Home Blog Page 1009

ദില്ലി മദ്യനയ അഴിമതി കേസില്‍ സിബിഐക്ക് കനത്ത തിരിച്ചടി; അരവിന്ദ് കെജ്രിവാളിനെയും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കി

ന്യൂ ഡെൽഹി : ദില്ലി മദ്യനയ അഴിമതി കേസിൽ മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെയും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കി. മദ്യനയത്തിലെ അഴിമതിയിൽ സിബിഐ എടുത്ത കേസിലാണ് ദില്ലി റോസ് അവന്യൂ സിബിഐ കോടതിയുടെ നടപടി. തെളിവുകളില്ലാതെ കേസിൽ ഉൾപ്പെടുത്തിയതിന് സിബിഐയെ കോടതി രൂക്ഷമായി വിമർശിച്ചു.

അനില്‍ അംബാനിയുടെ 3,716 കോടി രൂപ വിലമതിക്കുന്ന വസതി കണ്ടുകെട്ടി

മുംബൈ: റിലയന്‍സ് ഗ്രൂപ്പ് ചെയര്‍മാന്‍ അനില്‍ അംബാനിയുടെ 3,716 കോടി രൂപ വിലമതിക്കുന്ന വസതി കണ്ടുകെട്ടി ഇഡി. മുംബൈയിലെ പാലി ഹില്‍ പരിസരത്തെ ‘അബോഡ്’ എന്ന വീടുള്‍പ്പെടെയാണ് ഇഡി താത്കാലികമായി കണ്ടുകെട്ടിയിരിക്കുന്നത്. റിലയന്‍സ് കമ്യൂണിക്കേഷന്‍സുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസിലാണ് നടപടി.

473.17 കോടി രൂപ വിലമതിക്കുന്ന, സ്വത്തിന്റെ ഒരു ഭാഗം കഴിഞ്ഞ വര്‍ഷം നവംബറില്‍ ഇഡി കണ്ടുകെട്ടിയിരുന്നു. അനില്‍ അംബാനിയുടെ മുംബൈയിലെ വസതിയായ ‘അബോഡ്’ 17 നിലകളുള്ള 66 മീറ്റര്‍ ഉയരമുള്ള കെട്ടിടമാണ്. 3,716 കോടി രൂപയാണ് ഈ കെട്ടിടത്തിന്റെ വിലയായി കണക്കാക്കിയിരിക്കുന്നത്. ആഡംബര സൗകര്യങ്ങള്‍ക്ക് പുറമേ ഹെലിപാഡ്, സ്വിമ്മിങ് പൂള്‍, ജിം, വലിയ പാര്‍ക്കിങ് ഏരിയയും ഇതിലുണ്ട്. അനില്‍ അംബാനിക്കും അദ്ദേഹത്തിന്റെ ഗ്രൂപ്പ് കമ്പനികള്‍ക്കുമെതിരെ ഇതുവരെ 15,000 കോടി രൂപയിലധികം മൂല്യമുള്ള സ്വത്തുക്കള്‍ കണ്ടുകെട്ടിയിട്ടുണ്ട്. പ്രത്യേക അന്വേഷണസംഘം രൂപീകരിക്കാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചതിനെ തുടര്‍ന്നാണ് നടപടി.

ആര്‍കോമും അതിന്റെ അനുബന്ധ സ്ഥാപനങ്ങളും 2010 നും 2012 നും ഇടയില്‍ ഇന്ത്യയിലും വിദേശത്തുമുള്ള ബാങ്കുകളില്‍ നിന്ന് 40,000 കോടിയിലധികം രൂപ വായ്പയെടുത്തിരുന്നു. ഈ ഫണ്ട് വകമാറ്റിയതിനാണ് കേസ്. കഴിഞ്ഞ വര്‍ഷമാണ് ഇഡി കേസന്വേഷണത്തിന് തുടക്കമിട്ടത്. അനില്‍ അംബാനിക്കും റിലയന്‍സ് കമ്യൂണിക്കേഷന്‍സിനുമെതിരെ തട്ടിപ്പ്, ഗൂഢാലോചന, അഴിമതി എന്നീ കുറ്റങ്ങള്‍ ചുമത്തി കേസെടുത്തിരുന്നു.

ബാങ്ക് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ ആരെങ്കിലും തട്ടിപ്പില്‍ പങ്കാളികളായിരുന്നോയെന്ന് കണ്ടെത്താനും കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ചോദ്യം ചെയ്യലിനായി അനില്‍ അംബാനിയെ ഇഡി വിളിപ്പിച്ചിട്ടുണ്ട്.
ഇത് രണ്ടാം തവണയാണ് അംബാനിയെ കേസില്‍ ഇഡി ചോദ്യം ചെയ്യുന്നത്. 2025 ഓഗസ്റ്റിലാണ് ആദ്യമായി മൊഴി നല്‍കിയത്.

മന്ത്രിക്കൊപ്പമുള്ള ഫോട്ടോ : വിമർശനം ശക്തമാകുന്നു, മൊഴി എടുക്കാൻ അപേക്ഷ നൽകി അന്വേഷണ സംഘം

കണ്ണൂർ: കെഎസ്‌യു കരിങ്കൊടി പ്രതിഷേധത്തിനിടെ പരുക്കേറ്റ് പരിയാരം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന ആരോഗ്യമന്ത്രി വീണാ ജോർജിനൊപ്പം നഴ്സുമാർ ഉള്ള ചിത്രത്തിനെതിരെ വലിയ വിമർശനം. ഐസിയുവിൽ പാലിക്കേണ്ട മര്യാദകളില്ലാതെ ഫോട്ടോയെടുത്തു എന്നാണ് ആക്ഷേപം. കഴുത്തിന് ഗുരുതര പരുക്കുള്ള മന്ത്രി ചിരിച്ചുകൊണ്ട് ഫോട്ടോയ്ക്ക് പോസ് ചെയ്തെന്നാണ് വിമർശനം.

അതേസമയം, മന്ത്രിയുടെ മൊഴിയെടുക്കാൻ അന്വേഷണ സംഘം ഇന്ന് വീണ്ടും അനുമതി തേടും. കഴിഞ്ഞ ദിവസങ്ങളിൽ മന്ത്രിയുടെ ആരോഗ്യ സ്ഥിതി പരിഗണിച്ച് അനുമതി നിഷേധിച്ചിരുന്നു. കെഎസ്‍യു പ്രതിഷേധം നടന്ന സ്ഥലത്തെ ക്യാമറ ദൃശ്യം ആവശ്യപ്പെട്ട് അന്വേഷണ സംഘം ആർപിഎഫിന് അപേക്ഷ നൽകി.

കണ്ണൂർ ആറളത്ത് കാട്ടാന ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു

കണ്ണൂർ: ആറളം ഫാമിൽ കാട്ടാന ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു. പത്താം ബ്ലോക്കിലെ അനീഷ് ആണ് മരിച്ചത്. പുലർച്ചെ നാലുമണിയോടെയാണ് സംഭവം. വീട്ടുമുറ്റത്ത് നിൽക്കുകയായിരുന്ന അനീഷിന് നേരെ കാട്ടാന പാഞ്ഞടുക്കുകയായിരുന്നു. മൃതദേഹം പേരാവൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഒരിടവേളയ്ക്ക് ശേഷം വീണ്ടും കാട്ടാന ആക്രമണം രൂക്ഷമാവുകയാണ്. നേരത്തെ, രണ്ടുപേർ ആറളം ഫാമിൽ കൊല്ലപ്പെട്ടിരുന്നു.

സർക്കാർ ഉത്തരവുകളെ ധിക്കരിച്ചെന്ന് വനംവകുപ്പ്; കോന്നിയിൽ ഫോറസ്റ്റ് റേഞ്ച് ഓഫീസർക്ക് സസ്പെൻഷൻ

പത്തനംതിട്ട: പത്തനംതിട്ട കോന്നിയിൽ ഫോറസ്റ്റ് റേഞ്ച് ഓഫീസർക്ക് സസ്പെൻഷൻ. പത്തനംതിട്ട കോന്നി റേഞ്ച് ഫോറസ്റ്റ് ഓഫീസർ എസ് ശശീന്ദ്രകുമാറിനെയാണ് സസ്പെന്റ് ചെയ്തത്. സർക്കാർ നയത്തിനും ഉത്തരവുകൾക്കും വിരുദ്ധമായി പ്രവർത്തിച്ചെന്ന് കാട്ടിയാണ് നടപടി. ശശീന്ദ്രകുമാർ സർക്കാർ ഉത്തരവുകളെ ധിക്കരിച്ചെന്ന് വനംവകുപ്പ് ആരോപിക്കുന്നു. പഞ്ചായത്തിൻ്റെ ലൈസൻസ് ഉള്ള രണ്ടാളുകൾ കാട്ടുപന്നിയെ വെടിവെച്ചു കൊന്നപ്പോൾ റേഞ്ച് ഓഫീസർ കേസെടുത്തിരുന്നു. മാനദണ്ഡങ്ങൾ പാലിക്കാതെ ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടുപന്നിയെ വെടിവെച്ചുകൊന്നു എന്ന് മലയാലപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞിരുന്നു.

ശബരിമലയിലെ കൊടിമര പുനർനിർമ്മാണം; മോഹൻലാലിൻ്റെയും ദിലീപിൻ്റെയും മൊഴി രേഖപ്പെടുത്തി വിജിലൻസ്

തിരുവനന്തപുരം: ശബരിമലയിലെ കൊടിമര മാറ്റത്തിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് മോഹൻലാലിൻ്റെയും ദിലീപിൻ്റെയും മൊഴി രേഖപ്പെടുത്തി വിജിലൻസ്. സ്വർണം സംഭാവന നൽകിയതിന്റെ വിവരങ്ങളാണ് താരങ്ങളിൽ നിന്ന് വിജിലൻസ് പ്രത്യേക സംഘം ചോദിച്ചറിഞ്ഞത്. സ്വർണം സംഭാവന നൽകണമെന്ന് അഭ്യർത്ഥിച്ചത് സുഹൃത്തായ സുരേഷ് ഗോപിയാണെന്ന് മോഹൻലാൽ മൊഴി നൽകി. തിരുവനന്തപുരത്തെ ജ്വല്ലറിയിൽ നിന്ന് രണ്ട് പവൻ സ്വർണം വാങ്ങി സുഹൃത്ത് മുഖേന പമ്പയിലെത്തിച്ചുവെന്നും മോഹൻ ലാലിൻ്റെ മൊഴിയിൽ പറയുന്നു. തിരുവനന്തപുരത്ത് വെച്ചാണ് മോഹൻലാലിൻ്റെ മൊഴിയെടുത്തത്. ദിലീപിൻ്റെ മൊഴി കൊച്ചിയിൽ വച്ചും രേഖപ്പെടുത്തി.

വേങ്ങ വഹാബ് ബഹുമുഖ വ്യക്തിത്വം
               കെ.സി.രാജൻ

ശാസ്താംകോട്ട: ബ്ലോക്ക് കോൺഗ്രസ്സ്കമ്മിറ്റിജനറൽ സെക്രട്ടറിയായിരുന്ന
വേങ്ങ വഹാബ് ബഹുമുഖ വ്യക്തിത്വമായിരുന്നുവെന്ന് യു.ഡി.എഫ് ചെയർമാൻ കെ.സി.രാജൻ പറഞ്ഞു.

സാമൂഹ്യ-സാംസ്കാരിക-രാഷ്ട്രിയ-വിദ്യാഭ്യാസ – സാഹിത്യ രംഗത്തും ജീവകാരുണ്യ, പരിസ്ഥിതി പ്രവർകനായും കുന്നത്തൂർ താലൂക്കിലും പ്രത്യോകിച്ച് മൈനാഗപ്പള്ളി പഞ്ചായത്തിലും നിറഞ്ഞ് നിന്നിരുന്നു.കോൺഗ്രസ്സ് ശാസ്താംകോട്ട ബ്ലോക്ക് കമ്മിറ്റി നടത്തിയ വേങ്ങ വഹാബ് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ബ്ലോക്ക് പ്രസിഡന്റ്
വൈ.ഷാജഹാൻഅദ്ധ്യക്ഷതവഹിച്ചു.കെ.പി.സി.സി അംഗം എം.വി.ശശികുമാരൻ നായർ , ഡി.സി.സി ജനറൽ സെക്രടറിമാരായ തുണ്ടിൽനൗഷാദ്, ദിനേശ് ബാബു, തോമസ് വൈദ്യൻ, രവി മൈനാഗപ്പള്ളി,ഡി.സി.സി അംഗം ബി.സേതുലക്ഷ്മി, യൂത്ത് കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറി ഹാഷിംസുലൈമാൻ, ബ്ലോക്ക് പ്രസിഡന്റ് റിയാസ് പറമ്പിൽ, കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് മാരായ
വൈ.നജിം,എം.വൈ. നിസാർ ,ഗോപൻ പെരുവേലിക്കര, ശ്രീജിത്ത് കല്ലട, ഷിബുമൺ റോ തുടങ്ങിയവർ പ്രസംഗിച്ചു

വിശ്വാസത്തിന്റെയും ചരിത്രത്തിന്റെയും സംഗമഭൂമി: ബോം ജീസസ് ബെസിലിക്ക

ഗോവയിലെ ഓൾഡ് ഗോവയുടെ ശാന്തമായ അന്തരീക്ഷത്തിൽ, കാലാതീതമായ വിശ്വാസത്തിന്റെ സാന്നിധ്യമായി ഉയർന്നു നിൽക്കുന്നു ബോം ജീസസ് ബെസിലിക്ക. നൂറ്റാണ്ടുകൾ പഴക്കമുള്ള ഈ ദേവാലയം മതവിശ്വാസത്തിന്റെ കേന്ദ്രം മാത്രമല്ല, ഇന്ത്യയുടെ സാംസ്കാരിക-ചരിത്ര പൈതൃകത്തിന്റെ അമൂല്യ അധ്യായം കൂടിയാണ്.
പോർച്ചുഗീസ് ഭരണകാലത്ത് 1605-ൽ നിർമിക്കപ്പെട്ട ഈ ബെസിലിക്ക, ബാരോക്ക് ശൈലിയിലുള്ള ശില്പകലയുടെ അപൂർവ മാതൃകയാണ്. പുറമേ നോക്കുമ്പോൾ ലളിതവും ഗംഭീരതയില്ലാത്തതുപോലെ തോന്നുന്ന ദേവാലയം, അകത്തേക്ക് കടക്കുമ്പോൾ അതിസുന്ദരമായ ശില്പവൈഭവവും ശാന്തതയും ഒരുമിച്ച് അനുഭവിപ്പിക്കുന്നു. അതുകൊണ്ടുതന്നെ യുനെസ്കോ ലോക പൈതൃക പട്ടികയിൽ ഈ ദേവാലയം ഇടം നേടിയതും യാദൃശ്ചികമല്ല.
ബോം ജീസസ് ബെസിലിക്കയുടെ ആത്മാവ് നിറഞ്ഞിരിക്കുന്നതു കത്തോലിക്ക സഭയിലെ മഹത്തായ സന്യാസിയായ സെന്റ് ഫ്രാൻസിസ് സേവ്യർയുടെ തിരുശേഷിപ്പുകളിലൂടെയാണ്. വിശ്വാസികൾക്ക് അത്യന്തം പവിത്രമായി കണക്കാക്കുന്ന ഈ തിരുശേഷിപ്പുകൾ, ഓരോ പത്ത് വർഷത്തിലൊരിക്കൽ പൊതുദർശനത്തിന് വയ്ക്കപ്പെടുമ്പോൾ, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ആയിരക്കണക്കിന് തീർത്ഥാടകരാണ് ഗോവയിലേക്ക് ഒഴുകിയെത്തുന്നത്. പ്രാർത്ഥനയും പ്രതീക്ഷയും നിറഞ്ഞ ആ ദിനങ്ങൾ, ഗോവയുടെ ചരിത്രത്തിൽ തന്നെ പ്രത്യേക സ്ഥാനമാണ് കൈവരിച്ചിരിക്കുന്നത്.
മതാതീതമായി, ബോം ജീസസ് ബെസിലിക്ക ഒരുപാട് കാര്യങ്ങൾ പറയുന്ന ഒരു സ്മാരകമാണ്. വിശ്വാസത്തിന്റെ ശക്തിയും, ശില്പകലയുടെ സൗന്ദര്യവും, ചരിത്രത്തിന്റെ ആഴവും ഒരിടത്ത് സംഗമിക്കുന്ന അപൂർവ അനുഭവം. അതുകൊണ്ടുതന്നെ, ഒരു തീർത്ഥാടന കേന്ദ്രം എന്നതിലുപരി, ബോം ജീസസ് ബെസിലിക്ക മനുഷ്യന്റെ ആത്മീയ യാത്രയുടെ നിശ്ശബ്ദ സാക്ഷ്യമായി ഇന്നും നിലകൊള്ളുന്നു.

കോഴിക്കോട് കെഎസ്‌യു ജില്ലാ സെക്രട്ടറിയുടെ വീടിന് നേരെ ബോംബേറ്

കോഴിക്കോട്. കെഎസ്‌യു ജില്ലാ സെക്രട്ടറി ബിതുൽ ബാലൻ്റെ വീടിന് നേരെ ബോംബേറ്

പുലർച്ചെ മൂന്നരയോടെ ആണ് മൂന്നംഗ സംഘത്തിൻ്റെ ആക്രമണം
ബോംബ് വീണത് വീടിൻ്റെ  സൺഷെയ്ഡിൽ

ബിതുലിൻ്റെ അച്ഛനും അമ്മയും ആണ് വീട്ടിൽ ഉണ്ടായിരുന്നത്

വീണ ജോർജിനെ ആക്രമിച്ച കേസിൽ ബിതുൽ റിമാൻഡിലാണ്
ആക്രമണത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു.

ആക്രമണത്തിൽ പ്രതിഷേധിച്ച്
തോടന്നൂരിൽ ഇന്ന് ഉച്ച വരെ ഹർത്താൽ

കെഎസ്‍യുവിന്റെ കരിങ്കൊടി പ്രതിഷേധത്തിനിടെ കഴുത്തിനു പരിക്കേറ്റ് ചികിത്സയിലായിരുന്ന ആരോഗ്യ മന്ത്രി വീണ ജോർജ് ഡിസ്ചാർജായി

കണ്ണൂർ: കെഎസ്‍യുവിന്റെ കരിങ്കൊടി പ്രതിഷേധത്തിനിടെ കഴുത്തിനു പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ആരോഗ്യ മന്ത്രി വീണ ജോർജ് ഡിസ്ചാർജായി. ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് ഡിസ്ചാർജ് ചെയ്തത്. പിന്നാലെ മന്ത്രി തിരുവനന്തപുരത്തേക്ക് മടങ്ങി. കാറിലാണ് മന്ത്രി യാത്ര തിരിച്ചത്.

ആരോഗ്യനില മെച്ചപ്പെട്ടതിനാലും രക്തസമ്മർദ്ദം സാധാരണ നിലയിലായതും കണക്കിലെടുത്ത് ഒൺലൈനായി ചേർന്ന മെഡിക്കൽ ബോർ‍ഡ് യോഗത്തിലാണ് ഡിസ്ചാർജ് ചെയ്യാമെന്നു ആശുപത്രി അധികൃതർ തീരുമാനം എടുത്തത്. തിരുവനന്തപുരം മെഡിക്കൽ കോളജിൽ തുടർ ചികിത്സ തേടുമെന്നാണ് വിവരം.

മന്ത്രിയുടെ കഴുത്തിന് ക്ഷതമേറ്റിട്ടുണ്ടെന്ന് മെഡിക്കല്‍ ഡോക്ടർമാർ നേരത്തെ വ്യക്തമാക്കിയിരുന്നു. എംആര്‍ഐ സ്‌കാനിങ് അടക്കമുള്ള പരിശോധനകൾക്കും മന്ത്രിയെ വിധേയയാക്കിയിരുന്നു.

കെഎസ്‌യു പ്രവര്‍ത്തകര്‍ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നടത്തിയ കരിങ്കൊടി പ്രതിഷേധത്തിനിടെയാണ് വീണ ജോര്‍ജിന് പരിക്കേറ്റത്. പരിക്കേറ്റ മന്ത്രിയെ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കല്യാട് അന്താരാഷ്ട്ര ആയുര്‍വേദ ഗവേഷണ കേന്ദ്രം ഉദ്ഘാടനം ചെയ്ത് മടങ്ങുകയായിരുന്നു മന്ത്രി. കെഎസ്‌യു പ്രവര്‍ത്തകര്‍ മന്ത്രിയുടെ കൈ പിടിച്ചുതിരിക്കുകയും പിടിച്ചുതള്ളുകയും ചെയ്‌തെന്നാണ് ആരോപണം.