Home Blog Page 1213

അറ്റുപോയ ചെവി അപൂര്‍വ ശസ്ത്രക്രിയയിലൂടെ കാലില്‍ തുന്നിച്ചേര്‍ത്തു

യുവതിയുടെ അറ്റുപോയ ചെവി അപൂര്‍വ ശസ്ത്രക്രിയയിലൂടെ വീണ്ടും തുന്നിച്ചേര്‍ത്ത് ഡോക്ടര്‍മാര്‍. ചൈനയിലെ ഷാന്‍ഡോങ് പ്രവിശ്യയിലെ ജിനാന്‍ നഗരത്തിലുള്ള ആശുപത്രിയിലാണ് സംഭവം. അറ്റുപോയ ചെവി യുവതിയുടെ കാലില്‍ തുന്നിച്ചേര്‍ക്കുകയും പിന്നീട് മാസങ്ങള്‍ക്കുശേഷം യഥാസ്ഥാനത്ത് തിരികെ വെക്കുകയുമായിരുന്നുവെന്ന് സൗത്ത് ചൈനാ മോണ്ങ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. ലോകത്ത് ആദ്യമായാണ് ഇത്തരമൊരു ശസ്ത്രക്രിയ നടക്കുന്നത്.
ജോലിസ്ഥലത്തെ വലിയ മെഷീനില്‍ കുടുങ്ങിയാണ് യുവതിക്ക് അപകടമുണ്ടായത്. ജീവന് ഭീഷണിയായേക്കാവുന്ന പരിക്കുകളാണ് യുവതിക്ക് ഉണ്ടായിരുന്നതെന്ന് ഷാന്‍ഡോങ് പ്രവിശ്യയിലെ ആശുപത്രിയിലെ മൈക്രോ സര്‍ജറി വിഭാഗം ഡെപ്യൂട്ടി ഡയറക്ടര്‍ ക്വി ഷെന്‍ക്വിയാങ് പറഞ്ഞു. ശിരോചര്‍മത്തിന്റെ വലിയൊരു ഭാഗവും മുഖത്തെയും കഴുത്തിലെയും ചര്‍മഭാഗങ്ങളും നഷ്ടമായിരുന്നു.
സ്ത്രീയുടെ തലയില്‍ ചെവി വീണ്ടും തുന്നിച്ചേര്‍ക്കാന്‍ ഡോക്ടര്‍മാര്‍ ശ്രമിച്ചെങ്കിലും രക്തക്കുഴലുകള്‍ക്കും ടിഷ്യുകള്‍ക്കും വ്യാപകമായ കേടുപാടുകള്‍ സംഭവിച്ചതിനാല്‍ ഇത് സാധ്യമായില്ല. തുടര്‍ന്ന് തലയോട്ടിയിലെ മുറിവ് ഭേദമാകുന്നതുവരെ ചെവിയെ ‘ജീവനോടെ’ നിലനിര്‍ത്തുന്നതിനായി യുവതിയുടെ കാലിന്റെ മുകള്‍ഭാഗത്ത് ചെവി ഗ്രാഫ്റ്റ് ചെയ്യുകയായിരുന്നു. കാലിലെ ധമനികളും സിരകളും ചെവിയിലെ രക്തക്കുഴലുകളുമായി പൊരുത്തപ്പെടുന്നതുകൊണ്ടാണ് ഈ തീരുമാനമെടുത്തതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

10 മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് ചെവി കാലില്‍ ഗ്രാഫ്റ്റ് ചെയ്തത്. ഇതിനിടെ യുവതിയുടെ വയറ്റില്‍ നിന്നെടുത്ത ചര്‍മം തലയില്‍ ഗ്രാഫ്റ്റ് ചെയ്യുന്ന ശസ്ത്രക്രിയയും നടത്തി. അഞ്ച് മാസത്തിന് ശേഷം വീക്കം ഇല്ലാതാവുകയും മുറിവുകള്‍ ഉണങ്ങുകയും ചെയ്തതോടെ കാലില്‍ ഘടിപ്പിച്ചിരുന്ന ചെവി തലയില്‍ തന്നെ തിരികെ തുന്നിച്ചേര്‍ത്തും. ആറ് മണിക്കൂറില്‍ കൂടുതല്‍ സമയമെടുത്താണ് ചെവി യഥാസ്ഥാനത്ത് തുന്നിച്ചേര്‍ത്തത്.

‘തിയോഫനി 2025’ കാരൾ മത്സരം ആവേശമായി; ഐക്യത്തിന്റെ സന്ദേശവുമായി കെ.സി.സി യുവജനങ്ങൾ

തിരുവനന്തപുരം: കേരള കൗൺസിൽ ഓഫ് ചർച്ചസ് (കെ.സി.സി) യൂത്ത് കമ്മീഷൻ സൗത്ത് റീജിയൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ‘തിയോഫനി 2025’ ക്രിസ്തുമസ് കാരൾ  മത്സരം പേരൂർക്കട കാൽവറി ലൂഥറൻ ചർച്ചിൽ നടന്നു. ദക്ഷിണ കേരളത്തിലെ വിവിധ സഭകളിൽ നിന്നുള്ള യുവജനങ്ങളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ പരിപാടി, സഭകൾ തമ്മിലുള്ള ഐക്യത്തിന്റെയും കൂട്ടായ്മയുടെയും വേദി കൂടിയായി മാറി.
സോൾ വിന്നിംഗ് ചർച്ച് ഓഫ് ഇന്ത്യ ബിഷപ്പ് റൈറ്റ് റവ. ഡോ. ഓസ്റ്റിൻ എം.എ. പോൾ ഉദ്ഘാടനം ചെയ്തു.കെ സി സി വട്ടിയൂർകാവ് അസംബ്ലി പ്രസിഡൻ്റ് റവ. ഫാ. സാം കാഞ്ഞിക്കൽ കോർ എപ്പിസ്കോപ്പ അധ്യക്ഷത വഹിച്ചു.
കെ.സി.സി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് റവ. എ.ആർ. നോബിൾ, കാൽവറി ലൂഥറൻ ചർച്ച് വികാരി റവ. ജെ.എച്ച്. പ്രമോദ് എന്നിവർ ആശംസകൾ അർപ്പിച്ചു .
ആവേശകരമായ മത്സരത്തിൽ കാൽവറി ലൂഥറൻ യൂത്ത് ക്വയർ ഒന്നാം സ്ഥാനവും മുത്തൂറ്റ് ഫിൻകോർപ്പ് സ്പോൺസർ ചെയ്ത 10,001 രൂപയും മെമെന്റോയും നേടി. കെ.സി.സി വട്ടിയൂർക്കാവ് അസംബ്ലി യൂത്ത് ക്വയർ ടീം 7001 രൂപ ക്യാഷ് പ്രൈസോടെ രണ്ടാം സ്ഥാനം കരസ്ഥമാക്കി. മെട്രോ സ്കാൻസ് ആൻഡ് ലബോറട്ടറി സ്പോൺസർ ചെയ്ത 5001 രൂപയും മെമെന്റോയും നേടി വിന്നേഴ്സ് ഫോർ ജീസസ് ക്വയർ ഗ്രൂപ്പ് മൂന്നാം സ്ഥാനത്തെത്തി. വിജയികൾക്ക് അതിഥികൾ സമ്മാനങ്ങൾ വിതരണം ചെയ്തു.
കെ.സി.സി യൂത്ത് കമ്മീഷൻ സൗത്ത് റീജിയൻ ചെയർപേഴ്സൺ അഡ്വ. ആൽബി അന്ന എബി സ്വാഗതവും,കെ.സി.സി വട്ടിയൂർക്കാവ് അസംബ്ലി സെക്രട്ടറി അശ്വിൻ ഇ. ഹാംലെറ്റ് നന്ദിയും പറഞ്ഞു.

ഒരു തവണയെങ്കിലും നാരങ്ങാവെള്ളം കുടിക്കാം…. ഗുണങ്ങളേറെ

ദിവസത്തില്‍ ഒരു തവണയെങ്കിലും നാരങ്ങാവെള്ളം കുടിക്കാം. വെറുതെ പറയുന്നതല്ല, ഗുണങ്ങള്‍ ഏറെയാണ്. വിശപ്പും ദാഹവും എല്ലാം അകറ്റാന്‍ ഈ പാനീയത്തിനാകും. മാത്രമല്ല ആരോഗ്യവും സൗഖ്യവും പകരാനും നാരങ്ങാവെള്ളം സഹായിക്കും. വൈറ്റമിന്‍ സി യും ആന്റിഓക്‌സിഡന്റുകളും ധാരാളമടങ്ങിയ നാരങ്ങയില്‍ ഫോളേറ്റ്, പൊട്ടാസ്യം, ബി വൈറ്റമിനുകളും ആവോളമുണ്ട്. ഊര്‍ജമേകുന്നതോടൊപ്പം തന്നെ ഇവയെല്ലാം ഫിറ്റ്‌നെസ് നിലനിര്‍ത്താനും സഹായിക്കും. നാരങ്ങാവെള്ളം കുടിച്ചാല്‍ ലഭിക്കുന്ന ചില ഗുണങ്ങള്‍ താഴെപ്പറയുന്നവയാണ്:

ആന്റി ഓക്‌സിഡന്റുകള്‍
നാരങ്ങ പോലുള്ള സിട്രസ് പഴങ്ങളില്‍ ആന്റി ഓക്‌സിഡന്റായ വൈറ്റമിന്‍ സി ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ശരീരകോശങ്ങളെ ഫ്രീറാഡിക്കലുകളില്‍ നിന്ന് സംരക്ഷിക്കുന്നു. ശരീരത്തില്‍ ഇന്‍ഫ്‌ലമേഷന്‍ ഉണ്ടാക്കുകയും കാന്‍സര്‍, ടൈപ്പ് 2 പ്രമേഹം, വൃക്കത്തകരാര്‍, കരള്‍ രോഗങ്ങള്‍ തുടങ്ങിയവയ്ക്ക് കാരണമാകുകയും ചെയ്യുന്ന തന്മാത്രകളാണ് ഫ്രീറാഡിക്കലുകള്‍. കൂടാതെ വൈറ്റമിന്‍ സി പ്രോട്ടീന്റെ ഉപാപചയ പ്രവര്‍ത്തനത്തിലും അരുണ രക്താണുക്കളുടെ ഉല്‍പാദനത്തില്‍ അയണിന്റെ ആഗിരണത്തിനും ഹോര്‍മോണുകളുടെ ഉല്‍പാദനത്തിനും പ്രധാന പങ്കുവഹിക്കുന്നു.

ശരീരഭാരം കുറയ്ക്കും
ശരീരത്തിലെ ജലാംശം കൂട്ടുന്നതുകൊണ്ടു തന്നെ ശരീരഭാരം കുറയാന്‍ സഹായിക്കും.

വൃക്കയില്‍ കല്ല് വരാതെ തടയുന്നു
വൃക്കയിലെ കല്ലിന്റെ രൂപീകരണം നാരങ്ങയിലടങ്ങിയ സിട്രിക് ആസിഡ് തടയുന്നു. സിട്രിക് ആസിഡിലെ ഒരു ഘടകമാണ് സിട്രേറ്റ്. ഇത് മൂത്രത്തിലെ അമ്ലഗുണം കുറക്കും. കൂടാതെ ചെറിയ കല്ലുകളെ ഇത് വിഘടിപ്പിക്കാനും സഹായിക്കും. ഒരു ഗ്ലാസ് വെള്ളത്തില്‍ ഒരു ടീസ്പൂണ്‍ നാരങ്ങാനീര് ചേര്‍ത്ത് കുടിക്കുന്നത് വൃക്കയില്‍ കല്ല് വരാതെ തടയും.

പല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്തും
പായ്ക്കറ്റില്‍ ലഭ്യമായ മറ്റ് ജ്യൂസുകളിലും സോഡകളിലുമെല്ലാം ധാരാളംം പഞ്ചസാര അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ കുടിക്കുന്നത് പല്ലുകളുടെ ആരോഗ്യം നശിപ്പിക്കും. മറ്റ് അഡിറ്റീവുകള്‍ ഒന്നും അടങ്ങിയിട്ടില്ലാത്ത വളരെ നാച്വറല്‍ ആയ പാനീയമാണ് നാരങ്ങാവെള്ളം. ദാഹമകറ്റുന്നതിനോടൊപ്പം ഊര്‍ജമേകുകയും ദന്താരോഗ്യവും വായയുടെ ആരോഗ്യവും നിലനിര്‍ത്തുകയും ചെയ്യും.

ദഹനത്തെ എളുപ്പമാക്കും
ഭക്ഷണത്തിന് മുന്‍പ് ഒരു ഗ്ലാസ് നാരങ്ങാവെള്ളം കുടിക്കുന്നത് ദഹനത്തെ എളുപ്പമാക്കും. നാരങ്ങയ്ക്ക് ഉദരത്തില്‍ ഉല്‍പാദിപ്പിക്കപ്പെടുന്ന ഒരു ഡൈജസറ്റീവ് ഫ്‌ലൂയ്ഡ് ആയ ഗ്യാസ്ട്രിക് ആസിഡിന്റെ ഉല്‍പാദനം കൂട്ടാന്‍ കഴിയും. ഭക്ഷണത്തെ വിഘടിപ്പിക്കാനും ദഹിപ്പിക്കാനും സഹായിക്കുന്നത് ഈ ആസിഡ് ആണ്. ദഹനപ്രശ്‌നങ്ങളായ ആസിഡ് റിഫ്‌ലക്‌സ് അകറ്റാനും മലബന്ധമകറ്റാനും നാരങ്ങാവെള്ളം കുടിക്കുന്നതിലൂടെ കഴിയും.

തൊഴിൽ വൈദഗ്ധ്യമുള്ളവർക്ക് സ്വാഗതം, ചട്ടങ്ങൾലളിതമാക്കാൻ ഏജൻസിയുമായി ജർമനി

കൊച്ചി: ‘തൊഴിൽ വൈദഗ്ധ്യമുള്ള ഒട്ടേറെ ചെറുപ്പക്കാർ ഇന്ത്യയിലുണ്ട്. ജർമനിയിലേക്കു വരാൻ താത്പര്യമുള്ളവരെ സ്വാഗതം ചെയ്യുന്നു. അവർക്കായി നടപടിക്രമങ്ങൾ ലളിതമാക്കാനായി വർക്ക് ആൻഡ് സ്റ്റേ ഏജൻസി ആരംഭിക്കുകയാണ് ജർമനി. ഔദ്യോഗിക ചിട്ടവട്ടങ്ങൾ ആകർഷകമാക്കാനാണ് ഈ ഓൺലൈൻ ഏകജാലകസംവിധാനം’ -ജർമൻ പാർലമെന്റിലെ മുതിർന്ന അംഗം ജോസഫ് ഓസ്റ്റർ പറയുന്നു. ചാവറ കൾച്ചറൽ സെന്ററിൽ സന്ദർശനത്തിന് എത്തിയ ജർമൻ പാർലമെന്റ് അംഗങ്ങളുടെ സംഘത്തെ നയിക്കുന്നത് ജോസഫ് ഓസ്റ്റർ ആണ്.

‘വിദേശ രാജ്യങ്ങളിൽ ഇന്ത്യയാണ് ജർമനിക്ക് ഏറെ പ്രധാനം. ഇരു രാജ്യങ്ങൾക്കും വലിയ സാംസ്കാരിക പൈതൃകവും നല്ല നയതന്ത്രബന്ധവുമുണ്ട്. ജർമനിയിലേക്ക് വരാൻ താത്പര്യമുള്ള വിദഗ്ധരായ ചെറുപ്പക്കാരുടെ വിവരങ്ങൾ ശേഖരിക്കുന്നതും ഞങ്ങളുടെ ഈ സന്ദർശനത്തിന്റെ ഒരു ലക്ഷ്യമാണ്’-അദ്ദേഹം പറഞ്ഞു. അനധികൃത കുടിയേറ്റം പരമാവധി കുറയ്ക്കാൻ പല നടപടികളും ജർമനി എടുത്തുവെന്ന് ജോസഫ് ഓസ്റ്റർ പറഞ്ഞു. അതിർത്തി സുരക്ഷയും പോലീസ് നിരീക്ഷണവും വർധിപ്പിച്ചു. ഇപ്പോൾ യൂറോപ്പിലെ കുടിയേറ്റ നിയമങ്ങളിൽ പൊളിച്ചെഴുത്ത് നടക്കുകയാണ്. പക്ഷേ, അതെല്ലാം അനധികൃത കുടിയേറ്റത്തിന്റെ കാര്യത്തിലാണ്. നിയമാനുസൃതം വരുന്നവർക്ക് ആശങ്കപ്പെടേണ്ട കാര്യമില്ല. ജർമനി ഏറ്റവും സുരക്ഷിതമായ രാജ്യമാണ്.

മതഭേദമില്ലാതെ എല്ലാവർക്കും മനുഷ്യാവകാശങ്ങൾ ജർമനി ഉറപ്പുനൽകുന്നുണ്ട്. പാർലമെന്റ് മന്ദിരത്തിലുള്ളത് പൊതുപ്രാർഥനാമുറിയാണ്. എല്ലാ മതക്കാർക്കും അത് ഉപയോഗിക്കാം. വരുന്നവർ അവരുെട മതചിഹ്നങ്ങൾ വച്ച് അവരുടേതായ രീതിയിൽ പ്രാർഥിക്കുന്നു.

സോഷ്യൽ മീഡിയയിലെ വിദ്വേഷപ്രചാരണവും കുപ്രചാരണവും ലോകത്തെങ്ങുമുള്ളതുപോലെ ജർമനിയിലുമുണ്ട് എന്ന് ജോസഫ് ഓസ്റ്റർ പറഞ്ഞു. അത് ജനാധിപത്യത്തിലെ ഒരു പൊതുപ്രശ്നമാണ്. ജർമനി അതിനെ ചെറുക്കാൻ ബോധവത്കരണവും ഇന്റലിജൻസ് സംവിധാനവും ശക്തിപ്പെടുത്തുന്നുണ്ട്.

സഹിഷ്ണുതയുടെ കാര്യത്തിൽ ലോകത്ത് പലയിടത്തും വെല്ലുവിളികളുണ്ട് എന്നത് വാസ്തവമാണ്. നിങ്ങളുടെ നാട് വ്യത്യസ്തമാണ്. ഈ സാംസ്കാരികവൈവിധ്യവും സഹിഷ്ണുതയും ശ്രദ്ധേയമാണ് -അദ്ദേഹം പറഞ്ഞു.

ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് നിർബന്ധമായും കഴിക്കേണ്ട 6 നട്സുകൾ ഇതാണ്

അവധി ദിവസങ്ങളിൽ വീട്ടിൽ നിൽക്കുമ്പോഴും ദൂരയാത്ര പോകുമ്പോഴൊക്കെയും ലഘുഭക്ഷണങ്ങൾ നമ്മൾ കഴിക്കാറുണ്ട്. എന്നാൽ വെറുതെ എന്തെങ്കിലും കഴിച്ചതുകൊണ്ട് കാര്യമില്ല. പോഷക ഗുണമുള്ള ഭക്ഷണങ്ങൾ തന്നെ കഴിക്കേണ്ടതുണ്ട്. ഈ നട്സ് കഴിക്കൂ.

വാൽനട്ട്

വാൽനട്ടിൽ ഒമേഗ-3 ഫാറ്റി ആസിഡ് ഉണ്ട്. ഇത് തലച്ചോറിന്റെ ആരോഗ്യം നിലനിർത്തുന്നതിന് പ്രധാന പങ്കുവഹിക്കുന്നു. കൂടാതെ വാൽനട്ടിൽ ധാരാളം ആന്റിഓക്സിഡന്റുകളും അടങ്ങിയിട്ടുണ്ട്.

ബദാം

നിരവധി പോഷക ഗുണങ്ങൾ അടങ്ങിയതാണ് ബദാം. ഇത് ചീത്ത കൊളസ്റ്ററോളിനെ ഇല്ലാതാക്കുകയും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു. കൂടാതെ ശരീരഭാരം നിയന്ത്രിക്കാനും ബദാം കഴിക്കുന്നത് നല്ലതാണ്.

അണ്ടിപ്പരിപ്പ്

നിരവധി ഗുണങ്ങൾ അടങ്ങിയതാണ് അണ്ടിപ്പരിപ്പ്. ദിവസവും ഇത് കഴിക്കുന്നത് ആരോഗ്യത്തെ മെച്ചപ്പെടുത്താൻ സഹായിക്കുന്നു. വിറ്റാമിൻ, മിനറൽ, മഗ്നീഷ്യം, കോപ്പർ, സിങ്ക് എന്നിവ അണ്ടിപ്പരിപ്പിൽ ധാരാളം അടങ്ങിയിട്ടുണ്ട്.

പീനട്ട്

പീനട്ട് വറുത്ത് കഴിക്കുന്നതാണ് നല്ലത്. ഇതിൽ ധാരാളം പ്രോട്ടീനുകളും ആരോഗ്യമുള്ള കൊഴുപ്പും അടങ്ങിയിട്ടുണ്ട്. ഇത് ചീത്ത കൊളസ്റ്ററോളിനെ ഇല്ലാതാക്കുകയും ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

പൈൻ നട്‌സ്

പൈൻ നട്‌സിൽ ധാരാളം പോഷകഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ദിവസവും ഇത് കഴിക്കുന്നത് ശീലമാക്കാം. വിശപ്പ് നിയന്ത്രിക്കാൻ പൈൻ നട്‌സ് കഴിക്കുന്നത് നല്ലതാണ്.

പിസ്ത

പിസ്തയിൽ ധാരാളം വിറ്റാമിൻ ബി6 ഉം മറ്റ് പോഷകഗുണങ്ങളും അടങ്ങിയിട്ടുണ്ട്. ഇത് മെറ്റബോളിസം പ്രവർത്തനത്തെ പിന്തുണയ്ക്കുന്നു.

ഇക്കാര്യം ശ്രദ്ധിക്കൂ….നെഞ്ചെരിച്ചില്‍ ഒഴിവാക്കാം….

പലരെയും അലട്ടുന്ന ഒരു പ്രശ്‌നമാണ് നെഞ്ചെരിച്ചല്‍. പ്രായഭേദമന്യേ എല്ലാവരെയും ഇത് ബുദ്ധിമുട്ടിക്കാറുണ്ട്. നമ്മുടെ ഭക്ഷണ ശീലങ്ങളില്‍ ചെറിയ ഒരു ശ്രദ്ധ വരുത്തിയാല്‍ നെഞ്ചെരിച്ചലിന് പരിഹാരം കാണാനാകുമെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്.
ആമാശയത്തിലെ ആസിഡ് തൊണ്ടയിലേക്ക് തികട്ടി വരുന്നതുമൂലം നെഞ്ചിലുണ്ടാകുന്ന പുകച്ചിലാണ് നെഞ്ചെരിച്ചലിന് കാരണം. തുടര്‍ച്ചയായി ഈ പ്രശ്‌നമുണ്ടാകുമ്പോള്‍ അതിനെ ഗ്യാസ്‌ട്രോ-ഈസോഫാഗല്‍ റിഫ്‌ലക്‌സ് ഡിസീസ് എന്ന് വിളിക്കും. ഭക്ഷണ സാധനങ്ങളില്‍ അടങ്ങിയിരിക്കുന്ന ഘടകങ്ങള്‍ മാത്രമല്ല മാനസിക സമ്മര്‍ദം പോലും നെഞ്ചെരിച്ചലിന് കാരണമാകാറുണ്ട്.
നെഞ്ചെരിച്ചിലിന്റെ ലക്ഷണങ്ങള്‍ അനുഭവപ്പെടുന്നത് പലപ്പോഴും ഭക്ഷണം കഴിച്ചതിന് ശേഷമാണ്. നെഞ്ചെരിച്ചില്‍, നെഞ്ചില്‍ അനുഭവപ്പെടുന്ന പുകച്ചില്‍, വായില്‍ പുളിയോ കയ്‌പ്പോ അനുഭവപ്പെടുന്നത്, വയറുവീര്‍ക്കുന്നത്, ഏമ്പക്കം എന്നിങ്ങനെ പോകുന്നു ലക്ഷണങ്ങള്‍. രാവിലെ ഉണ്ടാകുന്ന ശബ്ദമടപ്പ്, തൊണ്ടവേദന, തൊണ്ടയില്‍ എന്തോ കുടുങ്ങിയതുപോലെയുള്ള തോന്നല്‍ എന്നിവയും നെഞ്ചെരിച്ചിലിന്റെ ലക്ഷണങ്ങളില്‍പ്പെടും.
ഇന്ന് പലരും രാത്രി ഏറെ വൈകിയും ഭക്ഷണം കഴിക്കുന്നവരാണ്. അതൊരു ശീലമായി മാറി. ആളുകളുടെ ജോലിസമയവും എളുപ്പത്തില്‍ ലഭ്യമാകുന്ന ഇന്‍സ്റ്റന്റ് ഭക്ഷണങ്ങളും മൂലം രാത്രി പത്തിന് ശേഷമാണ് പലരും ഡിന്നര്‍ കഴിക്കുന്നത്. ഈ ശീലം ദഹനവ്യവസ്ഥയ്ക്ക് പണി തരുമെന്ന് മുന്നറിയിപ്പ് തരുകയാണ് വിദഗ്ധര്‍.
ദഹനത്തെ മാത്രമല്ല ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ക്കും ഈ ശീലം കാരണമായേക്കും. ഉറങ്ങുന്നതിന് തൊട്ടുമുമ്പ് ഭക്ഷണം കഴിക്കുന്നത് നന്നല്ല. ശരീരം വിശ്രമിക്കാന്‍ തയ്യാറെടുക്കുമ്പോഴാണ് വയറിങ്ങനെ നിറഞ്ഞിരിക്കുന്നത് എന്നോര്‍ക്കണം. ഉറങ്ങാന്‍ കിടക്കുമ്പോള്‍ വയറും അന്നനാളവും ഒരേ തലത്തില്‍ വരികയും ഇത് ആസിഡ് മുകളിലേക്ക് വരുന്നതിന് കാരണമാകുകയും ചെയ്യും. തുടര്‍ച്ചയായ നെഞ്ചെരിച്ചില്‍, തൊണ്ടയില്‍ അസ്വസ്ഥത എന്നിവയിലേക്ക് ഇത് നയിക്കും.
ഉറക്കത്തേയും രാത്രി വൈകിയുള്ള ഈ ഭക്ഷണം കഴിക്കല്‍ പ്രതികൂലമായി ബാധിച്ചേക്കും. ഭക്ഷണം കഴിച്ച ഉടന്‍ ഉറങ്ങുന്നതുമൂലം കുടലില്‍ അസ്വസ്ഥതയുണ്ടാകും. ഇത് ഉറക്കം നഷ്ടപ്പെടുത്തും, നിങ്ങളെ ക്ഷീണിതരാക്കും. രാത്രിയിലെ ശീലങ്ങളില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തുന്നത് ആരോഗ്യത്തില്‍ വലിയ ഗുണം ചെയ്യും. നേരത്തെ അത്താഴം കഴിക്കുന്നത് ഒരു ശീലമാക്കാം. കൊഴുപ്പും എണ്ണമയവുമുള്ള ഭക്ഷണങ്ങള്‍ ഒഴിവാക്കുന്നതും പതിവായി കഴിക്കാതെ ഇരിക്കുന്നതും നല്ലതാണ്.

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഡോ. ഷഹനയുടെ ആത്മഹത്യ; സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ച് സർക്കാർ

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിലെ പിജി വിദ്യാർത്ഥിനിയായിരുന്ന ഡോ. ഷഹനയുടെ ആത്മഹത്യയിൽ സർക്കാർ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ചു. എൻ സലാവുദീനാണ് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ. സ്ത്രീധനം കൂട്ടി നൽകാത്തതിനെ തുടർന്ന് സുഹൃത്തായ ഡോക്ടർ ഉവൈസ് വിവാഹത്തിൽ നിന്ന് പിന്മാറിയതാണ് ആത്മഹത്യക്ക് കാരണമെന്നാണ് കേസ്. 2024ലായിരുന്നു ഡോ ഷഹന ആത്മഹത്യ ചെയ്തത്.

”അവരുടെ സ്ത്രീധനമോഹം മൂലം എന്റെ ജീവിതം അവസാനിപ്പിക്കുന്നു. ഇത്ര പണം ആവശ്യപ്പെടുന്നത് അവന്റെ സദോഹരിക്ക് വേണ്ടിയാണോ. ഞാൻ വ‍ഞ്ചിക്കപ്പെട്ടു.” ഒപി ടിക്കറ്റിന്റെ പിറകിൽ ഡോ. ഷഹന എഴുതിയ ആത്മഹത്യാക്കുറിപ്പിലെ ഈ വരികളുടെയും ബന്ധുക്കളുടെ മൊഴികളുടെയും സാഹചര്യത്തെളിവുകളുടെയും പശ്ചാത്തലത്തിലാണ് റുവൈസിനെ കേസില്‍ പ്രതി ചേര്‍ത്തതും പിന്നാലെ അറസ്റ്റ് രേഖപ്പെടുത്തിയതും. കത്തിൽ റുവൈസിന്റെ പേരുമുണ്ട്. ആത്മഹത്യ കുറിപ്പിൽ റുവൈസിന്റെ പേരില്ലെന്നായിരുന്നു ആദ്യഘട്ടത്തിൽ പൊലീസ് പറഞ്ഞിരുന്നത്. റുവൈസ് സ്ത്രീധനം ചോദിച്ചെന്ന ബന്ധുക്കളുടെ മൊഴിയും പൊലീസ് മറച്ചുവച്ചു. പിന്നീട് ഷഹ്നയുടെ ആത്മഹത്യ വലിയ ചർച്ചയായതിന് ശേഷം മാത്രമാണ് പൊലീസ് റുവൈസിനെതിരെ കേസെടുക്കാൻ തയ്യാറായത്.

ബന്ധത്തിൽ നിന്നും പിന്മാറിയതിനാൽ ആത്മഹത്യ ചെയ്യുകയാണെന്ന് കാണിച്ച് ഡോ. ഷഹന ഡോ. റുവൈസിന് വാട്സ്ആപ്പ് സന്ദേശം അയച്ചിരുന്നു. എന്നാല്‍, ഇത് അറിഞ്ഞിട്ടും റുവൈസ് തടയാനോ സംസാരിക്കാനോ കൂട്ടാക്കിയില്ല. സന്ദേശം എത്തിയതിന് പിന്നാലെ റുവൈസ് ഷഹനയുടെ നമ്പർ ബ്ലോക്ക് ചെയ്യുകയായിരുന്നു. ഇത് ഷഹനയുടെ മനോനില കൂടുതൽ തകർക്കാൻ ഇടയാക്കിയിട്ടുണ്ടെന്നാണ് പൊലീസിന്‍റെ വിലയിരുത്തൽ. അറസ്റ്റിലാകുന്നതിന് മുമ്പ് ഷഹന അയച്ച സന്ദേശം റുവൈസ് ഡിലീറ്റ് ചെയ്തിരുന്നു. പക്ഷേ കഴക്കൂട്ടം അസി.കമ്മീഷണറുടെ ചോദ്യം ചെയ്യലിൽ ഷഹന സന്ദേശം അയച്ചിരുന്നതായി റുവൈസ് സമ്മതിച്ചു. ഷഹനയുടെ മൊബൈലിൽ നിന്നും തെളിവുകള്‍ പൊലീസിന് ലഭിച്ചിരുന്നു.

ജീവിത ശൈലി രോഗങ്ങളെ നിയന്ത്രിക്കാൻ…ആരോഗ്യ പരിപാലനത്തിലും ശ്രദ്ധ വേണം : മന്ത്രി വി. അബ്ദുറഹ്മാൻ

മലപ്പുറം : ജീവിത ശൈലി രോഗങ്ങളെ നിയന്ത്രിക്കുന്നതിൽ ചികിത്സയോടൊപ്പം ആരോഗ്യ പരിപാലനത്തിലും ശ്രദ്ധ പുലർത്തണമെന്ന് കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹ്മാൻ. ആരോഗ്യകരമായ ജീവിതശൈലി ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി ആരോഗ്യ വകുപ്പും കായിക വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന ‘ആരോഗ്യം ആനന്ദം – വൈബ് ഫോർ വെൽനെസ്, ഹെൽത്തി ലൈഫ്’ ക്യാംപയിന് മലപ്പുറം ജില്ലയിലെ കോട്ടയ്ക്കലിൽ സ്വീകരണം നൽകി സംസാരിക്കുകയായിരുന്നു മന്ത്രി.

‘ചികിത്സാ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനൊപ്പം ആരോഗ്യപരിപാലനത്തിൽ കൂടുതൽ ശ്രദ്ധ നൽകേണ്ടത് ഒരു ബദൽ സമൂഹത്തിന്റെ ആവശ്യമാണെന്നും ആരോഗ്യബോധവും കായിക ക്ഷമതയും വളർത്തുക എന്നതാണ് ‘ആരോഗ്യം ആനന്ദം വൈബ് ഫോർ വെൽനെസ്, ഹെൽത്തി ലൈഫ്’ ക്യാംപയിന്റെ പ്രധാന ലക്ഷ്യമെന്നും ജില്ലാതല പ്രചാരണ പരിപാടി ഉദ്ഘാടനം നിർവഹിച്ച് മന്ത്രി പറഞ്ഞു. പ്രചാരണത്തിന്റെ ഭാഗമായുള്ള റോഡ് ഷോയുടെയും ജില്ലാ കളക്ടർ വി.ആർ. വിനോദിന്റെ നേതൃത്വത്തിലുള്ള സൈക്കിൾ റാലിയുടെയും ഫ്ലാഗ് ഓഫ് ചടങ്ങാണ് മന്ത്രി വി. അബ്ദുറഹ്മാൻ നിർവഹിച്ചത്.

ഡിസംബർ 26ന് കാസർകോട് നിന്ന് ആരംഭിച്ച വാഹന പ്രചാരണ ജാഥയ്ക്ക് ഞായർ രാവിലെ 6.30 ന് മലപ്പുറം കോട്ടക്കൽ വൈദ്യരത്നം പി.എസ് വാരിയർ ആയുർവേദ കോളേജിലാണ് സ്വീകരണം നൽകിയത്. ജില്ലാ കളക്ടർ വി.ആർ. വിനോദ് മുഖാതിഥിയായി. കേരളം ജീവിതശൈലി രോഗങ്ങളുടെ തലസ്ഥാനമായി മാറുന്നത് ആശങ്കാജനകമാണെന്നും അവ തടയുന്നതിന് അടിയന്തര നടപടികൾ അനിവാര്യമാണെന്നും ജില്ലാ കളക്ടർ പറഞ്ഞു. ആരോഗ്യ വകുപ്പിന്റെ ഈ ക്യാംപയിൻ പൊതുസമൂഹത്തിൽ ആരോഗ്യകരമായ മാറ്റങ്ങൾ സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഉദ്ഘാടന ചടങ്ങിൽ ഡെപ്യൂട്ടി ഡി.എം.ഒ. ഡോ. ഷിബുലാൽ അധ്യക്ഷത വഹിച്ചു. മലപ്പുറം എൻ.സി.ഡി നോഡൽ ഓഫീസർ ഡോ. വി.ഫിറോസ് ഖാൻ, ഡി.എം.ഒ (ഐ.എസ്.എം) ഇൻ ചാർജ് ഡോ. പി.എ അബ്ദുൽ സലാം,

ഡി.എം.ഒ (ഹോമിയോ) ഡോ. ഹന്നാ യാസ്മിൻ, ആർദ്രം നോഡൽ ഓഫീസർ ഡോ. കെ.കെ.പ്രവീണ , കോട്ടക്കൽ വൈദ്യരത്നം പി.എസ്. വാരിയർ ആയുർവേദ കോളേജ് പ്രിൻസിപ്പൽ ഡോ. കെ.കെ. ബിന്ദു എന്നിവർ സംസാരിച്ചു. എൻ.എച്ച്.എം. ജില്ലാ പ്രോഗ്രാം മാനേജർ ഡോ.ടി.എൻ. അനൂപ് സ്വാഗതവും ജില്ലാ മീഡിയ എഡ്യൂക്കേഷൻ ഓഫീസർ കെ.പി.സാദിഖലി നന്ദിയും പറഞ്ഞു.

മലപ്പുറത്തെ സ്വീകരണത്തിന് ശേഷം കോട്ടക്കലിൽ നിന്നും ജില്ലാ കളക്ടർ വി.ആർ വിനോദ് ന്റെ നേതൃത്വത്തിൽ ആരംഭിച്ച റോഡ് ഷോയും സൈക്കിൾ റാലിയും പുത്തനത്താണി , പട്ടർനടക്കാവ് വഴി കുറ്റിപ്പുറത്തു അവസാനിച്ചു. പുത്തനത്താണിയിൽ പ്രചാരണ റാലിയ്ക്ക് നൽകിയ സ്വീകരണ ചടങ്ങിൽ ആതവനാട് ഗ്രാമപഞ്ചായത്ത് അംഗം കെ.പി. മറിയാമ്മ, എം.കെ സക്കരിയ, ഹെൽത്ത് ഇൻസ്പെക്ടർ മുഹമ്മദ് ഖുറൈശി എന്നിവർ സംസാരിച്ചു. തിരുനാവായ പട്ടർനടക്കാവിലെ സ്വീകരണ ചടങ്ങ് കുറുക്കോളി മൊയ്തീൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു.

കുറ്റിപ്പുറം ബസ് സ്റ്റാൻഡിലെ സമാപന ചടങ്ങ് ആബിദ് ഹുസൈൻ തങ്ങൾ ഉദ്ഘാടനം ചെയ്തു. കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജയ് കുമാർ അധ്യക്ഷനായി. ജില്ലാ പഞ്ചായത്തംഗം വസീമ വേളേരി മുഖ്യാതിഥിയായി. റാലിയുടെ വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ ഡെപ്യൂട്ടി ഡി.എം.ഒ.മാരായ ഡോ. ഷിബുലാൽ, ഡോക്ടർ വി. ഫിറോസ് ഖാൻ, ഡി.പി.എം. ഡോ. ടി.എൻ. അനൂപ് തുടങ്ങിയവർ ബോധവത്ക്കരണ ക്ലാസുകൾക്ക് നേതൃത്വം നൽകി.

ആയുഷ് , ആരോഗ്യം , ഐ.സി.ഡി.എസ് , എക്സൈസ് എന്നീ വകുപ്പുകളുടെ നേതൃത്വത്തിൽ യോഗ ഡാൻസ് ,സി.പി.ആർ. പരിശീലനം ,കോൽക്കളി കളരിപ്പയറ്റ്, യോഗ പരിശീലനം, ന്യൂട്രീഷ്യൻ ക്ലാസ്, നാടൻ പാട്ട്, പുള്ളുവൻ പാട്ട്, സംഘഗാനം, ആശമാരുടെ ഒപ്പന, ഹെൽത്തി ഫുഡ് ഫെസ്റ്റ്, സെൽഫി കോർണർ എന്നീ പരിപാടികൾ സംഘടിപ്പിച്ചു. ജനപ്രതിനിധികൾ, ആശാ വർകർമാർ ,ട്രോമാ കെയർ വോളണ്ടിയർമാർ, ബസ് ജീവനക്കാർ, പൊതു ജനങ്ങൾ തുടങ്ങിയവർ സൈക്കിൾ റാലിയിലും പൊതുസമ്മേളനത്തിലും പങ്കെടുത്തു.

ഉന്നാവ് പീഡനക്കേസ്: കുൽദീപ് സെൻഗാറുമായി ഒത്തുകളിച്ചെന്ന ആരോപണവുമായി അതിജീവിത, പ്രതിഷേധത്തിനിടെ അതിജീവിതയുടെ അമ്മ തളർന്നുവീണു

ന്യൂഡൽഹി: ഉന്നാവ് കേസിൽ സിബിഐ ഉദ്യോഗസ്ഥർ കുൽദീപ് സെൻഗാറുമായി ഒത്തുകളിച്ചെന്ന ആരോപണവുമായി അതിജീവിത. ഹൈക്കോടതിയിൽ സെൻഗാറിന് അനൂകൂല തീരുമാനത്തിനായി ഒത്തുകളിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് അതിജീവിത സിബിഐക്ക് പരാതി നൽകി.

ഇതിനിടെ, ഡൽഹിയില്‍ നടക്കുന്ന പ്രതിഷേധത്തിനിടെ അതിജീവിതയുടെ അമ്മ തളർന്നുവീണു. ഇവരെ സമര സ്ഥലത്തുനിന്ന് മാറ്റി. അതേസമയം, കേസിൽ സിബിഐ നൽകിയ അപ്പീൽ സുപ്രീംകോടതി നാളെ പരിഗണിക്കും. അതിജീവിതയ്ക്ക് നീതി ആവശ്യപ്പെട്ട് ജന്തർമന്തറിൽ വിവിധ സംഘടനകൾ പ്രതിഷേധം തുടരുകയാണ്.

വിചാരണക്കോടതി വിധിച്ച ശിക്ഷ ഹൈക്കോടതി മരവിപ്പിച്ചതിൽ ഉദ്യോഗസ്ഥർ അട്ടിമറി നടത്തിയെന്നാണ് അതിജീവിത നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഈക്കാര്യം ചൂണ്ടിക്കാട്ടിയാണ് സിബിഐക്ക് നിലവിൽ പരാതി. അന്വേഷണത്തിലും കോടതി നടപടികളും ഉദ്യോഗസ്ഥർ മനപ്പൂർവം വീഴ്ച്ച വരുത്തി. ഹൈക്കോടതിയെ കാര്യങ്ങൾ ധരിപ്പിക്കുന്നതിൽ സിബിഐ അഭിഭാഷകർ പരാജയപ്പെട്ടു. ആറ് പേജുള്ള പരാതിയാണ് നൽകിയത്. അന്വേഷണം നടത്തുമ്പോൾ തന്നെ അട്ടിമറിക്ക് ശ്രമിച്ചു. സെൻഗാറിനെ സഹായിക്കുന്ന രീതിയിൽ നിലപാട് എടുത്തു. താൻ പഠനം നടത്താത്ത സ്കൂളിൽ പഠിച്ചെന്ന് കാട്ടി പ്രായം തെളിയ്ക്കുന്ന വ്യാജ രേഖയുണ്ടാക്കി. തന്റെ മൊഴിയിലും കൃത്രിമത്വം കാട്ടിയെന്നും പരാതിയിൽ ആരോപിക്കുന്നു.

ഇതിനിടെ ഹൈക്കോടതി നടപടിയിൽ വ്യാപകമായ വിമർശനം ഉയർന്നതോടെയാണ് സിബിഐ നൽകിയ അപ്പീൽ അടിയന്തരമായി പരിഗണിക്കാൻ സുപ്രീംകോടതി തീരുമാനിച്ചത്. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. സെൻഗാറിന് ജാമ്യം നൽകിയത് ചോദ്യം ചെയ്തുള്ള പൊതുതാൽപര്യഹർജിയും നാളെ പരിഗണിക്കുന്നുണ്ട്. ഹൈക്കോടതി ഉത്തരവിൽ സുപ്രീംകോടതി എന്ത് തീരുമാനം എടുക്കുമെന്നത് ഏറെ നിർണ്ണായകമാണ്.

ഈ വര്‍ഷം ഏറ്റവും കൂടുതല്‍ ആളുകള്‍ ഓര്‍ഡര്‍ ചെയ്ത ഭക്ഷണം…? ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഇത് കൂടുതല്‍ ഹെല്‍ത്തിയായി കഴിക്കാം…..

പുതുവര്‍ഷത്തെ വരവേല്‍ക്കാനുള്ള തയ്യാറെടുപ്പിലാണ് നാടും നഗരവും. ഭക്ഷണ പ്രിയരായ ആളുകള്‍ ഈ വര്‍ഷവും ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഓര്‍ഡര്‍ ചെയ്ത ഭക്ഷണം ഏതെന്ന് ചോദിച്ചാല്‍ ഇത്തവണയും അത് ബിരിയാണി തന്നെയാണ്. എന്തൊക്കെ കഴിക്കണമെന്ന് വിചാരിച്ച് ഫോണ്‍ എടുത്ത് ഓര്‍ഡര്‍ ചെയ്താലും അത് അവസാനം എത്തി നില്‍ക്കുന്നത് ബിരിയാണിയില്‍ തന്നെ ആണ്. ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ബിരിയാണി വളരെ ഹെല്‍ത്തി ആയി കഴിക്കാം.
ബിരിയാണി കഴിക്കുമ്പോള്‍ അതിലടങ്ങിയ ചോറിന്റെ അളവ് കുറച്ച് ചിക്കന്‍, മുട്ട തുടങ്ങിയ പ്രോട്ടീന്‍ സ്രോതസ്സുകള്‍ കൂടുതല്‍ ഉള്‍പ്പെടുത്തുന്നതാണ് നല്ലത്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുത്തനെ ഉയരുന്നത് നിയന്ത്രിക്കാന്‍ സഹായിക്കുന്നു. കൂടാതെ, ബിരിയാണിക്കൊപ്പം ലഭിക്കുന്ന സാലഡിലെ തൈരും പച്ചക്കറികളും ശരീരത്തിന് ആവശ്യമായ ഫൈബറും പ്രോബയോട്ടിക്കുകളും നല്‍കുന്നവയാണ്. ബിരിയാണിക്കൊപ്പം വറുത്ത വിഭവങ്ങള്‍, ജ്യൂസുകള്‍, പപ്പടം, അച്ചാര്‍ എന്നിവ ഒഴിവാക്കുന്നത് അധിക കലോറി ശരീരത്തിലെത്തുന്നത് തടയാന്‍ സഹായിക്കും.
പെട്ടെന്ന് തയാറാക്കുന്ന, എണ്ണ അധികമുള്ള ബിരിയാണിയേക്കാള്‍ ദം ചെയ്ത് പാകം ചെയ്യുന്ന ബിരിയാണിയാണ് ആരോഗ്യത്തിന് നല്ലത്. ദം ബിരിയാണി പാകം ചെയ്യാന്‍ കൂടുതല്‍ സമയമെടുക്കുമെങ്കിലും എണ്ണയുടെ ഉപയോഗം കുറവായതിനാല്‍ കഴിക്കുമ്പോള്‍ അമിതമായ അസ്വസ്ഥത അനുഭവപ്പെടില്ല. ബിരിയാണിയില്‍ ചേര്‍ക്കുന്ന ഇഞ്ചി, ഏലയ്ക്ക, ഗ്രാമ്പൂ തുടങ്ങിയ മസാലകള്‍ ദഹനത്തിന് ഏറെ സഹായിക്കുന്നവയാണ്. എന്നാല്‍ അമിതമായ അളവില്‍ മുളകും കൃത്രിമ ഫ്‌ലേവറുകളും ചേര്‍ക്കുന്നത് അസിഡിറ്റിക്കും നെഞ്ചെരിച്ചിലിനും കാരണമാകും.
രാത്രി വൈകി ബിരിയാണി കഴിക്കുന്നത് ആരോഗ്യകരമല്ല. ഉച്ചയ്‌ക്കോ വൈകുന്നേരമോ ബിരിയാണി കഴിക്കുന്നതാണ് ദഹനത്തിന് നല്ലത്. രാത്രിയാകുമ്പോള്‍ ദഹനം പതുക്കെയാകുന്നതിനാല്‍ രാത്രി വൈകിയുള്ള ഭക്ഷണം വയര്‍ കമ്പിക്കാനും ഭാരവര്‍ധനവിനും കാരണമാകും. ബിരിയാണി കഴിച്ചു എന്നത് കൊണ്ട് അടുത്ത നേരത്തെ ഭക്ഷണം ഒഴിവാക്കേണ്ടതില്ല. മറിച്ച്, ലഘുവായ ഭക്ഷണങ്ങളോ പഴങ്ങളോ പച്ചക്കറികളോ കഴിക്കുന്നത് ദഹനക്കേട് ഒഴിവാക്കാന്‍ സഹായിക്കും.