Home Blog Page 1192

പ്രസിഡന്റ്സ് ട്രോഫി വള്ളംകളി ജനുവരി 10ന്

പ്രസിഡന്റ്സ് ട്രോഫി വള്ളംകളിയും ചാംപ്യന്‍സ് ബോട്ട് ലീഗ് ഫൈനലും ജനുവരി 10ന് അഷ്ടമുടിക്കായലില്‍ നടക്കും. ഇതുമായി ബന്ധപ്പെട്ട സംഘാടകസമിതി യോഗം കലക്ടറേറ്റില്‍ ചേര്‍ന്നു. മത്സരങ്ങള്‍ സുഗമമായി നടത്തുന്നതിനുള്ള ക്രമീകരണങ്ങള്‍ ഉറപ്പാക്കാന്‍ ധനകാര്യവകുപ്പ് മന്ത്രി കെ.എന്‍ ബാലഗോപാല്‍ നിര്‍ദേശം നല്‍കി.

വനിതകളുടെ വള്ളങ്ങള്‍ ഉള്‍പ്പെടെ ഒമ്പത് വള്ളങ്ങള്‍ മത്സരത്തില്‍ പങ്കെടുക്കും. തേവള്ളി കൊട്ടാരത്തിന് സമീപത്തു നിന്നുള്ള സ്റ്റാര്‍ട്ടിങ് പോയിന്റ് മുതല്‍ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്റിനു സമീപത്തെ ബോട്ട് ജെട്ടി വരെ 1,100 മീറ്ററിലാണ് മത്സരം. ഫലപ്രഖ്യാപനത്തില്‍ കൃത്യത ഉറപ്പാക്കാന്‍ ഏറ്റവും ആധുനികമായ സാങ്കേതിക വിദ്യകളാണ് സജ്ജമാക്കുക.

പരിപാടിയുടെ പ്രചരണാര്‍ഥം കലാ- കായിക പരിപാടികള്‍ നടത്തും. കഥാപ്രസംഗം, വഞ്ചിപ്പാട്ട് ഉള്‍പ്പെടെ സാംസ്‌കാരിക ഘോഷയാത്ര സംഘടിപ്പിക്കുന്നത് സംബന്ധിച്ച് ചര്‍ച്ച നടത്തി. എം.പി, എം.എല്‍.എ, ജില്ലാ കലക്ടര്‍ തുടങ്ങിയവരുടെ ടീമുകള്‍ പങ്കെടുക്കുന്ന ഫുട്ബോള്‍, വടംവലി, കബഡി മത്സരങ്ങളും വരുംദിവസങ്ങളില്‍ സംഘടിപ്പിക്കും.
യോഗത്തില്‍ ജില്ലാ കലക്ടര്‍ എന്‍ ദേവിദാസ് അധ്യക്ഷനായി. എന്‍.കെ പ്രേമചന്ദ്രന്‍ എം.പി, എം നൗഷാദ് എം.എല്‍.എ, മേയര്‍ എ.കെ ഹഫീസ്, എ.ഡി.എം ജി നിര്‍മ്മല്‍കുമാര്‍, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് എക്സ്. ഏണസ്റ്റ്, റേസ് കമ്മിറ്റി ചെയര്‍മാന്‍ ആര്‍.കെ കുറുപ്പ്, സംഘാടക സമിതി അംഗങ്ങള്‍, വിവിധ ഉപസമിതി കണ്‍വീനര്‍മാര്‍, അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ബംഗ്ലാദേശിൽ അതിക്രൂര ആക്രമണത്തിന് ഇരയായ ഹിന്ദു ന്യൂനപക്ഷ വിഭാഗത്തിലെ യുവാവ് മരിച്ചു

ധാക്ക.ബംഗ്ലാദേശിൽ അതിക്രൂര ആക്രമണത്തിന് ഇരയായ ഹിന്ദു ന്യൂനപക്ഷ വിഭാഗത്തിലെ യുവാവ് മരിച്ചു. അത്യാസന്ന നിലയിൽ ചികിത്സയിലിരിക്കെ ആണ് മരണം. വ്യാപാരിയായ ഖോകോൺ ചന്ദ്ര ദാസിനെ
അതിക്രൂരമായി മർദ്ദിച്ച് അക്രമികൾ തീ കൊളുത്തുകയായിരുന്നു.


ധാക്കയിലെ ആശുപത്രിയിൽ അത്യാസന നിലയിൽ ചികിത്സയിലിരിക്കെയാണ് ഖോകോൺ ചന്ദ്ര ദാസിന്റെ മരണം.
ശരിയത്ത്പൂർ സ്വദേശിയായ ഖോകോൺ
ചന്ദ്രദാസിന് നേരെ ബുധനാഴ്ചയാണ് ആക്രമണം ഉണ്ടായത്. മെഡിസിൻ,
മൊബൈൽ ബാങ്കിങ് ബിസിനസ് നടത്തുകയായിരുന്ന ഖോകോൺ ചന്ദ്ര ദാസ്
രാത്രി കടയടച്ച് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്.
മൂർച്ചയേറിയ ആയുധങ്ങൾ ഉപയോഗിച്ച് അതിക്രൂരമായി ആക്രമിച്ചു. പിന്നാലെ ആക്രമികൾ തലയിൽ പെട്രോൾ ഒഴിച്ച് തീ കൊളുത്തി. ജീവൻ രക്ഷാർത്ഥം അടുത്തുള്ള കുളത്തിലേക്ക് ചാടിയ ഖോകോൺ ചന്ദ്രദാസിനെ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ആക്രമണത്തിന്റെ കാരണം അറിയില്ലെന്നായിരുന്നു കുടുംബത്തിൻറെ പ്രതികരണം. ആക്രമണത്തിന് പിന്നിലുള്ള രണ്ടുപേരെ പോലീസ് തിരിച്ചറിഞ്ഞതായാണ് റിപ്പോർട്ടുകൾ. അടുത്തിടെ ബംഗ്ലാദേശിൽ
ഹിന്ദു ന്യൂനപക്ഷ വിഭാഗങ്ങൾക്ക് നേരെ ഉണ്ടായ ആക്രമണങ്ങളിൽ കൊല്ലപ്പെടുന്ന
നാലാമത്തെ ആളാണ് ഖോകോൺ ചന്ദ്രദാസ്

തലസ്ഥാന വിജയം ആഘോഷിക്കാൻ മോദിയെത്തും മുന്നെ ഷാ എത്തും, ആദ്യ പ്രഖ്യാപനം പ്രധാനമന്ത്രി എത്തുന്ന തിയതി; മേയർ രാജേഷടക്കം ജയിച്ചവരെയെല്ലാം നേരിൽ കാണും

ന്യൂഡൽഹി: ചരിത്ര വിജയം നേടി തിരുവനന്തപുരം കോർപ്പറേഷനിൽ ബി ജെ പി അധികാരത്തിലേറിയത് ആഘോഷിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എത്തുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി എത്തുമെന്ന പ്രഖ്യാപനം നിലനിൽക്കെയാണ് മോദിക്ക് മുന്നെ അമിത് ഷാ എത്തുന്നത്. ഈ മാസം 11 നാകും ഷാ തിരുവനന്തപുരത്തെത്തുക.

പ്രധാനമന്ത്രി തിരുവനന്തപുരം സന്ദർശിക്കുന്ന തീയതി അമിത് ഷാ ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്യും. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ വിജയം നേടിയ ബി ജെ പി അംഗങ്ങളെയെല്ലാം ആഭ്യന്തര മന്ത്രി നേരിൽ കാണുകയും അഭിസംബോധന ചെയ്യുകയും ചെയ്യും.

ആഘോഷമാക്കാൻ ബി ജെ പി
തിരുവനന്തപുരത്ത് നടക്കുന്ന വിപുലമായ സമ്മേളനത്തിൽ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്ക് പുറമെ പാർട്ടി ഭാരവാഹികളും പങ്കെടുക്കും. കേരളത്തിലെ ബി ജെ പിയുടെ രാഷ്ട്രീയ മുന്നേറ്റത്തിൽ നിർണ്ണായകമായ തദ്ദേശ വിജയത്തിന് പിന്നാലെ അമിത് ഷാ എത്തുന്നതിനെ ഏറെ ആവേശത്തോടെയാണ് പ്രവർത്തകർ കാണുന്നത്. അതുകൊണ്ടുതന്നെ ഷാ എത്തുന്ന പരിപാടി വലിയ ആഘോഷമാക്കി മാറ്റാനാണ് സംസ്ഥാന ഘടകത്തിന്‍റെ നീക്കം.

കേരളത്തിലേക്ക് വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിൻ? സുപ്രധാന പ്രഖ്യാപനവുമായി റെയിൽവെ മന്ത്രി അശ്വിനി വൈഷ്ണവ്

ന്യൂഡൽഹി: വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ കേരളത്തിനും അനുവദിക്കുമെന്ന പ്രഖ്യാപനവുമായി കേന്ദ്ര റെയിൽമന്ത്രി അശ്വിനി വൈഷ്ണവ്. എല്ലാ സംസ്ഥാനങ്ങൾക്കും വന്ദേഭാരത് ട്രെയിനുകൾ അനുവദിക്കുമെന്നും കേരളത്തിന് നേരത്തെ രണ്ട് വന്ദേ ഭാരത് ട്രെയിനുകൾ അനുവ​ദിച്ചിട്ടുണ്ടെന്നും കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ കേരളത്തിനും അനുവദിക്കുമെന്ന് പറഞ്ഞ കേന്ദ്ര മന്ത്രി എപ്പോൾ അനുവദിക്കുമെന്ന ചോദ്യത്തോട് പ്രതികരിച്ചില്ല. വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിൻ എല്ലാ സംസ്ഥാനങ്ങള്‍ക്കും നൽകാനാണ് ശ്രമിക്കുന്നതെന്നും കേന്ദ്ര മന്ത്രി പറഞ്ഞു. ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ എത്തിച്ച വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ ഇന്ന് കേന്ദ്രമന്ത്രി സന്ദ‍ർശിച്ചു.

കൊൽക്കത്ത -ഗുവാഹത്തി റൂട്ടിൽ ഈമാസം പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ആദ്യ സർവീസ് ഉദ്ഘാടനം ചെയ്യുക. നിയമസഭ തെരഞ്ഞെടുപ്പ് ബംഗളാളിലും അസമിലും അടുത്തിരിക്കെയാണ് ഇരുസംസ്ഥാനങ്ങളെയും ബന്ധിപ്പിച്ചുകൊണ്ട് ആദ്യ വന്ദേഭാരത് സ്ലീപ്പര്‍ സര്‍വീസ് ആരംഭിക്കുന്നത്. അസമിലെ രണ്ടും ബംഗാളിലെ ഏഴും ജില്ലകളിലൂടെയാണ് സർവീസ്. ബുള്ളറ്റ് ട്രെയിൻ അടുത്ത വർഷം സ്വാതന്ത്ര്യദിനത്തിൽ സജ്ജമാകുമെന്നും കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് നേരത്തെ വ്യക്തമാക്കിയിരുന്നു. പുതുവത്സര ദിനത്തിലാണ് റെയിൽവെയുടെ വമ്പൻ പദ്ധതികള്‍ കേന്ദ്ര മന്ത്രി പ്രഖ്യാപിച്ചത്. ആയിരം കിലോമീറ്ററിന് മുകളിലുള്ള ദീർഘദൂര യാത്രയ്ക്കാണ് വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ. 180 കിമീ വരെ വേഗതയിൽ പായുന്ന വന്ദേഭാരത് സ്ലീപ്പർ ഡിസൈൻ ചെയ്തും നിർമ്മിച്ചതും ഇന്ത്യയിൽ തന്നെയാണ്.

മാസങ്ങൾക്കകം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളാണ് പശ്ചിമ ബംഗാളും അസമും. ഈ സംസ്ഥാനങ്ങളുടെ തലസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന ആദ്യ സർവീസിന്‍റെ ഫ്ലാഗ് ഓഫ് വൻ ആഘോഷമാക്കാനാണ് കേന്ദ്ര നീക്കം. 2300 രൂപയാണ് ടിക്കറ്റ് നിരക്ക്. കൊൽക്കത്ത -ഗുവാഹത്തി വിമാനയാത്ര നിരക്ക് ശരാശരി 8000 രൂപവരെയാണെന്നിരിക്കെ മധ്യവർഗക്കാരായ യാത്രക്കാരെ കണക്കിലെടുത്തുകൊണ്ടാണ് നിരക്ക് നിശ്ചയിച്ചതെന്നും കേന്ദ്ര റെയിൽവേ മന്ത്രി പറഞ്ഞിരുന്നു. ഒരു വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനിൽ 16 കോച്ചുകളാണുണ്ടാവുക.

180 കിമീ വരെയാണ് പരമാവധി വേഗം. കവച് സുരക്ഷാ സംവിധാനം, ഓട്ടോമാറ്റിക് വാതിലുകൾ, എമർജൻസി ടാക്ക് ബാക്ക് സംവിധാനം, മികച്ച സസ്പെൻഷൻ, കുഷ്യൻ സീറ്റുകൾ എന്നിവയുൾപ്പെടെ ഒരുപിടി പ്രത്യേകതകളുള്ളതാണ് വന്ദേ ഭാരത് സ്ലീപ്പർ. രണ്ട് വന്ദേ ഭരത് സ്ലീപ്പർ ട്രെയിനുകൾ കൂടി ഉടൻ പ്രഖ്യാപിക്കും.

ഈ വർഷം തന്നെ 12 ട്രെയിനുകളും ട്രാക്കിലെത്തും. കേരളത്തിലും തമിഴ്നാട്ടിലും തെരഞ്ഞെടുപ്പടുത്തിരിക്കെ വന്ദേ ഭാരത് സ്ലീപ്പർ തെക്കേ ഇന്ത്യയിലേക്കെത്തുമോയെന്നാണ് ആകാംഷയും നിലനിൽക്കുന്നുണ്ട്. അതേസമയം, തെരഞ്ഞെടുപ്പടുക്കവേ വന്ദേ ഭാരത് സ്ലീപ്പർ പ്രഖ്യാപിച്ചതിനെചൊല്ലി ബിജെപി – തൃണമൂൽ കോൺ​ഗ്രസ് വാക് പോരും രൂക്ഷമാണ്. നടപടിയെ ബിജെപി രാഷ്ട്രീയവൽക്കരിക്കുകയാണെന്ന് തൃണമൂൽ കോൺ​ഗ്രസ് വിമർശിച്ചു. മമത ഭരണത്തിൽ ബം​ഗാളിൽ ഒരു വികസനം കടലാസിൽ മാത്രമാണെന്ന് ബിജെപി തിരിച്ചടിച്ചു.

ശബരിമല സ്വർണ കൊള്ള CBI അന്വേഷിക്കണമെന്നാവശ്യപ്പെട്ട് BJP പ്രക്ഷോഭം സംഘടിപ്പിക്കും,അമിത് ഷാ ജനുവരി 11 ന് തിരുവനന്തപുരത്ത്

തിരുവനന്തപുരം. നിയമസഭാ തെരഞ്ഞെടുപ്പ് പ്രാഥമിക മുന്നൊരുക്കങ്ങൾ വിലയിരുത്തി ബിജെപി കോർ കമ്മിറ്റി യോഗം. നിയമസഭാ തിരഞ്ഞെടുപ്പിന്റെ റിഹേഴ്സലാണ് തദ്ദേശ തെരഞ്ഞെടുപ്പിൽ കണ്ടതെന്നും
ബിജെപിയെ തോൽപ്പിക്കാൻ യുഡിഎഫും എൽ ഡി എഫും നിയമസഭാ തെരഞ്ഞെടുപ്പിലും കൈ കോർക്കുമെന്നും ജനറൽ സെക്രട്ടറി എം ടി രമേശ്. അതിനെ മറികടക്കാൻ ബി ജെ പി രാഷ്ട്രീയ തന്ത്രങ്ങൾ ആവിഷ്കരിക്കുമെന്ന് എം ടി രമേശ് പറഞ്ഞു. സർക്കാരിനെതിരെയുള്ള പ്രക്ഷോഭ പരിപാടികൾക്കും കോർ കമ്മിറ്റി രൂപം നൽകി. ശബരിമല സ്വർണ കൊള്ള CBI അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം സംഘടിപ്പിക്കും.ശബരിമലയിലേത് എൽഡിഎഫ് – യുഡിഎഫ് സംയുക്ത കൊള്ള.മകരജ്യോതി ദിവസമായ ജനുവരി 14 ന് കേരളത്തിലെ വീടുകളിലും, പ്രധാന കേന്ദ്രങ്ങളിലും ശബരിമല സംരക്ഷണ ദീപം തെളിയിക്കും.കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ജനുവരി 11 ന് തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന നേതൃ യോഗത്തിൽ പങ്കെടുക്കും. തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയിച്ച BJP ജനപ്രതിനിധികളെ അഭിസംബോധന ചെയ്യുന്നതിനൊപ്പം
നിയമസഭാ തെരഞ്ഞെടുപ്പ് മുന്നൊരുക്കവും യോഗത്തിൽ ചർച്ച ചെയ്യുമെന്നും എം ടി രമേശ്..

ആൻ്റണി രാജുവിന് നിയമസഭാംഗത്വം നഷ്ടമായി

തിരുവനന്തപുരം. ഗൂഢാലോചനയ്ക്ക് 6 മാസം തടവ്, തെളിവ് നശിപ്പിക്കലിന് 3 വർഷം തടവും 10,000 രൂപ പിഴയും, കള്ള തെളിവ് ഉണ്ടാക്കൽ വകുപ്പിന് 3 വർഷം തടവ് എന്നിങ്ങനെയാണ് നെടുമങ്ങാട് ഒന്നാം ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതി ശിക്ഷ വിധിച്ചത്. കേസ് സി.ജെ.എം കോടതി പരിഗണിക്കണമെന്ന പ്രോസിക്യൂഷൻ ആവശ്യം കോടതി തള്ളി.

നീതിന്യായ രംഗത്ത് തന്നെ അപൂർവ്വമായ ഒരു കേസിലാണ് നെടുമങ്ങാട് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ നിന്നും വിധിയുണ്ടായത്. ലഹരിക്കേസിലെ പ്രതിയെ രക്ഷിക്കാനായി കോടതിയെ തെറ്റിദ്ധരിപ്പിക്കാൻ ഒരു ജനപ്രതിനിധിയും മുൻ കോടതി ഉദ്യോഗസ്ഥനായ ജോസും ചേർന്ന് നടത്തിയ കുറ്റമാണ് തെളിയിക്കപ്പെട്ടത്. കേസിൽ രണ്ടാം പ്രതിയാണ് ആന്റണി രാജു. 1990 ഏപ്രിൽ ഏപ്രിൽ നാലിനാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ അടിവസ്ത്രത്തിൽ ഒളിപ്പിച്ച രണ്ട് പാക്കറ്റ് ചരസുമായി ഓസ്ട്രേലിയൻ പൗരൻ പിടിയിലായിരുന്നു. ഈ കേസിലെ പ്രതിയെ ഹൈക്കോടതി വെറുതെ വിട്ടത് കോടതി കസ്റ്റഡിയിലിരുന്ന തൊണ്ടി മുതലായ അടിവസ്ത്രത്തിൽ കൃത്രിമം കാണിച്ചതിനെ തുടർന്നാണെന്നാണ് കണ്ടെത്തൽ. തിരുവനന്തപുരം ബാറിലെ അഭിഭാഷകനായിരിക്കെ ആന്‍റണി രാജു കോടതി ക്ലർക്കിന്‍റെ സഹായത്തോടെയാണ് അടിവസ്ത്രം മാറ്റിയതാണെന്നാണ് കേസ്.

ഇരു പ്രതികൾക്കും ജാമ്യം നൽകി ഒരു മാസത്തിനകം അപ്പീൽ പോയില്ലങ്കിൽ ജയിലേക്കു പോകണം.

ആൻ്റണിരാജുവിൻ്റെ നിയമസഭാംഗത്വം റദ്ദാക്കിക്കൊണ്ടുള്ള നിയമസഭാ സെക്രട്ടേറിയറ്റ് വിജ്ഞാപനം ഉടനിറങ്ങും.

തൊണ്ടി തിരിമറി കേസ്,മുൻമന്ത്രി ആൻ്റണി രാജുവിന് തടവുശിക്ഷ

തിരുവനന്തപുരം. മയക്കുമരുന്നു കേസിലെ അന്താരാഷ്ട്ര കുറ്റവാളിയെ രക്ഷിക്കാൻ കോടതിയിലിരുന്ന തൊണ്ടിമുതൽ തട്ടിയെടുത്ത് തിരിമറി നടത്തിയ വിവാദ കേസിൽ മുൻമന്ത്രിയും തിരുവനന്തപുരം എം എൽ എയുമായ ആൻ്റണി രാജുവിന് മൂന്ന് വർഷം തടവുശിക്ഷ. നിയമസഭാംഗത്വം അസാധുവാകും

പൊതുപ്രവർത്തകർക്കുള്ള കേസുകളുടെ കോടതിയായ നെടുമങ്ങാട് കോടതിയാണ് ശിക്ഷവിധിച്ചത് ഗൂഡാലോചന വ്യാജരേഖ ചമക്കൽ വഞ്ചന അടക്കമുള്ള കുറ്റങ്ങൾ രാവിലെ ബോധ്യപ്പെട്ടിരുന്നു.

ബ്രൂക്ക് എക്സ‌ലൻസ് അവാർഡ് മുൻ ഡി ജി പി ഡോ അലക്സാണ്ടർ ജേക്കബ് ഐ പി എസിന്

കൊല്ലം : ശാസ്താംകോട്ട രാജഗിരി ബ്രൂക്ക് ഇൻ്റർനാഷണൽ സ്കൂൾ

കേരളത്തിലെ വൈജ്ഞാനിക സാമൂഹിക രാഷ്ട്രീയ കലാ സാംസ്കാരിക രംഗങ്ങളിൽ വ്യക്തി മുദ്ര പതിപ്പിച്ചവർക്കായ് നൽകുന്ന ബ്രൂക്ക് എക്സലൻസ് അവാർഡ് മുൻ ഡി ജി പി ഡോ. അലക്സാണ്ടർ ജേക്കബ് ഐ പി എസിന് നൽകും. പ്രശസ്ത ചലച്ചിത്ര സംവിധായകൻ ബ്ലെസി ചെയർമാനും അഡ്വ എച്ച് രമണൻ, ചാർട്ടേഡ് അക്കൗണ്ടന്റ്റ് ജോയ് മോൻ എന്നിവർ വൈസ് ചെയർമാൻമാരുമായ ജൂറിയാണ് അവാർഡ് ജേതാവിനെ തിരഞ്ഞെടുത്തത്. ജനുവരി 16 ന് ബ്രൂക്ക് ഇൻ്റർനാഷണൽ സ്കൂൾ ആഡിറ്റോറിയത്തിൽ വെച്ച് യൂറോപ്പിൻ്റെ അപ്പോസ്തലിക് അഡ്മിനിസ്ട്രേറ്റർ മോസ്റ്റ്. റവ.ഡോ. കുര്യാക്കോസ് മാർ ഒസ്താത്തിയോസ് പുരസ്കാരം നൽകുന്നതാണ്.

50001 രൂപയും പ്രശസ്തിപ്രതവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.

ഡോ. സഞ്ജയ് രാജ്, എ ഡി ജി പി വിജയൻ ഐ പി എസ്, മജീഷ്യൻ ഗോപിനാഥ് മുതുകാട്, സംവിധായകൻ ബ്ലെസി, പ്രശാന്ത് ചന്ദ്രൻ ഐ എഫ് എസ് എന്നിവരാണ് ബ്രൂക്ക് എക്‌സലൻസ് അവാർഡിന് മുമ്പ് അർഹരായിരുന്നത്.

വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യയെയും ബന്ദികളാക്കി അമേരിക്ക

വാഷിങ്ടണ്‍: വെന്വസ്വേലയില്‍ ആക്രമണം നടത്തിയതായി സ്ഥിരീകരിച്ച് അമേരിക്ക. പ്രസിഡന്റ് നിക്കോളാസ് മഡ്യൂറോയേയും അദ്ദേഹത്തിന്റെ ഭാര്യയേയും പിടികൂടിയതായും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അറിയിച്ചു. ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്. വെനസ്വേലന്‍ തലസ്ഥാനമായ കാരക്കാസില്‍ യുഎസ് വന്‍തോതിലുള്ള ആക്രമണം നടത്തിയതിന് ശേഷം നിക്കോളാസ് മഡ്യൂറോയെ പിടികൂടി വെനസ്വേലയില്‍ നിന്ന് നാടുകടത്തിയതായാണ് ട്രംപ് പ്രഖ്യാപിച്ചിരിക്കുന്നത്.
‘യുണൈറ്റഡ് സ്റ്റേറ്റ്സ് വെനസ്വേലയ്‌ക്കെതിരെയും അതിന്റെ നേതാവായ പ്രസിഡന്റ് നിക്കോളാസ് മഡ്യൂറോയ്‌ക്കെതിരെയും വന്‍തോതിലുള്ള പ്രഹരം വിജയകരമായി നടത്തിയിരിക്കുന്നു. അദ്ദേഹത്തെയും ഭാര്യയെയും പിടികൂടി രാജ്യത്തിന് പുറത്താക്കിയിരിക്കുന്നു. ഈ പ്രവര്‍ത്തനം യുഎസ് നിയമ നിര്‍വ്വഹണ ഏജന്‍സികളുമായി സഹകരിച്ചാണ് നടത്തിയത്. വിശദാംശങ്ങള്‍ ഉടന്‍ ലഭിക്കും. രാവിലെ 11 മണിക്ക് മാരാലാഗോയില്‍ ഒരു വാര്‍ത്താ സമ്മേളനം നടക്കും’ ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു.
വെനസ്വലന്‍ തലസ്ഥാനമായ കാരക്കാസില്‍ ഉള്‍പ്പെടെ ഏഴിടങ്ങളില്‍ യുഎസ് സ്ഫോടനങ്ങള്‍ നടത്തിയതായി നേരത്തെ രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ആക്രമണത്തിന് പിന്നാലെ രാജ്യത്ത് ദേശീയ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പ്രതീകാത്മകമായി ആനയെ നടയിരുത്തി

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പ്രതീകാത്മകമായി ആനയെ നടയിരുത്തി. ശനിയാഴ്ച രാവിലെ ശീവേലിക്കു ശേഷമായിരുന്നു ചടങ്ങ്. ക്ഷേത്രം മേല്‍ശാന്തി മൂര്‍ത്തിയേടത്തു മന സുധാകരന്‍ നമ്പൂതിരി മുഖ്യകാര്‍മ്മികനായി. കോഴിക്കോട് തിരുവണ്ണൂര്‍ സ്വദേശി പി എ പ്രദീപും വസന്തയും കുടുംബവും ആണ് ആനയെ നടയിരുത്തിയത്.
ഇതിനായി പത്തുലക്ഷം രൂപ ദേവസ്വത്തിലടച്ചു. ദേവസ്വം കൊമ്പന്‍ ബല്‍റാമിനെയാണ് നടയിരുത്തിയത്. ക്ഷേത്രം ഊരാളനും ദേവസ്വം ഭരണസമിതി അംഗവുമായ മല്ലിശ്ശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട്, ദേവസ്വം അഡ്മിനിസ്ട്രേറ്റര്‍ ഒ ബി അരുണ്‍കുമാര്‍, ക്ഷേത്രം ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റര്‍ പ്രമോദ് കളരിക്കല്‍, ജീവധനം ഡപ്യൂട്ടി അഡ്മിനിസ്ട്രേറ്റര്‍ എം രാധ, അസി.മാനേജര്‍മാരായ രാമകൃഷ്ണന്‍ ( ക്ഷേത്രം), സുന്ദരരാജന്‍ ( ജീവധനം) പാരമ്പര്യവകാശികള്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായി. വഴിപാടു നേര്‍ന്ന പി എ പ്രദീപ്, വസന്ത, കുടുംബാംഗങ്ങള്‍, ഭക്തജനങ്ങള്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായി.