Home Blog Page 1008

അന്തിപ്പച്ച – സഞ്ചരിക്കുന്ന മത്സ്യവിപണനകേന്ദ്രം – ഉത്ഘാടനം ശനിയാഴ്ച

ചവറ. ഡോ. സുജിത് വിജയന്‍പിളള എംഎല്‍എയുടെ പ്രത്യേകവികസന ഫണ്ടില്‍നിന്നും അനുവദിച്ച 18 ലക്ഷം രൂപ വിനിയോഗിച്ച് വാങ്ങിയ വാഹനം ഉപയോഗിച്ച് മത്സ്യഫെഡ് ആരംഭിക്കുന്ന സഞ്ചരിക്കുന്ന മത്സ്യവിപണന കേന്ദ്രത്തിന്‍റെ പ്രവര്‍ത്തനോദ്ഘാടനം 2026 ഫെബ്രുവരി 28 ശനിയാഴ്ച രാവിലെ 9 മണിക്ക് നീണ്ടകര ഹാര്‍ബറില്‍ ഡോ. സുജിത് വിജയന്‍പിളള എംഎല്‍എ നിര്‍വ്വഹിക്കും. 
കൊല്ലം ജില്ലയിലെ വിവിധ ലാന്‍റിംഗ് സ്റ്റേഷനുകളില്‍നിന്നും മത്സ്യഫെഡ് കൊല്ലം ജില്ലാ ബേസ് സ്റ്റേഷനിലേക്ക് നേരിട്ട് സംഭരിക്കുന്ന വിവിധങ്ങളായ മത്സ്യഇനങ്ങളാണ് അന്തിപ്പച്ചയിലൂടെ വിപണനം നടത്തുന്നത്. 

കടല്‍, കായല്‍ മത്സ്യങ്ങള്‍ക്കുപുറമേ മത്സ്യഫെഡ്ഡിന്‍റെ വിവിധയിനം മൂല്യവര്‍ദ്ധിത ഉത്പ്പന്നങ്ങളായ ചെമ്മീന്‍, ചൂര, അച്ചാറുകള്‍, കറിമിക്സുകള്‍, ഫ്രൈമസാല, ചെമ്മീന്‍ ചമ്മന്തിപ്പൊടി, ചെമ്മീന്‍ റോസ്റ്റ് മുതലായവയും ചവറ നിയോജകമണ്ഡലം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന അന്തിപ്പച്ചയുടെ വാഹനത്തില്‍ ലഭിക്കുമെന്ന് ഡോ. സുജിത് വിജയന്‍പിളള എംഎല്‍എ അറിയിച്ചു. 
മത്സ്യഫെഡ് ചെയര്‍മാന്‍ ടി.മനോഹരന്‍ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ മത്സ്യഫെഡ് ഭരണസമിതി അംഗങ്ങളായ ജി. രാജാദാസ്, സബീന സ്റ്റാന്‍ലി, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ രമേഷ് ശശിധരന്‍ എസ്.ആര്‍, മത്സ്യഫെഡ് ഡി.ജി.എം രമ മേനോന്‍, മത്സ്യഫെഡ് ജില്ലാ മാനേജര്‍ അനിതാകുമാരി.എസ് , മത്സ്യഫെഡ് സി.പി.സി. മാനേജര്‍ ക്രിസ്തുദാസ് സക്കറിയാസ് തുടങ്ങിയവര്‍ പങ്കെടുക്കും

പ്രധാനമന്ത്രിയെ കാണാൻ യാക്കോബായ സഭ പരമാധ്യക്ഷൻ ദില്ലിയിലെത്തി,മലങ്കരസഭാ തർക്കത്തിൽ നിർണായക ഇടപെടലുണ്ടാകും

ന്യൂഡെല്‍ഡി. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ മലങ്കരസഭാ തർക്കത്തിൽ നിർണായക ഇടപെടലുമായി കേന്ദ്രസർക്കാരും ബിജെപിയും. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാൻ യാക്കോബായ സഭ പരമാധ്യക്ഷൻ ദില്ലിയിലെത്തി. ഓർത്തഡോക്സ് സഭ പ്രതിനിധികളെയും വൈകാതെ പ്രധാനമന്ത്രി കാണും.


ഓസ്‌ട്രേലിയൻ സന്ദർശനം വെട്ടിച്ചുരുക്കിയാണ് യാക്കോബായ സഭ പരമാധ്യക്ഷൻ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ കാതോലിക്ക ബാവ ദില്ലിയിലെത്തിയത്. കൂടിക്കാഴ്ചയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് താല്പര്യം പ്രകടിപ്പിച്ചത്. സഭയുടെ ഇന്ത്യയിലെ തലവൻ മാർ ബസേലിയോസ് ജോസഫ് കാതോലിക്കാ ബാവയ്ക്കൊപ്പം ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറും സാബു എം ജേക്കബ്ബും കൂടിക്കാഴ്ചയിൽ പങ്കെടുക്കും. ആരെയും മുറിവേൽപ്പിക്കാതെ പള്ളിത്തർക്കം പരിഹരിക്കണമെന്ന ബസേലിയോസ് ജോസഫ് കാതോലിക്ക ബാവയുടെ പ്രതികരണം കൂടിക്കാഴ്ചയിൽ വിഷയം ചർച്ചയാകുമെന്നതിന്റെ സൂചനയാണ്.

രാഷ്ട്രീയമില്ലെന്നാണ് വാദമെങ്കിലും തിരഞ്ഞെടുപ്പ് കാലത്തെ ഈ നീക്കത്തിന് മാനങ്ങൾ ഏറെ. കേരളത്തിൽ ക്രിസ്ത്യൻ സഭകളെ കൂടെ നിർത്താനുള്ള ശ്രമത്തിലാണ് ബിജെപി. യാക്കോബായ സഭാംഗം കൂടിയായ സാബു എം ജേക്കബിന്റെ മുന്നണിപ്രവേശനം ബിജെപിയുടെ ആത്മവിശ്വാസം വർധിപ്പിച്ചു. സാബു എം ജേക്കബ് കഴിഞ്ഞദിവസം ഓർത്തഡോക്സ് സഭാ ആസ്ഥാനത്തെത്തി ബസേലിയോസ് മാത്യൂസ് തൃതീയൻ കാതോലിക്ക ബാവയുമായി ചർച്ച നടത്തി. ദേവലോകം അരമനയിൽ സിനഡ് യോഗം ചേർന്നതിനാൽ ദില്ലിയിലെ കൂടിക്കാഴ്ചയിൽ സഭ പ്രതിനിധികൾ പങ്കെടുക്കുന്നില്ല. യോഗത്തിൽ കേന്ദ്രസർക്കാർ നീക്കം ചർച്ച ചെയ്ത് തീരുമാനമെടുക്കും. ജെ.ബി കോശി റിപ്പോർട്ടിനെ മുൻ നിർത്തിയാണ് ക്രൈസ്തവ വോട്ടുകൾ ഉറപ്പിക്കാനുള്ള സിപിഎം നീക്കം. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ വിവിധ ക്രൈസ്തവ സഭാ പ്രതിനിധികളുമായുള്ള നാളെ യോഗം ചേരും. എന്നാൽ സർക്കാർ നീക്കത്തെ സംശയത്തോടെയാണ് ലത്തീൻ സഭയടക്കം കാണുന്നത്.

തമിഴ്‌നാട്ടില്‍ രാഷ്ട്രീയ അട്ടിമറി: ഒ. പനീര്‍ശെല്‍വം ഡിഎംകെയില്‍ ചേര്‍ന്നു  

തിരഞ്ഞെടുപ്പിന് മുന്നോടിയായി തമിഴ്‌നാട്ടില്‍ നിര്‍ണായക രാഷ്ട്രീയ നീക്കം. മുന്‍ മുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വം ദ്രാവിഡ മുന്നേറ്റ കഴകംയില്‍ ചേര്‍ന്നു. മന്ത്രി ശേഖര്‍ ബാബുവിനൊപ്പം ഡിഎംകെ ആസ്ഥാനത്തെത്തി അംഗത്വം സ്വീകരിച്ച ശേഷമാണ് അദ്ദേഹം പാര്‍ട്ടിയില്‍ ചേര്‍ന്നത്.

ഡിഎംകെയില്‍ ചേര്‍ന്നതിനു പിന്നാലെ മുഖ്യമന്ത്രി എം. കെ. സ്റ്റാലിന്‍നെ ഒ. പനീര്‍ശെല്‍വം വാനോളം പുകഴ്ത്തി. സ്റ്റാലിന്‍ ദളപതിയാണ്; ഇനി തന്റെ രാഷ്ട്രീയ യാത്ര ദളപതിയുടെ വഴിയിലൂടെയായിരിക്കും എന്നും അദ്ദേഹം പറഞ്ഞു. സ്റ്റാലിനെ കഴിഞ്ഞ ദിവസം നേരില്‍ കണ്ടതോടെ ഒപിഎസ് ഡിഎംകെയില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ ശക്തമായിരുന്നു.

തീരുമാനം ഏറെ ആലോചിച്ചെടുത്തതാണെന്ന് അംഗത്വം സ്വീകരിച്ച ശേഷം മാധ്യമങ്ങളോട് പനീര്‍ശെല്‍വം വ്യക്തമാക്കി. അണ്ണാ ഡിഎംകെയ്ക്ക് ഇനി ഭാവിയില്ല. തമിഴ്‌നാട്ടില്‍ ഡിഎംകെയെ എതിര്‍ക്കാന്‍ ഇന്നൊരു ശക്തമായ പാര്‍ട്ടിയും ഇല്ല. അഞ്ചുവര്‍ഷത്തെ ഭരണത്തിലൂടെ മുഖ്യമന്ത്രി കൈവരിച്ച നേട്ടങ്ങള്‍ ജനങ്ങളുടെ മനസ്സുകളില്‍ ആഴത്തില്‍ പതിഞ്ഞിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു.

ഇതിനിടെ, നിയമസഭാ തിരഞ്ഞെടുപ്പില്‍ തേനിയിലെ ബോഡിനായ്ക്കന്നൂര്‍ നിയോജകമണ്ഡലത്തില്‍നിന്ന് പനീര്‍ശെല്‍വം ഡിഎംകെ സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്ന വിവരവും പുറത്തുവന്നു. ഒപിഎസ് പാര്‍ട്ടിയില്‍ ചേര്‍ന്നതോടെ തമിഴ്‌നാട്ടിന്റെ തെക്കന്‍ മേഖലയിലെ സ്വാധീനം കൂടുതല്‍ ശക്തിപ്പെടുത്താമെന്നാണു ഡിഎംകെയുടെ കണക്കുകൂട്ടല്‍.

തന്റെ ജീവിതം തന്നെ മാറ്റി മറിച്ച കെഎസ്ആർടിസി ബസ് യാത്രയെക്കുറിച്ച് പറഞ്ഞ് മോഹൻലാൽ

തന്റെ ജീവിതം തന്നെ മാറ്റി മറിച്ച കെഎസ്ആർടിസി ബസ് യാത്രയെക്കുറിച്ച് പറഞ്ഞ് മോഹൻലാൽ. സംവിധായകൻ പ്രിയദർശൻ ഒരുക്കിയ കെഎസ്ആർടിസിയുടെ പരസ്യ ചിത്രത്തിലാണ് മോഹൻലാൽ തന്റെ സുഖമുള്ള ആനവണ്ടി യാത്ര ഓർത്തെടുത്തത്. കെഎസ്ആർടിസി ബസിൽ കയറാൻ കൈ കാണിക്കുന്ന മോഹൻലാലിൽ നിന്നാണ് വിഡിയോ ആരംഭിക്കുന്നത്.


“തിരുവനന്തപുരത്ത് നിന്ന് ആലപ്പുഴയിലേക്ക് പോകുന്ന ആ കെഎസ്ആർടിസി ബസിലേക്ക് അന്ന് വലതുകാൽ വച്ച് കയറുമ്പോൾ താൻ അറിഞ്ഞിരുന്നില്ല, ആ യാത്ര തന്റെ ജീവിതത്തെ മാറ്റി മറിക്കുമെന്നും മോഹൻലാൽ പറയുന്നു. തിരുവനന്തപുരത്ത് നിന്ന് ആലപ്പുഴയിലേക്ക് പോകുന്ന ആ കെഎസ്ആർടിസി ബസിലേക്ക് അന്ന് വലതുകാൽ വച്ച് കയറുമ്പോൾ ഞാൻ അറിഞ്ഞിരുന്നില്ല, ആ യാത്ര എന്റെ ജീവിതത്തെ മാറ്റി മറിക്കുമെന്ന്.

‘മഞ്ഞിൽ വിരിഞ്ഞ പൂക്കൾ’ എന്ന സിനിമയ്ക്ക് വേണ്ടിയുള്ള അവസരം തേടി പോവുകയായിരുന്നു ഞാൻ. യാത്രകളുടെ വിരസത മാറ്റാൻ കൂടെയുള്ള യാത്രക്കാരുടെ അനക്കങ്ങളും ഭാവങ്ങളും ശ്രദ്ധിക്കുക, അവരുടെ മനസിനുള്ളിൽ എന്താവും എന്നൊക്കെ വെറുതെ ചിന്തിക്കുക എന്നൊരു സ്വഭാവം അന്നും എനിക്കുണ്ടായിരുന്നു. ഒരുപക്ഷേ അതായിരിക്കാം ഞാൻ അറിയാതെ പഠിച്ച അഭിനയ കലയുടെ ആദ്യ പാഠം.
ആലപ്പുഴ ബസ് ഡിപ്പോയിലിറങ്ങി നവോദയ സ്റ്റുഡിയോയിലേക്ക് നടക്കുമ്പോൾ ആ ആനവണ്ടിയും അതിലെ മനുഷ്യരും എനിക്ക് ആശംസ പറയും പോലെ തോന്നി. അഭിനയ പരീക്ഷ കഴിഞ്ഞ് ഞാൻ മടങ്ങിയത് പ്രിയപ്പെട്ട ആനവണ്ടിയിൽ തന്നെ. പോയ ഞാൻ അല്ലായിരുന്നു തിരിച്ചു വന്നത്. പിന്നീടുള്ള മോഹൻലാലിന്റെ ജീവിതം എന്നേക്കാൾ നിങ്ങൾക്കറിയാം.
എന്റെ ജീവിതത്തിലേക്ക് ഐശ്വര്യത്തിന്റെ ചിഹ്നം വിളിച്ചെത്തിയ ആനവണ്ടി നിനക്ക് നന്ദി. ഇതുപോലെയുള്ള ശുഭയാത്രകൾ സമ്മാനിക്കാൻ മലയാളിക്കൊപ്പം കെഎസ്ആർടിസി എന്നെന്നും ഉണ്ടാകട്ടെ എന്ന് ഞാൻ പ്രാർഥിക്കുന്നു”. – മോഹൻലാൽ വിഡിയോയിൽ പറഞ്ഞു.

മന്ത്രി വീണാ ജോര്‍ജ് ആശുപത്രി വിട്ട് പുലര്‍ച്ചെ നാല് മണിക്ക് കാര്‍ മാര്‍ഗം തിരുവനന്തപുരത്തേക്ക് മടങ്ങിയ സംഭവത്തില്‍ വിമര്‍ശനം

കൊച്ചി: കെ.എസ്.യു പ്രതിഷേധത്തിനിടെ കഴുത്തിന് പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മന്ത്രി വീണാ ജോര്‍ജ് ആശുപത്രി വിട്ട് പുലര്‍ച്ചെ നാല് മണിക്ക് കാര്‍ മാര്‍ഗം തിരുവനന്തപുരത്തേക്ക് മടങ്ങിയ സംഭവത്തില്‍ വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍. ‘മെഡിക്കല്‍ കോളജിലെ ഔദ്യോഗിക ഡിസ്ചാര്‍ജ് സമയമായ രാവിലെ 10 മണി എന്നത് ഉള്‍പ്പെടെ യാതൊരു പ്രോട്ടോക്കോളും പാലിക്കാതെ, കഴുത്തിനു ഗുരുതര പരിക്കേറ്റിട്ടും കാറില്‍ 10 മണിക്കൂര്‍ യാത്ര ചെയ്യാന്‍ അനുവദിച്ചു കൊണ്ട് ആരോഗ്യമന്ത്രിയുടെ ആരോഗ്യം വെച്ച് കളിക്കുന്ന പരിയാരം മെഡിക്കല്‍ കോളജ് അധികൃതര്‍ക്കെതിരെ അന്വേഷണം വേണം’ – അബിന്‍വര്‍ക്കി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

‘കഴുത്തില്‍ ഗുരുതരമായി പരിക്കേറ്റ് അതിന്റെ വേദന കഴുത്തില്‍ നിന്ന് കൈകളിലേക്ക് വ്യാപിക്കുന്ന അവസ്ഥയിലുള്ള ഒരു രോഗിയെ ഒറ്റയടിക്ക് ഡിസ്ചാര്‍ജ് ചെയ്ത് ഒരു ആംബുലന്‍സ് പോലും വിട്ടുനല്‍കാതെ കണ്ണൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് കാറില്‍ പറഞ്ഞയച്ച അവസ്ഥ ഞെട്ടിപ്പിക്കുന്നതാണ്. സംസ്ഥാന ആരോഗ്യ വകുപ്പിന്റെ ഈ വീഴ്ചയേക്കുറിച്ച് വകുപ്പ് മന്ത്രി തന്നെ മുന്‍കൈ എടുത്ത് അന്വേഷണം നടത്തണം’- വിടി ബല്‍റാം സാമൂഹിക മാധ്യമത്തില്‍ കുറിച്ചു. .

‘കഴുത്തിന് ഗുരുതര പരിക്ക് ഉണ്ടായിട്ടും ഒരു എയര്‍ ആംബുലന്‍സ് പോലും ക്രമീകരിക്കാതെ റോഡില്‍ കൂടി 400ലധികം കിലോമീറ്റര്‍ യാത്ര ചെയ്തു കാറില്‍ തന്നെ യാത്ര ചെയ്ത് തിരുവനന്തപുരത്തേക്ക് പോകേണ്ടി വന്നു. സര്‍ക്കാര്‍ ആശുപത്രിയില്‍ പോയ സാക്ഷാല്‍ ആരോഗ്യ മന്ത്രിയുടെ അവസ്ഥ ഇതാണെങ്കില്‍ നമ്മള്‍ സാധാരണക്കാരുടെ അവസ്ഥ എന്തായിരിക്കുമെന്ന്’ എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഫോര്‍ട്ട് സ്‌റ്റേഷനിലെ മൂന്നാംമുറയില്‍ നാലു പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: ഫോര്‍ട്ട് സ്‌റ്റേഷനിലെ മൂന്നാംമുറയില്‍ നാലു പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. ഗ്രേഡ് എസ്‌ഐ, എഎസ്‌ഐ, രണ്ടു സിവില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കെതിരെയാണ് നടപടി സ്വീകരിച്ചത്.

മോഷണക്കേസ് പ്രതിയായ ജിനുവിനെ ക്രൂരമായി മര്‍ദ്ദിച്ചു എന്നതാണ് കേസ്. ബൈക്ക് മോഷണ കേസിലെ പ്രതികള്‍ക്കെതിരെ മൂന്നാംമുറ പ്രയോഗിച്ചതില്‍ ഇവര്‍ കുറ്റക്കാരാണെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നാലു പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്ത് കൊണ്ടുള്ള ഉത്തരവിറങ്ങിയത്.

കേസില്‍ കസ്റ്റഡിയിലെടുത്ത ജിനു തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ജീവന് വേണ്ടി മല്ലിടുകയാണ്. കിഡ്‌നി തകര്‍ന്നതിനെ തുടര്‍ന്ന് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിട്ടുണ്ട്. പൊലീസുകാരുടെ മൂന്നാംമുറയെ തുടര്‍ന്ന് ഗുരുതര പരിക്കാണ് ജിനുവിന് ഉണ്ടായത്. ജിനുവിന് പുറമേ കേസില്‍ അറസറ്റ് ചെയ്യപ്പെട്ട ഉണ്ണി എന്നയാള്‍ക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

ജിനുവിന്റെ വൃക്കകള്‍ക്കും മസിലിനും ക്ഷതമേറ്റിട്ടുണ്ടെന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്. കൊച്ചിയില്‍ നിന്നാണ് ജിനുവിനെ പിടികൂടിയത്. എന്നാല്‍ തിരുവനന്തപുരത്ത് നിന്നാണ് പിടികൂടിയത് എന്ന് കാണിക്കാന്‍ വ്യാജ രേഖ ഉണ്ടാക്കി. അത്തരത്തില്‍ അറസ്റ്റ് റിപ്പോര്‍ട്ടിലും കൃത്രിമം കാട്ടി എന്നും അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.

കോൺ​ഗ്രസിന്റെ നിർണായക ചർച്ച; സതീശനും സണ്ണി ജോസഫും ദില്ലിയിലേക്ക്, 20 സിറ്റിങ് സീറ്റുകളിൽ എംഎൽഎമാരെ മത്സരിപ്പിക്കും

തിരുവനന്തപുരം: കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ക്കായി പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡന്‍റും ഞായാറാഴ്ച ദില്ലിയിലേക്ക് തിരിക്കും. സിറ്റിങ് എംഎൽഎമാരടക്കമുള്ള ആദ്യ ഘട്ട പട്ടികയിൽ തീരുമാനമുണ്ടാകാനാണ് സാധ്യത. അതേസമയം, 11 സീറ്റ് ആവശ്യപ്പെട്ട് പട്ടിക കൈമാറിയ യൂത്ത് കോണ്‍‍ഗ്രസ് നേതാക്കളോട് പകുതിയായി ചുരുക്കാനാണ് എഐസിസി നിര്‍ദ്ദേശിച്ചത്.

ആദ്യ പട്ടികയ്ക്ക് അന്തിമ രൂപം നൽകാൻ പ്രതിപക്ഷ നേതാവ് വിഡി സതീശനും കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫും ദില്ലിയിലെത്തും. എഐസിസി നേതൃത്വവുമായി ചര്‍ച്ച നടത്തും. പാലക്കാടും തൃപ്പൂണിത്തുറയും ഒഴികെ 20 സിറ്റിങ് സീറ്റുകളിലും എംഎൽഎമാരെ മത്സരിപ്പിക്കാനാണ് ധാരണ. ഇത് കൂടാതെ ഒറ്റപ്പേര് മാത്രമുള്ള മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളുടെ കാര്യത്തിലും തീരുമാനമുണ്ടാകും. വട്ടിയൂര്‍ക്കാവിൽ കെ മുരളീധരൻ, തൃത്താലയിൽ വിടി ബൽറാം, മണലൂരിൽ ടിഎൻ പ്രതാപൻ എന്നിവരെ സ്ഥാനാര്‍ഥിയാക്കാൻ ധാരണയായിട്ടുണ്ട്. കൊടുങ്ങല്ലൂരിൽ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷൻ ഒജെ ജനീഷ് സ്ഥാനാര്‍ഥിയാകും. ജനീഷിന്‍റെ ഉള്‍പ്പെടെ 12 പേരുടെ പട്ടികയാണ് യൂത്ത് കോണ്‍ഗ്രസ് എഐസിസി ജനറൽ സെക്രട്ടറി ദീപദാസ് മുന്‍ഷിക്ക് കൈമാറിയതെന്നാണ് വിവരം.

ആറന്മുള -അബിൻ വര്‍ക്കി, നാദാപുരം- കെഎം അഭിജിത്ത്, തളിപ്പറമ്പ്- അബ്ദുൽ റഷീദ്, ചെങ്ങന്നൂര്‍- ബിനു ചുള്ളിയിൽ എന്നിവരുടെ പേരും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ചാത്തന്നൂരിലേയ്ക്ക് ചൈത്ര തമ്പാൻ, വിഷ്ണു സുനിൽ പന്തളം എന്നിവരിൽ ഒരാളെ പരിഗണിക്കണമെന്നാണ് ആവശ്യം. പാലക്കാടേയ്ക്ക് കെഎസ് ജയഘോഷിനെയും ഒറ്റപ്പാലത്തേയ്ക്ക് ഒകെ ഫാറൂഖിനെയും നിര്‍ദ്ദേശിച്ചു. കായംകുളത്ത് കഴിഞ്ഞ തവണ മത്സരിച്ച അരിതാ ബാബുവിനെയാണ് നിര്‍ദ്ദേശിച്ചത്. തലശ്ശേരിയിൽ വികെ ഷിബിനയെയും ചേലക്കരയിൽ ശ്രീലാൽ ശ്രീധറിനെയും പരിഗണിക്കണമെന്നാണ് ആവശ്യം. അതേസമയം പട്ടിക പാതിയായി ചുരുക്കാനാണ് എഐസിസി ആവശ്യപ്പെട്ടത്. എന്നാൽ സീറ്റിന് അര്‍ഹരായവര്‍ ഇനിയുമുണ്ടെന്നാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിന്‍റെ അഭിപ്രായം. ആദ്യം നാൽപതു പേരുടെ പട്ടികയാണ് യൂത്ത് കോണ്‍ഗ്രസ് കൈമാറിയത്. വെട്ടിച്ചുരുക്കാൻ നിര്‍ദ്ദേശിച്ചപ്പോഴാണ് പുതിയ പട്ടിക തയ്യാറാക്കിയത്.

കേരളത്തിലെ ആറ് സ്‌പെഷ്യല്‍ട്രയിനുകള്‍ സ്ഥിരമാകുന്നു

കണ്ണൂര്‍: കേരളത്തിലെ ആറ് സ്‌പെഷ്യല്‍ട്രയിനുകള്‍ സ്ഥിരമാകുന്നു. ട്രെയിനുകള്‍ സ്ഥിരമാക്കിയ വിവരം റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് കേന്ദ്ര സഹ മന്ത്രി ജോര്‍ജ് കുര്യനു നല്‍കിയ കത്തിലാണ് സൂചിപ്പിച്ചിട്ടുള്ളത്. നാല് സ്‌പെഷ്യല്‍ ട്രെയിനുകള്‍ സ്ഥിരമാക്കിയതായി കൊടിക്കുന്നില്‍ സുരേഷ് എംപിയും സമൂഹ മാധ്യമങ്ങളിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.

ട്രെയിനുകള്‍ സ്ഥിരമായി ഓടിത്തുടങ്ങുമ്പോള്‍ തുടക്കത്തിലെ പൂജ്യം നമ്പര്‍ മാറും. ഒപ്പം സ്‌പെഷ്യല്‍ എന്നത് എക്‌സ്പ്രസ് എന്നായും മാറും.

പാലക്കാട്- കണ്ണൂര്‍ (16611), കണ്ണൂര്‍- കോഴിക്കോട് (56632), തിരുവനന്തപുരം നോര്‍ത്ത്- മംഗളൂരു അന്ത്യോദയ (16313/ 16314), കൊല്ലം- എറണാകുളം മെമു (66327/66328), എറണാകുളം- വേളാങ്കണ്ണി (16363/16364), വിശാഖപട്ടണം- കൊല്ലം (18501/ 18502).

ശബരിമല സ്വര്‍ണ കൊടിമര പുനര്‍നിര്‍മ്മാണം,കേസില്‍ നടന്മാരായ മോഹന്‍ലാലിന്റെയും ദിലീപിന്റെയും മൊഴിയെടുത്തു

തിരുവനന്തപുരം: ശബരിമല സ്വര്‍ണ കൊടിമര പുനര്‍നിര്‍മ്മാണവുമായി ബന്ധപ്പെട്ട് നടന്മാരായ മോഹന്‍ലാലിന്റെയും ദിലീപിന്റെയും മൊഴിയെടുത്ത് വിജിലന്‍സ്. സ്വര്‍ണം സംഭാവന നല്‍കിയതിന്റെ വിവരങ്ങളാണ് താരങ്ങളില്‍ നിന്ന് വിജിലന്‍സ് പ്രത്യേക സംഘം ചോദിച്ചറിഞ്ഞത്.

സ്വര്‍ണം സംഭാവന നല്‍കണമെന്ന് അഭ്യര്‍ത്ഥിച്ചത് സുഹൃത്തായ സുരേഷ് ഗോപിയാണെന്ന് മോഹന്‍ലാല്‍ മൊഴി നല്‍കി. തിരുവനന്തപുരത്തെ ജ്വല്ലറിയില്‍ നിന്ന് രണ്ട് പവന്‍ സ്വര്‍ണം വാങ്ങി സുഹൃത്ത് മുഖേന പമ്പയിലെത്തിച്ചുവെന്നും മോഹന്‍ ലാലിന്റെ മൊഴിയില്‍ പറയുന്നു.

തിരുവനന്തപുരത്ത് വെച്ചാണ് മോഹന്‍ലാലിന്റെ മൊഴിയെടുത്തത്. ദിലീപിന്റെ മൊഴി കൊച്ചിയില്‍ വച്ചാണ് രേഖപ്പെടുത്തിയത്. ഹൈക്കോടതി നിര്‍ദേശ പ്രകാരമാണ് പ്രത്യേക വിജിലന്‍സ് ഡയറക്ടറുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം 2017ലെ കൊടിമര പുനര്‍നിര്‍മാണം അന്വേഷിക്കുന്നത്. മുപ്പത് ദിവസത്തിനകം പ്രാഥമിക റിപ്പോര്‍ട്ട് നല്‍കാനാണ് ഹൈക്കോടതിയുടെ നിര്‍ദേശം.

ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു കമ്പനിയാണ് കൊടിമര പുനര്‍നിര്‍മാണത്തിനായി മൂന്ന് കോടി രൂപ സംഭാവനയായി നല്‍കിയത്. ഇതിന് പുറമെ നിരവധി ഭക്തരും സംഭാവന നല്‍കിയിരുന്നു. സംഭാവന നല്‍കിയവരുടെ കൂട്ടത്തില്‍ സുരേഷ് ഗോപി, രണ്‍ജി പണിക്കര്‍, നിര്‍മാതാവ് സുരേഷ് എന്നിവരില്‍ നിന്ന് വിജിലന്‍സ് സംഘം ഇത് സംബന്ധിച്ച് നേരത്തെ മൊഴിയെടുത്തിരുന്നു.യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നിയമിച്ച പ്രയാര്‍ ഗോപാലകൃഷ്ണന്‍ പ്രസിഡന്റായ ഭരണസമിതിയാണ് ശബരിമലയില്‍ പഴയ കൊടിമരം മാറ്റി പുതിയത് നിര്‍മ്മിച്ചത്. കൊടിമര പുനര്‍നിര്‍മാണത്തിന്റെ മറവില്‍ സ്വര്‍ണവും പണവും തട്ടിയെടുത്തെന്നാണ് ആരോപണം.

സ്‌റ്റേ നിലനില്‍ക്കെ ദ കേരള സ്‌റ്റോറി 2 ബുക്കിങ് തുടങ്ങി

ഹൈക്കോടതിയുടെ സ്‌റ്റേയെ വിലകല്‍പ്പിക്കാതെ ദ കേരള സ്റ്റോറി 2 നിര്‍മാതാക്കള്‍. സിനിമയുടെ പ്രദര്‍ശനം സ്റ്റേ ചെയ്തു കൊണ്ടുള്ള ഹൈക്കോടതിയുടെ ഉത്തരവ് നിലനില്‍ക്കെ തന്നെ കേരള സ്‌റ്റോറി 2വിന്റെ ബുക്കിങ് ആരംഭിച്ച് അണിയറ പ്രവര്‍ത്തകര്‍. കേരളത്തിന് പുറത്തുള്ള തിയേറ്ററുകളിലെ ടിക്കറ്റുകളാണ് ടിക്കറ്റ് ബുക്കിങ് ആപ്പ് ആയ ബുക്ക് മൈ ഷോയില്‍ ലഭ്യമാകുന്നത്. ചിത്രത്തിന്റെ റിലീസ് 15 ദിവസത്തേക്ക് കഴിഞ്ഞ ദിവസം ഹൈക്കോടതി സ്‌റ്റേ ചെയ്തിരുന്നു.

റിലീസിന് സ്‌റ്റേ നിലനില്‍ക്കെ ബുക്കിങ് ആരംഭിച്ചത് കോടതിയലക്ഷ്യമാണെന്നും ഇതിനെതിരെ കോടതിയെ സമീപിക്കുമെന്നും ഹര്‍ജിക്കാരന്‍ അറിയിച്ചു. മുംബൈയില്‍ 21 തിയേറ്ററുകളിലും ഡല്‍ഹിയില്‍ 14 തിയേറ്ററുകളിലും കേരള സ്റ്റോറി 2വിന്റെ ടിക്കറ്റുകള്‍ ലഭ്യമാണ്. മറ്റ് മെട്രോ നഗരങ്ങളിലും ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. വെള്ളിയാഴ്ച രാവിലെ മുതലുള്ള ഷോകളുടെ ടിക്കറ്റുകളാണ് ലഭ്യമായിരിക്കുന്നത്.

അതേസമയം സിനിമയുടെ റിലീസ് സ്‌റ്റേ ചെയ്തു കൊണ്ടുള്ള ഹൈക്കോടതി ഉത്തരവിനെതിരെ നിര്‍മാതാക്കള്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചിരുന്നു. തുടര്‍ന്ന് രാത്രി വൈകിയും വാദം കേട്ട കോടതി വിധി പറയാൻ മാറ്റി വച്ചിരിക്കുകയാണ്. അപ്പീലിന്മേല്‍ വിധി വരുന്നതിന് മുമ്പ് സിനിമയുടെ ടിക്കറ്റുകള്‍ ബുക്കിങ് ആപ്പുകളില്‍ ലഭ്യമായത് ആശയക്കുഴപ്പമുണ്ടാക്കുകയാണ്.