26.2 C
Kollam
Sunday 8th November, 2026 | 08:46:28 AM
Home News Breaking News വിമാനം ഹൈജാക്ക് ചെയ്യുമെന്ന് ശുചിമുറിയിൽ ഭീഷണിക്കുറിപ്പ്; ഇൻഡിഗോ വിമാനം ബെംഗളൂരുവിൽ തിരിച്ചിറക്കി

വിമാനം ഹൈജാക്ക് ചെയ്യുമെന്ന് ശുചിമുറിയിൽ ഭീഷണിക്കുറിപ്പ്; ഇൻഡിഗോ വിമാനം ബെംഗളൂരുവിൽ തിരിച്ചിറക്കി

Advertisement

ബെംഗളൂരു: വിമാനം തട്ടിക്കൊണ്ടു പോകുമെന്ന് ശുചിമുറിയിൽ ഭീഷണിക്കുറിപ്പ് കണ്ടെത്തി. ബെംഗളൂരുവിൽ നിന്ന് ലഖ്‌നൗവിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനത്തിന്‍റെ ശുചിമുറിയിലാണ് വിമാനം ഹൈജാക്ക് ചെയ്യുമെന്ന കുറിപ്പ് കണ്ടെത്തിയത്. കൃത്യം 6.30ന് വിമാനം തട്ടിക്കൊണ്ടുപോകും എന്നായിരുന്നു ഭീഷണി. തുടർന്ന് വിമാനം കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തരമായി തിരികെ ഇറക്കി. വിശദമായ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായിട്ടില്ല.

Also Read: ഇരുളകറ്റി വെളിച്ചം വിതറി ദീപാവലി; ഐതിഹ്യങ്ങളും വിശ്വാസങ്ങളും നിറച്ച് ദീപങ്ങളുടെ മഹോത്സവം

178 യാത്രക്കാരുമായി വൈകുന്നേരം 5:50 ന് ബെംഗളൂരുവിൽ നിന്ന് പറന്നുയർന്ന 6E451 നമ്പർ വിമാനത്തിലെ ശുചിമുറിയിലാണ് ഒരു യാത്രക്കാരൻ ഈ കുറിപ്പ് കണ്ടത്- “ഈ വിമാനം കൃത്യം 06:30-ന് തട്ടിയെടുക്കും. ഇത് അവഗണിച്ചാൽ പ്രത്യാഘാതം നേരിടേണ്ടി വരും”. യാത്രക്കാരൻ വിവരമറിയിച്ചതിനെ തുടർന്ന് ക്യാബിൻ ക്രൂ പൈലറ്റിനെ അറിയിച്ചു. തുടർന്ന് പൈലറ്റ് എയർ ട്രാഫിക് കൺട്രോളുമായി ബന്ധപ്പെട്ട് മുൻകരുതലെന്ന നിലയിൽ വിമാനം ബെംഗളൂരുവിലേക്ക് തിരിച്ചുവിടുകയുമായിരുന്നു.

വിമാനം സുരക്ഷിതമായി നിലത്തിറക്കിയ ശേഷം എല്ലാ യാത്രക്കാരെയും പുറത്തിറക്കി സുരക്ഷാ ഉദ്യോഗസ്ഥർ വിമാനത്തിൽ വിശദമായ പരിശോധന നടത്തി. വിമാനത്തിനുള്ളിൽ ഉണ്ടായിരുന്ന ആരോ തന്നെയാണ് ഈ കുറിപ്പ് വച്ചതെന്നാണ് സംശയം. തുടർന്ന് അന്വേഷണ ഉദ്യോഗസ്ഥർ യാത്രക്കാരെ ചോദ്യം ചെയ്തു. ആരാണ് കുറിപ്പ് വച്ചതെന്ന് കണ്ടെത്താനായിട്ടില്ല. സുരക്ഷാ ഏജൻസികളുടെ പൂർണ്ണ പരിശോധനയ്ക്കും അനുമതിക്കും ശേഷം മാത്രമേ വിമാനം വീണ്ടും പുറപ്പെടുകയുള്ളൂ എന്ന് അധികൃതർ അറിയിച്ചു.

സംഭവത്തെക്കുറിച്ച് ഇൻഡിഗോ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നതിങ്ങനെ- “കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ബന്ധപ്പെട്ട അധികാരികളെ ഉടൻ തന്നെ വിവരമറിയിക്കുകയും സുരക്ഷാ പരിശോധനകൾക്കായി വിമാനം പുറപ്പെട്ട വിമാനത്താവളത്തിലേക്ക് തന്നെ തിരികെ എത്തിക്കാൻ പൈലറ്റുമാർ തീരുമാനിക്കുകയുമായിരുന്നു. യാത്രക്കാർക്കുണ്ടായ ബുദ്ധിമുട്ടിൽ ഞങ്ങൾ ഖേദിക്കുന്നു. ഭക്ഷണം ഉൾപ്പെടെ എല്ലാവിധ സഹായങ്ങളും യാത്രക്കാർക്ക് നൽകുന്നുണ്ട്”.

LEAVE A REPLY

Please enter your comment!
Please enter your name here