Home Blog Page 56

റെയ്ഡ് റിപ്പോര്‍ട്ടര്‍ ചാനലില്‍ നിന്നാണ് താന്‍ അറിയുന്നത്,വാറണ്ടോടു കൂടി നിയമപരമായിത്തന്നെയാണ് റെയ്ഡുകളെല്ലാം നടത്തിയിട്ടുള്ളത്,പിണറായി കൂടുതല്‍ ധാര്‍മ്മികരോഷം കൊള്ളേണ്ടെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം: മെസി വിവാദവുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ടര്‍ ചാനലില്‍ നടത്തിയ പൊലീസ് റെയ്ഡിനെ ന്യായീകരിച്ച് മുഖ്യമന്ത്രി വിഡി സതീശന്‍. വാര്‍ത്താ സംപ്രേഷണത്തെ പൊലീസ് തടസ്സപ്പെടുത്തിയിട്ടില്ല. അവിടത്തെ റെയ്ഡ് റിപ്പോര്‍ട്ടര്‍ ചാനലില്‍ നിന്നാണ് താന്‍ അറിയുന്നത്. ലൈവായി അവര്‍ ടെലികാസ്റ്റ് ചെയ്തതില്‍ നിന്നാണ് താനത് കണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.

മെസിയേയും അര്‍ജന്റീന ടീമിനേയും കൊണ്ടു വരുമെന്ന് പറഞ്ഞ് നടത്തിയ വിവാദത്തില്‍, കായിക വകുപ്പ് സര്‍ക്കാരില്‍ പരാതി നല്‍കിയിട്ടുണ്ടായിരുന്നു. അതു പരിശോധിച്ച് ആഭ്യന്തര വകുപ്പ് ഒരു പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിട്ടുണ്ട്. അവര്‍ എഫ്ഐആര്‍ ഇട്ട്, അവരുടെ അന്വേഷണത്തിന്റെ ഭാഗമായിട്ടാണ് റിപ്പോര്‍ട്ടര്‍ ചാനലില്‍ നടത്തിയത്. ആ റെയ്ഡ് നിയമപരമായിട്ടുള്ളതാണെന്നാണ് തനിക്ക് ലഭിച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

നിയമപരമായിട്ടുള്ള എസ്ഐടി അന്വേഷണത്തിന്റെ ഭാഗമായിട്ടുള്ളതാണ് റെയ്ഡ്. മാധ്യമപ്രവര്‍ത്തകരുടെ ഫോണ്‍ പൊലീസ് പിടിച്ചെടുത്തിട്ടുണ്ടെങ്കില്‍ അത് അന്വേഷണത്തിന്റെ ഭാഗമായിട്ടാകാം. അത് സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായിട്ടുള്ളതല്ല. തട്ടിപ്പ് നടന്നതായി ജിഎസ്ടി വകുപ്പ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. കായികവകുപ്പിന്റെ റിപ്പോര്‍ട്ട് പരിശോധിച്ചപ്പോള്‍ ഗുരുതരമായ ആരോപണങ്ങള്‍ വന്നിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് എഡിജിപിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്. വാറണ്ടോടു കൂടി നിയമപരമായിത്തന്നെയാണ് റെയ്ഡുകളെല്ലാം നടത്തിയിട്ടുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.

‘പിണറായി കൂടുതല്‍ ധാര്‍മ്മികരോഷം കൊള്ളേണ്ട’

പൊലീസ് റെയ്ഡിനെതിരെ രംഗത്തുവന്ന പ്രതിപക്ഷ നേതാവ് പിണറായി വിജയനെയും മുഖ്യമന്ത്രി വിമര്‍ശിച്ചു. ഇങ്ങനെയൊന്നും ചെയ്യാന്‍ പാടില്ലെന്നാണ് പിണറായി പറയുന്നത്. പിണറായി വിജയന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത്, 2017 ല്‍ മംഗളം ടിവി റെയ്ഡ് ചെയ്ത് സിഇഒ ഉള്‍പ്പെടെ അഞ്ച് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. 2023 മാര്‍ച്ചില്‍ ഏഷ്യനെറ്റ് ന്യൂസ് റെയ്ഡ് ചെയ്തു. എക്സിക്യൂട്ടീവ് എഡിറ്റര്‍ സിന്ധു സൂര്യകുമാര്‍, റിജിയണല്‍ എഡിറ്റര്‍ ഷാജഹാന്‍ തുടങ്ങിയവര്‍ക്കെതിരെ നിരവധി വകുപ്പുകള്‍ ചുമത്തി.

മറുനാടന്‍ മലയാളി എന്ന ഓണ്‍ലൈന്‍ മാധ്യമസ്ഥാപനത്തില്‍ പൊലീസ് പരിശോധന നടത്തി, അവിടത്തെ ജീവനക്കാരുടെ കംപ്യൂട്ടര്‍, ലാപ്ടോപ്പ് തുടങ്ങിയ പിടിച്ചെടുത്തു. പിന്നീട് മറുനാടന്റെ ചീഫ് എഡിറ്ററെ അറസ്റ്റ് ചെയ്തു. മാധ്യമപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത കഥകളെല്ലാം പറയേണ്ടതില്ലല്ലോ. നവകേരള സദസിലെ ചെരിപ്പേറ് തൊട്ട്, എസ്എഫ്ഐ നേതാവിന്റെ മാര്‍ക്ക് ലിസ്റ്റ് വിവാദത്തില്‍ ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ക്കെതിരെ ഗൂഢാലോചനക്കുറ്റം ചുമത്തി, അങ്ങനെ എത്രയെത്ര സംഭവങ്ങള്‍. പ്രതിപക്ഷ നേതാവിന്റെ ഇപ്പോഴത്തെ ധാര്‍മ്മിക രോഷം കണ്ടാണ് ഇത്രയും പറയുന്നത്. റിപ്പോര്‍ട്ടര്‍ ചാനലിലെ പൊലീസിന്റെ നടപടിയില്‍ സര്‍ക്കാര്‍ ഇടപെടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

പുതു തലമുറ തൊഴിലാളികളുടെയും കരാറുകാരുടെയും മിത്രം

കൊല്ലം ജില്ലയിലെ ശാസ്താംകോട്ടയില്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി പുതുതലമുറ തൊഴിലാളികളുടെയും കരാറുകാരുടെയും മിത്രമായി പ്രവര്‍ത്തിക്കുന്ന ബോസ്‌കോ പവര്‍ ടൂള്‍സ് ഈ മേഖലയില്‍ ഇന്ന് സംസ്ഥാനമൊട്ടാകെ പ്രശസ്തിനേടിയ സ്ഥാപനമാണ്.

ഇന്ത്യയിലും വിദേശത്തുമുള്ള പേരെടുത്ത കമ്പനികളുടെ പവര്‍ ടൂള്‍സ് അതിശയകരമായ വിലക്കുറവില്‍ ലഭ്യമാക്കുന്നു എന്നതാണ് ഈ സ്ഥാപനത്തിന്റെ പ്രത്യേകത. വില്‍പനമാത്രമല്ല വില്‍പനാനന്തര സേവനത്തിലും സ്ഥാപനം പ്രസിദ്ധമാണ് ഇവിടെനിന്നും വാങ്ങുന്ന മെഷീനുകള്‍ക്ക് എന്തങ്കിലും പ്രശ്‌നങ്ങളുണ്ടായാല്‍ പ്രശ്‌നപരിഹാരത്തിന് ഒരു സംഘം സദാ സന്നദ്ധരായി ഇവിടെയുണ്ട്. സ്‌പെയര്‍ പാര്‍ട്ടുകളും ലഭ്യമാണ്. കേരളത്തില്‍ എവിടെനിന്നും ഓണ്‍ലൈനില്‍ ഓര്‍ഡര്‍ സ്വീകരിച്ച് ഉപകരണങ്ങള്‍ പാര്‍സലായി എത്തിക്കുന്ന സൗകര്യവുമുണ്ടെന്ന് ബോസ്‌കോ പവര്‍ ടൂള്‍സ് സാരഥി കെ സി ബോസ് അറിയിച്ചു.

മുന്‍കാലങ്ങളില്‍ നിര്‍വഹിക്കുവാന്‍ ബുദ്ധിമുട്ടുള്ള പലജോലികളും ഇന്ന് വളരെ എളുപ്പമായി മാറിയത് പവര്‍ ടൂള്‍സുകള്‍ മൂലമാണ്. തൊഴിലാളികളുടെ കുറവുമൂലം തടസപ്പെട്ടിരുന്ന പല ജോലികളും ഇന്ന് പവര്‍ ടൂളുകളുടെ സഹായത്താല്‍ വീട്ടുകാര്‍ക്കുതന്നെ നിര്‍വഹിക്കാവുന്നവയായി. കാര്‍ഷിക ജോലികള്‍ക്കും ഇത്തരം യന്ത്രങ്ങള്‍ സഹായമൊരുക്കുന്നുവെന്ന് കെ സി ബോസ് വിശദമാക്കി.


ടൂള്‍സ് വാടകയ്ക്ക് നല്‍കുന്ന സ്ഥാപനങ്ങള്‍ തുടങ്ങാനുദ്ദേശിക്കുന്നവര്‍ക്കും കോണ്‍ട്രാക്ടര്‍മാര്‍ക്കുമായി ഒരു ലക്ഷം , രണ്ടു ലക്ഷം ,അരലക്ഷം, കാല്‍ലക്ഷം രൂപയുടെ പ്രത്യേക കോംബോ ഓഫറുകള്‍ ബോസ്‌കോ ടൂള്‍സ് ഓണത്തിന് പ്രഖ്യാപിച്ചിരുന്നു. കൂടാതെ 4000 രൂപയ്ക്ക് മുകളില്‍ ബില്‍ വരുന്ന പര്‍ച്ചേസുകള്‍ക്ക് കൂപ്പണ്‍ നല്‍കുന്നു അതില്‍നിന്നും നറുക്കെടുത്ത് സമ്മാനങ്ങള്‍ നല്‍കുന്നുണ്ട്. ഒന്നാം സമ്മാനം ഹീറോ സ്‌പെളന്‍ഡര്‍ മോട്ടോര്‍ സൈക്കിള്‍, രണ്ടാംസമ്മാനം ഗൂഗിള്‍ ടിവി, മൂന്നാംസമ്മാനമായി 5000 രൂപയുടെ പര്‍ച്ചേസ് കൂപ്പണ്‍ 5 പേര്‍ക്ക്, നാലാം സമ്മാനം 5 പേര്‍ക്ക് കോക്കനട്ട് സ്‌ക്രാപ്പര്‍ എന്നിങ്ങനെയാണ് നല്‍കുക. 21ന് വൈകിട്ട് നാലിന് ഉല്ലാസ് കോവൂര്‍ എംഎല്‍എ നറുക്കെടുപ്പ് നിര്‍വഹിക്കും.
ഇതു കൂടാതെ മെഷീനുകള്‍ക്ക് പലവിധ ഓഫറുകളും വമ്പന്‍ വിലക്കുറവും പ്രഖ്യാപിച്ചിട്ടുണ്ടെന്ന് കെ സി ബോസ് പറഞ്ഞു.

മാര്‍ക്കറ്റിംങ് ഫീച്ചര്‍

വിശുദ്ധ മക്ക ലക്ഷ്യമിട്ട് ഹൂതി ഡ്രോൺ ആക്രമണശ്രമം; സൗദി പ്രതിരോധ സേന തകർത്തു

മക്ക: വിശുദ്ധ മക്ക ആക്രമിക്കാൻ ഹൂതികൾ ലക്ഷ്യമിട്ടതായി സൗദി റോയൽ വ്യോമ പ്രതിരോധ സേന. ഹൂതികൾ വിക്ഷേപിച്ച ഡ്രോൺ സൗദി റോയൽ വ്യോമ പ്രതിരോധ സേന തടഞ്ഞ് തകർത്തു. മക്കയുടെ നിരോധിത വ്യോമാതിർത്തിയിൽ പ്രവേശിക്കുന്നതിന് മുമ്പാണ് ഡ്രോൺ തകർത്തതെന്ന് സഖ്യസേനയുടെ സംയുക്ത സേന കമാൻഡ് അറിയിച്ചു.

സെപ്റ്റംബർ 15 ചൊവ്വാഴ്ച രാത്രി 6.50ഓടെ മക്ക നഗരത്തിന്റെ തെക്കൻ ഭാഗത്താണ് ഡ്രോൺ പ്രതിരോധ സേന തകർത്തതെന്ന് സഖ്യസേനാ ഔദ്യോഗിക വക്താവ് മേജർ ജനറൽ തുർക്കി അൽ-മാലികി അറിയിച്ചു.

മക്കയെ ലക്ഷ്യമിട്ട് ഹൂതികൾ നടത്തുന്ന രണ്ടാമത്തെ ആക്രമണശ്രമമാണിതെന്നും അൽ-മാലികി വ്യക്തമാക്കി. 2017 ജൂലൈ 27ന് ബാലിസ്റ്റിക് മിസൈൽ ഉപയോഗിച്ച് മക്ക ലക്ഷ്യമിട്ടിരുന്നു. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് മുസ്ലിംകളുടെ വികാരങ്ങളെ പ്രകോപിപ്പിക്കുന്ന ഗുരുതരമായ നടപടിയാണ് ഹൂതികളുടെ പുതിയ നീക്കമെന്ന് അൽ-മാലികി പറഞ്ഞു.

രണ്ട് വിശുദ്ധ പള്ളികളുടെയും തീർത്ഥാടകരുടെയും സുരക്ഷയിൽ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഹൂതി മിലിഷ്യയുടെ ഇത്തരം ആക്രമണങ്ങൾക്കെതിരെ ആവശ്യമായ പ്രതിരോധ നടപടികൾ സ്വീകരിക്കുന്നതിൽ സഖ്യസേന മടിക്കില്ലെന്നും അൽ-മാലികി കൂട്ടിച്ചേർത്തു.

അതേസമയം ഹൂതി വിമതർ ആക്രമണ ശ്രമം നിഷേധിച്ചു. മക്ക ആക്രമിക്കാൻ ശ്രമിച്ചിട്ടില്ലെന്ന് ഹൂതി പൊളിറ്റ് ബ്യൂറോ അറിയിച്ചിട്ടുണ്ട്.

ആറന്മുള വള്ളസദ്യ ഇന്ന് സമാപിക്കും

ആറന്മുള വള്ളസദ്യ ഇന്ന് സമാപിക്കും. പള്ളിയോട സേവാസംഘവും തിരുവിതാംകൂർ ദേവസ്വം ബോർഡും സംയുക്തമായി കഴിഞ്ഞ രണ്ടു മാസക്കാലമായി നടത്തിവന്നിരുന്ന വള്ളസദ്യയുടെ സമാപന ചടങ്ങ് പകൽ 12ന് മന്ത്രി പി സി വിഷ്ണുനാഥ് ഉദ്ഘാടനം ചെയ്യും. എംഎൽഎമാരായ അബിൻ വർക്കി, പഴകുളം മധു തുടങ്ങിയവർ പങ്കെടുക്കും. 20 സദ്യാലയങ്ങളിലായി നടന്നുവന്ന വള്ളസദ്യയിൽ ഇതുവരെ ഒന്നേമുക്കാൽ ലക്ഷത്തോളം പേർ പങ്കെടുത്തതായി പള്ളിയോട സേവാസംഘം ഭാരവാഹികൾ പറഞ്ഞു. ആകെ 573 വള്ളസദ്യകളാണ് ഈ വർഷം ബുക്ക് ചെയ്ത്. 553 വള്ളസദ്യകൾ നടന്നു. 20 വള്ളസദ്യകൾ വഴിപാടുകാരുടെ അസൗകര്യം മൂലം അടുത്ത വർഷത്തേക്ക് മാറ്റിവച്ചു.


വള്ളസദ്യയിൽ പങ്കെടുത്ത പകുതിയിലധികം പള്ളിയോടങ്ങൾ വള്ളപ്പുരകളിലേക്ക് കയറ്റി. ബാക്കിയുള്ളവയും വരും ദിവസങ്ങളിൽ കരയ്ക്ക് കയറ്റും. 55 ദിവസമായി നടന്നുവന്ന സ്പെഷ്യൽപാസ് സദ്യ ബുധനാഴ്‌ച തെക്കേടത്തില്ലം സദ്യാലയത്തിൽ സമാപിക്കും. ഇരുപതിനായിരത്തിലധികം പേരാണ് സ്പെഷ്യൽ പാസ്മൂലം സദ്യയിൽ പങ്കെടുത്തത്. കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ തീർഥയാത്ര സംഘത്തിലെ 600 പേർ വള്ളസദ്യയുടെ സമാപന ചടങ്ങിലും സദ്യയിലും പങ്കെടുക്കും.

ദുബായിൽ ജോലി അന്വേഷിക്കാൻ അവസരം: സ്‌പോൺസറില്ലാതെ ജോബ്സീക്കർ വിസ; കൂടുതൽ വിവരങ്ങളറിയാം

ദുബായ്: പ്രാദേശിക സ്‌പോൺസറുടെയോ ഹോസ്റ്റിന്റെയോ സഹായമില്ലാതെ യു.എ.ഇ.യിലെത്തി ജോലി അന്വേഷിക്കാൻ വിദേശികൾക്ക് അവസരം. ‘വിസിറ്റ് വിസ ടു എക്‌സ്‌പ്ലോർ ജോബ് ഓപ്പർച്യൂണിറ്റീസ്’ എന്ന സേവനത്തിലൂടെയാണ് ഈ സൗകര്യം ലഭിക്കുന്നത്.

Also Read: ലിംഫോമ ക്യാൻസർ ; ഒരിക്കലും അവ​ഗണിക്കാൻ പാടില്ലാത്ത ലക്ഷണങ്ങൾ

ഇതുസംബന്ധിച്ച വിവരങ്ങൾ ദുബായ് താമസ, കുടിയേറ്റ വകുപ്പ് (ജി.ഡി.ആർ.എഫ്.എ.) തങ്ങളുടെ സാമൂഹിക മാധ്യമ അക്കൗണ്ടിൽ പങ്കുവച്ചു. ജോലി അന്വേഷിക്കുന്നവരുടെ ആവശ്യാനുസരണം 60, 90, 120 ദിവസത്തെ കാലാവധിയിലുള്ള വിസയ്ക്ക് അപേക്ഷിക്കാം. എന്നാൽ നിർദിഷ്ട യോഗ്യതകൾ പാലിക്കുന്നവർക്കുമാത്രമാണ് വിസ ലഭിക്കുക.

അപേക്ഷകന് ബാച്ചിലേഴ്‌സ് ബിരുദമോ തത്തുല്യ വിദ്യാഭ്യാസ യോഗ്യതയോ ഉണ്ടായിരിക്കണം. കുറഞ്ഞത് ആറുമാസം കാലാവധിയുള്ള പാസ്പോർട്ടിന്റെ പകർപ്പ്, വെള്ള പശ്ചാത്തലത്തിലുള്ള പുതിയ കളർ ഫോട്ടോ, അറ്റസ്റ്റ് ചെയ്ത വിദ്യാഭ്യാസ യോഗ്യതാ സർട്ടിഫിക്കറ്റ് എന്നിവയാണ് പ്രധാന രേഖകൾ. വിസാ നടപടികളുടെ ഭാഗമായി സെക്യൂരിറ്റി ഡിപ്പോസിറ്റും നൽകണം.

ജി.ഡി.ആർ.എഫ്.എ. ദുബായിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെയോ സ്മാർട്ട് ആപ്ലിക്കേഷനിലൂടെയോ അപേക്ഷിക്കാം. യു.എ.ഇ. പാസ് അല്ലെങ്കിൽ യൂസർനെയിം ഉപയോഗിച്ച് ലോഗിൻ ചെയ്ത് അപേക്ഷാവിവരങ്ങൾ പൂരിപ്പിച്ച് ആവശ്യമായ രേഖകൾ അപ്പ്‌ലോഡ് ചെയ്യണം. തുടർന്ന് നിശ്ചിത ഫീസും സാമ്പത്തിക ഗാരന്റിയും അടച്ച് അപേക്ഷ സമർപ്പിക്കാം. അമർ സെന്ററുകൾ, ജി.ഡി.ആർ.എഫ്.എ.യുടെ കസ്റ്റമർ ഹാപ്പിനസ് സെന്ററുകൾ എന്നിവവഴിയും അപേക്ഷാനടപടികൾ പൂർത്തിയാക്കാം. ഇതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ജി.ഡി.ആർ.എഫ്.എ.യുടെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ ലഭ്യമാകും.

ലിംഫോമ ക്യാൻസർ ; ഒരിക്കലും അവ​ഗണിക്കാൻ പാടില്ലാത്ത ലക്ഷണങ്ങൾ

എല്ലാ വർഷവും സെപ്റ്റംബർ 15 ന് ലോക ലിംഫോമ അവബോധ ദിനം ആചരിക്കുന്നു. ലിംഫോസൈറ്റുകളായ വെളുത്ത രക്താണുക്കളെ ബാധിക്കുന്ന ഒരു തരം ക്യാൻസറാണ് ലിംഫോമ. ശരീരത്തെ അണുബാധകളിൽ നിന്ന് സംരക്ഷിക്കുകയും രോഗപ്രതിരോധ സംവിധാനത്തെ പിന്തുണയ്ക്കുകയും ശരീരത്തിന്റെ ഫലപ്രദമായ പ്രവർത്തനത്തിന് അത്യന്താപേക്ഷിതവുമാണ് ഇവയെങ്കിലും ഈ അസാധാരണ കോശങ്ങൾക്ക് അനിയന്ത്രിതമായി പെരുകാനും ലിംഫ് നോഡുകളിലോ മറ്റ് ടിഷ്യൂകളിലോ അടിഞ്ഞുകൂടാനും കഴിയും.

Also Read: ഹോർമൂസിന് പിന്നാലെ ബാബ് അൽ മന്ദബും അടയ്ക്കുമോ? കടലിടുക്കിൽ മൈനുകൾ സ്ഥാപിച്ച് ഹൂതികൾ, കരയിൽ ട്രഞ്ചുകളും; ആശങ്ക അറിയിച്ച് ഇന്ത്യ

ലിംഫാറ്റിക് സിസ്റ്റത്തെ ബാധിക്കുന്ന ഒരിനം ക്യാന്‍സറാണ് ലിംഫോമ

ശരീരത്തിന്റെ രോഗപ്രതിരോധ സംവിധാനത്തിന്റെ ഭാഗമായ ലിംഫാറ്റിക് സിസ്റ്റത്തെ ബാധിക്കുന്ന ഒരിനം ക്യാന്‍സറാണ് ലിംഫോമ. ഇന്ത്യയിൽ മാത്രം ഓരോ വർഷവും ഇരുപത്തിമൂവായിരത്തിലധികം ആളുകളെയാണ് ലിംഫോമ ബാധിക്കുന്നത് എന്ന് ഐസിഎംആറിന്റെ കണക്കുകൾ സൂചിപ്പിക്കുന്നു.

അണുബാധകളെ പ്രതിരോധിക്കാൻ ശരീരത്തെ സഹായിക്കുന്ന സംവിധാനമാണ് ലിംഫാറ്റിക് സിസ്റ്റം

അണുബാധകളെ പ്രതിരോധിക്കാൻ ശരീരത്തെ സഹായിക്കുന്ന സംവിധാനമാണ് ലിംഫാറ്റിക് സിസ്റ്റം. ലിംഫ് നോഡുകൾ, സ്പ്ലീൻ, തൈമസ്, ബോൺമാരോ ഇവയെല്ലാം ഈ സിസ്റ്റത്തിൽ ഉൾപ്പെടുന്നു. ഇവയെല്ലാം ചേർന്ന് ശ്വേതരക്ത കോശങ്ങളുടെ അരിപ്പകളും സർക്കുലേഷൻ ഹബ്ബുകളുമായി പ്രവർത്തിക്കുന്നു. ലിംഫോമ ക്യാൻസറിന്റെ പ്രധാനപ്പെട്ട ലക്ഷണങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്.

ലിംഫ് നോഡുകളിലുണ്ടാകുന്ന വേദനയില്ലാത്ത വീക്കമാണ് ആദ്യത്തെ ലക്ഷണമെന്ന് പറയുന്നത്

ലിംഫോമയുടെ സാധാരണയായി കണ്ടുവരുന്ന ലക്ഷണങ്ങളിലൊന്ന് ലിംഫ് നോഡുകളിലുണ്ടാകുന്ന വേദനയില്ലാത്ത വീക്കമാണ്. പ്രത്യേകിച്ച് കഴുത്ത്, കക്ഷം, അല്ലെങ്കിൽ തുടയിടുക്ക് എന്നിവിടങ്ങളിൽ. അണുബാധകൾ മൂലവും ലിംഫ് നോഡുകൾക്ക് വീക്കം ഉണ്ടാകാം എന്നതിനാൽ, വീക്കം മാറാതെ നിൽക്കുകയാണെങ്കിൽ ഉടൻ തന്നെ ഒരു വിദ​ഗ്ധനെ കാണുക.

ദീർഘകാലം നീണ്ടുനിൽക്കുന്നതോ ഇടയ്ക്കിടെ വരുന്നതോ ആയ പനി

കനത്ത പനിയാണ് മറ്റൊരു ലക്ഷണം. വ്യക്തമായ അണുബാധയൊന്നുമില്ലാതെ ദീർഘകാലം നീണ്ടുനിൽക്കുന്നതോ ഇടയ്ക്കിടെ വരുന്നതോ ആയ പനി ലിംഫോമയുടെ ലക്ഷണമാകാം. എന്നാൽ, പനി മാത്രം ലിംഫോമയുടെ ലക്ഷണമാകണമെന്നില്ലാത്തതിനാൽ മറ്റ് ലക്ഷണങ്ങളും പരിശോധിക്കേണ്ടത് പ്രധാനമാണ്.

രാത്രിയിൽ അമിതമായി വിയർക്കുന്നത് നിസാരമായി കാണരുത്

രാത്രിയിൽ അമിതമായി വിയർക്കുന്നത് നിസാരമായി കാണരുത്. ചിലർക്ക് വസ്ത്രങ്ങളോ കിടക്കവിരിയോ നനഞ്ഞുപോകുന്ന തരത്തിൽ രാത്രിയിൽ അമിതമായ വിയർപ്പ് അനുഭവപ്പെട്ടേക്കാം.

അപ്രതീക്ഷിതമായി ശരീരഭാരം കുറയുന്നതും ലിംഫോമ ക്യാൻസറിന്റെ മറ്റൊരു ലക്ഷണമാണ്

ഭക്ഷണക്രമത്തിലോ വ്യായാമത്തിലോ മാറ്റങ്ങളില്ലാതെ അപ്രതീക്ഷിതമായി ശരീരഭാരം കുറയുന്നതും ലിംഫോമ ക്യാൻസറിന്റെ മറ്റൊരു ലക്ഷണമാണ്.

മതിയായ വിശ്രമം ലഭിച്ചിട്ടും മാറാത്ത തീവ്രമായതോ നീണ്ടുനിൽക്കുന്നതോ ആയ ക്ഷീണം

ക്ഷീണത്തിന് പല കാരണങ്ങളുണ്ടാകാമെങ്കിലും, മതിയായ വിശ്രമം ലഭിച്ചിട്ടും മാറാത്ത തീവ്രമായതോ നീണ്ടുനിൽക്കുന്നതോ ആയ ക്ഷീണം ലിംഫോമയുടെ ലക്ഷണമായി കണ്ടേക്കാം.

ലിഫോമ ബാധിച്ച ചിലരിൽ വിട്ടുമാറാത്ത ചൊറിച്ചിൽ അനുഭവപ്പെടാം

ലിഫോമ ബാധിച്ച ചിലരിൽ, ചർമ്മത്തിൽ ദൃശ്യമായ തടിപ്പുകളോ മറ്റ് വ്യക്തമായ പ്രശ്നങ്ങളോ ഇല്ലെങ്കിൽപ്പോലും, കാരണം കണ്ടെത്താനാകാത്തതും വിട്ടുമാറാത്തതുമായ ചൊറിച്ചിൽ അനുഭവപ്പെടാം. ചൊറിച്ചിൽ തുടരുകയോ അതോടൊപ്പം മറ്റ് ലക്ഷണങ്ങൾ കൂടി കാണപ്പെടുകയോ ചെയ്താൽ വൈദ്യസഹായം തേടുക.

വിട്ടുമാറാത്ത ചുമ, നെഞ്ചിൽ അസ്വസ്ഥത, അല്ലെങ്കിൽ നേരിയതോ തീവ്രമായതോ ആയ ശ്വാസതടസ്സം

നെഞ്ചിൽ ലിംഫ് നോഡുകൾ (ലസികാ ഗ്രന്ഥികൾ) വലുതാവുകയാണെങ്കിൽ അവ ചിലപ്പോൾ സമീപത്തുള്ള അവയവങ്ങളിൽ സമ്മർദ്ദം ചെലുത്തിയേക്കാം. ഇത് വിട്ടുമാറാത്ത ചുമ, നെഞ്ചിൽ അസ്വസ്ഥത, അല്ലെങ്കിൽ നേരിയതോ തീവ്രമായതോ ആയ ശ്വാസതടസ്സം എന്നിവയ്ക്ക് കാരണമായേക്കാം.

ഹോർമൂസിന് പിന്നാലെ ബാബ് അൽ മന്ദബും അടയ്ക്കുമോ? കടലിടുക്കിൽ മൈനുകൾ സ്ഥാപിച്ച് ഹൂതികൾ, കരയിൽ ട്രഞ്ചുകളും; ആശങ്ക അറിയിച്ച് ഇന്ത്യ

ജിബൂട്ടി: സൗദി അറേബ്യയ്ക്ക് നേരെയുള്ള ഹൂതി വിമതരുടെ ആക്രമണങ്ങൾ ബാബ് അൽ മന്ദബ് ജലപാതയിലൂടെയുള്ള അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിനും പശ്ചിമേഷ്യൻ മേഖലയുടെ സുരക്ഷയ്ക്കും കടുത്ത ഭീഷണിയാകുന്നതായി റിപ്പോർട്ട്. ഹോർമൂസ് കടലടക്കിന് പിന്നാലെ ചെങ്കടലിലെ ബാബ് അൽ മന്ദബും അടയ്ക്കുമോ എന്ന് ആശങ്കയിൽ ലോക രാജ്യങ്ങൾ.

Also Read: വരുന്നു ഇന്ത്യയുടെ സ്വന്തം മലേറിയ പ്രതിരോധ വാക്സിൻ, നിലവിൽ ഉള്ളവയെക്കാൾ മികച്ചതെന്ന് ഫലങ്ങൾ, വൈകാതെ ഉപയോഗത്തിന് തയ്യാറാകുമെന്ന് ഐസിഎംആർ

കടലിടുക്കിൽ ഹൂതികൾ മൈനുകൾ സ്ഥാപിച്ചെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. കരയിൽ ട്രഞ്ചുകൾ സ്ഥാപിച്ച് നിരീക്ഷണത്തിന് സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും അന്താരാഷ്ട്രമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഈ സാഹചര്യത്തിൽ മേഖലയിലെ ക്രമസമാധാന തകർച്ചയിലും കപ്പൽ ഗതാഗത തടസ്സത്തിലും ഇന്ത്യയടക്കമുള്ള രാജ്യങ്ങൾ കടുത്ത ആശങ്ക പ്രകടിപ്പിച്ചു.

അന്താരാഷ്ട്ര സമുദ്ര പാതകളുടെ സുരക്ഷ ഉറപ്പാക്കേണ്ടതിന്റെ ആവശ്യകത എടുത്തുപറഞ്ഞു വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ. വ്യാപാര ആവശ്യങ്ങൾക്കായി ഈ ജലപാതയെ വൻതോതിൽ ആശ്രയിക്കുന്ന ഇന്ത്യയ്ക്ക് മേഖലയിലെ സംഘർഷങ്ങൾ സാമ്പത്തികമായും കപ്പൽ ഗതാഗതപരമായും വലിയ തിരിച്ചടിയാണ്. സമുദ്ര പാതകൾ സുരക്ഷിതമാക്കാൻ ലോകം ഒന്നിക്കണമെന്ന് ഖത്തറും ആവശ്യപ്പെട്ടു. ജലപാതകൾ അടച്ചിടുന്നത് സാധാരണ സംഭവമായി കാണാനാകില്ലെന്നും അത് ഖത്തറിനും അന്താരാഷ്ട്ര സമൂഹത്തിനും ഒരുപോലെ അസ്വീകാര്യമാണെന്നും വിദേശകാര്യ മന്ത്രാലയം മാധ്യമ വിഭാഗം ഡയറക്ടർ പ്രതികരിച്ചു.

ഹോർമുസ് അടഞ്ഞതിന്റെ കെടുതികൾ ലോകം അനുഭവിക്കുകയാണ്. സമുദ്ര പാതകൾ സുരക്ഷിതമാക്കാൻ ലോകം ഒന്നിക്കണം. സമാധാന ശ്രമങ്ങൾക്ക് കിട്ടുന്ന ഒരു നിമിഷം പോലും പാഴാക്കില്ലെന്നും ബാബ് അൽ മൻദബ് കൂടി അടച്ചാൽ താങ്ങാനാകില്ലെന്നും ഖത്തർ പറയുന്നു. അതിനിടെ ഭൂഗർഭ ആണവ നിലയങ്ങളിൽ നിർമാണ പ്രവർത്തനങ്ങൾ തുടങ്ങാൻ ഇറാൻ നീക്കം ആരംഭിച്ചതായും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. ആക്രമണങ്ങളിൽ നിന്ന് സുരക്ഷ ഒരുക്കാൻ എന്നാണ് വിശദീകരണം.

വരുന്നു ഇന്ത്യയുടെ സ്വന്തം മലേറിയ പ്രതിരോധ വാക്സിൻ, നിലവിൽ ഉള്ളവയെക്കാൾ മികച്ചതെന്ന് ഫലങ്ങൾ, വൈകാതെ ഉപയോഗത്തിന് തയ്യാറാകുമെന്ന് ഐസിഎംആർ

ന്യൂഡൽഹി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിക്കുന്ന ആദ്യത്തെ റീകോമ്പിനന്റ് മൾട്ടി-സ്റ്റേജ് മലേറിയ പ്രതിരോധ വാക്സിൻ അഡ്ഫാൽസിവാക്സ് (AdFalciVac) വൈകാതെയെത്തും. നിലവിൽ ലഭ്യമായ രണ്ട് മലേറിയ വാക്സിനുകളെക്കാളും ശേഷിയുള്ളതാണ് ഇതെന്ന്,വാക്സിൻ വികസിപ്പിക്കുന്ന ഭുവനേശ്വറിലെ, ഐസിഎംആർ – എഐഎച്ച്ആർ ഡയറക്ടർ ഡോ. സംഘമിത്ര പതി പറഞ്ഞു.

Also Read: ഏകീകൃത സിവിൽ കോഡ് നടപ്പാക്കാൻ നീക്കം ശക്തമാക്കി കേന്ദ്രസർക്കാർ: സഖ്യകക്ഷികളുമായി ബിജെപി നേതൃത്വം ചർച്ച നടത്തും

തിരുവനന്തപുരം പ്രെസ്സ് ഇൻഫർമേഷൻ ബ്യൂറോ സംഘടിപ്പിക്കുന്ന മാധ്യമപഠന യാത്രയുടെ ഭാഗമായി ഒഡിഷയിൽ എത്തിയ കേരളത്തിൽ നിന്നുള്ള മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ഡോ സംഘമിത്ര. പ്രീക്ലിനിക്കൽ സ്റ്റേജിൽ മികച്ച ഫലങ്ങളാണ് ലഭിച്ചത്. മലേറിയയുടെ ഏറ്റവും ഗുരുതര വകഭേദമുണ്ടാക്കുന്ന പ്ലാസ്മോഡിയം ഫാൽസിപ്പറമിന്റെ രണ്ട് ഘട്ടങ്ങളെയും പ്രതിരോധിക്കാൻ ശേഷിയുള്ളതാണ് വാക്സിൻ.

ദീർഘകാല പ്രതിരോധവും സാധാരണ താപനിലയിൽ ഒൻപത് മാസം വരെ സൂക്ഷിക്കാമെന്നതും പ്രത്യേകതയാണ്. ചെലവ്‌ കുറഞ്ഞ നിർമാണരീതിയാണ് അവലംബിക്കുന്നത്. രാജ്യത്തിന്റെ മലേറിയ പ്രതിരോധത്തിൽ നിർണായക ഏടായിരിക്കും ‘സ്വന്തം വാക്സിൻ ‘ എന്നും ഡോ. സംഘമിത്ര പതി പറഞ്ഞു. ഐസിഎംആർ- നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് റിസർച്ച്, ഭുവനേശ്വർ (ICMR-NIHRBB, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മലേറിയ റിസർച്ച് (ICMR-NIMR) എന്നിവ ഡിപ്പാർട്ട്മെന്റ് ഓഫ് ബയോടെക്നോളജി-നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇമ്മ്യൂണോളജിയുമായി ചേർന്നാണ് വാക്സിൻ വികസിപ്പിക്കുന്നത്. കോവിഡ്, നിപ കേസുകൾ കണ്ടെത്തുന്നതിൽ കേരളത്തിലെ സംവിധാനങ്ങളുടെ മികവിനെ ഡോ. സംഘമിത്ര പതി പ്രശംസിച്ചു.

ഇക്കാര്യത്തിൽ ആലപ്പുഴയിലെ ഐസിഎംആർ-എൻഐവി യൂണിറ്റിന്റെ സംഭാവനയും അവർ എടുത്തുപറഞ്ഞു. കേരളത്തിലെ വയനാട് ഉൾപ്പെടെ 20 സംസ്ഥാനങ്ങളിൽ കേന്ദ്ര ഗോത്രകാര്യ മന്ത്രാലയവുമായി സഹകരിച്ച് നടത്തുന്ന ഭാരത് ട്രൈബൽ ഫാമിലി ഹെൽത്ത് സർവേയെക്കുറിച്ചും അവർ വിശദീകരിച്ചു. പരിപാടിക്കിടെ ഡോ. ദേബ്ദത്ത ഭട്ടാചാര്യ സ്ഥാപനത്തിന്റെ പ്രധാന നേട്ടങ്ങൾ അവതരിപ്പിച്ചു. ഡോ. സുമൻ സുന്ദർ മൊഹന്തി, ഡോ. സുബേന്ദു കുമാർ ആചാര്യ, ഡോ. ശ്രീകാന്ത കനുങ്കോ എന്നിവരടക്കമുള്ള ശാസ്ത്രജ്ഞരും മാധ്യമസംഘവുമായി സംവദിച്ചു. തുടർന്ന് സംഘം സ്ഥാപനത്തിലെ അത്യാധുനിക ലബോറട്ടറികളും ഗവേഷണ സൗകര്യങ്ങളും സന്ദർശിച്ചു.

പൊലീസിന്റേത് അന്വേഷണമല്ല, സർക്കാരിന് സ്തുതി പാടിക്കൊള്ളണമെന്ന മുന്നറിയിപ്പ്: എം സ്വരാജ്

തിരുവനന്തപുരം : അന്വേഷണമെന്ന പേരിൽ റിപ്പോർട്ടൽ ചാനലിന്റെ ഓഫീസിൽ കയറി പൊലീസ് നടത്തിയ അതിക്രമത്തെ അപലപിച്ച് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം എം സ്വരാജ്. പരിശോധനയുടെ പേരിൽ എഡിറ്ററുടെ കസേരയിൽ കയറിയിരുന്ന് ന്യൂസ് ഡെസ്കിൻ്റെ പ്രവർത്തനം തടസപ്പെടുത്തുന്നത് കേട്ടുകേൾവിയില്ലാത്ത പുതിയ രീതിയാണ്. ഗുണ്ടായിസവും ഭീകരതയും പൊലീസ് നടത്തിയാലും അത് വിശുദ്ധമാവില്ല.

ഇത് അന്വേഷണമോ പരിശോധനയോ അല്ല. മാധ്യമങ്ങൾക്കുള്ള മുന്നറിയിപ്പാണ്. ആജ്ഞാനുവർത്തികളായി സർക്കാരിന് സ്തുതി പാടിക്കൊള്ളണമെന്ന മുന്നറിയിപ്പ്. അധികാരത്തിലെത്തിയാൽ ഈ ചാനൽ പൂട്ടിക്കുമെന്ന് യുഡിഎഫിന്റെ ഏറ്റവും പ്രമുഖനായ നേതാവ് നിയമസഭാ തിരഞ്ഞെടുപ്പ് സമയത്തുതന്നെ പ്രഖ്യാപിച്ചിരുന്നതാണ്.

വിയോജിപ്പും വിമർശനങ്ങളും പ്രകടിപ്പിക്കേണ്ടത് ഇങ്ങനെയല്ല. കേസും പരിശോധനാനടപടികളും ന്യൂസ് ഡെസ്ക് പിടിച്ചെടുത്തുകൊണ്ടല്ല നടത്തേണ്ടത്. അന്വേഷണമെന്ന പേരിൽ റിപ്പോർട്ടർ ചാനലിൽ പോലീസ് നടത്തിയ അമിതാധികാരപ്രയോഗത്തെ അപലപിക്കുന്നു. കേരളത്തിൽ അപ്രഖ്യാപിത അടിയന്തരാവസ്ഥ നടപ്പിലാക്കാനും മാധ്യമങ്ങളെ ഭീഷണിപ്പെടുത്തി വരുതിയിൽ നിർത്താനും ശ്രമിക്കുന്ന യുഡിഎഫ് സർക്കാറിന്റെ തരംതാഴ്ന്ന നടപടികളിൽ പ്രതിഷേധിക്കുന്നതായും എം സ്വരാജ് പറഞ്ഞു.

ഏകീകൃത സിവിൽ കോഡ് നടപ്പാക്കാൻ നീക്കം ശക്തമാക്കി കേന്ദ്രസർക്കാർ: സഖ്യകക്ഷികളുമായി ബിജെപി നേതൃത്വം ചർച്ച നടത്തും

ന്യൂഡൽഹി: രാജ്യത്ത് ഏകീകൃത സിവിൽ കോഡ് നടപ്പാക്കുന്നതിനായി രാഷ്ട്രീയ നീക്കങ്ങൾ ശക്തമാക്കി ബിജെപി. ഇതിന്റെ ഭാഗമായി സഖ്യകക്ഷികളുമായി ചർച്ചകൾ നടത്താൻ പാർട്ടി നേതൃത്വം തീരുമാനിച്ചു. പ്രധാനമായും ജെഡിയു, ലോക് ജനശക്തി പാർട്ടി തുടങ്ങിയ പ്രധാന സഖ്യകക്ഷികളുമായി ചർച്ച നടത്തി അവരുടെ ആശങ്കകൾ ദൂരീകരിക്കാനാണ് ബിജെപി നേതാക്കൾ തീരുമാനിച്ചിരിക്കുന്നത്.

Also Read: റിപ്പോർട്ടർ ഓഫീസിൽ കടന്നതിൽ വിശദീകരണവുമായി എസ്ഐടി, തട്ടിപ്പിൽ കമ്പനിയും പ്രതിയെന്ന് പ്രതികരണം

അതേസമയം മറ്റൊരു പ്രധാന സഖ്യകക്ഷിയായ തെലുങ്ക് ദേശം പാർട്ടി (TDP) തങ്ങളുടെ നിലപാട് മയപ്പെടുത്തിയിട്ടുണ്ട്. പൊതു സിവിൽ കോഡിനോട് പാർട്ടിക്ക് യാതൊരുവിധ എതിർപ്പുമില്ലെന്ന് ടിഡിപി ആന്ധ്രപ്രദേശ് അധ്യക്ഷൻ ശ്രീനിവാസ് റാവു വ്യക്തമാക്കി. എൻഡിഎ മുന്നണിയിൽ ഇത് സംബന്ധിച്ച് ചർച്ചകൾ പുരോഗമിക്കുന്നതിനിടയിലാണ് ടിഡിപിയുടെ പ്രതികരണം വന്നത്.

എന്നാൽ ഏകീകൃത സിവിൽ കോഡ് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയും തന്റെ ഭിന്നാഭിപ്രായം വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാനങ്ങൾ വഴിയല്ല, മറിച്ച് പാർലമെന്റിലൂടെയാണ് ഏകീകൃത സിവിൽ കോഡ് നടപ്പാക്കേണ്ടതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കൂടാതെ, പാർലമെന്റിൽ ഇക്കാര്യത്തിൽ വ്യക്തമായ സമവായം ഉണ്ടാകുന്നത് വരെ കേന്ദ്ര സർക്കാർ കാത്തിരിക്കണമെന്നും ഒമർ അബ്ദുള്ള ആവശ്യപ്പെട്ടു.