Home Blog Page 590

മഴ തുടരുന്നു, ഇന്ന് 5 ജില്ലകളിൽ യെല്ലോ അലർട്ട്; നാളെ അവധി പ്രതീക്ഷിക്കണ്ട! ഒരു ജില്ലയിലും മഴ മുന്നറിയിപ്പില്ല, 17 വരെ മാനം തെളിഞ്ഞു തന്നെ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴ തുടരുന്നു. ഇത് പ്രകാരം ഇന്ന് 5 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം കാസർകോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. മഴയ്ക്കൊപ്പം ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. നാളെ മുതൽ മഴയുടെ ശക്തി കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. നാളെ ഒരു ജില്ലയിലും മഴ മുന്നറിയിപ്പില്ല. ജില്ലാ കളക്ടർമാരുടെ പേജുകളിൽ നാളെ അവധിയുണ്ടോ എന്ന് കമന്‍റിട്ട് ചോദിക്കുന്നവർ, അതുകൊണ്ടുതന്നെ അവധി പ്രതീക്ഷിക്കണ്ട. നാളെ മുതൽ ഈ മാസം 17 വരെ സംസ്ഥാനത്ത് ഒരു ജില്ലയിലും മഴ മുന്നറിയിപ്പില്ല. കേരള – കർണാടക- ലക്ഷദീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Also Read: സുരക്ഷാ ബെൽറ്റ് ധരിപ്പിക്കാൻ മറന്നു, 130 അടി ഉയരത്തിൽ നിന്നുള്ള ബഞ്ചി ജംപിനിടെ 21കാരിക്ക് ദാരുണാന്ത്യം, 6 പേർ പിടിയിൽ

അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം

14/06/2026: പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കാസർകോട് എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. മറ്റുള്ള ദിവസങ്ങളിൽ ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പ് ഇല്ല.

ശക്തമായ കാറ്റ് – ജാഗ്രത നിർദേശങ്ങൾ

കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് (14/06/2026) മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരളത്തിൽ ഏറ്റവും കൂടുതൽ നാശനഷ്ടവും ജീവഹാനിയും ഉണ്ടാക്കുന്ന സംസ്ഥാന സവിശേഷ ദുരന്തമാണ് ശക്തമായ കാറ്റ്. ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകിയും ചില്ലകൾ ഒടിഞ്ഞു വീണും അപകടങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. കാറ്റും മഴയും ഉണ്ടാകുമ്പോൾ ഒരു കാരണവശാലും മരങ്ങളുടെ ചുവട്ടിൽ നിൽക്കാനോ വാഹനങ്ങൾ പാർക്ക് ചെയ്യാനോ പാടില്ല. വീട്ടുവളപ്പിലെ മരങ്ങളുടെ അപകടകരമായ രീതിയിലുള്ള ചില്ലകൾ വെട്ടിയൊതുക്കണം. അപകടാവസ്ഥയിലുള്ള മരങ്ങൾ പൊതുവിടങ്ങളിൽ ശ്രദ്ധയിൽ പെട്ടാൽ ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളെ അറിയിക്കുക.

ഇടിമിന്നൽ ജാഗ്രതാ നിർദേശം

കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് (14/06/2026) ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടിമിന്നൽ അപകടകാരികളാണ്. അവ മനുഷ്യൻറെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ആയതിനാൽ പൊതുജനങ്ങൾ താഴെപ്പറയുന്ന മുൻകരുതൽ കാർമേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നൽ എപ്പോഴും ദൃശ്യമാകണമെന്നില്ലാത്തതിനാൽ ഇത്തരം മുൻകരുതൽ സ്വീകരിക്കുന്നതിൽ നിന്നും വിട്ടുനിൽക്കരുത്.

സുരക്ഷാ ബെൽറ്റ് ധരിപ്പിക്കാൻ മറന്നു, 130 അടി ഉയരത്തിൽ നിന്നുള്ള ബഞ്ചി ജംപിനിടെ 21കാരിക്ക് ദാരുണാന്ത്യം, 6 പേർ പിടിയിൽ

സാവോ പോളോ: 130 അടി ഉയരത്തിൽ നിന്നുള്ള സാഹസിക ബഞ്ചി ജംപിനിടെ 21കാരിക്ക് ദാരുണാന്ത്യം. യുവതിയുടെ ശരീരത്തിൽ സുരക്ഷാ സംവിധാനത്തിൽ കയർ ഘടിപ്പിക്കാൻ ജീവനക്കാർ മറന്നതോടെയാണ് അപകടമുണ്ടായത്. സാവോ പോളോയിലെ സ്കെലിറ്റൻ ബ്രിഡ്ജിൽ നടന്ന ഈ ദാരുണമായ അപകടത്തിൽ മരിയ എഡ്വേർഡ റോഡ്രിഗസ് ഡി ഫ്രീറ്റാസ് എന്ന യുവതിയാണ് കൊല്ലപ്പെട്ടത്.

Also Read: 20 പവനിലേറെ തൂക്കം വരുന്ന ക്ഷേത്രത്തിലെ സ്വര്‍ണ ഉരുപ്പടികള്‍ കാണാതായ സംഭവം; മുന്‍ എക്‌സിക്യുട്ടീവ് ഓഫീസര്‍ അറസ്റ്റില്‍

ഒരു സ്വകാര്യ കമ്പനി സംഘടിപ്പിച്ച സാഹസിക വിനോദത്തിൽ പങ്കെടുക്കാനെത്തിയതായിരുന്നു മരിയ. സുരക്ഷാ കയറായ ബഞ്ചി കോർഡ് യുവതിയുടെ ശരീരത്തിൽ ബന്ധിപ്പിച്ചിരുന്നില്ല എന്ന കാര്യം ശ്രദ്ധിക്കാതെ ജീവനക്കാർ മരിയയെ പാലത്തിന്റെ അരികിലേക്ക് കൂട്ടിക്കൊണ്ടുപോവുകയും താഴേക്ക് വലിച്ചെറിയുകയുമായിരുന്നു.

അപകടം നടക്കുന്ന സമയത്ത് മരിയയുടെ പ്രതിശ്രുത വരനും സംഭവസ്ഥലത്തുണ്ടായിരുന്നു. ഭാവി വധു കൺമുന്നിൽ കൊല്ലപ്പെട്ടതിന് പിന്നാലെ മാനസിക നിലയിൽ തകരാറിലായ ഇയാൾക്ക് വൈദ്യസഹായം നൽകിയിരിക്കുകയാണ് ഇപ്പോൾ. അപകടം നടന്നയുടൻ തന്നെ രക്ഷാപ്രവർത്തകർ സ്ഥലത്തെത്തിയെങ്കിലും ആഴമേറിയ താഴ്ചയിലേക്ക് വീണ യുവതി സംഭവസ്ഥലത്തു വച്ചുതന്നെ മരണപ്പെട്ടിരുന്നു. മൃതദേഹം പിന്നീട് പോസ്റ്റ്‌മോർട്ടം നടപടികൾക്കായി ലീഗൽ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് മാറ്റി.

യുവതി താഴേക്ക് പതിക്കുന്ന ആ ഭയപ്പെടുത്തുന്ന നിമിഷങ്ങളിൽ ചുറ്റും നിന്നിരുന്ന ആളുകൾ പരിഭ്രാന്തരായി നിലവിളിക്കുന്ന വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. കയർ, ആളുകളേ കയർ നോക്കൂ എന്ന് അവിടെയുണ്ടായിരുന്നവർ ഉറക്കെ വിളിച്ചുപറയുന്നത് വീഡിയോകളിൽ കേൾക്കാം. അപകടത്തിന് തൊട്ടുമുമ്പ് മരിയ തന്റെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ചിത്രവും കുറിപ്പും ഇപ്പോൾ വലിയ തോതിൽ ചർച്ചയാകുന്നുണ്ട്. ജമ്പിംഗ് സൈറ്റിൽ നിന്നുള്ള ചിത്രത്തിനൊപ്പം ഒരു പാലത്തിൽ നിന്ന് താഴേക്ക് ചാടാൻ എന്നെ അനുവദിച്ച ആ ഭ്രാന്തൻ ആരാണ്? എന്നായിരുന്നു മരിയ സാമൂഹ്യ മാധ്യമങ്ങളിൽ അവസാനമായി കുറിച്ചത്.

വലിയ സുരക്ഷാ വീഴ്ചയാണ് ഈ അപകടത്തിന് കാരണമായതെന്ന ആക്ഷേപം ശക്തമാണ്. സംഭവവുമായി ബന്ധപ്പെട്ട് വിനോദ പരിപാടി സംഘടിപ്പിച്ച കമ്പനിയിലെ ആറ് ജീവനക്കാരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരുടെ ഭാഗത്തുനിന്നുണ്ടായ കുറ്റകരമായ അനാസ്ഥയെക്കുറിച്ചും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ വന്ന വീഴ്ചകളെക്കുറിച്ചും പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

പരീക്ഷകള്‍ക്കായി എത്തിയ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ക്ക് ആവശ്യത്തിന് ട്രെയിന്‍ എത്തിയില്ല,പാടലീപുത്രത്തില്‍ സംഘര്‍ഷം

പട്‌ന: ബിഹാറിലെ പട്നയിലുള്ള പാടലിപുത്ര റെയില്‍വേ സ്റ്റേഷനില്‍ വിദ്യാര്‍ഥികളും പൊലീസും ഏറ്റുമുട്ടി. മത്സരപരീക്ഷകള്‍ക്കായി എത്തിയ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ക്ക് ആവശ്യത്തിന് ട്രെയിന്‍ എത്താതിരുന്നതാണ് സംഘര്‍ഷത്തിന് കാരണമായത്. ശനിയാഴ്ച സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് എത്തിയവരുടെ തിരക്കിനിടെയാണ് സംഭവം. ചിലര്‍ തമ്മിലുണ്ടായ തര്‍ക്കം പിന്നീട് സംഘര്‍ഷത്തിലേക്ക് നീങ്ങുകയും സ്റ്റേഷന്‍ പരിസരത്ത് കല്ലേറും പൊതുമുതല്‍ നശിപ്പിക്കുന്ന രീതിയില്‍ അക്രമം അരങ്ങേറുകയുമായിരുന്നു.

സംഭവത്തിനിടെ സ്റ്റേഷനിലെ സൗകര്യങ്ങള്‍ തകര്‍ക്കപ്പെട്ടതായി അധികൃതര്‍ അറിയിച്ചു. വെയിറ്റിങ് റൂമിന്റെയും മറ്റ് പൊതുസൗകര്യങ്ങളുടെയും ഗ്ലാസ് പാളികള്‍ തകര്‍ന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ഇതോടെ യാത്രക്കാര്‍ പരിഭ്രാന്തരായി. സംഘര്‍ഷം രൂക്ഷമായതിനെ തുടര്‍ന്ന് വന്‍ പൊലീസ് സന്നാഹത്തെ സ്റ്റേഷനില്‍ വിന്യസിച്ചു. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കാന്‍ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തിയതായും ചില റിപ്പോര്‍ട്ടുകള്‍ പറയുന്നു. സ്റ്റേഷന്‍ പരിസരത്ത് നിലവില്‍ കര്‍ശന സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

സംഭവത്തെ തുടര്‍ന്ന് പരീക്ഷാകേന്ദ്രങ്ങളിലേക്ക് പോകേണ്ടിയിരുന്ന നിരവധി വിദ്യാര്‍ഥികള്‍ യാത്ര തുടരാന്‍ കഴിയാതെ ബുദ്ധിമുട്ടിലായി. സ്ഥിതിഗതികള്‍ സാധാരണ നിലയിലാക്കാന്‍ റെയില്‍വേയും ജില്ലാ ഭരണകൂടവും സംയുക്തമായി നടപടികള്‍ സ്വീകരിച്ചു. അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ചുവരികയാണ്. പൊതുമുതല്‍ നശിപ്പിച്ചവര്‍ക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

ശബരിമല സ്വർണ്ണക്കൊള്ള! പ്രഭാമണ്ഡലം അടക്കം ഇളക്കി പരിശോധിക്കാൻ പ്രത്യേക അന്വേഷണസംഘം സന്നിധാനത്ത്

പത്തനംതിട്ട : ശബരിമലയിലെ സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ കൂടുതൽ തെളിവെടുപ്പുകൾക്കായി പ്രത്യേക അന്വേഷണസംഘം (SIT) സന്നിധാനത്ത് എത്തി. ഹൈക്കോടതിയുടെ പ്രത്യേക അനുമതിയോടെ എത്തുന്ന സംഘം, വിഗ്രഹത്തിന് പിന്നിലെ പ്രഭാമണ്ഡലം അടക്കമുള്ളവ ഇളക്കിമാറ്റി അതീവ ജാഗ്രതയോടെയായിരിക്കും പരിശോധനകൾ നടത്തുക. മിഥുനമാസ പൂജകൾക്കായി ഇന്ന് ശബരിമല നട തുറന്നിരിക്കുന്ന പശ്ചാത്തലത്തിലാണ് കേസിൽ നിർണ്ണായക വഴിത്തിരിവായേക്കാവുന്ന ഈ വിപുലമായ പരിശോധനയ്ക്ക് ഒരുങ്ങുന്നത്.

20 പവനിലേറെ തൂക്കം വരുന്ന ക്ഷേത്രത്തിലെ സ്വര്‍ണ ഉരുപ്പടികള്‍ കാണാതായ സംഭവം; മുന്‍ എക്‌സിക്യുട്ടീവ് ഓഫീസര്‍ അറസ്റ്റില്‍

കോഴിക്കോട്: ജില്ലയിലെ ബാലുശ്ശേരി കോട്ട വേട്ടയ്ക്കൊരുമകന്‍ ക്ഷേത്രത്തിലെ സ്വര്‍ണ ഉരുപ്പടികള്‍ കാണാതായ സംഭവത്തില്‍ മുന്‍ എക്‌സിക്യുട്ടീവ് ഓഫീസര്‍ ടി ടി വിനോദന്‍ അറസ്റ്റില്‍. സംഭവത്തില്‍ നിയമനടപടി വൈകുന്നതിനെതിരെ പ്രതിഷേധം വ്യാപകമായ സാഹചര്യത്തിന് പിന്നാലെയാണ് ബാലുശ്ശേരി പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്.
മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള ഈ ക്ഷേത്രത്തില്‍ എട്ട് മാസം മുമ്പ് നടത്തിയ ഓഡിറ്റിങ്ങിലാണ് 20 പവനിലേറെ തൂക്കം വരുന്ന സ്വര്‍ണ ഉരുപ്പടികള്‍ കാണാനില്ലെന്ന് വ്യക്തമായത്. സംഭവത്തില്‍ മുന്‍ എക്‌സിക്യുട്ടീവ് ഓഫീസറായിരുന്ന ടി ടി വിനോദന്റെ പേരില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിരുന്നു.
ബാലുശ്ശേരി കോട്ട ക്ഷേത്രം കൂടാതെ മറ്റു മൂന്ന് ക്ഷേത്രങ്ങളില്‍ നിന്നും ഇത്തരത്തില്‍ സ്വര്‍ണ ഉരുപ്പടികള്‍ നഷ്ടമായിരുന്നു. ശബരിമല സ്വര്‍ണക്കടത്തിന് പിന്നാലെ ഏറെ വിവാദമായ ബാലുശ്ശേരി ക്ഷേത്രത്തിലെ മോഷണത്തില്‍ എട്ട് മാസങ്ങള്‍ക്ക് ശേഷം പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുകയാണ്.

വാഹനാപകടത്തില്‍ കൈ വിരല്‍ നഷ്ടമായ യുവാവിന് കാലിലെ വിരല്‍ വച്ചുപിടിപ്പിച്ചു

കോഴിക്കോട്: വാഹനാപകടത്തില്‍ കൈ വിരല്‍ നഷ്ടമായ യുവാവിന് കാലിലെ വിരല്‍ വച്ചുപിടിപ്പിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലാണ് ചികിത്സ നടന്നത്.സെക്കന്റ് ടോ-ടു-തമ്പ് ട്രാന്‍സ്ഫര്‍ സര്‍ജറിയിലൂടെയാണ് വിരല്‍ വച്ചുപിടിപ്പിച്ചത്. ഘട്ടംഘട്ടമായ പുനര്‍നിര്‍മാണ ചികിത്സയാണ് യുവാവിന് നല്‍കിയത്.

ആദ്യം ട്യൂബ്ഡ് ഗ്രോയിന്‍ ഫ്ളാപ്പ് ഉപയോഗിച്ച് മൃദുകോശങ്ങളെ പാകപ്പെടുത്തുന്ന പ്രക്രിയ നടത്തി. തുടര്‍ന്ന് കഴിഞ്ഞ മാസം 18ന് മൈക്രോവാസ്‌കുലാര്‍ സെക്കന്‍ഡ് ടോ ട്രാന്‍സ്ഫര്‍ മുഖേന വിരല്‍ പുനസ്ഥാപിച്ചു. 37കാരനായ യുവാവിനാണ് ആറുമാസങ്ങള്‍ക്ക് മുന്‍പ് ഇടത് കൈവിരല്‍ പൂര്‍ണമായും വേര്‍പ്പെട്ടത്. തുടര്‍ന്നാണ് നഷ്ടമായ വിരലിന് പകരമായി കാലിലെ വിരല്‍ വച്ചുപിടിപ്പിച്ചത്.
ഈ ശസ്ത്രക്രിയയില്‍ കൈയിലേക്ക് വിരല്‍ മാറ്റിസ്ഥാപിക്കുകയും രക്തക്കുഴലുകള്‍ പുനസംയോജിപ്പിക്കുകയും ചെയ്തു. രോഗിക്ക് റീഹാബിലിറ്റേഷന്‍ ചികിത്സയും ഫിസിയോതെറാപ്പിയും ആരംഭിച്ചിട്ടുണ്ടെന്നും കൈയുടെ പ്രവര്‍ത്തനക്ഷമത പരമാവധി വീണ്ടെടുക്കുന്നതിന് ശ്രമങ്ങള്‍ തുടരുകയാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലാണ് ചികിത്സ നടന്നത്.

വിമാനം താഴ്ന്ന് പറന്നതിനെ തുടര്‍ന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു

നെടുമ്പാശേരി: നെടുമ്പാശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു. അത്താണി കേരള ഫാര്‍മസിക്ക് സമീപമുള്ള ശാന്തിനഗര്‍ സ്വദേശി കാട്ടുപ്പറമ്പില്‍ വീട്ടില്‍ സൈമണ്‍ ജെ ജെയുവടെ വീടിന്റെ മേല്‍ക്കൂരയാണ് തകര്‍ന്നത്.
അപകടത്തില്‍ വീട്ടുടമയ്ക്ക് പരിക്കേറ്റിട്ടുണ്ട്. ഞായറാഴ്ച രാവിലെ 8.30-ഓടെയാണ് സംഭവം. അപകട സമയത്ത് സൈമണും ഭാര്യയും വീട്ടില്‍ ഉണ്ടായിരുന്നു. അപകടത്തില്‍ സൈമണിന്റെ തോളിന് പരുക്കേറ്റതായാണ് വിവരം. അപകടസമയത്ത് പുറത്തേക്കിറങ്ങി ഓടാന്‍ ശ്രമിക്കുന്നതിനിടെയാണ് വീട്ടുടമയുടെ മേല്‍ ഓടിളകി വീഴുന്നത്. അപകട വിവരം സിയാല്‍ അധികൃതരെ അറിയിച്ചതായി കുടുംബം പറഞ്ഞു.

ആർഎസ്എസ് വേദിയിൽ വിസിമാർ; കേരളത്തോട് മാപ്പ് പറയണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ആർഎസ്‌എസ് സർ സംഘചാലക് മോഹൻ ഭഗവത് പങ്കെടുത്ത പ്രഭാഷണ പരിപാടിയിൽ കേരളത്തിലെ മൂന്ന് സർവകലാശാലകളുടെ വിസിമാർ പങ്കെടുത്ത സംഭവം അതീവ ഗൗരവകരമായി കാണുന്നുവെന്ന് മുഖ്യമന്ത്രി വി ‌ഡി സതീശൻ. സംഭവിച്ചത് ഗുരുതര വീഴ്‌ചയാണെന്നും വിസിമാർ കേരളത്തോട് മാപ്പ് പറയണമെന്നും മുഖ്യമന്ത്രി ഫേസ്‌ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടു. വർഗീയതയെ പ്രോത്സാഹിപ്പിക്കുന്ന നടപടി ആരുടെ ഭാഗത്ത് നിന്നുണ്ടായാലും അംഗീകരിക്കില്ല. അത് വച്ചുപൊറുപ്പിക്കുകയുമില്ലെന്നും സതീശൻ കുറിച്ചു.

ആരോഗ്യസർവകലാശാല വിസി ഡോ. മോഹനൻ കുന്നുമ്മൽ, എംജി സർവകലാശാല വിസി ഡോ. ഡി മാവൂത്ത്, മലയാളം സർവകലാശാല വിസിയുടെ ചുമതലയുള്ള ഡോ. സി ആർ പ്രസാദ് എന്നിവരാണ് സംഘപരിവാർ പരിപാടിയിൽ പങ്കെടുത്തത്.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം: ആർ.എസ്.എസ് ശതാബ്ദിയുടെ ഭാഗമായി സർസംഘചാലക് മോഹൻ ഭാഗവത് സംസാരിച്ച പ്രഭാഷണ സഭയിൽ മൂന്ന് വൈസ് ചാൻസലർമാർ പങ്കെടുത്തത് അതീവ ഗൗരവമായി കാണുന്നു. ഗുരുതരമായ വീഴ്ചയാണ് വൈസ് ചാൻസലർമാർക്ക് ഉണ്ടായത്. കേരളത്തിൻ്റെ വിദ്യാഭ്യാസ പാരമ്പര്യത്തിനും വൈസ് ചാൻസലർമാരുടെ അന്തസിനും നിരക്കാത്തതാണത്.കേരളീയ പൊതുസമൂഹത്തിന് വൈസ് ചാൻസലർ പദവിയോട് ആദരവുണ്ട്. അത് കളഞ്ഞ് കുളിക്കുന്ന തരത്തിലാണ് തീവ്ര വർഗീയത പറയുന്ന ആർ.എസ്.എസ് നേതാവിൻ്റെ പരിപാടിയിൽ ഇവർ പങ്കെടുത്തത്. വർഗീയതയെ പ്രോത്സാഹിപ്പിക്കുന്ന നടപടി ആരുടെ ഭാഗത്ത് നിന്നുണ്ടായാലും അംഗീകരിക്കില്ല. അത് വച്ചുപൊറുപ്പിക്കുകയുമില്ല. ആർ.എസ്.എസ് പരിപാടിയിൽ പങ്കെടുത്ത മൂന്ന് വി.സിമാരും കേരളത്തോട് മാപ്പ് പറയണം.

ടാറ്റ മോട്ടോഴ്‌സിന്റെ ജനപ്രിയ വാഹനങ്ങള്‍ക്ക് അടുത്ത മാസം മുതല്‍ വില വര്‍ധിക്കും

ഇന്ത്യയിലെ പ്രമുഖ വാഹനനിര്‍മാതാക്കളായ ടാറ്റ മോട്ടോഴ്‌സിന്റെ ജനപ്രിയ വാഹനങ്ങള്‍ക്ക് അടുത്ത മാസം മുതല്‍ വില വര്‍ധിക്കുമെന്ന് കമ്പനി അറിയിച്ചു. ഐ.സി.ഇ (ഗ്യാസോലിന്‍, പെട്രോള്‍, ഡീസല്‍) വാഹനങ്ങള്‍ക്കും, ഇലക്ട്രിക് വാഹങ്ങള്‍ക്കും ജൂലൈ ഒന്ന് മുതല്‍ വില വര്‍ധനവ് ബാധകമാണ്. ഓരോ മോഡലിന്റെയും എക്‌സ് ഷോറൂം വിലയില്‍ നിന്നും 1.5 ശതമാനം അധികം പണം നല്‍കിയാല്‍ മാത്രമേ ജൂലൈ മുതല്‍ ഉപഭോക്താക്കള്‍ക്ക് വാഹനം സ്വന്തമാക്കാന്‍ സാധിക്കൂ.
വാഹനം നിര്‍മിക്കുന്നതിനുള്ള ചെലവുകളും പണപ്പെരുപ്പവുമാണ് വില വര്‍ധനവിന് കാരണമെന്ന് കമ്പനി ചൂണ്ടിക്കാട്ടി. ഓരോ മോഡലിന്റെയും കൃത്യമായ വേരിയന്റിനെ ആശ്രയിച്ച് വില വര്‍ധനവ് വ്യത്യാസപ്പെടുമെന്ന് ടാറ്റ മോട്ടോഴ്സ് സ്ഥിരീകരിച്ചു. നിലവില്‍, എന്‍ട്രി ലെവല്‍ ഹാച്ച്ബാക്ക് മുതല്‍ ഏഴ് സീറ്റര്‍ എസ്.യു.വി വരെ നിര്‍മാതാക്കളുടെ വാഹനനിരയിലുണ്ട്.
ടാറ്റയുടെ നിലവിലെ വാഹനനിരയില്‍ ടിയാഗോ, ടിഗോര്‍, പഞ്ച്, നെക്സോണ്‍, സിയേറ, കര്‍വ്വ്, ഹാരിയര്‍, സഫാരി തുടങ്ങിയ മോഡലുകളുടെ വിലയാണ് വര്‍ധിക്കുക. ഇതോടൊപ്പം, ടിയാഗോ ഇവി, പഞ്ച് ഇവി, നെക്സോണ്‍ ഇവി, ഹാരിയര്‍ ഇവി എന്നിവക്കും വില വര്‍ധിക്കും. അതേസമയം, ജൂണ്‍ 30ന് സിയേറ ഇവി രാജ്യത്ത് അവതരിപ്പിക്കാന്‍ ടാറ്റ പദ്ധതിയിടുന്നതായാണ് റിപ്പോര്‍ട്ട്.
ടാറ്റ മോട്ടോഴ്സിന് പുറമേ, ബി.എം.ഡബ്ല്യു ഇന്ത്യ, മെഴ്സിഡസ് ബെന്‍സ്, മാരുതി സുസുക്കി, ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ, നിസാന്‍ മോട്ടോര്‍ ഇന്ത്യ തുടങ്ങിയ നിര്‍മാതാക്കളൂം അടുത്തിടെ അവരുടെ വാഹനങ്ങളുടെ വില വര്‍ധിപ്പിച്ചിരുന്നു. ഇതില്‍, മാരുതി സുസുക്കി ഇന്ത്യന്‍ വിപണിയില്‍ വില്‍ക്കുന്ന കാറുകള്‍ക്ക് 30,000 രൂപ വരെ വിലവര്‍ധനവ് പ്രഖ്യാപിച്ചിരുന്നു. വിലയിലെ മാറ്റങ്ങള്‍ ജൂണ്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വന്നിരുന്നു.

പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തിനെത്തിയത് വേറിട്ട ലുക്കില്‍

തിരുവനന്തപുരം: ഇത്തവണ മാധ്യമപ്രവര്‍ത്തകരെ അമ്പരപ്പിച്ച് വേറിട്ട ലുക്കിലാണ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തിനെത്തിയത്. മുഖത്ത് എപ്പോഴുമുള്ള കണ്ണട ധരിക്കാതെയാണ് അദ്ദേഹം ഇന്ന് തിരുവനന്തപുരത്ത് മാധ്യമങ്ങളെ കണ്ടത്. വാര്‍ത്താസമ്മേളനം തുടങ്ങിയ ഉടന്‍ തന്നെ മാധ്യമപ്രവര്‍ത്തകര്‍ ‘കണ്ണട ഉപേക്ഷിച്ചോ’ എന്ന ചോദ്യവുമായി രംഗത്തെത്തി. ചോദ്യം കേട്ട് ചിരിച്ചുകൊണ്ടായിരുന്നു പ്രതിപക്ഷ നേതാവിന്റെ മറുപടി. ഈയിടെ കണ്ണിന് തിമിര ശസ്ത്രക്രിയ നടത്തിയിരുന്നതായും അതിനുശേഷം കണ്ണടയില്ലാതെ തന്നെ കൃത്യമായി വായിക്കാന്‍ സാധിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ദിവസം ഡോക്ടറെ കണ്ട് പരിശോധിച്ചപ്പോള്‍ ഇനി കണ്ണടയുടെ ആവശ്യമില്ലെന്ന് നിര്‍ദേശിച്ചതായും, അതുകൊണ്ടാണ് അത് പൂര്‍ണ്ണമായി മാറ്റിവെച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.