Home News Breaking News ഫോര്‍ട്ട് സ്‌റ്റേഷനിലെ മൂന്നാംമുറയില്‍ നാലു പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

ഫോര്‍ട്ട് സ്‌റ്റേഷനിലെ മൂന്നാംമുറയില്‍ നാലു പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

Advertisement

തിരുവനന്തപുരം: ഫോര്‍ട്ട് സ്‌റ്റേഷനിലെ മൂന്നാംമുറയില്‍ നാലു പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. ഗ്രേഡ് എസ്‌ഐ, എഎസ്‌ഐ, രണ്ടു സിവില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കെതിരെയാണ് നടപടി സ്വീകരിച്ചത്.

മോഷണക്കേസ് പ്രതിയായ ജിനുവിനെ ക്രൂരമായി മര്‍ദ്ദിച്ചു എന്നതാണ് കേസ്. ബൈക്ക് മോഷണ കേസിലെ പ്രതികള്‍ക്കെതിരെ മൂന്നാംമുറ പ്രയോഗിച്ചതില്‍ ഇവര്‍ കുറ്റക്കാരാണെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നാലു പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്ത് കൊണ്ടുള്ള ഉത്തരവിറങ്ങിയത്.

കേസില്‍ കസ്റ്റഡിയിലെടുത്ത ജിനു തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ജീവന് വേണ്ടി മല്ലിടുകയാണ്. കിഡ്‌നി തകര്‍ന്നതിനെ തുടര്‍ന്ന് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിട്ടുണ്ട്. പൊലീസുകാരുടെ മൂന്നാംമുറയെ തുടര്‍ന്ന് ഗുരുതര പരിക്കാണ് ജിനുവിന് ഉണ്ടായത്. ജിനുവിന് പുറമേ കേസില്‍ അറസറ്റ് ചെയ്യപ്പെട്ട ഉണ്ണി എന്നയാള്‍ക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

ജിനുവിന്റെ വൃക്കകള്‍ക്കും മസിലിനും ക്ഷതമേറ്റിട്ടുണ്ടെന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്. കൊച്ചിയില്‍ നിന്നാണ് ജിനുവിനെ പിടികൂടിയത്. എന്നാല്‍ തിരുവനന്തപുരത്ത് നിന്നാണ് പിടികൂടിയത് എന്ന് കാണിക്കാന്‍ വ്യാജ രേഖ ഉണ്ടാക്കി. അത്തരത്തില്‍ അറസ്റ്റ് റിപ്പോര്‍ട്ടിലും കൃത്രിമം കാട്ടി എന്നും അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.

Advertisement