Home Blog Page 174

ഇഷ ഫൗണ്ടേഷൻ്റെ 77 തീർത്ഥാടകരെ മിന്നൽ പ്രളയത്തിൽ കാണാതായെന്ന് സദ്ഗുരു

ന്യൂഡൽഹി: നേപ്പാളിൽ ഉണ്ടായ മിന്നൽ പ്രളയത്തിൽ ഇഷ ഫൗണ്ടേഷൻ്റെ 77 തീർത്ഥാടകരെ കാണാതായെന്ന് സദ്ഗുരു. കൈലാസ മാനസസരോവ‍ർ യാത്ര കഴിഞ്ഞ് മടങ്ങിയ തീർത്ഥാടക സംഘത്തെയാണ് കാണാതായത്. ഇവർ ഇമിഗ്രേഷൻ ഓഫീസിൽ ആയിരുന്നപ്പോഴാണ് മിന്നൽ പ്രളയം ഉണ്ടായതെന്നും ഇമിഗ്രേഷൻ ഓഫീസ് പ്രളയത്തിൽ മുങ്ങിയെന്നും സദ്​ഗുരു അറിയിച്ചു. തീർത്ഥാടക സംഘത്തെ ബന്ധപ്പെടാൻ ശ്രമിക്കുന്നതായും സദ്​ഗുരു അറിയിച്ചു. യാത്രയുടെ ഭാഗമായ 21 സംഘത്തിലെ 495 പേർ ഇതിനകം സുരക്ഷിതമായി മടങ്ങിയെത്തിയിട്ടുണ്ടെന്നും സദ്​ഗുരു പറഞ്ഞു.

Also Read: നേപ്പാൾ പ്രളയം മരണം 22 ആയി; 36 അംഗ മലയാളി സംഘം ഗലാച്ചിയിൽ കുടുങ്ങി

743 പേർ ടിബറ്റിലും 148 പേർ നേപ്പാളിലും 77 പേർ ഇമിഗ്രേഷൻ സെന്ററിലും മൂന്ന് വളണ്ടിയർമാർ നേപ്പാളിലെ തിമൂരിലും ആണ് ഉണ്ടായിരുന്നതെന്ന് സദ്ഗുരു എക്സിൽ പങ്കുവെച്ച പോസ്റ്റിൽ പറഞ്ഞു. വളണ്ടിയർമാരും സപ്പോർട്ട് ടീമുകളും ഉൾപ്പെടെ എല്ലാവരും അതീവ ദുഃഖിതരാണ്. ​ഗുരു രക്ഷാപ്രവർത്തനത്തിനായി പരമാവധി ശ്രമങ്ങൾ നടത്തുന്നുമുണ്ട്. ഇമിഗ്രേഷൻ ഓഫീസിലുണ്ടായിരുന്ന ആളുകളെക്കുറിച്ച് ഇതുവരെ ഔദ്യോഗിക വിവരങ്ങളൊന്നും ലഭ്യമായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.

അപകട സ്ഥലത്തേക്ക് എങ്ങനെയെങ്കിലും എത്തിച്ചേരുന്നതിനായി അധികൃതരുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ട്. എന്തൊക്കെ അപകടസാധ്യതകൾ ഉണ്ടായാലും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളാകാൻ തങ്ങൾ സന്നദ്ധരാണെന്നും സദ്ഗുരു അറിയിച്ചു. എല്ലാവരുടെയും ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും അങ്ങേയറ്റം പ്രയാസമേറിയ ഈ സാഹചര്യത്തിൽ എല്ലാവിധ ശ്രമങ്ങളും നടത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നേപ്പാൾ പ്രളയം മരണം 22 ആയി; 36 അംഗ മലയാളി സംഘം ഗലാച്ചിയിൽ കുടുങ്ങി

കാഡ്മണ്ഡു:നേപ്പാളിലുണ്ടായ മിന്നൽ പ്രളയത്തിൽ മരണസംഖ്യ 22 ആയി ഉയർന്നു.
384 പേരെ കാണാതായി. ഇതിൽ 105 ഇന്ത്യക്കാരും ഉൾപ്പെടുന്നു. വിനോദസഞ്ചാരത്തിന് പോയ 36 അംഗ മലയാളി സംഘം പ്രളയബാധിത മേഖലയായ ഗലാച്ചിയിൽ കുടുങ്ങിയിട്ടുണ്ട്. അപകടത്തിൽപ്പെട്ടവരെ ഹെലികോപ്റ്ററിൽ രക്ഷപ്പെടുത്തുന്നുണ്ട്.
ഹെൽപ്പ് ലൈൻ: ഇന്ത്യക്കാരെ സഹായിക്കാൻ ഇന്ത്യൻ എംബസി ഹെൽപ്പ് ലൈൻ നമ്പറുകൾ തുറന്നിട്ടുണ്ട് (+977 985 131 6807, +977 970 910 7500).

മുൻ അഡീഷണൽ ചീഫ് സെക്രട്ടറി പി എച്ച് കുര്യൻ അന്തരിച്ചു

തിരുവനന്തപുരം: കേരളത്തിലെ മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനും മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയും കേരള റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റിയുടെ (K-RERA) മുൻ ചെയർമാനുമായിരുന്ന പി എച്ച് കുര്യൻ അന്തരിച്ചു. 67 വയസായിരുന്നു. തിരുവനന്തപുരം കിംസ് ആശുപത്രിയിൽ ചികിത്സയിൽ തുടരവേയായിരുന്നു അന്ത്യം.
1959 ജനുവരി 20 ന് ജനിച്ച അദ്ദേഹം
1986 ബാച്ച് കേരള കേഡർ ഐ.എ.എസ് ഉദ്യോഗസ്ഥൻ ആയിരുന്നു .
കേരള സർവകലാശാലയിൽ നിന്ന് കെമിസ്ട്രിയിൽ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്.
കേരള സർക്കാരിന്റെ വ്യവസായം, വിവരസാങ്കേതികവിദ്യ വകുപ്പുകളുടെ പ്രിൻസിപ്പൽ സെക്രട്ടറി.
റവന്യൂ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി.
ഇന്ത്യയുടെ പേറ്റന്റ്, ഡിസൈൻ, ട്രേഡ് മാർക്ക് കൺട്രോളർ ജനറൽ.
കേരള റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി (K-RERA) ചെയർമാൻ. ടി. ബാലകൃഷ്ണനുമൊത്ത് ‘Beyond Cynicism: Kerala 2.0, Insights from Insiders’ എന്ന പുസ്തകം എഡിറ്റ് ചെയ്തിട്ടുണ്ട്. സർവീസിൽ നിന്ന് വിരമിച്ച ശേഷം പൊതുപ്രവർത്തനങ്ങളിലും സജീവമായിരുന്നു.

തടവുചാടിയ പ്രതി ജയിൽ ചാടി ഒരു മണിക്കൂറിനുള്ളിൽ ആധാർ കാർഡ് തിരികെ വാങ്ങാൻ പെരുമ്പാവൂർ പൊലീസ് സ്റ്റേഷനിലെത്തി

ആലുവ സബ്ജയിലിൽ നിന്ന് തടവുചാടിയ പ്രതി ജയിൽ ചാടി ഒരു മണിക്കൂറിനുള്ളിൽ ആധാർ കാർഡ് തിരികെ വാങ്ങാൻ പെരുമ്പാവൂർ പൊലീസ് സ്റ്റേഷനിലെത്തി. എന്നാൽ, സ്റ്റേഷനിലുണ്ടായിരുന്ന പൊലീസുകാർ പ്രതിയെ തിരിച്ചറിഞ്ഞില്ല. മോഷണക്കേസിൽ പ്രതിയായ അസം സ്വദേശി മധുർജ്യ സോനോവാൾ (28) ആണ് നാടകീയ രംഗ സൃഷ്ടിച്ചത്.


എടത്തലയിൽ നിന്ന് മോഷ്ടിച്ച 9 മൊബൈൽ ഫോണുകൾ വിൽക്കാൻ ശ്രമിക്കുന്നതിനിടെ ശനിയാഴ്ചയാണ് മധുർജ്യയെ പെരുമ്പാവൂർ പൊലീസ് പിടികൂടുന്നത്. കസ്റ്റഡിയിലെടുത്ത സമയം വാങ്ങിവെച്ച ആധാർ കാർഡ് തിരികെ ആവശ്യപ്പെട്ടാണ് ചൊവ്വാഴ്ച വൈകിട്ട് 4.30-ഓടെ ജയിൽ ചാടിയ ഇയാൾ 5.30-ഓടെ പെരുമ്പാവൂർ സ്റ്റേഷനിലെത്തിയത്.


സ്റ്റേഷനിൽ പാറാവ് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥൻ ഇയാളെ തിരിച്ചറിഞ്ഞിരുന്നില്ല. എന്നാൽ, മറ്റൊരു പൊലീസുകാരനെ കണ്ടതോടെ തന്നെ തിരിച്ചറിയുമെന്ന സംശയത്തിൽ ഇയാൾ ആധാർ കാർഡ് വാങ്ങാൻ നിൽക്കാതെ സ്റ്റേഷനിൽ നിന്ന് ഇറങ്ങിയോടുകയായിരുന്നു. പൊലീസ് ഇയാളെ പിന്തുടർന്നതുമില്ല. സബ് ജയിലിൽ ധരിച്ചിരുന്ന മഞ്ഞ ടീ ഷർട്ടും കാവി മുണ്ടുമണിഞ്ഞാണ് ഇയാൾ പെരുമ്പാവൂർ പൊലീസ് സ്റ്റേഷനിലെത്തിയത്.


തുടർന്ന് പെരുമ്പാവൂർ ടൗണിലെത്തിയ ഇയാൾ പരിചയമുള്ള ഒരു മൊബൈൽ കടയിലെത്തി നാട്ടിൽ പോകാൻ പണം കടം ചോദിച്ചെങ്കിലും കടയുടമ നൽകിയില്ല. അതിനിടെ, 24 മണിക്കൂറും കാവലുള്ള ജയിലിൽ നിന്ന് 10-ാം നമ്പർ സെല്ലിലെ തടവുകാരനായ മധുർജ്യ രക്ഷപ്പെട്ട സംഭവത്തിൽ ജയിൽ എഡിജിപി റിപ്പോർട്ട് തേടിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ഡ്യൂട്ടിയിലുണ്ടായിരുന്ന വാർഡന്മാർക്കെതിരെ ഉടൻ നടപടിയുണ്ടായേക്കും.

നേപ്പാളിൽ മിന്നൽപ്രളയം: എട്ട് മരണം, 105 ഇന്ത്യാക്കാരടക്കം 384 പേരെ കാണാതായി

കാഠ്മണ്ഡു: നേപ്പാളിലുണ്ടായ മിന്നൽപ്രളയത്തിൽ എട്ടുപേർ മരിക്കുകയും 105 ഇന്ത്യാക്കാരടക്കം 384 പേരെ കാണാതാവുകയും ചെയ്തു. ടിബറ്റ് അതിർത്തിയോട് ചേർന്നുള്ള മേഖലയിലാണ് പ്രളയം വൻനാശം വിതച്ചത്.

ബുധനാഴ്ച രാവിലെ ഒൻപതോടെ ടിബറ്റിൽ നിന്നുള്ള ഭോട്ടെ കോഷി നദിയിൽ വലിയതോതിൽ ജലനിരപ്പ് ഉയരുകയായിരുന്നു. നദി കരകവിഞ്ഞൊഴുകിയതിനെ തുടർന്ന് തീരപ്രദേശങ്ങളിലെ ഗ്രാമങ്ങൾ വെള്ളത്തിനടിയിലാവുകയും നിരവധി വീടുകളും വാഹനങ്ങളും പാലങ്ങളും ഒലിച്ചുപോവുകയും ചെയ്തു.

സംഭവത്തിന് പിന്നാലെ സൈന്യത്തിന്‍റെയും പോലീസിന്‍റെയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനം ആരംഭിച്ചു. ഹെലികോപ്റ്ററുകളും ഡ്രോണുകളും ഉപയോഗിച്ചാണ് തെരച്ചിൽ ശക്തമാക്കിയിരിക്കുന്നത്.

ദുരന്തത്തിന്‍റെ പശ്ചാത്തലത്തിൽ സ്ഥിതിഗതികൾ വിലയിരുത്താനും രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാനും നേപ്പാൾ പ്രധാനമന്ത്രി ബലേന്ദ്ര ഷാ അടിയന്തര യോഗം വിളിച്ചുചേർത്തിട്ടുണ്ട്.

മിന്നൽപ്രളയത്തിന്‍റെ പശ്ചാത്തലത്തിൽ നേപ്പാളുമായി അതിർത്തി പങ്കിടുന്ന ബിഹാറിലും താഴ്ന്ന പ്രദേശങ്ങളിലും അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. നദിക്കരകളിൽ താമസിക്കുന്നവരോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്.

ചായകുടിച്ചു നിന്നവരുടെ മേൽ ടാങ്കർ ലോറി പാഞ്ഞുകയറി; രണ്ടു മരണം

തൃശൂ‍ർ: ചേലക്കോട് നിയന്ത്രണംവിട്ട മിൽമ ടാങ്കർ ലോറി ഇടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർ മരിച്ചു. പഴയന്നൂർ കല്ലേപ്പാടം സ്വദേശി ഷെമീർ, മണ്ണാർക്കാട് സ്വദേശി ജോസഫ് എന്നിവരാണ് മരിച്ചത്.

പെട്രോൾ ടാങ്കർ ലോറി ഡ്രൈവറായ ജോസഫ് ചേലക്കോട്ടിൽ വണ്ടി നിർത്തി ചായകുടിക്കാൻ എത്തിയതായിരുന്നു. കല്ലേപ്പാടം സ്വദേശിയായ ഷെമീർ പഴയന്നൂരിലേക്ക് പോകുന്ന വഴിയാണ് ഇവിടെയെത്തിയത്.

ഇതിനിടെ അതുവഴി വന്ന മിൽമയുടെ ടാങ്കർ ലോറി നിയന്ത്രണം വിട്ട് ഇരുവരുടെയും മേലേക്ക് പാഞ്ഞുകയറുകയായിരുന്നു. ലോറിക്കടിയിൽപ്പെട്ട ഇരുവരെയും പോലീസും ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് ഉടൻ തന്നെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പി എസ് പ്രശാന്ത് ആശുപത്രിയിൽ

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതിയായി ജയിലിൽ തുടരുന്ന മുൻ ദേവസ്വം ബോർഡ് പ്രസിഡൻ്റ് പി.എസ്. പ്രശാന്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലച്ചോറിൽ രക്തസ്രവം ഉണ്ടായതിനെ തുടർന്നാണ് ഇദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കൽ കോളജ് സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിലെ ന്യൂനോ വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. ആരോഗ്യ നിലയിൽ ആശങ്ക വേണ്ടന്ന് ആശുപത്രി വൃത്തങ്ങൾ പറഞ്ഞു.
കേസിലെ മറ്റൊരു പ്രതിയായ
അജികുമാറിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച റിപ്പോർട്ടുകൾ പരിഗണിച്ച ശേഷം കോടതി ജാമ്യം നൽകിയിരുന്നു. അതേസമയം, പി.എസ്. പ്രശാന്തിന്റെ ജാമ്യാപേക്ഷ കോടതി തള്ളുകയായിരുന്നു.

ഓണം:സന്തോഷത്തിന്‍റെയും ഒത്തൊരുമയുടെയും ഉത്സവം; ഓണാശംസകൾ നേർന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: മലയാളികൾക്ക് ഓണാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഓണം സന്തോഷത്തിന്‍റെയും ഒത്തൊരുമയുടെയും സമൃദ്ധിയുടെയും മനോഭാവത്തിന് കൂടുതൽ കരുത്തുപകരട്ടെയെന്ന് മോദി പറഞ്ഞു. സാമൂഹ്യമാധ്യമമായ എക്സിലാണ് മോദിയുടെ ആശംസ

‘ഏവർക്കും മനോഹരമായ ഓണം ആശംസിക്കുന്നു. ലോകമെമ്പാടും വലിയ ആവേശത്തോടെ ആഘോഷിക്കപ്പെടുന്ന ഊർജസ്വലമായ ഉത്സവമാണിത്. ഈ ഉത്സവം സന്തോഷത്തിന്‍റെയും ഒത്തൊരുമയുടെയും സമൃദ്ധിയുടെയും മനോഭാവത്തിന് കൂടുതൽ കരുത്തുപകരട്ടെ’- പ്രധാനമന്ത്രി എക്സിൽ കുറിച്ചു.

തിരുവോണദിനത്തിലും സ്വർണവില മാറ്റമില്ല

കൊച്ചി: തിരുവോണദിനമായ ഇന്നും സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല. ഒരു പവൻ സ്വർണത്തിന് 1,20,080 രൂപയും ഗ്രാമിന് 15,010 രൂപയുമാണ് ഇന്നത്തെ വില. നികുതിയും പണിക്കൂലിയും കൂടി ചേരുമ്പോൾ ആഭരണങ്ങളുടെ വില ഇനിയും ഉയരും.
കഴിഞ്ഞ 20 ദിവസത്തിനിടെ പവൻ വിലയിൽ 15,000 രൂപയുടെ വർധന രേഖപ്പെടുത്തിയിരുന്നു. തുടർന്ന് ഇന്നലെ നേരിയ ഇടിവുണ്ടായെങ്കിലും ഇന്ന് വില മാറ്റമില്ലാതെ തുടരുകയാണ്.
രാജ്യാന്തര വിപണിയിലെ ചലനങ്ങളാണ് സ്വർണവിലയെ പ്രധാനമായും സ്വാധീനിക്കുന്നത്. ഡോളർ ദുർബലമായതും യുഎസ് ബോണ്ട് ആദായത്തിലെ കുറവും കഴിഞ്ഞ ദിവസങ്ങളിൽ സ്വർണത്തിന് കരുത്തേകിയിരുന്നു. എന്നാൽ ഡോളർ വീണ്ടും ശക്തിപ്രാപിച്ചതടക്കമുള്ള ഘടകങ്ങൾ ഇന്നലെ വിലയിൽ പ്രതിഫലിച്ചു. യുഎസ് ഫെഡറൽ റിസർവിന്റെ പണപ്പെരുപ്പ ആശങ്കകളും സ്വർണവിപണിയെ സ്വാധീനിക്കുന്നുണ്ട്.
വരും ദിവസങ്ങളിലും രാജ്യാന്തര വിപണിയിലെ ചലനങ്ങൾക്കനുസരിച്ച് സംസ്ഥാനത്തെ സ്വർണവിലയിൽ മാറ്റമുണ്ടാകാൻ സാധ്യതയുണ്ട്. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സംസ്ഥാനത്തെ സ്വർണവിലയിലെ റെക്കോർഡ്. ഡിസംബർ 23നാണ് ഒരു പവൻ സ്വർണത്തിന്റെ വില ആദ്യമായി ഒരു ലക്ഷം രൂപ കടന്നത്.

സിനിമതീയറ്ററില്‍ വച്ച് എലികടിച്ചു, യുവാവിന് 18000 നല്‍കാന്‍ ഉപഭോക്തൃ കമ്മീഷന്‍ ഉത്തരവ്

കാസര്‍കോട്: സിനിമ കാണുന്നതിനിടയില്‍ തിയേറ്ററില്‍ വച്ച് എലിയുടെ കടിയേറ്റെന്ന് പരാതിപ്പെട്ട യുവാവിന് 15,000 രൂപ നഷ്ടപരിഹാരവും 3,000 രൂപ കോടതിച്ചെലവും നല്‍കാന്‍ ഉപഭോക്തൃ കമ്മീഷന്‍ ഉത്തരവിട്ടു. തിയേറ്റര്‍ മാനേജ്‌മെന്റിന് എതിരെയുള്ള ഹര്‍ജി പരിഗണിച്ചാണ് വിധി. കമ്മീഷന്‍ പ്രസിഡന്റ് കെ കൃഷ്ണന്‍, അംഗം കെജി ബീന എന്നിവര്‍ തിയേറ്ററിനുള്ളില്‍ എലിയുടെ കടിയേറ്റ സംഭവം ഗൗരവമേറിയ പ്രശ്നമാണെന്ന് നിരീക്ഷിച്ചു. ഉപഭോക്താക്കളുടെ സുരക്ഷ ഉറപ്പാക്കേണ്ടത് തിയേറ്റര്‍ മാനേജ്‌മെന്റിന്റെ ഉത്തരവാദിത്തമാണെന്നും കമ്മീഷന്‍ വ്യക്തമാക്കി.

എതിര്‍കക്ഷിയുടെ ഭാഗത്തുനിന്ന് സേവനത്തില്‍ ഗുരുതര വീഴ്ചയുണ്ടായിട്ടുണ്ട്. പരാതിക്കാരന് മാനസിക ബുദ്ധിമുട്ടും വേദനയും അനുഭവപ്പെട്ടു. ചികിത്സയ്ക്കായി അദ്ദേഹത്തിന് പണം ചെലവഴിക്കേണ്ടി വന്നു. അതിനാല്‍ നഷ്ടപരിഹാരത്തിന് അദ്ദേഹം അര്‍ഹനാണെന്നും ഉത്തരവില്‍ പറയുന്നു.

സുഹൃത്തിനൊപ്പം കാസര്‍കോട്ടെ തിയേറ്ററില്‍ രാത്രി 7.30നുള്ള ഷോ കാണാന്‍ എത്തിയതായിരുന്നു പരാതിക്കാരന്‍. സിനിമ അവസാനിക്കാറായ സമയത്ത് എലി കടിക്കുകയായിരുന്നുവെന്ന് അദ്ദേഹം പരാതിപ്പെട്ടു. ഉടന്‍ തന്നെ തിയേറ്റര്‍ കൗണ്ടറില്‍ വിവരം അറിയിച്ചെങ്കിലും ജീവനക്കാര്‍ ഇത് കാര്യമായി എടുത്തില്ല. തുടര്‍ന്ന് ആശുപത്രിയിലെത്തിയ അദ്ദേഹത്തിന് ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം ടെറ്റനസ് കുത്തിവെപ്പും പേവിഷബാധയ്ക്കെതിരെയുള്ള വാക്സിനും എടുത്തു.

ചികിത്സയ്ക്കായി 1,500 രൂപ ചെലവായെന്നും തിയേറ്റര്‍ മാനേജര്‍ 1,000 രൂപ മാത്രമാണ് തന്നതെന്നും പരാതിക്കാരന്‍ പറഞ്ഞു. തുടര്‍ ചികിത്സാച്ചെലവുകള്‍ നല്‍കണമെന്നാവശ്യപ്പെട്ട് മാനേജ്മെന്റിനെ സമീപിച്ചെങ്കിലും അവഗണിച്ചു. തുടര്‍ന്നാണ് 20,000 രൂപ നഷ്ടപരിഹാരം തേടി കമ്മീഷനെ സമീപിച്ചത്.

പരാതി വ്യാജമാണെന്നും പരാതിയില്‍ പറയുന്ന ദിവസം പരാതിക്കാരന്‍ തിയേറ്ററില്‍ വന്നിട്ടില്ലെന്നും മാനേജ്മെന്റ് വാദിച്ചു. കൗണ്ടറിലൂടെയോ മറ്റോ എലി കടിച്ചതായി ആരും അറിയിച്ചിട്ടില്ലെന്നും കഴിഞ്ഞ ഒമ്പത് വര്‍ഷമായി വളരെ വൃത്തിയായി പ്രവര്‍ത്തിക്കുന്ന തിയേറ്ററിനെതിരെ ഇതുവരെ ഇത്തരം പരാതികള്‍ ഉണ്ടായിട്ടില്ലെന്നും അവര്‍ അവകാശപ്പെട്ടു.

എന്നാല്‍, പരാതിക്കാരന്‍ ഹാജരാക്കിയ തെളിവുകള്‍ കമ്മീഷന്‍ മുഖവിലയ്ക്കെടുക്കുകയായിരുന്നു. സിനിമാ ടിക്കറ്റ് കാണിച്ച് പരാതിക്കാരന്‍ തിയേറ്ററില്‍ പ്രവേശിച്ചുവെന്നും, ആശുപത്രി രേഖകളില്‍ നിന്നും ബില്ലുകളില്‍ നിന്നും അദ്ദേഹത്തിന് ചികിത്സ ലഭിച്ചുവെന്നും വാക്സിന്‍ എടുത്തുവെന്നും വ്യക്തമായതായി കമ്മീഷന്‍ ചൂണ്ടിക്കാണിച്ചു.

ഉപഭോക്താക്കള്‍ സിനിമ ആസ്വദിക്കാനും സന്തോഷത്തോടെ കുറച്ചു സമയം ചെലവഴിക്കാനുമാണ് തിയേറ്ററുകളില്‍ എത്തുന്നത്. അവിടെ വച്ച് എലിയുടെ കടിയേല്‍ക്കുന്നത് ഗൗരവമേറിയ വിഷയമാണ്. ഉപഭോക്താക്കള്‍ക്ക് സുരക്ഷിതത്വവും സുരക്ഷയും നല്‍കേണ്ടത് മാനേജ്മെന്റിന്റെ ഉത്തരവാദിത്തമാണെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഉത്തരവ് ലഭിച്ച് 30 ദിവസത്തിനകം 15,000 രൂപ നഷ്ടപരിഹാരവും 3,000 രൂപ വ്യവഹാരച്ചെലവും നല്‍കാന്‍ തിയേറ്ററിന് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി.

സിനിമ തിയേറ്ററുകളും മറ്റ് വിനോദ കേന്ദ്രങ്ങളും ഉപഭോക്താക്കള്‍ക്ക് സുരക്ഷിതവും ശുചിത്വമുള്ളതുമായ അന്തരീക്ഷം ഉറപ്പാക്കാന്‍ ബാധ്യസ്ഥരാണ്. എലി ശല്യം പോലുള്ള പ്രശ്‌നങ്ങള്‍ തടയാന്‍ പരാജയപ്പെടുന്നത് സേവനത്തിലെ വീഴ്ചയായി കണക്കാക്കപ്പെടും. ഉപഭോക്താവിന് പരിക്കോ നഷ്ടമോ ഉണ്ടായാല്‍ മാനേജ്മെന്റ് നഷ്ടപരിഹാരം നല്‍കാന്‍ ബാധ്യസ്ഥരാണ്.

ഉപഭോക്തൃ സംബന്ധമായ പരാതികള്‍ക്ക് അതത് സംസ്ഥാനങ്ങളിലെ ഹെല്‍പ്പ് ലൈനുകളെയോ (കേരളം: 1800-425-1550), നാഷണല്‍ കണ്‍സ്യൂമര്‍ ഹെല്‍പ്പ് ലൈന്‍ നമ്പറായ 1915ലോ ബന്ധപ്പെടാവുന്നതാണ്.