കോന്നിയ്ക്കു സമീപം വയ്യാറ്റുപുഴ വില്ലൂന്നിപ്പാറയിൽ കടുവയെ കിണറ്റിൽ വീണു. കൊല്ലംപറമ്പിൽ സജീവൻ എന്നയാളുടെ വീടിനോടു ചേർന്നുള്ള പറമ്പിലെ കിണറ്റിലാണ് കടുവയെ കണ്ടെത്തിയത്. 15 അടിയോളം താഴ്ചയുള്ള ആൾമറയില്ലാത്ത കിണറ്റിലാണ് കടുവ വീണത്.
രാവിലെ ആറരയോടെ എഴുന്നേറ്റ സജീവൻ കിണറ്റിൽ നിന്നു അസാധാരണമായ ശബ്ദം കേട്ടാണ് എത്തിയത്. ചെന്നു നോക്കിയപ്പോഴാണ് കടുവയെ കിണറ്റിൽ കണ്ടത്. വനം വകുപ്പ് അധികൃതർ സ്ഥലത്തെത്തിയിട്ടുണ്ട്. ആർആർടി സംഘവും സ്ഥലത്തേക്ക് വരും.
നല്ല ആരോഗ്യമുള്ള കടുവയായതിനാൽ മയക്കു വെടി വയ്ക്കാതെ തിരികെ കയറ്റുക എന്നതു ശ്രമകരമാണെന്നു വനം വകുപ്പ് അധികൃതർ പറയുന്നു.
രണ്ടാഴ്ച മുൻപ് വടശ്ശേരിക്കരയ്ക്കടുത്ത് കടുവ കൂട്ടിൽ അകപ്പെട്ടിരുന്നു. പിന്നാലെയാണ് ഇപ്പോൾ മറ്റൊന്നിനെ കിണറ്റിൽ കണ്ടെത്തിയത്.
പത്തനംതിട്ടയിൽ കടുവ ആൾമറയില്ലാത്ത കിണറ്റിൽ വീണു
എബിവിപി പ്രവർത്തകൻ വിശാൽ കൊലക്കേസ്: വിധി ഇന്ന്; പ്രതികൾ ക്യാംപസ് ഫ്രണ്ട് പ്രവർത്തകർ
എബിവിപി ചെങ്ങന്നൂര്‍ നഗര്‍ സമിതി പ്രസിഡന്റായിരുന്ന വിശാലിനെ കൊലപ്പെടുത്തിയ കേസില്‍ വിധി ഇന്ന്. പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ ഉള്‍പ്പെടെ 20 ക്യംപസ് ഫ്രണ്ട് പ്രവർത്തകരാണ് കേസിലെ പ്രതികൾ. മാവേലിക്കര അഡീഷണല്‍ സെഷന്‍സ് ജഡ്ജ് പൂജ പി.പി. ആണ് വിധി പറയുന്നത്. 2012 ജൂലൈ 16-നാണ് വിശാൽ കൊല്ലപ്പെട്ടത്. ചെങ്ങന്നൂര്‍ കോളജില്‍ ബിരുദ വിദ്യാര്‍ത്ഥികളെ സ്വാഗതം ചെയ്യുന്നതിനിടെയാണ് വിശാൽ ആക്രമിക്കപ്പെട്ടത്.
ആക്രമണത്തിൽ എബിവിപി പ്രവര്‍ത്തകരായ വിഷ്ണുപ്രസാദ്, ശ്രീജിത്ത് എന്നിവര്‍ക്കും വിശാലിനെ രക്ഷിക്കാൻ ശ്രമിച്ച മറ്റ് ഏഴ് പേർക്കും പരിക്കേറ്റിരുന്നു. ഗുരുതരമായി പരിക്കേറ്റ വിശാൽ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ആദ്യം ലോക്കല്‍ പൊലീസ് അന്വേഷിച്ച കേസ് പിന്നീട് ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ ഉള്‍പ്പെടെ 20 പേര്‍ക്കെതിരെയാണ് കുറ്റപത്രം സമർപ്പിച്ചത്.
ആശുപത്രിയിലേക്കുള്ള യാത്രമധ്യേ പോപ്പുലർ ഫ്രണ്ടുകാരാണ് തന്നെ കുത്തിയതെന്ന് വിശാൽ സുഹൃത്തിനോട് പറഞ്ഞത് പ്രോസിക്യൂഷൻ തെളിവായി ഹാജരാക്കി. സംഭവ സ്ഥലത്തുനിന്ന് കണ്ടെടുത്ത മൂന്നാം പ്രതി ഷെഫീക്കിന്റെ തിരിച്ചറിയൽ കാർഡും പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കണ്ടെടുത്ത ആയുധങ്ങളും കേസിലെ നിർണായക തെളിവുകളായി. പ്രോസിക്യൂഷന് വേണ്ടി പ്രതാപ് ജി പടിക്കലിനൊപ്പം അഭിഭാഷകരായ ശ്രീദേവി പ്രതാപ്, ശില്പ ശിവന്‍, ഹരീഷ് കാട്ടൂര്‍, മഹേശ്വര്‍ പടിക്കല്‍, നീരജ ഷാജി എന്നിവരാണ് ഹാജരായത്.
ബംഗ്ലദേശിന്‍റെ ആദ്യ വനിതാ പ്രധാനമന്ത്രി ഖാലിദ സിയ അന്തരിച്ചു
ബംഗ്ലദേശ് മുന്‍ പ്രധാനമന്ത്രി ഖാലിദ സിയ (80) അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ധാക്കയിലെ അപ്പോളോ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയാണ് അന്ത്യം. ഖാലിദ സിയയുടെ മരണവിവരം ബംഗ്ലദേശ് നാഷനിലിസ്റ്റ് പാര്‍ട്ടിയാണ് പ്രസ്താവനയിലൂടെ അറിയിച്ചത്. ബംഗ്ലദേശിന്‍റെ ആദ്യ വനിതാ പ്രധാനമന്ത്രിയാണ് സിയ. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളാണ് സിയ നേരിട്ടത്. തുടര്‍ന്ന് വിദേശത്തേക്ക് വിദഗ്ധ ചികില്‍സയ്ക്കായി കൊണ്ടുപോകാന്‍ തീരുമാനിച്ചിരുന്നുവെങ്കിലും അതിനുള്ള ആരോഗ്യസ്ഥിതിയില്‍ അല്ലാതിരുന്നതിനാല്‍ ബംഗ്ലദേശില്‍ തന്നെ ചികില്‍സ തുടരുകയായിരുന്നു.
മുന്‍ പട്ടാളമേധാവിയും പ്രസിഡന്‍റും ഭര്‍ത്താവുമായിരുന്ന സിയാവുർ റഹ്മാൻ 1981ൽ കൊല്ലപ്പെട്ടതോടെയാണ് ഖാലിദ രാഷ്ട്രീയത്തിലേക്ക് കടക്കുന്നത്. 1991 ലെ തിരഞ്ഞെടുപ്പിൽ ഷെയ്ഖ് ഹസീനയെ പരാജയപ്പെടുത്തി പ്രധാനമന്ത്രിപദത്തിലെത്തി. പ്രസിഡൻഷ്യൽ ഭരണത്തിൽ നിന്നു പാർലമെന്ററി ജനാധിപത്യത്തിലേക്ക് രാജ്യത്തെ മാറ്റിയത് ഖാലിദയാണ്.
കാൽനടയാത്രക്കാർക്കിടയിലേക്ക് ബസ് ഇടിച്ചുകയറി നാലു പേർ മരിച്ചു
മുംബെെ: മഹാരാഷ്ട്രയിൽ കാൽനടയാത്രക്കാർക്കിടയിലേക്ക് ബസ് ഇടിച്ചുകയറി നാലു പേർ മരിച്ചു. ബസ് പിന്നിലോട്ട് എടുക്കുന്നതിനിടെ കാൽനടയാത്രക്കാർക്കിടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടത്തിൽ ഒമ്പത് പേർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഭാണ്ഡൂപിൽ തിങ്കളാഴ്ച രാത്രിയാണ് സംഭവം. അപകടത്തിന് പിന്നാലെ സ്ഥലത്ത് വലിയ പൊലീസ് സംഘമെത്തി തുടർനടപടികൾ സ്വീകരിക്കുകയും ഗതാഗതം നിയന്ത്രിക്കുകയും ചെയ്തു.
ബൃഹൻമുംബൈ ഇലക്ട്രിക് സപ്ലൈ ആൻഡ് ട്രാൻസ്‌പോർട്ടിൻറെ (ബെസ്റ്റ്) ബസാണ് അപകടമുണ്ടാക്കിയത്.
തമിഴ് നടി നന്ദിനിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി
കന്നഡ- തമിഴ് സീരിയൽ നടി സിഎം നന്ദിനിയെ (26) ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. നന്ദിനി വാടകയ്ക്കു താമസിക്കുന്ന കെങ്കേരിയിലെ വീട്ടിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മുറിയിൽ നിന്നു ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയെന്നു പൊലീസ് വ്യക്തമാക്കി. വ്യക്തിപരമായ പ്രശ്നങ്ങളും വിഷാദാവസ്ഥയും തന്നെ അലട്ടുന്നുവെന്നു ആത്മഹത്യാക്കുറിപ്പിൽ പറയുന്നു.
അഭിനയ ജീവിതവുമായി മുന്നോട്ടു പോകാനാണ് നന്ദിനിക്ക് താത്പര്യം. എന്നാൽ സർക്കാർ ജോലി നേടാനും വിവാഹിതയാകാനും വീട്ടുകാർ നിർബന്ധിച്ചിരുന്നു. നന്ദിനിയുടെ പിതാവ് 2019ൽ സർക്കാർ സർവീസിലിരിക്കെ മരിച്ചിരുന്നു. ആശ്രിത നിയമനത്തിലൂടെ നന്ദിനിക്ക് ജോലിക്ക് ചേരാനുള്ള അവസരമുണ്ടായിരുന്നു.
അഭിനയം ഒഴിവാക്കി ജോലിയിൽ ചേരാനും വിവാഹിതയാകാനും കുടുംബം ഇവരെ നിർബന്ധിച്ചിരുന്നു. ഇതിൽ നന്ദിനിക്ക് ഒട്ടും താത്പര്യമുണ്ടായിരുന്നില്ലെന്ന് കുറിപ്പിലുണ്ടെന്നും പൊലീസ് പറഞ്ഞു.
നന്ദിനിയെ ഫോണിൽ കിട്ടാതായപ്പോൾ സുഹൃത്തുക്കൾ താമസ സ്ഥലത്തെ വീട്ടുകാരെ അറിയിക്കുകയായിരുന്നു. ഇവർ വാതിൽ തുറന്ന് നോക്കിയപ്പോൾ ജനാലക്കമ്പിയിൽ ഷാൾ ഉപയോഗിച്ച് തൂങ്ങിയ നിലയിലാണ് നന്ദിനിയെ കണ്ടത്. ഉടൻ പൊലീസിൽ അറിയിച്ചു. അസ്വാഭാവിക മരണത്തിന് കേസെടുത്തെന്നും മറ്റ് ദുരൂഹതകളൊന്നും ഇല്ലെന്നും പൊലീസ് വ്യക്തമാക്കി.
ഇലക്ട്രിക് ബസുകളെച്ചൊല്ലി കോർപറേഷനും ഗതാഗത വകുപ്പും ഉരസുന്നു
തിരുവനന്തപുരം: കോർപ്പറേഷൻ കെഎസ്ആർടിസിക്ക് വാങ്ങി നൽകിയ ഇലക്ട്രിക് ബസുകളെച്ചൊല്ലി കോർപറേഷനും ഗതാഗത വകുപ്പും ഉരസുന്നു. നഗരസഭാ പരിധിയിൽ സർവീസ് നടത്തേണ്ട ബസുകൾ നഗരത്തിന് പുറത്ത് സർവീസ് നടത്തുന്നതിനെതിരെ കോർപ്പറേഷൻ ഭരിക്കുന്ന ബിജെപി ഭരണസമിതി രംഗത്തെത്തിയിരിക്കുകയാണ്.
നഗരത്തിലെ ഇ – ബസുകളെ തിരിച്ചുപിടിക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് മേയർ വിവി രാജേഷ് ഇന്നലെ മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു. കോർപ്പറേഷനുമായുള്ള ധാരണയ്ക്ക് വിരുദ്ധമായി കെഎസ്ആർടിസി നടത്തുന്ന ഏകപക്ഷീയമായ നിലപാടുകൾ അംഗീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം അറിയിച്ചു.
സ്മാർട്ട്സിറ്റി പദ്ധതിയുടെ ഭാഗമായി കേന്ദ്ര സർക്കാർ കോർപ്പറേഷന് നൽകിയ 113 ഇലക്ട്രിക് ബസുകൾ നഗരപരിധിക്ക് പുറത്തേക്ക് സർവീസ് നടത്തുന്നുണ്ടോയെന്ന് പരിശോധിക്കുമെന്നും കെ എസ്ആർടിസിയുടെ ലാഭവും നഷ്ടവും നോക്കേണ്ടത് അവരുടെ ഉത്തരവാദിത്വമാണെന്നും വി വി രാജേഷ് വ്യക്തമാക്കി.
പൊതുഗതാഗത സംവിധാനങ്ങൾ ഇല്ലായിരുന്ന സ്ഥലങ്ങൾ കൂടി ഉൾപ്പെടുത്തി ഓഫീസുകൾ, ആശുപത്രികൾ, വിനോദസഞ്ചാരകേന്ദ്രങ്ങൾ തുടങ്ങിയവയെ ബന്ധിപ്പിച്ചായിരുന്നു സിറ്റി സർക്കുലർ ബസുകൾ ആരംഭിച്ചത്. 10 രൂപ നിരക്കിലാണ് ഇ – ബസ് ഓടിത്തുടങ്ങിയത്. 113 ഇലക്ട്രിക് ബസുകളാണ് സിറ്റി സർക്കുലറിൽ ഉണ്ടായിരുന്നത്. ഈ ബസുകൾ നഗരത്തിൽത്തന്നെ സർവീസ് നടത്തണമെന്ന് കെഎസ്ആർടിസി കോർപ്പറേഷനുമായി കരാർ ഉണ്ടാക്കിയിരുന്നു. ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ പരിഷ്കരണത്തിന്റെ ഭാഗമായാണ് ഈ കരാർ ലംഘിച്ച് ബസുകൾ മറ്റിടങ്ങളിലേക്ക് സർവീസ് നടത്തിത്തുടങ്ങിയത്.
നഗരത്തിലെ ഗതാഗത ആവശ്യങ്ങൾ ശാസ്ത്രീയമായി പഠിച്ച് രൂപകൽപന ചെയ്ത റൂട്ടുകളാണ് സിറ്റി സർക്കുലറിന് വേണ്ടി തയ്യാറാക്കിയത്. തലസ്ഥാന നഗരത്തിലെ വീതി കുറഞ്ഞ ഇടറോഡുകൾക്കനുയോജ്യമായതാണ് ചെറിയ ഇ ബസുകൾ. നഗരത്തിന് പുറത്തേക്ക് യാത്ര നടത്താൻ ആരംഭിച്ചതോടെ പേരും നിരക്കും മാറ്റി. സിറ്റി ഫാസ്റ്റ് എന്ന പേരിലാണ് നഗരത്തിന് പുറത്ത് ബസ് സർവീസ് നടത്തുന്നത്.
ഉദയാ ലൈബ്രറി ക്രിസ്മസ്, പുതുവത്സരാഘോഷവും മുൻറേഡിയോക്ലബ്ബ് കൂട്ടുകാരുടെ പുനസ്സമാഗമവും നടത്തി
മൈനാഗപ്പള്ളി. ഉദയാ ലൈബ്രറി, ക്രിസ്മസ്സ് /പുതുവത്സരാഘോഷവും, 1979, 1982, 1984 വർഷങ്ങളിൽ ആകാശവാണിയിലൂടെ ‘ബാലലോകം’ പരിപാടികൾ അവതരിപ്പിച്ച മുൻ ‘ഉദയാ റേഡിയോ ക്ലബ്ബ്’ കൂട്ടുകാരുടെ പുനസ്സമാഗമവും നടത്തി. പരിപാടികൾ ഏവർക്കും ക്രിസ്സ്മസ് കേക്ക്മുറിച്ച് മധുരം നല്കിക്കൊണ്ട് മുൻ റേഡിയോ ക്ലബ്ബ് രക്ഷാധികാരിയും എഴുത്തുകാരനുമായ സി.കെ.മന്മഥൻ നായർ മൈനാഗപ്പളളി ഉദ്ഘാടനം ചെയ്തു. മുൻ ലൈബ്രറി പ്രസിഡന്റ് അഡ്വ.റ്റി. മോഹനൻ അദ്ധ്യക്ഷത വഹിച്ചു.താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം കെ.പ്രസന്നകുമാർ, ഡോ. സോമരാജൻ പിള്ള മാരുതി, ഗ്രാമപഞ്ചായത്തംഗങ്ങളായ പി.കെ.ഗോപകുമാർ, ജി.ശാന്തകുമാരിയമ്മ, അഡ്വ.തോമസ് വൈദ്യൻ, പി.എസ്.അജിത ടീച്ചർ തുടങ്ങിയവർ ആശംസാ പ്രസംഗങ്ങൾ നടത്തി. തുടർന്ന് റേഡിയോക്ലബ്ബ് കൂട്ടുകാരും ഗായിക പ്രിയ.പി. കുമാറും ചേർന്ന് ആകാശവാണിയിലൂടെ പ്രക്ഷേപണം ചെയ്ത ബാലലോകം പരിപാടികളുടെപുനരാവിഷ്കരണം നടത്തി. ഉദയയുവത പ്രസിഡന്റ് അജു.ജി.നാഥ് സ്വാഗതവും, സെക്രട്ടറി പ്രിയ.പി. കുമാർ നന്ദിയും പറഞ്ഞു. ലൈബ്രറി പ്രസിഡന്റ് കെ.മോഹനൻ, ബി.സരോജാക്ഷൻ പിള്ള, ഭരണ സമിതി അംഗങ്ങൾ, ലൈബ്രേറിയൻ മാർ തുടങ്ങിയവർ നേതൃത്വം നല്കി.
കവർച്ചക്ക് വീടുകയറി ആക്രമണം, 11 കാരി ഉൾപ്പെടെ 4 പേർക്ക് പരുക്ക്
മലപ്പുറം. പാണ്ടിക്കാട് അഞ്ചംഗ സംഘം വീട്ടിൽ അത്രിക്രമിച്ച് കയറി ആക്രമണം നടത്തി.
11 വയസുകാരി ഉൾപ്പെടെ 4 പേർക്ക് പരിക്ക്.
അക്രമി സംഘത്തിലെ ഒരാൾ പിടിയിൽ
.പാണ്ടിക്കാട് കുറ്റിപ്പുളിയിലാണ് സംഭവം.
ചക്കാലക്കുത്ത് അബ്ദുവിൻ്റെ വീട്ടിലാണ് അഞ്ച് പേരടങ്ങിയ സംഘം വൈകിട്ട് അതിക്രമിച്ച് കയറി ആക്രമണം നടത്തിയത്.
നാട്ടുകാർ അറിഞ്ഞ് എത്തിയതോടെ അക്രമി സംഘത്തിലെ നാല് പേർ കാറിൽ കയറി രക്ഷപ്പെട്ടു.
ഒരാളെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു.
പിടിയിലായ ബേപ്പൂർ സ്വദേശി അനീസിനെ പോലീസ് ചോദ്യം ചെയ്തു വരുന്നു.
പരിക്കേറ്റ അബ്ദുവും കുടുംബവും പാണ്ടിക്കാട്ടെ ആശുപത്രിയിൽ ചികിൽസ തേടി.കവർച്ചാ ശ്രമമെന്ന് പ്രാഥമിക നിഗമനം
കെ-ടെറ്റ്: അപേക്ഷാ തീയതി നീട്ടി
തിരുവനന്തപുരം: കേരള ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ് (കെ-ടെറ്റ്) ഒക്ടോബർ 2024 സെഷനിലേക്ക് അപേക്ഷിക്കാനുള്ള സമയപരിധി നീട്ടി. ഉദ്യോഗാർത്ഥികൾക്ക് പിഴയില്ലാതെ ജനുവരി 2 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.
നേരത്തെ ഡിസംബർ 26 ആയിരുന്നു അപേക്ഷിക്കാനുള്ള അവസാന തീയതി. അപേക്ഷാ സമർപ്പണത്തിൽ തെറ്റുകൾ സംഭവിച്ചിട്ടുള്ളവർക്ക് അവ തിരുത്താനുള്ള അവസരം ജനുവരി 3 മുതൽ 6 വരെ ഉണ്ടായിരിക്കും.
ഒക്ടോബർ സെഷനിലേക്കുള്ള പരീക്ഷകൾ ജനുവരി 18, 19 തീയതികളിലാണ് നടക്കുക. പരീക്ഷാ കേന്ദ്രങ്ങളിൽ മാറ്റം വരുത്താനോ പേര്, ഫോട്ടോ എന്നിവയിൽ തിരുത്തൽ വരുത്താനോ എഡിറ്റിംഗ് വിൻഡോ പ്രയോജനപ്പെടുത്താം.
അപേക്ഷാ ഫീസ് പൊതുവിഭാഗത്തിന് 500 രൂപയും എസ്‌സി/എസ്ടി, ഭിന്നശേഷി വിഭാഗങ്ങൾക്ക് 250 രൂപയുമാണ്. ഓൺലൈൻ അപേക്ഷയുടെ പ്രിന്റൗട്ടും ചലാനും ഉദ്യോഗാർത്ഥികൾ സൂക്ഷിച്ചു വെക്കേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനുമായി ktet.kerala.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.







































