ന്യൂഡൽഹി: തീവ്രവോട്ടർ പട്ടിക പരിഷ്കരണ(എസ്ഐആർ)ത്തിൽ ഉത്തർപ്രദേശിൽ 1.27 കോടി ഹിന്ദുക്കളെ വോട്ടർ പട്ടികയിൽനിന്നു വെട്ടിയെന്ന മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ആരോപണം പ്രതിപക്ഷത്തിനു പിടിവള്ളിയാകുന്നു.
മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരേയും തെരഞ്ഞെടുപ്പ് കമ്മീഷന്റെ എസ്ഐആറിനെതിരേയും ഇന്ത്യ സഖ്യം സമരത്തിൽ നിൽക്കുമ്പോഴാണ് സമാന സ്വഭാവമുള്ള ഒരു ആരോപണം ബിജെപിയുടെ മുഖ്യമന്ത്രി തന്നെ ഉയർത്തിയിരിക്കുന്നത്.
എസ്ഐആർ നടപ്പാക്കലുമായി ബന്ധപ്പെട്ട പല കാര്യങ്ങളും നിയമവിരുദ്ധമായിട്ടാണ് നടക്കുന്നതെന്നും വോട്ടർമാരെ കൂട്ടത്തോടെ വെട്ടി നീക്കുകയാണെന്നുമുള്ള ആരോപണമാണ് രാഹുൽ ഗാന്ധിയും ഇന്ത്യ സഖ്യവും തുടർച്ചയായി ഉയർത്തിക്കൊണ്ടിരിക്കുന്നത്.
അതിനു പിൻബലമേകുന്ന ആക്ഷേപമാണ് ഇപ്പോൾ യോഗി ആദിത്യനാഥിന്റെ പ്രസ്താവന വഴി ഉണ്ടായിരിക്കുന്നത്. ഹിന്ദുക്കളുടെ വോട്ട് ഒഴിവാക്കിയതിനെതിരേ കമ്മീഷന് അപ്പീൽ കൊടുത്തിട്ടുണ്ടെന്നും യോഗി പറഞ്ഞു. മുസ്ലിം വോട്ടർമാരുടെ എണ്ണം 1.65 ശതമാനം ഉയർന്നെന്ന പരാതിയും യോഗി ഉന്നയിച്ചിട്ടുണ്ട്.
*പരാതി ഏഴു മാസം കഴിഞ്ഞപ്പോൾ *
കഴിഞ്ഞ ഏപ്രിലിലാണ് യുപിയിൽ എസ്ഐആർ പൂർത്തിയായത്. ഏഴു മാസങ്ങൾക്കു ശേഷമാണ് ഇപ്പോൾ യോഗിയുടെ ആരോപണം. കഴിഞ്ഞ ഏപ്രിൽ 10നാണ് ഉത്തർപ്രദേശിൽ അന്തിമ വോട്ടർ പട്ടികപ്രസിദ്ധീകരിച്ചത്.
അതേസമയം, എസ്ഐആർ സുതാര്യമല്ലെന്ന് യോഗിക്ക് അഭിപ്രായമുണ്ടെങ്കിൽ ഗ്യാനേഷ്കുമാറിനെ പുറത്താക്കാനുള്ള പ്രതിപക്ഷത്തിന്റെ പ്രമേയത്തെ എന്തുകൊണ്ട് അദ്ദേഹം പിന്തുണയ്ക്കുന്നില്ലെന്നു സമാജ് വാദി പാർട്ടി ചോദിച്ചു. ഗ്യാനേഷ്കുമാറിനെതിരായ പ്രക്ഷോഭത്തിൽ പങ്കുചേരാൻ എസ്പി യോഗിയെ ക്ഷണിച്ചു.
ഇതിനിടെ, വോട്ടർ പട്ടിക പുതുക്കലിന്റെ ഭാഗമായുള്ള കരട് വോട്ടർ പട്ടിക നവംബർ 17ന് പ്രസിദ്ധീകരിച്ചശേഷം എസ്ഐആർ ആരോപണങ്ങൾക്കു മറുപടി നൽകാമെന്ന നിലപാടിലാണ് യുപി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ നവ്ദീപ് റിൻവ.
*ആധാർ ബന്ധിപ്പിക്കണം*
ഒരു ന്യൂസ്ചാനലിന്റെ സംവാദപരിപാടിയിലാണ് ആരോപണവുമായി യോഗി രംഗത്തുവന്നത്. അതേസമയം, എസ്ഐആറിനെതിരേ പ്രതിപക്ഷം വ്യാജപ്രചാരണമാണ് നടത്തുന്നതെന്നും യോഗി കുറ്റപ്പെടുത്തി. യുപിയിൽ എസ്ഐആർ റദ്ദാക്കാൻ അഖിലേഷ് യാദവ് ആവശ്യപ്പെടുമോയെന്നും മുഖ്യമന്ത്രി ചോദിച്ചു.
ആധാറിനെ വോട്ടെടുപ്പുമായി ബന്ധിപ്പിച്ചാൽ ബിജെപിയുടെ കള്ളവോട്ടിനു തടയിടാനാകുമെന്നു അഖിലേഷ് തിരിച്ചടിച്ചു. എസ്ഐആറിനു മുന്പ് 15.44 കോടി വോട്ടർമാരുണ്ടായിരുന്ന യുപിയിൽ നടപ്പാക്കിയ ശേഷം 13.99 കോടിയായി കുറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പിലെ വോട്ടർ പട്ടികയുമായി പൊതുവോട്ടർ പട്ടിക ഒത്തുനോക്കാൻ തെരഞ്ഞെടുപ്പ് ഓഫീസർ ഉദ്യോഗസ്ഥരോടു കഴിഞ്ഞ ആഴ്ച നിർദേശിച്ചിരുന്നു.
































