറ്റത്. ബ്രാഞ്ച് സെക്രട്ടറി വെങ്ങക്കണ്ടി സജീവിന്റെ നേതൃത്വത്തിൽ ആറംഗ സംഘം ആക്രമിച്ചു എന്നാണ് പരാതി. സജീവന് സ്ഥാനാർത്ഥിത്വം ലഭിക്കാത്തതിന് പിന്നിൽ ബാലകൃഷ്ണനും കുടുംബവും ആണെന്ന് ആരോപിച്ച് ആയിരുന്നു അക്രമം.

തർക്കത്തെ തുടർന്ന് പാലക്കാട് നഗരസഭയിലെ കോൺഗ്രസ് സ്ഥാനാർത്ഥി പ്രഖ്യാപനം നീട്ടി വച്ചു. ആവശ്യങ്ങൾ അംഗീകരിക്കാതെ, സ്ഥാനാർത്ഥി പ്രഖ്യാപനം നടത്താൻ അനുവദിക്കില്ലെന്ന് മണ്ഡലം പ്രസിഡന്റുമാർ നിലപാട് എടുക്കുകയായിരുന്നു.
നോർത്ത് മണ്ഡലം പ്രസിഡൻറ് രമേശ്, ഈസ്റ്റ് മണ്ഡലം പ്രസിഡൻറ് സേവ്യർ എന്നിവരാണ് സ്ഥാനാർത്ഥി പ്രഖ്യാപനം തടഞ്ഞത്. സമവായ നീക്കം തുടരുകയാണ്.

ശിശുദിനാഘോഷവേളയിൽ രോഗികൾക്ക് കൈത്താങ്ങുമായി വിദ്യാരംഭം സെൻട്രൽ സ്കൂൾ

ശാസ്താംകോട്ട. വേങ്ങ വിദ്യാരംഭം സെൻട്രൽ സ്കൂളിൽ വൈവിധ്യമാർന്ന പരിപാടികളോടെ ശിശുദിനാഘോഷം നടത്തപ്പെട്ടു. രാവിലെ സ്കൂളിൽ നടന്ന പ്രത്യേക അസംബ്ലിയിൽ വിദ്യാർത്ഥികൾ വൈവിധ്യമാർന്ന പരിപാടികൾ അവതരിപ്പിച്ചു. സ്വാതന്ത്ര്യസമരസേനാനികളുടെ വേഷഭൂഷാദി കളോടെ എത്തിയ വിദ്യാർത്ഥികളുടെ റാലി പരിപാടിക്ക് മോടി കൂട്ടി.സ്കൂളിന്റെ സിൽവർ ജൂബിലി ആഘോഷിക്കുന്ന ഈ വേളയിൽ നടത്തപ്പെടുന്ന ചാരിറ്റി പ്രവർത്തനങ്ങളുടെ ഭാഗമായി ശിശുദിനത്തിൽ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിലേക്ക് വേണ്ടി രണ്ട് വീൽചെയറുകളും ഒരു സ്ട്രക്ചറും മെഡിക്കൽ സൂപ്രണ്ട് ഡോക്ടർ ഷഹന. കെ. മുഹമ്മദിന് പിടിഎ പ്രസിഡന്റ്‌ ശ്രീ. കുറ്റിയിൽ നിസാo കൈമാറി. പ്രസ്തുത ചടങ്ങിൽ പ്രിൻസിപ്പൽ മഹേശ്വരി. എസ്, വൈസ് പ്രിൻസിപ്പൽ ജെ. യാസിർ ഖാൻ, അക്കാദമിക് കോഡിനേറ്റർമാരായ അഞ്ജനി തിലകം, ഷിംനാ മുനീർ, പിടിഎ സെക്രട്ടറി പ്രിയ മോൾ, എക്സിക്യൂട്ടീവ് അംഗങ്ങൾ,അധ്യാപക പ്രതിനിധികളായ സാലിം, സന്ദീപ്, ശ്രീലക്ഷ്മി തുടങ്ങിയവരും വിദ്യാർത്ഥി പ്രതിനിധികളും സംബന്ധിച്ചു.

എംഡിഎംഎ വില്‍ക്കാന്‍ എത്തിയ യുവതികളും ലഹരി മരുന്ന് വാങ്ങാനെത്തിയ യുവാക്കളും പിടിയില്‍

തൃശൂര്‍: ചാലക്കുടിയില്‍ വന്‍ മയക്കുമരുന്ന് വേട്ട. മാരക രാസ ലഹരിയായ എംഡിഎംഎ വില്‍ക്കാന്‍ എത്തിയ രണ്ട് യുവതികളും ലഹരി മരുന്ന് വാങ്ങാനെത്തിയ മൂന്ന് യുവാക്കളും പിടിയിലായി. അഞ്ച് ലക്ഷത്തോളം രൂപയുടെ എംഡിഎംഎയാണ് പിടിച്ചെടുത്തത്.
ബസില്‍ മയക്കുമരുന്ന് കടത്തി കൊണ്ടുവരുന്നതായി രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് ചാലക്കുടി കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റില്‍ നടത്തിയ പരിശോധനയിലാണ് യുവതികളും യുവാക്കളും പിടിയിലായത്. തൃശൂര്‍ റൂറല്‍ പൊലീസ് നടത്തിയ പരിശോധനയിലാണ് രണ്ട് യുവതികളും വാങ്ങാന്‍ എത്തിയ കയ്പമംഗലം ചളിങ്ങാട് സ്വദേശികളും പിടിയിലായത്.
കോട്ടയം വൈക്കം നടുവില്‍ സ്വദേശിനി ഓതളത്തറ വീട്ടില്‍ വിദ്യ (33), കോട്ടയം വൈക്കം സ്വദേശിനി അഞ്ചുപറ വീട്ടില്‍ ശാലിനി (31) എന്നിവരാണ് എംഡിഎംഎയുമായി എത്തിയത്. കയ്പമംഗലം ചളിങ്ങാട് സ്വദേശികളായ വൈപ്പിന്‍ കാട്ടില്‍ വീട്ടില്‍ ഷിനാജ് (33), ആനക്കൂട്ട് വീട്ടില്‍ അജ്മല്‍ (35), കടവില്‍ അജ്മല്‍ (25) എന്നിവരാണ് വാങ്ങാന്‍ വന്നത്. ഇവരില്‍ നിന്നു അഞ്ച് ലക്ഷത്തോളം രൂപ വില വരുന്ന 58 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു.