Home Blog Page 1118

ഉയർന്ന രക്തസമ്മർദ്ദം നിങ്ങളെ അലട്ടുന്നുണ്ടോ? എങ്കിൽ ശ്ര​ദ്ധിക്കേണ്ട ചില കാര്യങ്ങൾ

ഉയർന്ന രക്തസമ്മർദ്ദം മിക്കവരിലും കണ്ട് വരുന്ന പ്രശ്നമാണ്. 30 കഴിഞ്ഞവരിൽ ഇത് കൂടുതലായി കണ്ട് വരുന്നു. രക്തസമ്മർദ്ദം കൂടുതലായിരിക്കുമ്പോൾ രക്തം പമ്പ് ചെയ്യാൻ ഹൃദയം കൂടുതൽ കഠിനാധ്വാനം ചെയ്യേണ്ടി വരും. ഒടുവിൽ ഇത് ഹൃദയത്തെയും ധമനികളെയും ബാധിക്കുന്നു.

ഉയർന്ന രക്തസമ്മർദ്ദത്തിന് കാരണമാകുന്ന നിരവധി ഘടകങ്ങളുണ്ട്. അതിൽ ഭക്ഷണക്രമവും ശാരീരിക പ്രവർത്തന നിലവാരവും ഉൾപ്പെടുന്നു. സോഡിയം ഉപഭോഗം വളരെ കൂടുതലാകുമ്പോൾ അത് ദ്രാവകം നിലനിർത്തുന്നതിനും രക്തക്കുഴലുകളുടെ ബുദ്ധിമുട്ടിനും കാരണമാകുന്നു. ഇത് രക്തസമ്മർദ്ദത്തെ ബാധിക്കുന്നു.

ഉയർന്ന സോഡിയത്തിനൊപ്പം തണുപ്പ് കാലത്ത് ശാരീരിക പ്രവർത്തനങ്ങൾ കുറയുന്നത് പ്രശ്നം വർദ്ധിപ്പിക്കുന്നു. ഇന്ത്യയിൽ പത്ത് മുതിർന്നവരിൽ മൂന്ന് പേർക്ക് ഉയർന്ന രക്തസമ്മർദ്ദമുണ്ടെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിന് ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്…

ഒന്ന്

സോഡിയം കുറയ്ക്കുക എന്നുള്ളതാണ് ആദ്യത്തെ കാര്യം. സംസ്കരിച്ച ഭക്ഷണങ്ങൾ ശരീരത്തിൽ വെള്ളം നിലനിർത്താൻ കാരണമാകുന്നു, ഇത് രക്തത്തിന്റെ അളവും മർദ്ദവും വർദ്ധിപ്പിക്കുന്നു.

രണ്ട്

പതിവായി വ്യായാമം ചെയ്യുക. മിക്ക ദിവസങ്ങളിലും 30 മിനിറ്റ് വേഗത്തിലുള്ള നടത്തം, സൈക്ലിംഗ് അല്ലെങ്കിൽ നീന്തൽ എന്നിവ ശീലമാക്കുക.

മൂന്ന്

ആരോഗ്യകരമായ ഭാരം നിലനിർത്തുക. ഭാരം കുറയ്ക്കുന്നത് ബിപി നിയന്ത്രിക്കാനും ഹൃദ്രോ​ഗ സാധ്യത കുറയ്ക്കാനും സഹായിക്കുന്നു.

നാല്

പുകവലി ഉപേക്ഷിക്കുക. പുകവലി രക്തക്കുഴലുകളെ തകരാറിലാക്കുകയും രക്താതിമർദ്ദം വഷളാക്കുകയും ചെയ്യുന്നു.

അഞ്ച്

ദിവസവും 7-9 മണിക്കൂർ ഉറങ്ങുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക. ഇത് ബിപി നിയന്ത്രിക്കാൻ സഹായിക്കും.

ആറ്

പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, പ്രോട്ടീനുകൾ, കൊഴുപ്പ് കുറഞ്ഞ പാലുൽപ്പന്നങ്ങൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുക.

ഏഴ്

മദ്യവും കഫീനും പരിമിതപ്പെടുത്തുക. അമിതമായി കഴിക്കുന്നത് രക്തസമ്മർദ്ദം വർദ്ധിപ്പിക്കും.

ബ്രഹ്മോസ് മുതല്‍ സൂര്യാസ്‌ത്ര വരെ സുസജ്ജം; ഇന്ത്യന്‍ സൈനിക കരുത്ത് കാട്ടി റിപ്പബ്ലിക് ദിന പരേഡ്

രാജ്യത്തിന്‍റെ സൈനിക കരുത്ത് വിളിച്ചോതി 77-ാം റിപ്പബ്ലിക് ദിന പരേഡ്. കർത്തവ്യപഥിലെ പരേഡില്‍ ബ്രഹ്മോസ്, ആകാശ് മിസൈല്‍ സംവിധാനങ്ങള്‍, സൂര്യാസ്ത്ര റോക്കറ്റ് ലോഞ്ചര്‍, മെയിന്‍ ബാറ്റില്‍ ടാങ്ക് അര്‍ജുന്‍ എന്നിവ പ്രദര്‍ശിപ്പിക്കപ്പെട്ടു.

ബ്രഹ്മോസ്

ഇന്ത്യന്‍ സൈന്യത്തിന്‍റെ അഭിമാനങ്ങളിലൊന്നായ ടു-സ്റ്റേജ് സൂപ്പര്‍‌സോണിക്ക് ക്രൂയിസ് മിസൈലാണ് ബ്രഹ്മോസ്. ലോകത്തിലെ ഏറ്റവും വേഗതയേറിയ ക്രൂയിസ് മിസൈലുകളിലൊന്നായ ബ്രഹ്മോസിന്‍റെ പരമാവധി വേഗത മാക് 2.8 മുതൽ 3.0 വരെ ആണ്. കരയിൽ നിന്നും വിമാനങ്ങളിൽ നിന്നും അന്തർവാഹിനികളിൽ നിന്നും വിക്ഷേപിക്കാവുന്ന ബ്രഹ്മോസ് ഇന്ത്യയുടെ ബ്രഹ്മോസ് കോർപറേഷൻ ആണ് നിര്‍മ്മിച്ചത്. റഷ്യയുടെ പി-800 ക്രൂയിസ് മിസൈല്‍ സാങ്കേതികവിദ്യയെ ആധാരമാക്കി തയ്യാറാക്കിയ ബ്രഹ്മോസ് ഇന്ത്യയുടെ അയല്‍രാജ്യമായ പാകിസ്ഥാന്‍റെ പേടിസ്വപ്‌നമാണ്. ഇന്ത്യ നിര്‍മ്മിക്കുന്ന ബ്രഹ്മോസ് സൂപ്പര്‍‌സോണിക്ക് ക്രൂയിസ് മിസൈലുകള്‍ക്ക് ലോക രാജ്യങ്ങള്‍ക്കിടയില്‍ വലിയ പ്രശസ്തിയുണ്ട്.

ആകാശ് മിസൈല്‍ സംവിധാനം

ഇന്ത്യയുടെ സ്വന്തം വ്യോമ പ്രതിരോധ മിസൈൽ സംവിധാനമാണ് ആകാശ്. ഒരു ഹ്രസ്വ-മധ്യ-ദൂര സര്‍ഫേസ്-ടു-എയര്‍ മിസൈല്‍ പ്രതിരോധ സംവിധാനമാണിത്. ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡവലപ്‌മെന്‍റ് ഓര്‍ഗനൈസേഷന്‍ അഥവാ ഡിആര്‍ഡിഒ ആണ് ആകാശ് മിസൈല്‍ സിസ്റ്റം വികസിപ്പിച്ചത്. ഒന്നിലധികം വ്യോമ ഭീഷണികൾക്കെതിരെ പ്രദേശ വ്യോമ പ്രതിരോധം നൽകുന്നതിനായി രൂപകൽപ്പന ചെയ്‌തിരിക്കുന്നു. ആകാശ് മിസൈലിന് 30 കിലോമീറ്റർ വരെ ദൂരപരിധിയുണ്ട്. ശത്രുക്കളുടെ വ്യോമാക്രമണത്തിൽ നിന്ന് ഇന്ത്യയുടെ തന്ത്രപ്രധാനമായ മേഖലകളെ രക്ഷിക്കാന്‍ ലക്ഷ്യമിട്ട് തദ്ദേശീയമായി വികസിപ്പിച്ചതാണ് ആകാശ് മിസൈൽ സംവിധാനം. ഇന്ത്യന്‍ ആര്‍മിയും വായുസേനയും ആകാശ് മിസൈല്‍ പ്രതിരോധ സംവിധാനം ഉപയോഗിക്കുന്നു.

അര്‍ജുന്‍ ടാങ്ക്

ഇന്ത്യയുടെ ആദ്യത്തെ തദ്ദേശീയ നിർമിത മെയിൻ ബാറ്റിൽ ടാങ്ക് ആണ് അർജുൻ. ഇന്ത്യൻ പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആർഡിഒ ആണ് ഇന്ത്യൻ കരസേനക്ക് വേണ്ടി ഈ മൂന്നാം തലമുറ ടാങ്ക് വികസിപ്പിച്ചത്. ഏറ്റവും അത്യാധുനിക സംവിധാനങ്ങളോടെയാണ് പുത്തന്‍ അര്‍ജുന്‍ ടാങ്കുകള്‍ വികസിപ്പിച്ചിരിക്കുന്നത്.

റിപ്പബ്ലിക് ദിന പരേഡില്‍ ഇന്ത്യന്‍ സൈന്യം അണിനിരത്തിയ മറ്റൊരു പ്രധാന ആയുധം LR-AshM ആണ്. ലോങ്-റേഞ്ച് ആന്‍റി-ഷിപ്പ് മിസൈല്‍ എന്നാണ് LR-AshM-ന്‍റെ പൂര്‍ണനാമം. ഒന്നിലേറെ പേലോഡുകള്‍ വഹിക്കാന്‍ കഴിയുന്ന ഈ ഹൈപ്പര്‍സോണിക് മിസൈലുകള്‍ കപ്പലുകള്‍ പോലുള്ള സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ലക്ഷ്യങ്ങളെ തകര്‍ത്ത് തരിപ്പണമാക്കും. കൃത്യതയാര്‍ന്ന ആക്രമണത്തിനായി ഇതില്‍ ഇന്ത്യന്‍ നിര്‍മ്മിത സെന്‍സറുകള്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ രാജ്യത്തിന്‍റെ കരുത്തുറ്റ രക്ഷാകവചങ്ങളിലൊന്നായി LR-AshM അറിയപ്പെടുന്നു.

സൂര്യാസ്‌ത്ര

ഇന്ത്യയിലെ ആദ്യത്തെ തദ്ദേശീയ, യൂണിവേഴ്‌സല്‍ മൾട്ടി-കാലിബർ റോക്കറ്റ് ലോഞ്ചർ സിസ്റ്റം (MLRS) ആണ് സൂര്യാസ്ത്ര. ഇസ്രയേല്‍ സാങ്കേതികവിദ്യയിലാണ് സൂര്യാസ്ത്ര നിര്‍മ്മിച്ചിരിക്കുന്നത്. 150 കിലോമീറ്റര്‍ മുതല്‍ 300 കിലോമീറ്റര്‍ വരെ ദൂരപരിധിയില്‍ ഉപരിതലത്തില്‍ നിന്ന് ഉപരിതലത്തിലേക്ക് റോക്കറ്റുകള്‍ ലോഞ്ച് ചെയ്യാന്‍ കഴിവുള്ള യൂണിവേഴ്‌സല്‍ റോക്കറ്റ് ലോഞ്ചര്‍ സിസ്റ്റമായ സൂര്യസ്ത്ര ആദ്യമായാണ് റിപ്പബ്ലിക് ദിന പരേഡില്‍ പ്രദര്‍ശിപ്പിച്ചത്. തദ്ദേശീയമായ ധ്രുവ് അഡ്വാൻസ്ഡ് ലൈറ്റ് ഹെലികോപ്റ്ററും അതിന്റെ സായുധ പതിപ്പായ രുദ്രയും പരേഡില്‍ അണിനിരന്നു. ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യന്‍ സൈന്യത്തിന് കരുത്ത് തെളിയിച്ച മറ്റനേകം സേനാ സംവിധാനങ്ങളും റിപ്പബ്ലിക് ദിന പരേഡില്‍ രാജ്യത്തിന് മുന്നില്‍ അവതരിപ്പിക്കപ്പെട്ടു. എഴുപത്തിയേഴാം റിപ്പബ്ലിക് ദിനാഘോഷ ചടങ്ങുകൾക്ക് രാഷ്ട്രപതി ദ്രൗപദി മുർമു നേതൃത്വം നൽകി.

വിചിത്രമായ പ്രതികാരം! വനിതാ ഡോക്ടർക്ക് എച്ച്ഐവി രക്തം കുത്തിവെച്ച് നഴ്സ്, തീര്‍ത്തത് മുൻ കാമുകന്റെ ഭാര്യയോട് ക്രൂരമായ പക

കർണൂൽ: പ്രണയിച്ചയാൾ മറ്റൊരാളെ വിവാഹം കഴിച്ചതിലുള്ള പക തീർക്കാൻ, അയാളുടെ ഭാര്യയായ വനിതാ ഡോക്ടർക്ക് എച്ച്ഐവി ബാധിച്ച രക്തം കുത്തിവെച്ചു. ആന്ധ്രാപ്രദേശിലെ കർണൂലിലാണ് നാടിനെ നടുക്കിയ ഈ സംഭവം നടന്നത്. കേസുമായി ബന്ധപ്പെട്ട് മുഖ്യപ്രതി 34കാരിയായ ബി ബോയ വസുന്ധര , ഇവർക്ക് സഹായം നൽകിയ നഴ്സ് കെ ജ്യോതി ഇവരുടെ രണ്ട് മക്കൾ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ജനുവരി 9-ന് ഉച്ചയ്ക്ക് 2.30-ഓടെയാണ് സംഭവം നടന്നത്.

കർണൂലിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ അസിസ്റ്റന്റ് പ്രൊഫസറായ ഇര, ജോലി കഴിഞ്ഞ് സ്കൂട്ടറിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്നു. വിനായക ഘട്ടിന് സമീപം വെച്ച് പ്രതികൾ ബൈക്കിലെത്തി ഡോക്ടറുടെ സ്കൂട്ടറിൽ മനഃപൂർവ്വം ഇടിച്ചു. വീഴ്ചയിൽ പരിക്കേറ്റ ഡോക്ടറെ സഹായിക്കാനെന്ന വ്യാജേന വസുന്ധരയും സംഘവും അടുത്തു കൂടി. പരിക്കേറ്റ ഡോക്ടറെ ഓട്ടോറിക്ഷയിൽ കയറ്റാൻ ശ്രമിക്കുന്നതിനിടെ വസുന്ധര കൈവശം കരുതിയിരുന്ന എച്ച്ഐവി വൈറസ് അടങ്ങിയ രക്തം ഡോക്ടറുടെ ശരീരത്തിൽ കുത്തിവെക്കുകയായിരുന്നു. ഡോക്ടർ ബഹളം വെച്ചതോടെ പ്രതികൾ സ്ഥലത്തുനിന്നും രക്ഷപ്പെട്ടു.

ഒരു സ്വകാര്യ ആശുപത്രിയിൽ നഴ്സായി ജോലി ചെയ്യുന്ന ജ്യോതിയുടെ സഹായത്തോടെയാണ് വസുന്ധര എച്ച്ഐവി ബാധിച്ച രക്തം സംഘടിപ്പിച്ചത്. സർക്കാർ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രോഗികളിൽ നിന്ന് ഗവേഷണ ആവശ്യത്തിനെന്ന വ്യാജേനയാണ് എച്ച്ഐവി രക്തം ശേഖരിച്ചത്. ഈ രക്തം ഫ്രിഡ്ജിൽ സൂക്ഷിച്ചുവെച്ച ശേഷമാണ് കൃത്യം നടത്താനായി സിറിഞ്ചിലാക്കി കൊണ്ടുവന്നത്.

വസുന്ധര നേരത്തെ പ്രണയിച്ചിരുന്ന ഡോക്ടർ മറ്റൊരു വിവാഹം കഴിച്ചതാണ് വൈരാഗ്യത്തിന് കാരണം. ഈ ദമ്പതികളെ വേർപിരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഭാര്യയെ രോഗബാധിതയാക്കാൻ വസുന്ധര പദ്ധതിയിട്ടതെന്ന് പൊലീസ് പറഞ്ഞു. ഇരയുടെ ഭർത്താവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്താണ് പ്രതികളെ പിടികൂടിയത്.

പടിയടച്ച് പാർട്ടി! രക്തസാക്ഷി ഫണ്ട് തട്ടിപ്പ് വെളിപ്പെടുത്തിയ വി കുഞ്ഞികൃഷ്ണനെ സിപിഎം പുറത്താക്കി

കണ്ണൂർ : രക്തസാക്ഷി ഫണ്ട് തട്ടിപ്പ് വിവരം വെളിപ്പെടുത്തിയ സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റിയം​ഗം വി. കുഞ്ഞികൃഷ്ണനെ സിപിഎം പുറത്താക്കി. പാർട്ടിയെ വഞ്ചിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രാഥമിക അംഗത്വത്തിൽ നിന്ന് വി. കുഞ്ഞികൃഷ്ണനെ പുറത്താക്കിയത്. പാർട്ടി ശത്രുക്കളുടെ കോടാലിക്കൈയായി‌ മാറിയെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ. കെ രാഗേഷ് വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. 2022 ഏപ്രിൽ മാസം ജില്ലാ കമ്മിറ്റി തീരുമാനമെടുത്ത കാര്യങ്ങളാണ് കുഞ്ഞികൃഷ്ണണൻ വീണ്ടും ആരോപിച്ചതെന്നും വി കുഞ്ഞികൃഷ്ണൻ നൽകിയ അഭിമുഖത്തോടെ പാർട്ടി ശത്രുക്കളുടെ കോടാലി കൈ ആയി മാറിയെന്നും രാഗേഷ് കുറ്റപ്പെടുത്തി.

തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് അഭിമുഖത്തിന് സമയം തിരഞ്ഞെടുത്തു. 2022 ഏപ്രിൽ മാസം ജില്ലാ കമ്മിറ്റി തീരുമാനമെടുത്ത കാര്യങ്ങളാണ് വീണ്ടും ആരോപിച്ചത്. ടി ഐ മധുസൂദനനെ വ്യക്തിപരമായി അധിക്ഷേപിക്കാനാണ് ശ്രമിച്ചത്. അദ്ദേഹം പയ്യന്നൂരിലെ സഹകരണ സ്ഥാപനത്തിന്റെ ഭാരവാഹി അല്ല. എന്നിട്ടും ഭൂമി ഇടപാടിൽ ലക്ഷ്യം വച്ചു. അടിസ്ഥാനമില്ലാത്ത കാര്യങ്ങളാണ് കുഞ്ഞികൃഷ്ണൻ ജില്ലാ കമ്മിറ്റിയിൽ ഉന്നയിച്ചത്. അതിന്റെ അടിസ്ഥാനത്തിൽ ആണ് പാർട്ടി ശാസിച്ചത്.

മധുസൂദനനെ മനഃപൂർവം താറടിക്കാനുള്ള ശ്രമം എന്നാണ് അന്വേഷണ കമ്മീഷൻ റിപ്പോർട്ടിലുള്ളത്. അത് കുഞ്ഞികൃഷ്ണനും അംഗീകരിച്ചതാണ്. വാർത്ത ചോർച്ച സംബന്ധിച്ച് പാർട്ടിക്ക് കൃത്യമായ തെളിവ് ഉണ്ട്. മധുസൂദനനെ മനഃപൂർവം താറടിക്കാനുള്ള ശ്രമം എന്നാണ് അന്വേഷണ കമ്മീഷൻ റിപ്പോർട്ടിൽ ഉള്ളത്. അത് കുഞ്ഞികൃഷ്ണനും അംഗീകരിച്ചതാണ്. വാർത്ത ചോർച്ച സംബന്ധിച്ച് പാർട്ടിക്ക് കൃത്യമായ തെളിവ് ഉണ്ട്. വാർത്ത ചോർത്തി എന്ന കുറ്റസമ്മതം കുഞ്ഞികൃഷ്ണന്റെ വാക്കിൽ തന്നെ ഉണ്ടായി. കമ്മ്യൂണിസ്റ്റ് എന്ന പദത്തിന്റ പരിസരത്തു നിൽക്കാൻ പറ്റുന്ന പണി ആണോ ഇത്‌. മധുവിനോടുള്ള പകയാണ് ഇപ്പോൾ ആരോപണം ഉന്നയിക്കാൻ കാരണം. വൈരനിര്യാതന ബുദ്ധിയോടെ ആണ് കുഞ്ഞി കൃഷ്ണൻ പ്രവർത്തിക്കുന്നത്.

രസീത് അടിച്ചതിൽ അക്ഷരത്തെറ്റ് ഉണ്ടായി. ആറ് ബുക്കുകളിൽ പിശക് ഉണ്ടായി. അത് നശിപ്പിക്കുന്നതിൽ ജാഗ്രതകുറവുണ്ടായി. എന്നാൽ ഈ രസീത് ഉപയോഗിച്ച് പണം പിരിച്ചത് മധുസൂദനൻ അല്ല. ചില ബുക്കുകൾ നഷ്ടപ്പെട്ടു പോയിട്ടുണ്ടെന്നും കെ കെ രാഗേഷ് സമ്മതിച്ചു.

ധനരാജ് ഫണ്ട്‌
കുടുംബത്തെ സഹായിക്കുക, വീട് വച്ചു നൽകുക, കേസുകൾ കൈകാര്യം ചെയ്യുക , തുടങ്ങിയ ആവശ്യങ്ങൾക്ക് വേണ്ടിയാണ്, ഫണ്ട്‌ ഉണ്ടാക്കിയത്. ഇതിലൊന്നും പാർട്ടിക്ക് ധനം നഷ്ടപ്പെട്ടിട്ടില്ല. വരവ് ചെലവ് കണക്ക് അവതരിപ്പിക്കുന്നതിൽ നാലു വർഷം താമസം ഉണ്ടായി. ഇതിൽ പാർട്ടി നടപടി എടുത്തുവെന്നുമാണ് കെകെ രാഗേഷിന്റെ വിശദീകരണം.

‘എൻഎസ്എസ് ആസ്ഥാനത്ത് ആരും പോയിട്ടില്ല, സാമുദായിക ഐക്യ നീക്കം പൊളിഞ്ഞതിൽ കോൺഗ്രസിന് പങ്കില്ല’, തരൂർ സിപിഎമ്മിലേക്ക് പോകില്ലെന്നും അടൂർ പ്രകാശ്

പത്തനംതിട്ട: സാമുദായിക സംഘടനകളെ ഒരുമിച്ച് കൊണ്ടുപോകാനാണ് കോൺഗ്രസ് ആഗ്രഹിക്കുന്നതെന്ന് യു ഡി എഫ് കൺവീനർ അടൂർ പ്രകാശ് എം പി. എൻ എസ് എസ് – എസ് എൻ ഡി പി ഐക്യനീക്കത്തിൽ നിന്ന് എൻ എസ് എസ് പിന്മാറിയ വാർത്ത മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നും അടൂർ പ്രകാശ് വ്യക്തമാക്കി. വിഷയത്തിൽ എൻ എസ് എസ് ആസ്ഥാനത്ത് പോയി കോൺഗ്രസിലെ ആരും ചർച്ചകൾ നടത്തിയിട്ടില്ലെന്നും മാധ്യമങ്ങൾ വാർത്തകൾ ചുരുക്കി കാണിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

കോൺഗ്രസ് നേതാക്കൾ പങ്കുവച്ച് ആശങ്കയും എൻ എസ് എസിന്‍റെ പിന്മാറ്റത്തിന് കാരണമായെന്ന റിപ്പോർട്ടുകളോട് പ്രതികരിക്കുകയായിരുന്നു അടൂർ പ്രകാശ്. എല്ലാവരുമായും സംയമനത്തോടെയും യോജിപ്പിലും പോകാനാണ് പാർട്ടി തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി. ശശി തരൂർ സി പി എമ്മിലേക്ക് പോകുന്നു എന്ന വാർത്തകൾ മാധ്യമസൃഷ്ടി മാത്രമാണെന്നും അടൂർ പ്രകാശ് അഭിപ്രായപ്പെട്ടു. തരൂ‍ർ എ ഐ സി സി വർക്കിംഗ് പ്രസിഡന്റായി പാർട്ടിയിൽ സജീവമാണെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, തരൂ‍ർ സി പിഎമ്മിലേക്ക് പോകില്ലെന്നും കൂട്ടിച്ചേർത്തു.

ശബരിമല സ്വർണ്ണക്കൊള്ള

ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് സോണിയ ഗാന്ധിയെ ചോദ്യം ചെയ്യണമെന്ന സി പി എം ആവശ്യം അന്വേഷണം വഴിതിരിച്ചുവിടാനുള്ള തന്ത്രമാണെന്ന് അടൂർ പ്രകാശ് കുറ്റപ്പെടുത്തി. ആരെ ചോദ്യം ചെയ്യണമെന്ന് അന്വേഷണ സംഘമാണ് തീരുമാനിക്കേണ്ടത്. സ്വർണ്ണക്കൊള്ള വിഷയം ജനങ്ങളിലെത്തിക്കുന്നതിൽ യു ഡി എഫ് വിജയിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ പ്രതിപക്ഷ നേതാവ് വ്യക്തമാക്കുമെന്നും അദ്ദേഹം അറിയിച്ചു.

ആരോഗ്യരംഗം തകർന്നു

സംസ്ഥാനത്തെ ആരോഗ്യരംഗം പൂർണ്ണമായും തകർന്നെന്ന് പരിഹസിച്ച അടൂർ പ്രകാശ് കോന്നി മെഡിക്കൽ കോളേജിന്റെ അവസ്ഥ ഉദാഹരണമായി ചൂണ്ടിക്കാട്ടി. കോന്നിയിൽ വെച്ച് ജില്ലാ കളക്ടർക്ക് അപകടം സംഭവിച്ചപ്പോൾ തൊട്ടടുത്തുള്ള മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകുന്നതിന് പകരം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് സർക്കാർ സംവിധാനങ്ങളുടെ പരാജയമാണ്. എന്തുകൊണ്ടാണ് കളക്ടറെ മെഡിക്കൽ കോളേജിൽ എത്തിക്കാത്തതെന്ന് സർക്കാർ വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ലാബുകളിൽ നിർമ്മിക്കുന്ന വജ്രങ്ങൾ ഇനി വജ്രം അല്ല…

രാജ്യത്ത് ഇനി മുതൽ ‘ഡയമണ്ട്’ അല്ലെങ്കിൽ ‘വജ്രം’ എന്ന പദം ഖനനം ചെയ്തെടുക്കുന്ന സ്വാഭാവിക കല്ലുകൾക്ക് മാത്രമായി പരിമിതപ്പെടുത്താൻ ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്‌സ് (BIS) തീരുമാനിച്ചു. സ്വാഭാവിക വജ്രങ്ങളും ലാബുകളിൽ നിർമ്മിക്കുന്ന വജ്രങ്ങളും (Lab-grown diamonds) തമ്മിലുള്ള ആശയക്കുഴപ്പം ഒഴിവാക്കാനാണ് കേന്ദ്ര സർക്കാറിന്റെ ഈ പുതിയ നീക്കം . കൃത്രിമമായി നിർമ്മിക്കുന്ന വജ്രങ്ങളെ ‘ഡയമണ്ട്’ എന്ന് വിളിക്കുന്നത് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കാൻ കാരണമാകുന്നു എന്നപരാതിയെ തുടർന്നാണ് ഈ പരിഷ്കാരം.അന്താരാഷ്‌ട്ര മാനദണ്ഡങ്ങൾക്കനുസൃതമായിട്ടാണ് പുതിയ നടപടി.
ഇനി മുതൽ കൃത്രിമമായി നിർമ്മിക്കുന്ന വജ്രങ്ങളെ ‘ലാബോറട്ടറി ഗ്രോൺ ഡയമണ്ട്’ (Laboratory-grown diamond) എന്നോ ‘ലാബോറട്ടറി ക്രിയേറ്റഡ് ഡയമണ്ട്’ (Laboratory-created diamond) എന്നോ പൂർണ്ണരൂപത്തിൽ തന്നെ വിശേഷിപ്പിക്കണം. സ്വാഭാവിക വജ്രങ്ങളേക്കാൾ വില കുറഞ്ഞ ലാബ് വജ്രങ്ങൾ വിപണി കീഴടക്കുന്ന സാഹചര്യത്തിൽ, യഥാർത്ഥ വജ്രങ്ങളുടെ മൂല്യം നിലനിർത്താനാണ് കേന്ദ്ര ഉപഭോക്തൃ മന്ത്രാലയത്തിന് കീഴിലുള്ള ബിഐഎസ് ഈ മാറ്റം കൊണ്ടുവരുന്നത്.

വജ്രവ്യാപാര രംഗത്തെ സുതാര്യത ഉറപ്പാക്കാനും കയറ്റുമതി രേഖകളിൽ കൃത്യത വരുത്താനും ഈ തീരുമാനം സഹായിക്കും എന്നാണ് നിഗമനം. വജ്രങ്ങൾ വാങ്ങുമ്പോൾ അവ സ്വാഭാവികമാണോ അതോ ലാബിൽ നിർമ്മിച്ചതാണോ എന്ന് തിരിച്ചറിയാൻ സാധാരണക്കാർക്ക് ഈ പുതിയ നടപടി കൊണ്ട് സഹായകമാകും.

ഭാര്യയെ കൊന്ന ശേഷം ഭർത്താവ് ജീവനൊടുക്കി

കോട്ടയം: കോട്ടയം മണർകാട് ഭാര്യയെ കൊന്ന ശേഷം ഭർത്താവ് ജീവനൊടുക്കി. ഇല്ലാവളവ് സ്വദേശി ബിന്ദുവാണ് ( 58 ) കൊല്ലപ്പെട്ടത്. ഭർത്താവ് സുധാകരനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.

ബിന്ദുവിന്റെ ശരീരത്തിന് സമീപത്ത് നിന്നായി കമ്പിപ്പാര കണ്ടെത്തി. കമ്പിപ്പാരവെച്ച് ഭാര്യയുടെ തലയ്ക്കടിച്ച് കൊല്ലുകയായിരുന്നെന്നാണ് നിഗമനം. അയൽവാസികൾ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.

ഇപ്പോൾ സഞ്ജുവിനെ ശിക്ഷിക്കുന്നത് നീതിയല്ല… സഞ്ജുവിന് പിന്തുണയുമായി അശ്വിൻ

ന്യൂസിലൻഡിനെതിരായ ടി20 പരമ്പരയിലെ സഞ്ജുവിന്റെ മോശം പ്രകടനത്തിന് എതിരെ വലിയ വിമർശനമാണ് സഞ്ജുവിന് നേരിടേണ്ടി വരുന്നത്. എന്നാൽ വിമർശനങ്ങൾക്കിടെ സഞ്ജുവിന് പിന്തുണയുമായി രംഗത്ത് എത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം ആർ അശ്വിൻ. ടീമിലെ അനാവശ്യ മാറ്റങ്ങൾ ഒഴിവാക്കണമെന്നും സഞ്ജുവിന് ഇനിയും അവസരം നൽകണമെന്നും അശ്വിൻ പറഞ്ഞു.


“ഇപ്പോൾ തന്നെ സഞ്ജുവിനെ പുറത്താക്കാൻ ചിന്തിക്കുന്നത് ശരിയല്ല. നന്നായി കളിച്ചപ്പോൾ സഞ്ജുവിന് അവസരങ്ങൾ നൽകിയിരുന്നില്ല. ഇപ്പോൾ ഇഷാൻ നന്നായി കളിക്കുന്നുണ്ട്. ഇനി അയാളുടെ പൊസിഷനും മാറ്റി ‘സർക്കസ്’ കളിക്കാൻ ടീം മാനേജ്‍മെന്റ് തയ്യാറാകരുത് ” അശ്വിൻ തുറന്നടിച്ചു.

തുടക്കം മുതൽ ബൗളർമാരെ ആക്രമിച്ചു കളിക്കുന്നതിനിടെയാണ് സഞ്ജു സാംസൺ പുറത്താകുന്നത്. ഇപ്പോൾ സഞ്ജുവിനെ ശിക്ഷിക്കുന്നത് നീതിയല്ലെന്നും അശ്വിൻ വ്യക്തമാക്കി.

എൻഎസ്എസ്-എസ്എന്‍ഡിപി ഐക്യനീക്കം പാളി; സംയുക്ത നീക്കത്തിൽ നിന്ന് എൻ എസ് എസ് പിന്മാറി

കോട്ടയം: കേരളത്തിലെ പ്രബല സമുദായ സംഘടനകളായ എന്‍എസ്എസും എസ്എന്‍ഡിപിയും തമ്മില്‍ പ്രഖ്യാപിച്ച ഐക്യനീക്കത്തില്‍ നിന്ന് എന്‍എസ്എസ് പിന്മാറി.

എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും കഴിഞ്ഞ ദിവസം നടത്തിയ സംയുക്ത പ്രസ്താവനയ്ക്ക് വിരുദ്ധമായാണ് പുതിയ തീരുമാനം പുറത്തുവന്നിരിക്കുന്നത്.

കഴിഞ്ഞ ദിവസം ചേര്‍ന്ന എൻഎസ്എസ് ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ ഐക്യനീക്കത്തിനെതിരെ കടുത്ത വിമര്‍ശനമാണ് ഉയര്‍ന്നത്. വെള്ളാപ്പള്ളി നടേശന്‍ മലപ്പുറം വിഷയത്തില്‍ അടുത്തിടെ നടത്തിയ വിവാദ പരാമര്‍ശങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ബോര്‍ഡ് അംഗങ്ങള്‍ യോഗത്തില്‍ ചൂണ്ടിക്കാട്ടി. ഇത്തരം നിലപാടുകളുള്ളവരുമായി സഹകരിക്കുന്നത് സംഘടനയുടെ അന്തസിന് ചേര്‍ന്നതല്ലെന്ന അഭിപ്രായമാണ് ഭൂരിഭാഗം അംഗങ്ങളും പങ്കുവെച്ചത്.

സംഘടനയുടെ അടിസ്ഥാന മൂല്യങ്ങളില്‍ നിന്ന് വ്യതിചലിച്ചുകൊണ്ടുള്ള യാതൊരു ഐക്യത്തിനും എന്‍എസ്.എസ് തയാറല്ലെന്ന് ജി. സുകുമാരന്‍ നായര്‍ ഒപ്പിട്ട പത്രക്കുറിപ്പില്‍ വ്യക്തമാക്കി. ഇതോടെ, ഇരു സംഘടനകളും കൈകോര്‍ക്കുന്നത് കേരള രാഷ്ട്രീയത്തില്‍ വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കുമെന്ന പ്രതീക്ഷകള്‍ക്ക് മങ്ങലേറ്റു. നേരത്തെ സിപി.എം ഉള്‍പ്പെടെയുള്ള കക്ഷികള്‍ ഈ ഐക്യനീക്കത്തെ സ്വാഗതം ചെയ്തിരുന്നുവെങ്കിലും പുതിയ നിലപാട് അവര്‍ക്കും തിരിച്ചടിയായി.

സംസ്ഥാനത്ത് സ്വര്‍ണവില പുതിയ റെക്കോർഡിൽ

സംസ്ഥാനത്ത് സ്വര്‍ണവില പുതിയ റെക്കോർഡിൽ. ഗ്രാമിന് 225 രൂപ വർധിച്ച് 14,915 രൂപയായി. പവൻ വില 1800 രൂപ ഉയർന്ന് 1,19,320 രൂപയിലെത്തി. രാജ്യാന്തര വിപണിയിൽ സ്വർണവില പുതിയ റെക്കോർഡിലെത്തിയതിന് പിന്നാലെയാണ് സംസ്ഥാനത്തും വില വർധിക്കുന്നത്. രാജ്യാന്തര വിപണിയിൽ വെള്ളിയും കുതിച്ചുയരുകയാണ്.